DCBOOKS
Malayalam News Literature Website

‘വഴിവെളിച്ചങ്ങള്‍’; ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള സംഭാഷണം

രാമേശ്വരത്തെ സാധാരണമായ ചുറ്റുപാടില്‍ നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള അസാധാരണമായ യാത്രയില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് വഴികാട്ടിയായ മഹത് വ്യക്തികള്‍, വിശ്രുത ഗ്രന്ഥങ്ങള്‍, നിര്‍ണ്ണായക സംഭവങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് വഴിവെളിച്ചങ്ങള്‍. അഗ്‌നിച്ചിറകുകളുടെ സഹരചയിതാവായ അരുണ്‍ കെ. തിവാരിയുമായി ഡോ. എപിജെ അബ്ദുള്‍ കലാം നടത്തുന്ന സംഭാഷണത്തിന്റ ആഖ്യാനരൂപമാണ് ഈ പുസ്തകം. അനുഭവങ്ങളുടെ തീക്ഷ്ണതയും ചിന്തകളിലെ ലാളിത്യവും ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദാര്‍ശനിക വ്യക്തിത്വം വെളിവാക്കുന്ന ഈ ഗ്രന്ഥത്തെ ഹൃദ്യമായ ഒരു അനുഭവമാക്കിത്തീര്‍ക്കുന്നു.ഡി.സി. ബുക്‌സ് പുറത്തിറക്കിയ ഈ കൃതിയുടെ 21-ാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഈ കൃതിക്കെഴുതിയ മുഖവുരയില്‍ നിന്നും

ജ്വലിക്കുന്ന മനസ്സുകളില്‍, ഞാന്‍ അശോകന്‍, എബ്രഹാം ലിങ്കണ്‍, മഹാത്മാ ഗാന്ധി, ഖലീഫാ ഉമര്‍, ഐന്‍സ്റ്റീന്‍, എന്നിങ്ങനെ അഞ്ചു പേരെ കണ്ടുമുട്ടുന്ന ഒരു സ്വപ്‌നമാണ് ആഖ്യാനം ചെയ്യുന്നത്. ഈ ധിഷണാപഞ്ചകം നിലാവ് ദീപ്തമാക്കിയ ഒരു മരുഭൂമിയില്‍ വെച്ച് മാനവവംശത്തിന്റെ ഉന്മാദം ചര്‍ച്ച ചെയ്യുകയാണ്: മനുഷ്യന്‍ എന്തുകൊണ്ടാണ് മാനവവംശത്തിന് അത്യന്തം ദോഷകരവും ദുരിതദായകവുമായ ആത്മനാശ വാഞ്ഛയാല്‍ പ്രചോദിതനാകുന്നത്? ഈ സ്വപ്‌നത്തില്‍ നിന്ന് ആരംഭിക്കുന്ന ഗ്രന്ഥം കുലീനനായ ഒരു മനുഷ്യന്റെ സത്ത നിര്‍ണ്ണയിക്കുന്ന സര്‍ഗ്ഗാത്മക ചിന്താപ്രക്രിയയുടെ പ്രാധാന്യം ഊന്നുകയാണ്. 2002 ജൂലൈയില്‍ ഞാന്‍ പ്രസിഡന്റു പദം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ് ഇത് പ്രകാശിതമായത്.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റെന്ന നിലയ്ക്ക് ഞാനെന്റെ വിശാലമായ രാജ്യത്തില്‍ ഉടനീളം സഞ്ചരിക്കുകയുണ്ടായി. വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട നിരവധി പേരുമായി സംസര്‍ഗം പുലര്‍ത്താന്‍ എനിക്ക് അവസരമുണ്ടായി. അവരില്‍ പ്രശസ്തരായ ആത്മീയ ഗുരുക്കന്‍മാരും ഉണ്ടായിരുന്നു. മാനവ ചിന്താ പ്രപഞ്ചത്തിലെ അസംഖ്യം താരാപഥങ്ങളെക്കുറിച്ച് എനിക്കുണ്ടായിരുന്ന അറിവ് കൂടുതല്‍ വിപുലമായി, തിരിച്ചറിവ് ഗാഢവും. ഇന്ത്യയുടെ സാമൂഹികവും ആത്മീയവും സാംസ്‌കാരികവുമായ അനേകത്വസമൃദ്ധിയും നാനാത്വവും എന്നില്‍ ഭയാദരവും ആരാധനയും നിറയ്ക്കുന്നു.

ഒരു വിത്ത് പൊടുന്നനെ പൊട്ടിമുളയ്ക്കുന്നതു പോലെ ചില ആത്മീയമായ വഴിയടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നു, വഴികാട്ടികളാകുന്നു, ശരിയായ മാര്‍ഗം പറഞ്ഞു തരുന്നു. ഈ ആത്മീയമായ വഴിയടയാളങ്ങളെ ഞാന്‍ വഴിവെളിച്ചങ്ങള്‍ എന്നു വിളിക്കുന്നു.ഈ ലോകവ്യവഹാരത്തില്‍ മനുഷ്യജീവിതങ്ങളെ നയിക്കുകയാണ് എന്റെ നിയോഗം. മനുഷ്യാവബോധവും അനുഭവവും അന്ധമായ വിശ്വാസത്തിനും അദ്ധ്വാനത്തിനും അപ്പുറത്തേക്ക് ആത്മീയമായ നിശ്ചിതത്വത്തിന്റെയും ഉദ്ദേശ്യപൂര്‍ണ്ണമായ പ്രയത്‌നത്തിന്റെയും കൂടുതല്‍ ഉയര്‍ന്ന ഒരു തലത്തിലേക്ക് നയിക്കപ്പെടുന്നു. ശാസ്ത്രീയമായ ഒരു വീക്ഷണകോണില്‍ നിന്ന്് നോക്കിയാല്‍ ഒരു വ്യക്തിയുടെ ആന്തരികാസ്തിത്വം, ചിന്തകള്‍, പ്രതിബിംബങ്ങള്‍, വികാരങ്ങള്‍, ഇന്ദ്രിയാനുഭൂതികള്‍, സ്വപ്‌നങ്ങള്‍, ഉള്‍ക്കാഴ്ചകള്‍, പ്രചോദനം, എന്നിവയുടെ ഒരു അരൂപസഞ്ചയമാണെന്ന് തോന്നാം. അതിലെ രൂപകവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ബന്ധത്തോട് ഒരല്പം സംവേദനക്ഷമത കൂടി ചേര്‍ത്താല്‍ അവ ആത്മാവ് തുടര്‍ച്ചയായി നടത്തുന്ന മോര്‍ഫിങ്ങിന്റെ ഉത്പന്നങ്ങളാണെന്ന് നമുക്കു കാണാം…’

അരുണ്‍ കെ. തിവാരിയുമായി ഡോ. എ.പി.ജെ അബ്ദുള്‍ കലാം നടത്തുന്ന സംഭാഷണത്തിന്റ ആഖ്യാനരൂപമായ ‘വഴിവെളിച്ചങ്ങള്‍’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് പി.കെ. ശിവദാസാണ്.

Comments are closed.