DCBOOKS
Malayalam News Literature Website

വൈക്കം സത്യഗ്രഹം: കേരളീയ നവോത്ഥാനത്തിലെ ഐതിഹാസിക സമരം

പഴ അതിയമാന്‍

കേരളീയ നവോത്ഥാനവുമായി ബന്ധപ്പെട്ട് ഈഴവര്‍ ഉള്‍പ്പെടെയുള്ള താണജാതിക്കാര്‍ സമത്വത്തിനുവേണ്ടി നടത്തിയ ഏറ്റവും വലിയ പ്രക്ഷോഭമാണ് വൈക്കം സത്യഗ്രഹം. മഹാത്മാഗാന്ധി ആവിഷ്‌കരിച്ച ‘സത്യഗ്രഹം’ എന്ന സമരരീതിയുടെ പരീക്ഷണശാലയായിരുന്നു അത്. തമിഴ്‌നാട്ടിലെ ചരിത്രപഠിതാക്കള്‍ വൈക്കം സത്യഗ്രഹത്തെ സാമൂഹ്യനീതിയുടെ പ്രത്യക്ഷ ഉദാഹരണമായി വിലയിരുത്തുന്നു. വൈക്കം സത്യഗ്രഹത്തിനും ചേരന്‍ മാതേവി സത്യഗ്രഹത്തിനും നേതൃത്വം നല്‍കിയതിലൂടെ പെരിയാര്‍ നവോത്ഥാനനായകപട്ടം കരസ്ഥമാക്കി. ഇത്രയധികം പ്രാധാന്യമുള്ള പ്രസ്തുത സത്യഗ്രഹം സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രചിച്ച ഗ്രന്ഥമാണിത്.

ചേരന്‍ മാതേവി സത്യഗ്രഹവുമായി ബന്ധപ്പെട്ട ഗവേഷണത്തിനാവശ്യമായ ദത്തങ്ങള്‍ അന്വേഷിച്ചു നടക്കുന്നതിനിടയില്‍ യാദൃച്ഛികമായി വൈക്കം സത്യഗ്രഹം സംബന്ധിച്ച മികച്ച പുസ്തകങ്ങള്‍ ഇല്ലെന്ന സത്യം ഞാന്‍ മനസ്സിലാക്കി. പല പുസ്തകങ്ങളിലും വൈക്കം സത്യഗ്രഹം സംബന്ധിച്ച ആനുഷംഗിക പരാമര്‍ശങ്ങളുണ്ട്. സാമൂഹ്യനീതി, ജാതി നിര്‍മാര്‍ജനം എന്നിവ സംബന്ധിച്ച് ദ്രാവിഡകഴകം പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലാണ് അത്തരം പരാമര്‍ശങ്ങള്‍ കണ്ടത്. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് പ്രസ്ഥാനം സത്യഗ്രഹ സംബന്ധമായ പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് പെരിയാറുടെ പേര് നിരന്തരം പരാമര്‍ശിക്കപ്പെട്ടതും ഇത്തരമൊരു അന്വേഷണത്തിന് എന്നെ പ്രേരിപ്പിച്ചു. അങ്ങനെ ചേരന്‍ മാതേവി സത്യഗ്രഹസംബന്ധമായ ദത്തങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ വൈക്കം സത്യഗ്രഹം സംബന്ധിച്ചുള്ള ദത്തങ്ങളും ശേഖരിക്കാനാരംഭിച്ചു.

വൈക്കം സത്യഗ്രഹം സംബന്ധിച്ചുള്ള ദത്തങ്ങള്‍ ശേഖരിക്കുന്നതിന് 10 വര്‍ഷത്തോളം ഞാന്‍ ചെലവഴിച്ചു. 2016 മുതല്‍ മൂന്നുവര്‍ഷക്കാലം ആ ദത്തങ്ങളുടെ വിശകലനത്തിനും ക്രോഡീകരണത്തിനും നീക്കിവച്ചു. ഔദ്യോഗിക
കര്‍ത്തവ്യനിര്‍വഹണത്തിനു ശേഷമുള്ള സമയം മുഴുവന്‍ ഞാന്‍ ഗവേഷണത്തിനായി ചെലവഴിച്ചു.

‘എല്ലാ ചരിത്രകാരരും ചരിത്രരചനയില്‍ നിഷ്പക്ഷത പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍
Textഭൂരിപക്ഷത്തിനും സമ്പൂര്‍ണ നിഷ്പക്ഷത പുലര്‍ത്താന്‍ സാധിക്കില്ല, നിഷ്പക്ഷതയോട് അടുത്തു നില്‍ക്കാം എന്നു മാത്രം. കാരണം ചരിത്രരചന നടത്തുമ്പോള്‍ പലപ്പോഴും തെളിവുകളുടെ അഭാവത്തില്‍ ചില വിടവുകള്‍ രൂപപ്പെടാറുണ്ട്. അത്തരം വിടവുകള്‍ ഭാവന ഉപയോഗിച്ച് നികത്താന്‍ ശ്രമിക്കുമ്പോള്‍ പക്ഷപാതമുണ്ടാവുക സ്വാഭാവികമാണ്. അതിനാല്‍ ചരിത്രപുസ്തകങ്ങളില്‍ ഭാവന ഏറിയും കുറഞ്ഞും കാണപ്പെടുമെന്ന്’ സുനില്‍ കൃഷ്ണന്‍ ഹിലാരി മെന്‍ഡിസിനെ ഉദ്ധരിച്ചുകൊണ്ട് അഭിപ്രായപ്പെടുന്നു. (കാലച്ചുവടു, 2016) വൈക്കം സത്യഗ്രഹം വിശദീകരിക്കുന്ന ഈ പുസ്തകത്തിന്റെ ആമുഖം എഴുതാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ചരിത്രത്തിലെ ഭാവനാംശത്തെക്കുറിച്ചുള്ള ഈ പരാമര്‍ശം കടന്നുവരുന്നു.

90 വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന സത്യഗ്രഹം സംബന്ധിച്ച വിവരങ്ങളുടെ തുടര്‍ച്ച കണ്ടെത്തുന്നതിനായി ഒരു ആക്രിക്കച്ചവടക്കാരനെപ്പോലെ ഞാന്‍ വായനശാലകളിലും പത്രമോഫീസുകളിലും ആര്‍ക്കൈവ്‌സുകളിലും അലഞ്ഞുനടന്നു. സത്യഗ്രഹത്തിന്റെ ദിശ നിര്‍ണയിക്കലും സംഭവവികാസങ്ങളുടെ തുടര്‍ച്ച കണ്ടെത്തലും അത്ര എളുപ്പമയിരുന്നില്ല. ഭാവന ഉപയോഗിക്കരുതെന്ന് എത്രമാത്രം ആഗ്രഹിച്ചാലും അതിന്റെ ഛായയെങ്കിലുമില്ലാതെ ചരിത്രരചന പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. എങ്കിലും ഇതില്‍ ഭാവന അല്പംപോലുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ല വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു. രചനയ്ക്കിടയില്‍ വര്‍ത്താമനകാലജനതയുടെ ഇഷ്ടാനിഷ്ടങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും പരമാവധി
ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.

പുസ്തകം സംവിധാനം ചെയ്തിരിക്കുന്ന രീതിശാസ്ത്രം വിശദീകരിച്ചാല്‍ പുസ്തകത്തില്‍ പ്രവേശിക്കല്‍ എളുപ്പമാകും. വൈക്കം സത്യഗ്രഹത്തിന് തമിഴകം നല്‍കിയ സംഭാവന വിലയിരുത്തുകയാണ് പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം. വൈക്കം സത്യഗ്രഹം സംബന്ധിച്ച് ഇതുവരെയുണ്ടായിട്ടുള്ള പുസ്തകങ്ങള്‍ കുരുടന്മാര്‍ ആനയെ കണ്ട കഥ
പോലെയുള്ളതാണ്. ഓരോരുത്തരും അവര്‍ കണ്ട അവയവങ്ങള്‍ വിശദീകരിച്ചു. അതിനാല്‍ ഒരു പുസ്തകവും സമഗ്രമല്ല. ഈ കുറവ് പരിഹരിക്കുന്നതിനുവേണ്ടിയുംകൂടിയാണ് ഞാന്‍ ഈ പുസ്തകം രചിച്ചത്.

വൈക്കം സത്യഗ്രഹത്തിന്റെ തുടക്കം മുതല്‍ പെരിയാറുടെ അധ്യക്ഷതയില്‍ നടന്ന വിജയാഹ്ലാദ  ദിനാഘോഷം വരെയുള്ള സംഭവവികാസങ്ങള്‍ 1924, 1925 കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പ്രമുഖ ദിനപത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, സര്‍ക്കാര്‍ രേഖകള്‍ എന്നിവയെയും പില്‍ക്കാലത്ത് പ്രസിദ്ധീകരിച്ച ആത്മകഥകള്‍, ജീവചരിത്രങ്ങള്‍ എന്നിവയെയും ആസ്പദമാക്കി വിശദീകരിക്കാനാണ്  ഒന്നാം ഭാഗത്ത് ശ്രമിക്കുന്നത്. സംഭവവികാസങ്ങളെ മാസക്രമത്തില്‍ അടുക്കിയശേഷം ഓരോ ദിവസവുംനടന്ന കാര്യങ്ങള്‍ തീയതി ഉള്‍പ്പെടെ ഡയറിക്കുറിപ്പുകളുടെ രൂപത്തില്‍ വിശദീകരിക്കുന്നു.

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട സുപ്രധാന സംഭവമാണ് സവര്‍ണജാഥ. വടക്കുനിന്നും തെക്കുനിന്നും പുറപ്പെട്ട സവര്‍ണ ജാഥകള്‍ തിരുവനന്തപുരത്ത് സംഗമിച്ച് മഹാറാണിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചു. തെക്കന്‍മേഖലാ ജാഥയ്ക്ക് നേതൃത്വം നല്‍കിയത് എമ്പെരുമാള്‍ നായിഡു ആയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഗവേഷണപ്രബന്ധമായ എം. ഇ. നായിഡുവും ശുചീന്ദ്രം സത്യഗ്രഹവും എന്ന പുസ്തകം വായിച്ച് ഞാന്‍ ഞെട്ടിപ്പോയി. കാരണം പ്രസ്തുത ഗ്രന്ഥത്തില്‍ ഒരു സന്ദര്‍ഭത്തിലൊഴികെ വൈക്കം സത്യഗ്രഹം എന്ന പേരുപോലും പരാമര്‍ശിച്ചിട്ടില്ല. കേരളത്തിലെ ഈഴവരുടെ ക്ഷേത്രപ്രവേശനം എന്ന ഗ്രന്ഥവും ഇതുപോലെ എനിക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. അ. ക. പെരുമാളുടെ തെന്‍കുമരിയിന്‍ കതൈ എന്ന പുസ്തകത്തില്‍ നിന്നാണ് എനിക്ക് എമ്പെരുമാള്‍ നായിഡുവിന്റെ ചിത്രം ലഭിച്ചത്. ഇത്തരത്തില്‍ ഓരോരുത്തരുടെ സംഭാവനകള്‍ കണ്ടെത്തുന്നതിനും ഒരുപാടു ദൂരം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്.

വൈക്കം സത്യഗ്രഹത്തില്‍ സുപ്രധാന സംഭവങ്ങള്‍ നടന്ന കാലം, പ്രധാന നേതാക്കളുടെ ചിത്രങ്ങള്‍, ഗാന്ധിജിയുടെ അഭിമുഖങ്ങള്‍, പെരിയാറുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും, രാജാജിയുടെയും ശ്രീനിവാസ അയ്യങ്കാരുടെയും പ്രസ്താവനകള്‍, തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരു വിവരം, തിരുവിതാംകൂറിലെ ജാതിവ്യവസ്ഥ, അവിടത്തെ പൊലീസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ വിവരങ്ങളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളില്‍ ഈഴവര്‍ തുടങ്ങിയ താണജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടത്തിയ സമരമാണ് വൈക്കം സത്യഗ്രഹം. എന്നാല്‍ അത് ജാതീയമായ അനാചാരങ്ങള്‍ക്കെതിരേ അതിശക്തമായ അവബോധം ഉണ്ടാക്കാന്‍ ഉപകരിച്ചു. പാശ്ചാത്യവിദ്യാഭ്യാസം നേടിയതിന്റെ ഫലമായി ജനങ്ങള്‍ നേടിയെടുത്ത സ്വാതന്ത്ര്യബോധത്തിന്റെ പ്രതിഫലനമായും വൈക്കം സത്യഗ്രഹത്തെ വിലയിരുത്താം. ഇന്ത്യയിലെ മറ്റു ദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി ജാതിപ്പിശാച് ഏറ്റവും ഭീകരമായി ഉപദ്രവിച്ചത്  മലയാളികളെയായിരുന്നു. അതിന്റെ വിശദാംശങ്ങളും പുസ്തകത്തില്‍നിന്ന് മനസ്സിലാക്കാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.