DCBOOKS
Malayalam News Literature Website

ഒരു തലമുറയിലെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നെഴുതിയ നോവല്‍!

പ്രശാന്ത് ചിന്മയന്റെ ആദ്യ നോവല്‍ ‘വര്‍ത്താമനപുസ്തക’ ത്തിന് അജിത്ത് വി എസ്
എഴുതിയ വായനാനുഭവം

അടിയന്തിരാവസ്ഥ മുതല്‍ ആഗോളവല്‍ക്കരണം വരെയുള്ള രണ്ടു വ്യാഴവട്ടക്കാലത്തെ ഇന്ത്യാചരിത്രം കിള്ളിയോട് എന്ന ഗ്രാമത്തിന്റെ സ്പന്ദനങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന കൃതിയാണ് പ്രശാന്ത് ചിന്മയന്റെ ‘വര്‍ത്തമാനപുസ്തകം‘. ദ്രുതഗതിയിലുള്ള ജനറേഷന്‍ഗ്യാപ്പുകളുടെ, പാരഡൈം ഷിഫ്റ്റുകളുടെ , കെട്ടകാലത്തു ജീവിക്കേണ്ടി വന്ന ഭാഗ്യദോഷികള്‍ക്ക് ഈ നോവല്‍ പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റും. മാടമ്പിയായ അച്ഛന്റെ ക്രൂരതകള്‍ അനുഭവിച്ചു മാട് വളര്‍ത്തി, പുല്ലു പറിച്ച് നരകബാല്യം കഴിച്ചവരുടെ മുമ്പിലൂടെ വികസിത ലോകം അനാവൃതമാകുന്നതിന്റെ അമ്പരപ്പിക്കുന്ന കാലിഡോസ്‌കോപ്പിക് ദൃശ്യമാണ് വായനക്കാരന് മുമ്പില്‍ തുറക്കുന്നത്.

പാട്ടുപെട്ടി
ടി വി
ആന്റിന
മാക്‌സി
മാരുതി കാര്‍
നിര്‍മ
രസ്‌ന
ബൂസ്റ്റ്
Etc .. Etc ..

Textരാമായണം എന്ന ഹിന്ദി സീരിയല്‍ ഉണ്ടാക്കിയ അത്ഭുതം കാണൂ;

”ലക്ഷ്മണന്‍ ആശ്രമത്തിനു ചുറ്റും ഓടി നടന്ന് അമ്പു കൊണ്ട് നീട്ടിപിടിച്ചൊരു വരവരച്ചു. സീതയോടെന്തരോ പറഞ്ഞു. ഈ വര മറികടക്കരുതെന്നാവും പറഞ്ഞത്. ( ഗോസായി ഭാഷയിലായതു കൊണ്ട് ഊഹിക്കാനേ പാങ്ങൊള്ളു). ലക്ഷ്മണന്‍ ആശ്രമം വിട്ട് കാട്ടിലേക്ക് പോയി. അങ്കലാപ്പോടെ പാവം സീത രാമനെയും കാത്തിരിപ്പായി. അപ്പഴതാ ആശ്രമത്തിനടുത്തുള്ള മരത്തിനടുത്തു പ്രത്യക്ഷപ്പെടുന്നു കപ്പടാമീശ വച്ച രാവണന്‍! അയാള്‍ ഇള്ളൂളം സമയം കൊണ്ട് വേഷംമാറി നീണ്ട വെള്ളത്താടിയുള്ള ഒരു സാമിയാകുന്നു ! സാമിരാവണന്‍ നേരെ ആശ്രമത്തിലേക്കു ചെല്ലുന്നു. ആളറിയാതെ സീത അങ്ങേരെ സ്വീകരിക്കുന്നു. കുടിവെള്ളം കൊടുക്കുന്നു . ഒടുക്കം ആ സാമിയുടെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ സീത വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്നു . അത് കേട്ട് ഇഞ്ചികയറിയ കേറിയ സാമിരാവണന്‍ സാക്ഷാല്‍ രാവണനായി മാറുകയും സീതയെ പൊക്കിയെടുത്തു് പുഷ്പക വിമാനത്തില്‍ കേറ്റുകയും ചെയ്യുന്നു.

‘അമ്പമ്പട രാവണാ…!’ പതിച്ചി പാറുവിന്റെ ആത്മഗതം അല്‍പ്പം ഉറക്കെ ആയിപ്പോയി.”
രാജ്യത്തിന്റെ രാഷ്ട്രീയശരീരം ;
ഇന്ദിരാ വധം
എം.വി.രാഘവനെ പുറത്താക്കല്‍
ഗൗരിയമ്മ
നയനാര്‍
മനുഷ്യച്ചങ്ങല
സമ്പൂര്‍ണ്ണ സാക്ഷരത
ശാഖ (സംഘ പരിവാര്‍)
എന്നിങ്ങനെ ഇതള്‍ വിടര്‍ത്തുന്നു.

”പട്ടി ചന്തയ്ക്കു പോയത് പോലെയല്ല കൃഷ്ണന്‍ മണിപ്പൂരില്‍ പോയിട്ടു വന്നതെന്ന് നാട്ടിലെ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും അല്‍പ്പം വൈകിയാണ് തിരിച്ചറിഞ്ഞത്. കുണ്ടളം കടവില്‍ കബഡി കളിച്ചും ദണ്ഡകറക്കിയും സമയം പോക്കിയിരുന്ന നിരുപദ്രവകാരികളായ കാക്കിനിക്കര്‍ ധാരികള്‍, മണിപ്പൂര്‍ കൃഷ്ണന്റെ മടങ്ങിവരവോടെ, തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവവും പരസ്യവുമാക്കാന്‍ തയ്യാറെടുത്തു. ശിവന്‍കോവിലിലെ ശിവരാത്രി ഉത്സവത്തിന് വഴിനീളെ കെട്ടിയ കുരുത്തോലകള്‍ക്കൊപ്പം കാവിക്കൊടിയും തോരണങ്ങളും കെട്ടിക്കൊണ്ടാണ് അവര്‍ ആദ്യം അത് പ്രകടമാക്കിയത്.

‘സഖാവേ ..ഇത് ശരിയാവൂല.. ഇത്രേം കാലമില്ലാതിരുന്ന കാര്യമാ ഇത്. ഇന്നേവരെ ഉത്സവത്തിന്റെ എടേല് ആരും രാഷ്ട്രീയം കാണിച്ചിട്ടില്ല’

സോവിയറ്റ് യൂണിയന്റെ പതനം ഉണ്ടാക്കിയ അനുരണനങ്ങളും ചെറുതല്ല.
”സി പി എം മെമ്പറായ രെണദിവേയാകട്ടേ, കയ്യിലിരുന്ന പരിപ്പുവടയിലേക്കു തന്റെ സകല കലിയും കടിച്ചമര്‍ത്തിക്കൊണ്ട്, ‘ഈഡിപ്പസ്’ എന്ന് വിവക്ഷിക്കാവുന്ന തരത്തിലുള്ള പച്ചത്തെറി കൊണ്ടാണ് ഗോര്‍ബച്ചേവിനെ അഭിസംബോധന ചെയ്തത്.

‘ആ ….. ടെ ഗ്ലാസ്‌നൊസ്റ്റും പെരിസ്ട്രോയിക്കയും”’
മോറല്‍ പോലീസിന്റെ ബാധകയറിയ സമൂഹത്തിലെ വ്യക്തിയുടെ ശരീരവും പറയാതെ പോകുന്നില്ല.

”അങ്ങനെ സ്വന്തം ശരീരത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ‘ബീജ’ ഗണിത സമസ്യകളുടെ പൊരുളറിയാതെ ജയപ്രകാശ് ഉഴറിനടക്കുന്നതിനിടയിലാണ് ആ സംഭവം നടന്നത്..

അതൊരു തുടക്കമായിരുന്നു. പൂങ്കാവനം, മാമാങ്കം, അമിട്ട്, വെടി, ഗുണ്ട് , ഡിഷ്യൂ , പൂക്കുറ്റി തുടങ്ങിയവയിലെ സചിത്രകഥകള്‍ പാഠപുസ്തകത്താളുകളിലെ സുരക്ഷിതത്വത്തിലിരുന്ന് അവന്റെ വിഷയതൃഷ്ണകളെ ശമിപ്പിച്ചു കൊണ്ടേയിരുന്നു.”
വൈയക്തികവും രാഷ്ട്രീയവുമായ സമസ്യകള്‍ അവതരിപ്പിക്കുമ്പോഴും

അപാരമായ വായനാസുഖം നല്‍കുന്ന എഴുത്താണ് പ്രശാന്തിന്റേത്.

”കാക്ക കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്ന ഒരു തെങ്ങായിരുന്നു നിര്‍ഭാഗ്യവശാല്‍ അജിയുടെ അഭയ കേന്ദ്രം. സ്വകാര്യതയ്ക്കു മേല്‍ നുഴഞ്ഞു കയറി വന്നവനോട് ക്ഷമിക്കാനുള്ള വിശാലമനസ്‌കതയൊന്നും ഉള്ളവളായിരുന്നില്ല അടയിരുന്ന പെണ്‍കാക്ക. അവള്‍ തന്റെ അരക്ഷിതാവസ്ഥ ‘കാ.. കാ.. ‘ വിളികളിലൂടെ പുറം ലോകത്തെ അറിയിക്കേണ്ട താമസം, സുസജ്ജമായ സംഘടനാ സംവിധാനമുള്ള കാകസഭ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും നിമിഷനേരത്തിനുള്ളില്‍ കീഴ് ഘടകങ്ങളിലേക്ക് അറിയിപ്പ് പോവുകയും ചെയ്തു. പിന്നെ കണ്ടത് കാക്കകളുടെ സംസ്ഥാന സമ്മേളനം!”

അസ്തിത്വ ദുഃഖം
എം .മുകുന്ദന്‍
ഖസാക്കിന്റെ ഇതിഹാസം
മാധവിക്കുട്ടി
നെയ്പ്പായസം
ജയന്‍
സാംബശിവന്‍
മാത്യു മറ്റം
സുധാകര്‍മംഗളോദയം..

എഴുപത്-എണ്‍പതുകളിലെ യൗവനത്തെ പ്രക്ഷുബ്ധവും തരളിതവും ചിന്താമഗ്‌നവും ആക്കി തീര്‍ത്ത പ്രതിഭാസങ്ങളിലൊന്നു പോലും പ്രശാന്തിന്റെ തൂലികയ്ക്ക് അഗോചരമായില്ല.

ഇ.സന്തോഷ് കുമാര്‍ പറഞ്ഞതു പോലെ ഇത് ഒരു വ്യക്തി എഴുതിയ നോവലല്ല. ഒരു തലമുറയിലെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നെഴുതിയതാണ്. അതില്‍ നിങ്ങളും ഞാനുമുണ്ട്. അഭിശപ്തമായ ഒരു ജനതഥിയുടെ വര്‍ത്തമാനപുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.