DCBOOKS
Malayalam News Literature Website

വനസ്ഥലിയുടെ ഒപ്പീസ്

“കാടിന്‍റെ ഭാഷയും മനുഷ്യഭാഷയും ഒന്നായി വരുന്ന ഒരു കാലം വരണം. അന്ന് മനുഷ്യന്‍ ചിരിക്കുമ്പോള്‍ കാട് പൂക്കും.”
വയനാട് പശ്ചാത്തലമായ ഷീല ടോമിയുടെ  നോവല്‍ ‘വല്ലി ‘പ്രകൃതിയുടെ വിലാപഗാനമാണ്. വയനാടിന്റെ മണ്ണില്‍ വേരോടാത്തത് എന്തുണ്ട്!  ഒന്നാം അദ്ധ്യായത്തില്‍ തന്നെ ആ മണ്ണില്‍ ഒരു നൂറ്റാണ്ടില്‍ ഒന്നിനുപിറകെ ഒന്നായി പരീക്ഷിച്ചു പോന്ന കാര്‍ഷിക വിളകളെ കുറിച്ച് പാരാമര്‍ശിക്കുന്നുണ്ട്. മാറുന്ന ശീലങ്ങളും ചിന്തകളും മണ്ണില്‍ പല കാലഘട്ടങ്ങളായി പലയിനം കാര്‍ഷികോല്‍പ്പന്നങ്ങളായി രൂപപ്പെടവേ ജയച്ചിത് മണ്ണോ മനുഷ്യനോ എന്ന ചോദ്യമാണ് വല്ലിയുടെ താളുകള്‍ മറിക്കുമ്പോള്‍ മനസ്സില്‍ ഉയരുന്നത്.
വല്ലി” ചുരം കയറി വരുന്ന തൊമ്മിച്ചന്റെയും സാറയുടേയും ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഗ്രാമത്തിന്‍റെ കഥ എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. മനുഷ്യനും മൃഗങ്ങളും കാടും എല്ലാം തന്നെ ഒരേപോലെ സൌഹൃദം പങ്കിട്ടൊരു കാലം ടോട്ടോ കുരങ്ങനും ലൂസിയും ഞാവല്‍ പഴങ്ങളും നമ്മള്‍ക്ക് കാണിച്ചു തരുന്നുണ്ട് .
നോവല്‍ തുടങ്ങുന്നത് അതി മനോഹരിയായ “ബയല്‍നാടിന്റെ “ ഓരോ വഴികളുടേയും മരത്തണലുകളുടേയും ഹരിതഭംഗിയില്‍ മുങ്ങികുളിച്ചാണെങ്കിലും അവസാനിക്കുന്നത് പുതിയ മുളങ്കാടുകള്‍ മുളച്ചു പൊന്താത്ത തീക്കൂടുകള്‍ നിറഞ്ഞ വയല്‍നാട്ടിലാണ് .
ഒരു സഞ്ചാരമാണീ നോവല്‍ കാടിനെ നടുക്കുന്ന വെടിയൊച്ചകളിലൂടെ, പോലീസുകാരുടെ ബൂട്ടിനടിയിലൂടെ,നെഞ്ചു തകര്‍ന്ന കേളു മൂപ്പനിലൂടെ, ഓരോ ജീവനിലും സമത്വം തേടുന്ന പത്മനാഭന്‍ മാഷിലൂടെ, കാറ്റിന്റെ വേഗതയുള്ള ബസവനിലൂടെ ഒരു യാത്ര
ശക്തമായ സ്ത്രീ കഥാപാത്ര സാന്നിധ്യങ്ങള്‍ നോവലിലുടനീളം കാണാം. ഓരോ കഥാപാത്രങ്ങളും പ്രത്യേകം അടയാളപ്പെടുത്തലുകളുമായി മനസ്സിലേക്കങ്ങ് കയറിപ്പോകും. കാലഘട്ടങ്ങളുടെ കഥയാണ് വല്ലി പറയുന്നത്.
ഉണ്ണിയച്ചിയും വയനാടന്‍ മിത്തുകളും കാടിന്റെ ശീലുകളും ഇഴചേര്‍ന്ന വ്യത്യസ്തമായ അനുഭവം. കുറുവാ ദ്വീപ്‌ പിറന്നത്‌ എങ്ങനെയെന്ന് വല്ലിയിലൂടെ വായിക്കുമ്പോള്‍ സത്യത്തിനും മിഥ്യക്കുമിടയില്‍ ഒരു അത്ഭുതലോകത്ത് എത്തിയ പോലെ.
പക്ഷിപാതാളത്തിൽ അപൂർവ്വയിനം ചിത്രകൂടൻ പക്ഷികൾ ബ്രഹ്മഗിരികുന്നുകളെ ചുറ്റി പറക്കുന്നുണ്ടെന്നൊക്കെ പണ്ട് വായിച്ചിട്ടുണ്ട്‌. എന്നാല്‍ വയനാടന്‍ കാടുകളിലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജൈവജന്തുവിസ്മയങ്ങള്‍ എത്രയോ അധികമെന്ന വേദന കാടിന്‍റെ നിലവിളിയായി വല്ലിയില്‍ കേള്‍ക്കാം..
മനുഷ്യരുടെ പോരാട്ട വീര്യവും പില്‍ക്കാലത്ത് മണ്ണിന്റെ മേല്‍ത്തട്ടിനെ ഇളക്കി മറിച്ച് ഹരിതയുടയാട വലിച്ചു മാറ്റി ചോര വാര്‍ത്ത് കൊന്നു കളഞ്ഞ കോര്‍പ്പറേറ്റ് കയ്യേറ്റങ്ങളിലേക്ക് എത്തിയ മനുഷ്യരുടെ ത്വരയും.
Sheela Tomy-Valliവല്ലി “വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ നിറയെ ചോദ്യങ്ങളാണ് ഗ്വാളിയോര്‍ റയോണ്‍സ് പോലെ, ഹാരിസന്‍ പോലെ വന്‍കിട ശക്തികള്‍ ചവിട്ടി മെതിച്ച് കാട് കയറിയപ്പോഴും സ്വര്‍ഗ്ഗത്തില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ ഇന്നും സമരം ചെയ്യുമ്പോഴും വയനാടിന്‍റെ നെഞ്ചിലെ ഞെരമ്പുകളുടെ തളര്‍ച്ച മനുഷ്യന്‍ എപ്പോഴെങ്കിലും അറിഞ്ഞിരുന്നോ?
ജെയിംസും ,കടോരവും അടുത്ത തലമുറയിലേക്ക് പ്രതീക്ഷപരത്തുവാനായി സൃഷ്ട്ടിക്കപ്പെട്ടവരാണെന്ന് ആശ്വസിക്കാം.
കല്ലുവയലിലെ ഭൂപടത്തില്‍ നിന്നും കാണെ കാണെ അപ്രത്യക്ഷരായ മനുഷ്യരുടെ കഥ പറയുമ്പോഴും മൂപ്പന്‍ പാടുന്ന തമ്പ്രാന് കുളിക്കാനും തമ്പ്രാട്ടിക്ക് കുളിക്കാനും വെള്ളമില്ലാത്ത വരണ്ട കാലമിങ്ങെത്തിയിട്ടും പ്രത്യാശയുടെ കിരണങ്ങളുമായി വല്ലിയില്‍ ഏദന്‍തോട്ടമുണ്ട്. കേളുമൂപ്പന്‍ അവസാനമായി ഭക്ഷിക്കുന്ന അന്യം നിന്നു പോകാത്ത ചക്കര മാമ്പഴം പോലും ഒരു പ്രതീക്ഷയുടെ ചിഹ്നമായി കണ്ട് സമാധാനിക്കാം. അത്രമേല്‍ സൌന്ദര്യവും തീക്ഷണതയും നിറഞ്ഞ വാക്കുകളാല്‍ മനസ്സിലും ശിരസ്സിലും ഏറ്റാന്‍ തക്കവണം കെല്‍പ്പുള്ള ഒരു നോവല്‍ എഴുതിയ ഷീല ടോമിക്ക് അഭിനന്ദനങ്ങള്‍.

ഈ കഥ സൂസ്സമമ്മ എഴുതിയിട്ട ഡയറി താളുകള്‍ക്ക് അപ്പുറമാണ്. ഓരോ നാടിന്റെ കഥ പറയുന്നതും ഒരു നിയോഗമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ സൂസന്‍ ത്തന്നെയാണ് ആ വയനാട്. ഈ എഴുത്തുന്ന ഞാനും വായിക്കുന്ന നിങ്ങളൊക്കെയും തന്നെ ടെസ്സയാണ്. നാടിന്റെ ശബ്ദം കേള്‍ക്കുന്നതിനായി കാലങ്ങളായി സമൂഹത്തില്‍ ചിലരിന്നുമുണ്ട് .അവരെ തിരഞ്ഞു പിടിക്കുവാന്‍ സൂസ്സമമ്മ ഏല്‍പ്പിച്ച ദൌത്യം ഷീല ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു .
ഉണ്ണിയച്ചി പറഞ്ഞപോലെ പ്രളയം വിഴുങ്ങിയിട്ടും ആ കൊച്ചു പുഴയോരവീട് ഇന്നും അവിടെയുണ്ട് .ഒപ്പം മഞ്ചാടിക്കുന്നിലെ അന്തേവാസികളും .

പിന്‍കുറിപ്പ് – “വല്ലി “ യുടെ വായന തുടങ്ങിയത് ഒരു വെള്ളിയാഴ്ച രാത്രി മുതലാണ് . കുറച്ചു വായിച്ച് എപ്പഴോ ഉറങ്ങിപ്പോയി . എഴുന്നേറ്റത് സൂസ്സമമ്മയുടെ ഇസബെല്ലയെ സ്വപ്നം കണ്ടാണ്. ഒപ്പം കൂടെ കിട്ടിയ പനിയും. പനിയെപ്പഴോ പടിയിറങ്ങി .ചുമയ്ക്കും ശബ്ദമില്ലായ്മയ്ക്കുമിടയില്‍ വല്ലി വായിക്കുന്നത് ഒരാവേശമായിരുന്നു. കുടിയേറ്റ ചരിത്രം ഏറേ പറയാനുള്ള ഒരുള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ആള്‍ എന്ന നിലയ്ക്ക് വല്ലി എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സ്നേഹമാണ്. കശുമാവുകളും പ്ലാവുകളും മാവുകളും വെട്ടികളഞ്ഞു റബര്‍ നട്ട എന്നോട് സൂസ്സമമ്മ ക്ഷമിക്കുമായിരിക്കും

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എഴുതിയത് ; ഹര്‍ഷ മോഹന്‍ സജിന്‍, ദോഹ

Comments are closed.