DCBOOKS
Malayalam News Literature Website

ചെറുകാട് അവാർഡ് മർദ്ദിതരുടെ ചരിത്രാഖ്യയികയ്ക്ക്

ഷീല ടോമിയുടെ ‘വല്ലി‘ എന്ന നോവലിനെക്കുറിച്ച് വി.പി.ബാലചന്ദ്രന്‍ എഴുതിയത്

മലബാറിലെ സാധാരണ ജനജീവിതത്തിൻ്റെയും മനുഷ്യേച്ഛകളുടെയും പച്ചയായ കഥാകാരൻ എന്ന നിലയിലാണ് സഖാവ് ചെറുകാടിനെ മലയാളസാഹിത്യ ലോകത്തിൽ അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിൻ്റെ പേരിൽ വർഷം തോറും പ്രഖ്യാപിക്കുന്ന അവാർഡിന് അർഹമാകുന്ന സാഹിത്യസൃഷ്ടികൾ സാമൂഹ്യ മാറ്റത്തിൻ്റെ കാഹളമൂതുന്നവയാണ്.
ശാസ്ത്രത്തെ സാമൂഹ്യ വിമോചനത്തിൻ്റെ ശക്തമായ ഉപാധിയാക്കണമെന്ന വീക്ഷണം ജീവിതത്തിലുടനീളം വെച്ചു പുലർത്തുകയും അതിനായി വ്യത്യസ്തങ്ങളായ കർമപരിപാടികൾക്ക് രൂപം നൽകുകയും ചെയ്ത ഡോ. എം.പി.പരമേശ്വരൻ്റെ ആത്മകഥയായ ‘കാലഹരണമില്ലാത്ത സ്വപനങ്ങൾ എന്ന കൃതിക്കായിരുന്നു കഴിഞ്ഞ വർഷം ചെറുകാട് അവാർഡ് ലഭിച്ചത് ഈ വർഷം അവാർഡ് നോവൽ വിഭാഗത്തിലാണ് നൽകുന്നത്.

Textവയനാടിൻ്റെ സാംസ്കാരിക തനിമയ്ക്ക് ഉജ്വല സംഭാവനകൾ നൽകിയത് ഇവിടുത്തെ ഗോത്ര ജനതയാണ്. അവരുടെ മിത്തുകളും വിശ്വാസങ്ങളും ഐതീഹ്യങ്ങളും പ്രകൃതിയും ആചാരാനുഷ്ഠാനങ്ങളും ആദി പുരാണങ്ങളുമാണ് ഈ നാടിൻ്റെ ചരിത്രത്തിൻ്റെ നിലപാട് തറയെന്ന് വിശേഷിപ്പിക്കാം. ഗോത്ര ജനതയുടെ ജീവിതത്തെ പ്രമേയമാക്കി രചിക്കപ്പെട്ട നിരവധി കൃതികൾ ഇതിന് മുൻപും വന്നിട്ടുണ്ട്. കെ പാനൂർ, പി.വത്സല ടീച്ചർ, കെ.ജെ.ബേബി തുടങ്ങിയ മഹരാഥൻമാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒരു എഴുത്തുകാരിയാണ് ശ്രീമതി ഷീല ടോമി. അവരുടെ “വല്ലി: ‘ എന്ന നോവലിനാണ് ഈ വർഷത്തെ ചെറുകാട് അവാർഡ് ലഭിച്ചിരിക്കുന്നത്.

മിത്തെന്നോ ചരിത്രമെന്നോ വേർതിരിക്കാൻ അസാധ്യമായ വിധം സാധരണക്കാരുടെ മനസ്സിൽ ഇടം പിടിച്ച കരിന്തണ്ടൻ്റെ പിൻമുറക്കാരുടെ ജീവിതമാണ് വല്ലിയിൽ ഷീല ടോമി വരച്ചിടുന്നത്. ഗോത്ര ജനതയ്ക്ക് ചരിത്രവും വിശ്വാസവും ഭാവനയും വെളളം കടക്കാത്ത അറകളല്ല. എല്ലാം തന്നെ അവരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാണ്. 60 കളിൽ വയനാടൻ മലനിരകളിൽ അലയടിച്ച വിപ്ലവ മുന്നേറ്റങ്ങളും ,പ്രണയവും, ജീവിത പ്രാരാബ്ധങ്ങളും മനോഹരമായ ഭാഷയിൽ കുറിച്ചിട്ട വല്ലി ഗോത്ര ജനതയെ പറ്റിയുള്ള ചരിത്രാഖ്യയികയെന്നും വിശേഷിപ്പിക്കാം.’

കാടിനെ അതിൻ്റെ എല്ലാ സവിശേഷതകളോടെയും പരിപാലിക്കുന്ന ജനതയെ കാട്ടിൽ നിന്നും ആട്ടിയോടി ക്കുന്ന അഭിനവ നഗര സംസ്കാരത്തെ നോവലിസ്റ്റ് ചോദ്യം ചെയ്യുന്നുണ്ട്.
നാടുവാഴികളുടെയും ഭൂവുടമകളായ കർഷകരുടെയും ജന്മിമാരുടെയും അടിയാളരായി ജീവീതം തള്ളിനീക്കേണ്ടി വന്നതിൻ്റെ പിന്നിലുള്ള രാഷ്ട്രീയവും വല്ലി അനാവരണം ചെയ്യുന്നുണ്ട്. ഇവിടെ ജീവിക്കുന്ന നല്ല മനുഷ്യർക്ക് വിപ്ലവകാരിയായി മാറാതിരിക്കാൻ പറ്റില്ലെന്നാണ് പത്മനാഭൻ എന്ന കഥാ പാത്രത്തിലൂടെ ഷീല സമൂഹത്തോട് പറയുന്നത്.
വയനാട്ടിലെ പയ്യമ്പള്ളിയെന്ന കുടിയേറ്റ ഗ്രാമത്തിൽ അധ്യാപക ദമ്പതികളുടെ മകളായ ഷീല വിദ്യാർത്ഥിയായിരുന്ന കാലത്ത് തന്നെ സാമൂഹ്യ വിഷയങ്ങളിൽ തൽപ്പരയായിരുന്നു.ക്വിസ് മൽസരങ്ങളെ അറിവിനെ അളക്കാനുള്ള കേവലം ഉപാധിയാക്കാതെ ലോകത്തിൻ്റെ സാമൂഹ്യ അവസ്ഥയിലേക്ക് പ്രവേശിക്കാനുള്ള കവാടമായി ഷീല ദർശിച്ചിട്ടുണ്ട്. അങ്ങനെയൊക്കെ ലഭിച്ച അനുഭവങ്ങളിൽ നിന്നാണ് വല്ലി: പോലുള്ള സാമാന്യം വലിപ്പമുള്ള ഒരു ചരിത്രാഖ്യായിക രചിക്കാൻ സാധിച്ചതെന്നാണ് കരുതുന്നത്.

ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദം സാഹിത്യ സൃഷ്ടിക്ക് നിദാനമാക്കിയ നോവലിസ്റ്റിന് അഭിവാദ്യങ്ങൾ.  നിസ്വവർഗത്തിൻ്റെ മോചനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ചെറുകാടിൻ്റെ പേരിലുള്ള അവാർഡ് ഇപ്പോഴും നിസ്വരായി കഴിയേണ്ടി വരുന്ന ഒരു ജന വിഭാഗത്തിൻ്റെ കഥയ്ക്ക് തന്നെ നൽകിയത് ഉചിതമാണ്. അവാർഡ് ജേതാവായ ഷീല ടോമിയ്ക്കും ചെറുകാട് അവാർഡ് ട്രസ്റ്റിനും അഭിനന്ദനങ്ങൾ.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.