DCBOOKS
Malayalam News Literature Website

വേരറുക്കപ്പെടുന്നവന്റെ നിലവിളികള്‍

ഈ വര്‍ഷമിറങ്ങിയ കവിതാ സമാഹാരങ്ങളില്‍ ഛന്ദസ്സിന്റെ സര്‍ഗ്ഗസൗന്ദര്യം കൊണ്ടും ലളിതപദപ്രയോഗങ്ങളുടെ അനായാസതയാര്‍ന്ന കാന്തിക പ്രഭാവം കൊണ്ടും സമകാലികതയാലും ശ്രദ്ധേയമായ ഒരു പുസ്തകമാണ് ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ ‘ഉറവിടം.’ നഗരബാധിതമായ വിപല്‍ക്കാലത്ത് കവിതയുടെ രോഗശമനപരമായ മൂല്യത്തെക്കുറിച്ച് തികഞ്ഞ ബോധ്യമാര്‍ന്ന ഒരു കവിയെ നമുക്കിതില്‍ കാണാം. നാട്ടുഭാഷയുടെ പ്രയോഗവീര്യംകൊണ്ടും തെയ്യത്തോറ്റങ്ങളുടെ പ്രതിരോധ ധ്വനികൊണ്ടും ഇതിലെ കവിതകള്‍ നമ്മെ അതിശയിപ്പിക്കുന്നു. ഗ്രാമനന്മയുടെ വീണ്ടെടുപ്പിനായി ഓര്‍മ്മകളുടെ പുനരാന
യിക്കല്‍ ഈ കവിതകളിലെങ്ങും നിറയുന്നു. ഗൃഹാതുരതയുടെ ഉള്‍ത്താപം നാമിതില്‍ തൊട്ടറിയുന്നു. ഒരേ സമയം അവ പ്രാദേശികവും സാര്‍വ്വദേശീയവുമായി ദോലനം ചെയ്യുന്നു.

നവനാഗരിക ലോകത്തില്‍ ജീവിതപ്പനിയാറ്റുന്ന നാട്ടുവൈദ്യമാണ് ദിവാകരന്‍ വിഷ്ണുമംഗലത്തിന് കവിത. ആറ്റിക്കുറുക്കിയെടുത്ത കണ്ണുനീര്‍ത്തൈലം ‘കവിതേ കണ്ണുനീരാറ്റി/ക്കുറുക്കും നാട്ടുവൈദ്യമായ്/വരൂ നീ കൂട്ടുമായെന്റെ/ ജീവിതപ്പനിയാറ്റുവാന്‍ ‘(‘ഉറവിടം’). വിശ്വവിസ്മയങ്ങള്‍ക്കു മുന്നില്‍ വിനയാന്വിതനാകുന്ന ഈ കവി പ്രപഞ്ചത്തിന്റെ ആത്മസത്തയെ അക്ഷരങ്ങളാല്‍ അന്വേഷിക്കുന്നു. ‘വിശ്വദര്‍പ്പണം’ ‘ സര്‍ഗ്ഗ നര്‍ത്തനം’,’അണിയറ’ തുടങ്ങിയ കവിതകള്‍ ഈ ജനുസ്സിലുള്ളവയാണ്. ഉപഭോഗപരതയെ പ്രതിരോധിക്കാന്‍ നാട്ടു പൊഞ്ഞാറുകളെ കൂട്ടുപിടിക്കുന്ന ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ ഈ കവിതകളില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധം ആന്തരിക ശ്രുതിയായി നാം അനുഭവിക്കുന്നു. വിപണിച്ചുഴിക്കുത്തില്‍ അഴുകിപ്പോകുന്ന നരജന്മത്തിന്റെ നിസ്സഹായതയെ ഈ കവിതകള്‍ അനാവരണം ചെയ്യുന്നു. അരികിലേക്ക് തൂത്തെറിയപ്പെടുന്നവന്റെ നോവുകള്‍ക്ക് അവ നാവു നല്‍കുന്നു.

‘മാള്‍ജ്ജാരന്‍ ‘,’ ഉയരത്തിന്നടിത്തട്ടില്‍’,’വലുത് ചെറുത് ‘തുടങ്ങിയ കവിതകളില്‍, നവനാഗരികതയില്‍ അന്യമായിപ്പോകുന്ന ചെറുതുകളുടെ ഉള്‍ത്താപമറിയാം. നമ്മളുടെ ഉള്ളിലേക്ക് അരിച്ചരിച്ച് കയറിവരുന്ന ചിതലുകളെ അവ ദൃശ്യവത്കരിക്കുന്നു. പഴയ കൂച്ചുകെട്ടുകളുടെ വൈകാരികോര്‍ജ്ജത്തെ വിദ്യുത് കാന്തികതയോടെ കവിതയിലേക്ക് പ്രസരിപ്പിക്കുകയാണ് ‘പഴയ കൂട്ടുകാര്‍’ എന്ന കവിത. ‘ആ സൂക്ഷ്മധ്വനി കാവ്യകാരന്‍ വെട്ടിമാറ്റുംവാക്കല്ലാതെമറ്റെന്താണ്, ‘ഓരോ ജന്മവും?! എന്ന് ‘തിരുത്ത് ‘ എന്ന കവിതയില്‍ ജീവിതത്തെ മറ്റൊരു കവിതയായി വായിക്കുന്നു.

ഗദ്യത്തിലും പദ്യത്തിലും ഒരേ പോലെ പ്രാവീണ്യമാര്‍ന്നതാണ് ഈ കവിയുടെ കവിത്വം. ജൈവനീതിയുടെപുതുവസന്തങ്ങള്‍ പുലരുമെന്ന പ്രത്യാശയാണ് ഈ കവിതകളുടെ ഉള്‍ക്കരുത്ത്. നാട്ടുമണ്ണിന്റെ നീറ്റലാര്‍ന്ന ഈ കവിതകളില്‍ തെയ്യത്തിന്റെ വര വിളി കേള്‍ക്കാം. ‘സമഭാവപ്പെരുമാളിന്‍/പ്രപഞ്ച സംവിധാനത്തിന്‍/ പൊരുളല്ലോ പൊട്ടനാളും/കവിതയായിപ്പിറക്കുന്നു’ എന്ന് കവി തിരിച്ചറിയുന്നു.

(രാജേഷ് കരിപ്പാല്‍ എഴുതിയ ആസ്വാദനക്കുറിപ്പ്)

 

Comments are closed.