DCBOOKS
Malayalam News Literature Website

അവൾ ഭൂമിയുടെ ഉപ്പാകുന്നു…

മ്യൂസ് മേരിയുടെ ‘ഉപ്പുതരിശ്’ എന്ന കവിതാസമാഹാരത്തിന് ഡോ. സ്വപ്ന സി. കോമ്പാത്ത് എഴുതിയ വായനാനുഭവം 

വചനങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ  പുനർവായിക്കുമ്പോൾ നിത്യജീവിതത്തിലെ പല സത്യങ്ങൾക്കും കൂടുതൽ മിഴിവുണ്ടാകുന്നതായി തോന്നാറുണ്ട്.. തിരശ്ശീലക്കു പിന്നിൽ മറയ്ക്കപ്പെട്ടിരുന്ന പലരും വേദിയിലെ പ്രധാന ഇരിപ്പിടങ്ങളിലേക്ക് ആനയിക്കപ്പെടുന്ന നയനാനന്ദകരമായ കാഴ്ചക്കും ഈ പുനർവായനകൾ സാക്ഷിയാകുന്നു. വർഷങ്ങളോളം ഭൂമിക്കടിയിൽ കിടക്കേണ്ടി  വന്ന വിത്തുകൾക്ക് പെട്ടെന്നൊരു നാൾ പുതുനാമ്പുകളുടെ സൗഭാഗ്യമുണ്ടാകുന്നതുപോലെയുള്ള ആനന്ദങ്ങൾക്ക്  ചില രചനകൾ കാരണമാകാറുണ്ട്.  അത്തരത്തിലൊരു കൃതി നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു എന്ന് ലോകത്തിലെ സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന ഒരു മാനിഫെസ്റ്റോ എന്നു വിശേഷിപ്പിക്കാവുന്ന  ഉപ്പുതരിശ് എന്ന കവിതാസമാഹാരം . പ്രണയത്തിനും പൊരുത്തത്തിനും പുതിയ കിന്നരിത്തൊപ്പികൾ ചാർത്തുന്ന ഏതാനും കവിതകളോടൊപ്പം കാലങ്ങളായി കുഴിച്ചുമൂടപ്പെടുന്ന സ്ത്രീയഭിലാഷങ്ങളുടെ  സൂക്ഷ്മാടരുകളിലേക്ക് വെളിച്ചം വീശുന്ന ചില ചിന്തകളിലൂടെയാണ് ഈ സമാഹാരം കാലത്തോടും പെൺജീവിതത്തോടും സമരസപ്പെടുന്നത്.

Text2021 മാർച്ചിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഉപ്പുതരിശ് എന്ന സമാഹാരത്തിലെ കവിതകൾ വൈവിധ്യമുള്ളവയാണ്. മ്യൂസ് മേരി ജോർജ് എന്ന കവി ഉള്ളിന്റെയുള്ളിൽ നട്ടു നനച്ചു വളർത്തുന്ന ബാലിശമായ കൗതുകങ്ങൾ മുതൽ ഗഹനമായ ദാർശനികത വരെ നീളുന്ന വ്യത്യസ്തമായ അനുഭവങ്ങളാണ് ആ കവിതകൾക്ക് അന്നമാകുന്നത്. ബഹുമുഖമായ ആശയതലങ്ങളിലൂടെ പടരുന്ന അവ്യവസ്ഥിതമായ ഘടനയാണ് ആ കവിതകളുടെ ശീലം. ആഗോളതലത്തിലുള്ള സ്ത്രീയവസ്ഥകളോട് ഐക്യപ്പെടുന്ന കവി, സ്ത്രീജീവിതങ്ങളെ സർഗാത്മകമായ സത്യസന്ധതയോടെ ആവിഷ്കരിക്കുന്നു. സ്ത്രീവാദം സൈദ്ധാന്തികമായ ഒരു സാഹിത്യ പദ്ധതിമാത്രമല്ലെന്നും ജീവിതത്തിന്റെ തീച്ചൂളകളിൽ പാകപ്പെട്ടു വന്ന മനുഷ്യദർശനമാണെന്നും സഹൃദയരെ ആവർത്തിച്ചു ബോധ്യപ്പെടുത്തുന്ന ആത്മാർത്ഥ പരിശ്രമമാണ് പല കവിതകളും.

“പ്രാന്തവൽകൃത ജീവിതം നേരിടുന്ന നിന്ദകളിൽ നിന്നും അപമാനങ്ങളിൽ നിന്നും രൂപം കൊളളുന്ന ഇരുണ്ടഫലിതവും  വാമൊഴിഭാഷയുടെ മൂർച്ചയും ആർജ്ജിക്കുന്നിടത്താണ് മ്യൂസ്മേരിക്കവിതകളുടെ പരിണാമവും ബഹുസ്വരസ്വഭാവവും പ്രത്യക്ഷമാകുന്നത് ” ( പു.5) എന്നാണ്    കവിതയുടെ ലവണജലനിധി എന്ന അവതാരികയിൽ ഡോ. മിനി. ആലീസ് അഭിപ്രായപ്പെടുന്നത്. ഇത് ശരിവെക്കുന്ന വിധത്തിലുള്ള ധാരാളം കവിതകൾ ഈ സമാഹാരത്തിലുണ്ട്.

രണ്ട് പെമ്പിളമാർ എന്ന കവിത ഏറ്റവും മികച്ച ഉദാഹരണമായി ചൂണ്ടി കാണിക്കാം.കപ്പിലാം തോട്ടിലെ തെറതീം ആഞ്ഞിലിത്താഴത്തെ മറിയേമാണ് രണ്ടു പെമ്പിളമാർ . ചന്തേൽ പോയി തിരിച്ചു വരുന്ന വഴി പരിപ്പുവടേം തിന്നു നടക്കുമ്പോഴാണ് ഓലിപ്പാറയിലെ ഒഴുക്കുവെള്ളത്തിൽ വേർപ്പു നാറുന്ന ചട്ടേം മുണ്ടും അടിച്ചു നനച്ചു കുളിക്കാനവർ തീരുമാനിച്ചത്.

പക്ഷേ പിന്നീടുണ്ടായത് വേദനാജനകമായ കാര്യമാണ്. കഠിനമായദ്ധ്വാനിച്ചും സ്വന്തം ഇഷ്ടങ്ങളെ മാനിച്ചും ജീവിച്ച ആ യുവതികളുടെ ജീവിതം നിമിഷനേരം കൊണ്ടാണില്ലാതായത്.

“പെരുവഴിക്കള്ളൻമാർ പിടിച്ചു വലിച്ചപ്പം മല്ലുപിടിച്ചിട്ടു

മണ്ടയടിച്ചു വീണതിൽപ്പിന്നെ കുളിക്കുന്നണ്ടവരെപ്പോഴും ” .

ഉളികൾ കൊണ്ട് ശിലകളുടെ പരുത്ത പ്രതലങ്ങളെ മനോഹരമായ ശില്പങ്ങളാക്കി മാറ്റുന്ന ശില്പിയുടെ വൈദഗ്ധ്യത്തോടെയാണ് കൃത്യമായി കൊത്തിയ വാക്കുകൾക്കിടയിലൂടെ പറയാതെ പറയുന്ന വലിയ സത്യങ്ങളുടെ നോവിനെ കവി വായനക്കാരിലേക്കെത്തിക്കുന്നത്. അവർ കൊല്ലപ്പെട്ടുവെന്നോ അപമാനിക്കപ്പെട്ടുവെന്നോ വേദനയനുഭവിച്ചുവെന്നോ സൂചിപ്പിക്കുന്ന ഒരു വാക്കും കവിതയിലില്ല. എന്നിട്ടും മറിയയോടും തെറതിയോടുമൊപ്പം വായനക്കാരും പിടഞ്ഞു വീഴുന്നു. പറഞ്ഞതും പറയാത്തുമായ വാക്കുകൾ കൃത്യമായിടത്ത്  എറിഞ്ഞു കൊള്ളിക്കുവാനുള്ള കവിയുടെ ചാതുര്യം സൂക്ഷ്മമായി  അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള കവിതയാണിത് . ശബ്ദത്തോടൊപ്പം അതിനെക്കാൾ മൂർച്ചയുള്ള നിശബ്ദതയും ഈ കവിതകളിൽ ആത്മാവിനെ സൃഷ്ടിക്കുന്നു.  ദൈവികസങ്കൽപ്പത്തിൽ നിന്നും വിഭിന്നമായ യക്ഷിസങ്കൽപ്പത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്ന ഈ കവിത പരമ്പരാഗതമായ വിശ്വാസങ്ങളിലും വെല്ലുവിളി നടത്തുന്നുണ്ട്. അടിച്ചമർത്തപ്പെടുന്ന സ്ത്രീജീവിതത്തിന്റെ / കാമനകളുടെ നേർക്കുള്ള  പ്രതിഷേധമാണ് യക്ഷിയെന്ന സങ്കല്പത്തെ,  ജാതിമതവ്യത്യാസമില്ലാത്ത പെൺപക എന്ന  പൊളിച്ചെഴുത്താണ് കൊടപ്പനമോളിലിരുന്ന് മുടി ചിക്കിയുണക്കുന്ന ചേട്ടത്തിമാരുടെ സൃഷ്ടിയിൽ കാണുന്നത്.

മുണ്ടിക്കയം എന്ന കവിത മുങ്ങാങ്കുഴിയിടുന്നത് മറ്റൊരു പെൺജീവിതത്തിലേക്കാണ്. കോപ്പാറമുണ്ടിയുടെ നഷ്ട സ്വപ്നങ്ങളാണ് പുഴയമ്മയുണ്ടാക്കിയ കയമാക്കി  മാറ്റിയത്. കോപ്പാറ മുണ്ടി ആരാണെന്നറിയമോ?

“മകരത്തിൽ പിറന്നോരാ

മങ്കയാളങ്ങനെ

മകരനിലാവായി

നാട്ടുവഴികളിൽ

നീളേ നിറയുന്നു…” എന്ന് കവി തന്നെ പറയുന്ന മകരനിലാവ് പോലെ സുന്ദരിയാണ്. കാണുന്നവരുടെ കണ്ണിലെ ആനന്ദം. മുണ്ടി ആരേയും കൂസാതെ പേടിയങ്ങനെയൊട്ടുമേയില്ലാതെ മുറുക്കി ചുവപ്പിച്ചു നടക്കുന്ന പെണ്ണാണ്. നാലുപേർ ചേർന്നാണ്, പ്രകൃതി പോലും കണ്ണടച്ചിരുന്ന ആ രാത്രിയിൽ അവളെ ഇല്ലാതാക്കിയത്’. അമ്പിളി പോലും പിണങ്ങിക്കലങ്ങിയിരുന്ന ആ രാത്രിയിൽ അവർ പിന്നെയും പിന്നെയും അവളെ ഞെരിച്ചില്ലാതാക്കി. മഴകളവളെ പൊതിഞ്ഞെടുക്കുകയും പുഴയവളെ കയത്തിലൊതുക്കുകയും ചെയ്തു .

പെണ്ണിന്റെ മിണ്ടാട്ടം മുട്ടിക്കുന്ന മറ്റൊരുതരം കാഴ്ച മിണ്ടാമഠത്തിലുണ്ട്.

ചേർത്തലയ്ക്കടുത്ത് മായിത്തറ എന്ന സ്ഥലത്ത്  കൂടെ കടന്നുപോകുമ്പോൾ കാണാറുള്ള മിണ്ടാമഠത്തിലെ മറിയക്കുട്ട്യേളമ്മയെക്കുറിച്ചുള്ള കവിതയിൽ  പെങ്ങള് മിണ്ടാമഠത്തിൽ പോകുന്ന വാർത്തയറിഞ്ഞ് ” വല്ല ഫോറിൻ മഠത്തിലും പോയങ്ങു / .ചേർന്നാ പോരേ / ജർമ്മനീലെങ്ങാനും പോയി / പത്തു കാശയച്ചു തരുന്നേനുപകരം / മിണ്ടാമഠത്തിപ്പോകുന്നൊരുത്തി / ” എന്നു കലിപ്പിക്കുന്ന ആങ്ങളയൊരുത്തനെ കാണാം. സാമൂഹികയാഥാർഥ്യങ്ങളെ ആഖ്യാനരൂപത്തിലാക്കുന്നതിന്റെ നേർക്കാഴ്ചയാണിത്.

“സാർവലൗകികമായി തന്നെ  മനുഷ്യൻ സന്തോഷത്തിനു വേണ്ടിയുള്ള ആഗ്രഹമാണ് പുലർത്തുന്നതെന്നും അതിനെ തടയുന്ന എന്തിനോടും ചോദനാത്മകമായി പ്രതികരിക്കുകയെന്നത് മനുഷ്യ സഹജമായ പ്രേരണയാണെന്നും മാർക്ക്യൂസ് വിശദീകരിക്കുന്നുണ്ട്. ” (സംസ്കാരനിർമ്മിതി, ഡോ.കെ.എം. അനിൽ പു.34) പക്ഷേ സൈദ്ധാന്തികമായ ഇത്തരം കല്പനകളുടെയെല്ലാം മറുപുറം എല്ലാതരം സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുന്ന , ആനന്ദിക്കാനാവകാശമില്ലാത്ത സ്ത്രീജീവിതത്തിന്റെ നേർചിത്ര ണമാണ്. പ്രതികരണം എന്ന മനുഷ്യസഹജമായ പ്രേരണക്കു പോലും അവകാശമില്ലാത്ത ഒരു വിഭാഗമായി സ്ത്രീജീവിതം അപഹസിക്കപ്പെടുന്നതിലെ ആത്മരോഷമാണ് കൊടിച്ചി എന്ന കവിത.

“വിരൽ ഞൊടിക്കുമ്പോൾ

വാലാട്ടി,

കാലുവിറച്ച്, കാലൂന്നി

നിവർന്ന്

കിടക്കയിൽ മലർന്ന്

കിതപ്പുകൾ മണത്ത്

കൊടിച്ചി ”

കൊടിച്ചി എന്ന ബിംബത്തിലൂടെ കവി ആവിഷ്കരിക്കുന്ന ജീവിതം സ്ത്രീകളുടെ ദൈന്യതയിലൂടെ കടന്നുപോകുന്നു. മ്യൂസ് മേരിയുടെ കവിത പലമകളിലേക്കാണ് പ്രയാണം ചെയ്യുന്നത്.  ഒരു പാഠവും പൂർണമല്ല. പാഠങ്ങളിലേക്കുള്ള വഴി മാത്രമാണിത് എന്ന ചിന്തയെ ഏറ്റവും സുന്ദരമായി ഇത്തരം കവിതകൾ ചേർത്തു വെക്കുന്നു.

ഭാവുകത്വവ്യതിയാനങ്ങളോടൊപ്പം ചരിക്കുന്ന കാവ്യപാതയാണ് ഉപ്പു തരിശിന്റേതാണ്. ഗൗരവകരമായി  പരിഗണിക്കേണ്ട വീക്ഷണങ്ങളെ അനുഭൂതിപരമായി പരിഗണിക്കുകയും വാക്കുകളുടെ അവശേഷിപ്പുകളിൽ കവിതയുടെ ആത്മാവിനെ കുടിയിരുത്തുകയും

ചെയ്യുന്ന ആത്മീയപദ്ധതി പോലെയുള്ള  മുന്നേറ്റമാണിത്.  ഈ സമാഹാരത്തിലെ കവിതകളെല്ലാം തന്നെ സ്വതന്ത്രമായി നിൽക്കുന്ന എന്നാൽ അടിസ്ഥാനപരമായി ആത്മനിഷ്ഠമെന്നു തോന്നിപ്പിക്കുന്ന വിധം ഊന്നലുള്ള രചനകളാണ്. സൗ ന്ദര്യശാസ്ത്രപരമായും മനശാസ്ത്രപരമായും ഭാവനയെ കൈകാര്യം ചെയ്യുന്നതിലെ കവിയുടെ മിടുക്കാണ് ഇതിലെ സ്ത്രീപക്ഷദർശനങ്ങളെ പൊലിപ്പിക്കുന്നത്.

സ്ത്രീജീവിതവുമായി ബന്ധപ്പെട്ട   വാക്കുകളും പ്രവൃത്തികളും പ്രാദേശികതയും ഈ കവിതകളെ കൂടുതൽ സംവേദനക്ഷമതയുള്ളതാക്കുന്നു.

തിളയ്ക്കുന്ന വെയിലുപോലെ തുളുമ്പാതെ നിന്ന് തിളയ്ക്കുന്ന അമ്മച്ചിയുടെ ജീവിതമാണ് അമ്മച്ചി എന്ന കവിത.  ” മിണ്ടാട്ടമില്ലാതടക്കം നോക്കി ഒതുക്കം നോക്കി വെച്ചു വിളമ്പും വെന്തു വെന്തു തിളയാറ്റി കെട്ടുപോയ :  അമ്മച്ചിമാരാണ് കഴിഞ്ഞകാലഘട്ടത്തിലെ അമ്മച്ചിമാർ .അവരുടെ പോലും മനക്കരുത്തില്ലാത്ത ഇന്നത്തെ നമ്മൾ കണ്ണീരുപ്പിന്റെ രുചിയോടെ മാത്രം ഇന്നും അവരെയോർക്കുന്നു. മധ്യവർഗത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ വള്ളിപുള്ളി വിടാതെ അടയാളപ്പെടുത്തുന്നതോടൊപ്പം  വാർപ്പുമാതൃകാനിർമിതി എന്ന ന്യൂനതയെ മറികടക്കുകയും ചെയ്യുന്നുണ്ട് ഈ കവിതകൾ. പാർശ്വവത്കൃതയെന്ന്  , നിങ്ങൾ വിളിക്കുമ്പോഴും ആൾക്കൂട്ടത്തിനകത്ത് വേറിട്ടു നിൽക്കാനുള്ള തന്റേടമുണ്ടെന്ന് പെട്ടിപ്പുറത്തിരിക്കുന്ന പെട്ടിപ്പുറം പെണ്ണമ്മയെന്ന കുഞ്ഞുമോൾ തെളിയിക്കുന്നു. സമൂഹത്തിന്റെ കിളിത്തട്ടുകളിയിൽ കുഞ്ഞുമോളെന്നും പുറത്താണ് എന്ന അനുബന്ധത്തോടെ പെണ്ണമ്മയെ നമ്മൾ തീണ്ടാപ്പാടകലെ നിർത്തുന്നു.

പുറത്തു പോകേണ്ടി വരുന്നവരുടെ ജീവിതത്തെ ചിലരെങ്കിലും അടയാളപ്പെടുത്തുകയെന്നത് മനുഷ്യൻ മനുഷ്യനുമായുണ്ടാക്കുന്ന ആത്മബന്ധത്തിന്റെ തെളിവാണ്. പ്രണയവും പ്രതിഷേധവും കീഴടക്കലും വിജയവുമെല്ലാം കളം നിറഞ്ഞാടുമ്പോഴും സ്ത്രീജീവിതത്തെ പ്രശ്നവത്കരിക്കുക എന്ന വെല്ലുവിളി ഭംഗിയായി പൂർത്തിയാക്കുകയാണ് ഈ കവിതകൾ. മാനവികതാവാദത്തിന്റെ പ്രത്യയ ശാസ്ത്രത്തെ മുറുകെ പിടിക്കുന്ന കാവ്യവ്യവഹാരങ്ങളിലൂടെ വരേണ്യതയുടെ മാപിനികളെ പുനർനിർവചിക്കുകയും പുതിയ ലോകക്രമത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുകയാണ് കവി. ഓരോ കവിതയും തുടർച്ചകളിലേക്കും നിയതമായ ആശയങ്ങളിലേക്കും പാഠാന്തരമായ മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്.  കാലത്തിനതീതമായ കാവ്യ യാഥാർഥ്യങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന എഴുത്തുകാരിയാകട്ടെ ജീവിതത്തെ ഇനിയും പകർത്തിയെടുക്കുവാനുള്ള ശ്രമത്തിലാണ്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

 

 

Comments are closed.