DCBOOKS
Malayalam News Literature Website

പ്രകൃതിസ്‌നേഹത്തിന്റെ ശബ്ദം

സുഗതകുമാരി

നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്തൊക്കെയാണ്? ആലോചിക്കമ്പോള്‍ ദുഃഖവും അമര്‍ഷവും തോന്നിപ്പോകുന്നു; ഭാവിതലമുറകളെപ്പറ്റിയുള്ള ആശങ്ക കലര്‍ന്ന ഭയവും.

‘കാവുതീണ്ടല്ലേ മക്കളേ, കുടിവെള്ളം മുട്ടും’ എന്ന മുത്തശ്ശിമാരുടെ മുന്നറിയിപ്പ് കേട്ടുവളര്‍ന്നവരാണ്
ഞങ്ങളുടെ തലമുറവരെയുള്ളവര്‍. പക്ഷേ, ആ വാക്കുകളെ മുക്കിക്കൊന്നുകൊണ്ടുള്ള മറ്റു ശബ്ദപ്രളയങ്ങളും ഞങ്ങള്‍ കേട്ടു. ‘ഛേ! ഇതൊക്കെ അന്ധവിശ്വാസം. മതം എന്ന കറുപ്പ് മനുഷ്യനെ മയക്കുന്നതിന്റെ ഉദാഹരണങ്ങള്‍. പിശാചുവിശ്വാസികളുടെ പാപത്തെളിവുകള്‍.’ കടല്‍ കടന്നുവന്ന സായിപ്പും അവന്‍ കൊണ്ടുവന്ന പുതിയ മതത്തിന്റെ പുരോഹിതന്മാരും കടല്‍ കടന്നുവന്ന കമ്മ്യൂണിസമെന്ന മറ്റൊരു പുതിയ മതത്തിന്റെ വിശ്വാസികളും ഒരേ ഭാഷയില്‍ നമ്മോടിങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ‘അന്ധവിശ്വാസം! അന്ധവിശ്വാസം!’ നാമതെല്ലാം അപ്പാടെ വിശ്വസിച്ചു. സ്വീകരിച്ചു. നമ്മുടെ പാരമ്പര്യങ്ങളെ തള്ളിപ്പറയുന്നതും പൂര്‍വ്വിക വിശ്വാസങ്ങളെ നിഷേധിക്കുന്നതുമാണ് ആധുനികമെന്നും ശാസ്ത്രീയമെന്നും ബഹുമാന്യമെന്നും നാം പഠിച്ചു. അവര്‍ പറഞ്ഞതെല്ലാം നാം അനുസരിച്ചു. അങ്ങനെ നഷ്ടപ്പെടുത്തിയ മഹാസമ്പത്തുകളില്‍ അത്യനര്‍ഘങ്ങളായവയാണ് കാവുകള്‍. ഇനി ഒരു പിടിമാത്രം ബാക്കി നില്‍ക്കുന്ന നമ്മുടെ അമൂല്യപൈതൃകങ്ങള്‍. ഒരു കാവെന്നാല്‍ ഒരു നിത്യഹരിതവനത്തിന്റെ ചെറുപതിപ്പത്രേ. Textജൈവവൈവിധ്യത്തിന്റെ കലവറ. ഒരായിരം ജീവികളുടെ അഭയസങ്കേതം. ശുദ്ധവായുവിന്റെ കേദാരം. പെയ്ത്തുമഴയുടെ സംഭരണകേന്ദ്രം. ഇത് പരിശുദ്ധമെന്നു കരുതിയതില്‍ മൂഢത്വമൊന്നുമില്ലെന്ന് ഇന്ന് സായിപ്പ് പറഞ്ഞു കഴിഞ്ഞിരിക്കുന്നുവല്ലോ. ഇനി നമുക്ക് അത് സമ്മതിച്ചുകൊടുക്കാം. വെളുത്ത തൊലിയെ എന്നും തൊട്ടുവണങ്ങുന്നവരത്രെ നമ്മള്‍. ഇതാ ഈ മുറിവേറ്റുണങ്ങുന്ന പശ്ചിമഘട്ടങ്ങള്‍ക്കു ചുവട്ടില്‍ നിന്ന്, വരളുന്ന മലിനങ്ങളായ പുഴകളുടെ അരികില്‍ നിന്ന് വിഷലിപ്തമായ മണ്ണില്‍ ചവിട്ടി നിന്ന് എന്നെപ്പോലുള്ളവര്‍ കണ്ണുനീരോടെ വീണ്ടും വീണ്ടും തൊണ്ടപൊട്ടുമാറ് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു. ‘അരുത്, കൊല്ലരുത്!’ ഞങ്ങളുടെ കണ്ഠങ്ങള്‍ തളര്‍ന്നുതുടങ്ങിയെന്നും പ്രയത്നങ്ങള്‍ വ്യര്‍ത്ഥമാണെന്നും മനസ്സ് ക്ഷീണിച്ചു തുടങ്ങുമ്പോഴാണ് ഉണ്ണിക്കൃഷ്ണനെപ്പോലുള്ളവര്‍ പുതിയ ചൈതന്യവുമായി മുന്നോട്ടു വരുന്നത്. അവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി.

ഈ പുസ്തകം തികച്ചുമൊരു അക്കാദമിക പഠനമല്ലായിരിക്കാം. പക്ഷേ, നിങ്ങള്‍ക്കു വേണ്ടതിലധികം ഇതിലുണ്ട്. സ്ഥലദേവതകളെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ തുടങ്ങി കാവുകള്‍ക്കുള്ളിലെ അപൂര്‍വ്വസസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങള്‍ വരെ ഉണ്ണിക്കൃഷ്ണന് സുപരിചിതമാണ്. ചരിത്രവും ഐതിഹ്യവും പരിസ്ഥിതിശാസ്ത്രവും ജനിതകശാസ്ത്രവും എല്ലാം കൂടിക്കലര്‍ന്നു കിടക്കുന്ന ഒരു കൗതുകകരമായ ദൃശ്യമാണിത്. വേണ്ടവര്‍ക്ക് ഇവയില്‍നിന്ന് വേണ്ടത് തിരഞ്ഞെടുക്കാം.

ഏറ്റവും ഉചിതമായത് ബാക്കിനില്‍ക്കുന്ന കാവുകളെ എങ്ങനെസംരക്ഷിക്കാം എന്നതിനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങളാണ്. അവയെ ഇന്ന് ഏതെല്ലാം വിധത്തില്‍ സ്വാര്‍ത്ഥതാത് പര്യങ്ങള്‍ക്കു വേണ്ടി ദുഷിപ്പിക്കുന്നുവെന്ന് വയനാട്ടുകുലവന്റെ ഉത്സവമേളത്തില്‍ നമുക്കു കാണാം. ഉണ്ണികൃഷ്ണന്റെ ഈ ദീര്‍ഘമായ പഠനത്തിന്റെ ലക്ഷ്യം അതത്രേ. അതു സാധിതമാകട്ടേ. എന്തെന്നാല്‍ ഈ ജനിതകക്കലവറയെന്ന നിധിപേടകം നമ്മുടെ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.