DCBOOKS
Malayalam News Literature Website

വൈക്കം സത്യഗ്രഹം

വൈക്കം സത്യഗ്രഹശതാബ്ദിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച, പഴ.അതിയമാന്‍ രചിച്ച ‘വൈക്കം സത്യഗ്രഹം’ എന്ന പുസ്തകത്തിൽ നിന്നും

കേരളസംസ്ഥാനത്തിലുള്‍പ്പെട്ട കോട്ടയം ജില്ലയിലെ വൈക്കം ക്ഷേത്രത്തിനുചുറ്റുമുള്ള റോഡില്‍ക്കൂടി ഈഴവര്‍, പുലയര്‍ തുടങ്ങിയ ജാതിയില്‍പ്പെട്ടവര്‍ക്ക് 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍പ്പോലും വഴിനടക്കുന്നതിന് അനുവാദം ഉണ്ടായിരുന്നില്ല. അത്തരം നിയന്ത്രണങ്ങളെയും നിരോധനങ്ങളെയും വകവയ്ക്കാതെ ആ വഴിയില്‍ക്കൂടി നാനാജാതിക്കാരും ഒരുമിച്ച് നടന്ന് ആ അനാചാരത്തെ ഇല്ലാതാക്കാന്‍ പോകുന്നു എന്ന് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സെക്രട്ടറിയായ കെ.പി. കേശവമേനോന്‍ 1924 മാര്‍ച്ച് 1-ാം തീയതി പ്രസ്താവന നടത്തി.

തദ്ദേശീയരുടെ അഭ്യര്‍ത്ഥനപ്രകാരം പ്രസ്തുത പദയാത്ര മാര്‍ച്ച് 30-ാം തീയതിയിലേക്ക് മാറ്റിവച്ചു. മാര്‍ച്ച് 13-ാം തീയതി കെ.പി. കേശവമേനോന്‍ വൈക്കം സത്യഗ്രഹത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചുകൊണ്ട് ഗാന്ധിജിക്ക് വിശദമായ ഒരു കത്തെഴുതി. ആ കത്തില്‍ വൈക്കം സത്യഗ്രഹത്തിന് ഗാന്ധിയുടെ അനുഗ്രഹം അഭ്യര്‍ത്ഥിച്ചിരുന്നു.

‘… കേരളത്തിലെ അവസ്ഥ വളരെ രസകരമാണെന്ന് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ഇവിടെ തീണ്ടല്‍ മാത്രമല്ല തൊട്ടുകൂടായ്മയും ഉണ്ട്. ദൃഷ്ടിയില്‍പ്പെട്ടാല്‍ പോലും അയിത്തം ഉണ്ടാകുന്നു. ഇപ്പോള്‍ ഇങ്ങനെ ദൃഷ്ടിയില്‍പ്പെടാന്‍ പാടില്ലാത്തവരും അടുത്തുവരാന്‍ പാടില്ലാത്തവരും പൊതുവഴി ഉപയോഗിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി പരിശ്രമിക്കുകയാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉയര്‍ന്നജാതിയില്‍പ്പെട്ട ഹിന്ദുക്കളും തുല്യമായി ഉപയോഗിക്കുന്ന വഴിയില്‍ പ്രവേശിക്കാന്‍ ഈഴവര്‍, തീയര്‍, പുലയര്‍ തുടങ്ങിയ ജാതിയില്‍പ്പെട്ടവരെ അനുവദിക്കുന്നില്ല.

രണ്ടാഴ്ചമുമ്പ് വൈക്കത്ത് പോയപ്പോള്‍ ഈഴവര്‍ക്കും പുലയര്‍ക്കും ക്ഷേത്രത്തിനു സമീപമുള്ള പൊതുവഴിയിലൂടെ സഞ്ചരിക്കുന്നതിന് അനുവാദം നല്‍കണമെന്ന് ഞാന്‍ സവര്‍ണജാതിക്കാരോട് ആവശ്യപ്പെട്ടു. ഈ റോഡ് Textഖജനാവിലെ പൊതുപണം ഉപയോഗിച്ച് നിര്‍മ്മിച്ചതും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സവര്‍ണഹിന്ദുക്കളും ഒരുപോലെ ഉപയോഗിക്കുന്നതും ആണ് എന്ന വസ്തുതയും ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നു. മാര്‍ച്ച് 1-ാം തീയതി ഈ റോഡിലൂടെ പുലയരുള്‍പ്പെടെയുള്ളവരുടെ ഒരു സംഘം ഘോഷയാത്രയായി നടക്കുന്നതിനുള്ള പദ്ധതി ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. അപ്പോള്‍ ആ നാട്ടുകാരും ഞങ്ങളുടെ ചില സുഹൃത്തുക്കളും ഈ യാത്രയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് അല്പം സാവകാശം നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചു. അതിനാല്‍ ഞങ്ങള്‍ ഘോഷയാത്ര ഏതാനും ദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് താങ്കള്‍ തിരുനെല്‍വേലിയില്‍ വന്നപ്പോള്‍ തീയജാതിയില്‍പ്പെട്ട ടി.കെ. മാധവന്‍ എന്ന വ്യക്തി താങ്കളുടെ അഭിമുഖം നടത്തിയത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് തീണ്ടല്‍ ഇല്ലായ്മ ചെയ്യുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നു.

താങ്കളുടെ പക്കല്‍നിന്ന് അനുകൂലമായ ഒരു മറുപടി ലഭിച്ചാല്‍ അത് ഞങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്നുനല്‍കും. ആയതിനാല്‍ താങ്കള്‍ എത്രയും വേഗം ഒരു മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.’ (നവശക്തി, 28 മാര്‍ച്ച് 1924) മാസാവസാനം നടത്താനുദ്ദേശിച്ച സത്യഗ്രഹത്തിനു മുന്നോടിയായി കേശവമേനോന്‍ മാര്‍ച്ച് 20-ാം തീയതി ഒരു കുറിപ്പ് പുറത്തിറക്കി. വൈക്കം ജനതയെ, പ്രധാനമായും ഉയര്‍ന്നജാതിക്കാരെ ഉദ്ദേശിച്ചായിരുന്നു ആ കുറിപ്പ്. ആ സന്ദേശത്തില്‍ അദ്ദേഹത്തിന്റെ സമത്വകാഴ്ചപ്പാടും ദേശീയകാഴ്ചപ്പാടും പ്രതിഫലിച്ചിരുന്നു.

‘പറയരെയും പുലയരെയും സാധാരണ ജനങ്ങള്‍ ജീവിക്കുന്ന സ്ഥലത്ത് ജീവിക്കാന്‍ അനുവദിക്കാത്ത നമുക്ക് കെനിയയിലും ദക്ഷിണാഫ്രിക്കയിലും വെള്ളക്കാര്‍ വസിക്കുന്ന പ്രദേശങ്ങളില്‍ ഇന്ത്യക്കാരെ താമസിക്കാന്‍ അനുവദിക്കാത്തതിനെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ടോ’ എന്ന ചോദ്യമൊക്കെ ആ കുറിപ്പില്‍ ഉള്‍പ്പെട്ടിരുന്നു.

‘തന്നെപ്പോലുള്ള മറ്റു മനുഷ്യര്‍ നടക്കുന്ന വഴിയിലൂടെ ഒരു ഈഴവനോ പറയനോ പുലയനോ വഴിനടന്നാല്‍ അത് ഉയര്‍ന്നജാതിയില്‍പ്പെട്ട ഒരു മനുഷ്യന് ഹൃദയവേദന ഉണ്ടാക്കും എന്ന വാദം അംഗീകരിക്കുന്നതിന് കുറച്ച് പ്രയാസമുണ്ട്. താണജാതിക്കാരോട് ചെയ്ത ക്രൂരതകളെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിച്ച് അവര്‍ക്ക് വഴിനടക്കുന്നതിനുള്ള അവകാശം നല്‍കേണ്ടത് ഉയര്‍ന്ന ജാതിക്കാരുടെ കര്‍ത്തവ്യമാണ്. ഈ കര്‍ത്തവ്യം നിങ്ങള്‍ എത്രയും വേഗം നിറവേറ്റണം. ഇത് സമൂഹത്തെ അടിമത്തത്തില്‍നിന്ന് പുരോഗതിയിലേക്ക് നയിക്കും.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.