DCBOOKS
Malayalam News Literature Website

ഷീലാ ടോമിയുടെ ‘വല്ലി’; ഏകദേശം അര നൂറ്റാണ്ടുകാലത്തെ വയനാടിന്റെ ചരിത്രം മൂന്നു തലമുറകളിലൂടെ!

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീല ടോമിയുടെ ‘വല്ലി‘  എന്ന പുസ്തകത്തെക്കുറിച്ച് അഷ്ടമൂർത്തി ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പ്
ചില പുസ്‌തകങ്ങള് വായിയ്‌ക്കുമ്പോള് ഈ പുസ്‌തകം അടുത്തൊന്നും തീരരുതേ എന്നു പ്രാര്ത്ഥിച്ചുപോവും. ഈ പുസ്‌തകം എനിയ്‌ക്കെഴുതാന് കഴിഞ്ഞിരുന്നെങ്കില് എന്ന്‌ ആഗ്രഹിച്ചുപോവും. എഴുതിയ ആളെ ഇടയ്‌ക്കിടെ എഴുന്നേറ്റുനിന്ന്‌ നമസ്‌കരിയ്‌ക്കാന് തോന്നിപ്പോവും. കണ്ണുകള് നമ്മളറിയാതെ നിറഞ്ഞ്‌ വായന പലവട്ടം തടസ്സപ്പെട്ടുപോവും.
ഇത്‌ എങ്ങനെ ഇങ്ങനെയൊക്കെ എഴുതാന് കഴിഞ്ഞു എന്ന്‌ അത്ഭുതപ്പെട്ടുപോവും.
`വല്ലി’ അത്തരത്തിലൊന്നാണ്‌.
ചില പുസ്‌തകങ്ങള് വായിച്ചു തീരുമ്പോള് മനസ്സ്‌ വല്ലാതെ വിങ്ങിപ്പോവും.
പുസ്‌തകം കയ്യില് നിന്നു താഴെ വെയ്‌ക്കാതെ സ്വപ്‌നം കണ്ടിരുന്നുപോവും.
ഈ പുസ്‌തകം വായിച്ചിട്ടുണ്ടോ എന്ന്‌ ആരോടെങ്കിലുമൊക്കെ ഉറക്കെ വിളിച്ചുചോദിയ്‌ക്കാന് തോന്നിപ്പോവും. ഈ സങ്കടം ഇറക്കിവെയ്‌ക്കാന് എന്താണ്‌ വഴി എന്ന്‌ ആലോചിച്ചുപോവും.
വേണ്ട വേണ്ട എന്നു സ്വയം വിലക്കിയാലും പിന്നെയും പിന്നെയും പുസ്‌തകത്തിലേയ്‌ക്കു തന്നെ തിരിച്ചുപോവും.
ഷീലാ ടോമിയുടെ  പുസ്‌തകം അത്തരത്തിലൊന്നാണ്‌. ഏകദേശം അര നൂറ്റാണ്ടുകാലത്തെ വയനാടിന്റെ ചരിത്രം മൂന്നു തലമുറകളിലൂടെ പറയുകയാണ്‌ ഷീലാ ടോമി.
ഭൂമിയുടെ യഥാര്ത്ഥ അവകാശികളും ഭൂമിയോടു പടവെട്ടി പൊന്നുവിളയിച്ചവരും അതുണ്ടാക്കിയ സമ്പന്നതയില് തല മറന്ന അത്യാഗ്രഹികളും കാടു കയ്യേറ്റം നടത്തുന്നവരും അതിനെതിരെയുള്ള ചെറുത്തുനില്പ്പും എല്ലാമെല്ലാം നിറയുന്ന സംഘര്ഷഭൂമിയായി മാറിയ വയനാടിന്റെ, വിശിഷ്യാ കല്ലുവയലിന്റെ കഥയാണ്‌ `വല്ലി’. കരുത്തുള്ള ഭാഷയാണ്‌. കവിത തുളുമ്പുന്ന ഭാഷയാണ്‌. വയനാടിന്റെ തനിമയത്രയും ഉള്ക്കൊണ്ട ആവിഷ്‌കരണമാണ്‌.
`വല്ലി’ അടച്ചുവെച്ചാലും തൊമ്മിച്ചനും സാറയും പത്മനാഭനും അന്നംകുട്ടിയും ലൂസിയും ഇസബെല്ലയും പീറ്ററും ആബായും ഉമ്മിണിത്താറയും സൂസനും ശ്യാമും ടെസ്സയും ജെയിംസും സലോമിയും ഫെലിക്‌സ്‌ മുല്ലക്കാട്ടിലും ബസവനും രുക്കുവും അപ്പേട്ടനും സാവിത്രിയും കാളിയും പ്രകാശനും പേമ്പിയും സ്‌നേഹവായ്‌പുകളുമായി നമ്മളെ പിരിയാന് കൂട്ടാക്കാതെ നില്ക്കും.
മറക്കാന് ശ്രമിച്ചാലും ഐവാച്ചനും ലൂക്കയും ജോപ്പനും റാഹേലും ദുസ്വപ്‌നങ്ങളായി പിന്തുടരും. ചില പുസ്‌തകങ്ങള് വായിച്ചു തീര്ന്നാല്, അതിനേക്കുറിച്ച്‌ മുമ്പ്‌ എഴുതിയിട്ടുണ്ടെങ്കിലും ഒരു വട്ടം കൂടി എഴുതാന് തോന്നും. എത്ര പറഞ്ഞാലും മതിയാവില്ലെന്നു തോന്നും. അങ്ങനെയുള്ള ഒരത്യപൂവര്വ്വപുസ്‌തകമാണ്‌ `വല്ലി’.
അതിനാലാണ്‌ വീണ്ടും ഇവിടെ. എഴുതാന് കുറേയുണ്ട്‌. എന്നാലും `വല്ലി’യെഴുത്ത്‌ അവസാനിപ്പിയ്‌ക്കുകയാണ്‌. എന്നാല് `വല്ലി’വായന അവസാനിയ്‌ക്കുന്നില്ല.

Comments are closed.