DCBOOKS
Malayalam News Literature Website

ഈ ലോകത്തിനപ്പുറം ‘പ്ലേറ്റോ വരെ’!

ജെ എസ് അനന്ത കൃഷ്ണൻ

(എഴുത്തുകാരൻ, പ്രഭാഷകൻ , വിവർത്തകൻ -ദേശീയ, അന്തർ ദേശീയ പുരസ്കാര ജേതാവ് .കാലടി സംസ്‌കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം ഗവേഷകൻ )

ജീവിതത്തിന്റെ കാരണങ്ങളെ കുറിച്ചു, നിലനിൽപ്പിനെ കുറിച്ചു, അതു പകരുന്ന അറിവിനെ കുറിച്ചു, അറിവിനെ കുറിക്കുന്ന ഭാഷയെ കുറിച്ചു, ഭാഷയാൽ തലമുറകൾ പകരുന്ന മൂല്യങ്ങളെ കുറിച്ചുള്ള ചിന്തകളുടെ ആകെ തുകയാണ് തത്ത്വചിന്തയുടെ ലോകം. ഗുഹാമനുഷ്യനായി കഴിയുന്ന കാലം, ഒരുപക്ഷെ അതിനുമുമ്പ് മുതൽ ഈ ചോദ്യങ്ങളെല്ലാം മനുഷ്യനെ അലട്ടിയിരുന്നു. പൂർവികരെ അടക്കുക വഴി, നമ്മുടെ വരവിനെയും മടക്കത്തെയും പറ്റിയുള്ള കഥകൾ മെനയുക വഴി,ഭാഷ ഉണ്ടാക്കുക വഴി ഒക്കെ ജീവിതത്തിനു ഒരു ഉദ്ദേശമുണ്ട് എന്ന് മനുഷ്യൻ കല്പിച്ചുപോന്നു.അങ്ങനെ നോക്കുമ്പോൾ മനുഷ്യരെല്ലാവരും തത്ത്വചിന്തകർ തന്നെ.അതുകൊണ്ട് തന്നെ കുറച്ചു ലേഖനങ്ങളായി നാം വായിക്കാനൊരുങ്ങുന്ന കഥകൾ നമ്മുടേതാണ്. നമ്മുടെ ചിന്തയുടെ ചരിത്രമാണ്.

പൊതുവെ പശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രഖ്യാനങ്ങൾ എല്ലാം തുടങ്ങുന്നത് ഗ്രീസിലാണല്ലോ.

എന്തുകൊണ്ട് ഗ്രീസ്?

പ്രാഥമികമായും അതിന്റ ഭൂസ്ഥിതി തന്നെയാണ് പടിഞ്ഞാറിന്റെ തത്ത്വചിന്തയുടെ കേന്ദ്രമായി ഗ്രീസിനെ മാറ്റിയത്. മഹാനാഗരികതകളായ ഈജിപ്തിനോടും മെസേപോട്ടേമിയയോടും പേർഷ്യയോടുമുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം അവിടുങ്ങളിൽ നിന്നുള്ളആശയങ്ങളെ സമാഹരിക്കുന്നതിൽ ഗ്രീക്ക് ചിന്തകരെ സഹായിച്ച ഘടകമാണ്.രണ്ടാമതായി ഗ്രീക്ക് തത്ത്വചിന്ത കടപ്പെട്ടിരിക്കുന്നത് കപ്പലുകളോടാണ് !! ലോകം മുഴുവൻ പടർന്നു കിടന്നിരുന്ന ഗ്രീക്ക് വ്യാപാരം അവിടുത്തേക്ക് എത്തിച്ച സമ്പന്നതയിൽ അതിന്റെ ആഘോഷജീവിതത്തിൽ ; ആശയ കൈമാറ്റത്തിനുള്ള അരങ്ങൊരുങ്ങി .

ഈ ചിന്തയുടെ വഴി തുടങ്ങുന്നത് അരിസ്റ്റോട്ടിൽ പറയുന്നതനുസരിച്ചാണെങ്കിൽ മെയ്‌ലീറ്റെസ്സിലെ തെയ്‌ലീസിൽ നിന്നാണ് ( Thales of Miletus ) . ദൃശ്യമായ പ്രതിഭാസങ്ങളിൽ ഊന്നി നിന്നുകൊണ്ട് ലോകത്തെ മനസ്സിലാക്കാൻ ശ്രമിച്ച ചിന്തകന്മാരിൽ ആദ്യത്തെയാളായി നമുക്ക് തെയ്‌ലീസിനെ അടയാളപ്പെടുത്താം.അയാളുടെ ഈ തിരിച്ചറിവിനെ സൂചിപ്പിക്കാനെന്നോണം ഒരു കഥയും നിലവിലുണ്ട് കേട്ടോ .നക്ഷത്രങ്ങളെ നോക്കി പഠിച്ചു നടന്നു കാലിടറി കുഴിയിൽ വീണ ചിന്തകന്റെ കഥ കേട്ടിട്ടുണ്ടാകുമല്ലോ .അത് നമ്മുടെ തെയ്‌ലീസാണ്. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തെയ്‌ലീസിനു നമ്മുടെ ജീവിതത്തിന്റെ ആധാരമായി തോന്നിയത് വെള്ളം ആണെന്നതാണ് .ഇങ്ങനെ തുറന്നു പറയാൻ അയാൾക്ക് പേടിക്കേണ്ടി വന്നതും ഇല്ല .അപ്പോൾ നിലവിലുണ്ടായിരുന്ന വ്യവസ്ഥ അനുസരിച്ചു, ഗ്രീക്ക് ദൈവങ്ങളുമായി വെള്ളത്തിന് അഭേദ്യമായ ബന്ധം ഉണ്ടെന്നത് തന്നെ കാരണം .അദ്ദേഹത്തിന്റെ ശിഷ്യരായ അനാക്സിമാന്ററും ( Anaximander ) അനക്സിമെനീസും (Anaximenes ) അന്വേഷണങ്ങൾ തുടർന്നു. ശേഷം പുനർജന്മങ്ങളിലും അമരത്വത്തിലും വിശ്വസിച്ചു കൊണ്ട് പൈതഗോറസ്സും ( Pythagoras ) , കലഹങ്ങളും കലാപങ്ങളുമാണ് മനുഷ്യരാശിയെ മുന്നോട്ടു നടത്തുന്നതുന്നതെന്നു പ്രഖ്യാപിച്ചുകൊണ്ട് ഹേരാക്ളൈറ്റസും ( Heraclitus of Ephesus) , നമുക്ക് ചുറ്റും നടക്കുന്ന മാറ്റങ്ങളെല്ലാം ഒരു വല്യ കൺകെട്ട് ആണെന്നു പറഞ്ഞുകൊണ്ട് പാർമെനിഡീസും ( Parmenides of Elea ) ഒക്കെ കടന്നുവന്നു .

മാറ്റങ്ങൾ വിപ്ലവകരമായി തുടങ്ങുന്നത് പക്ഷെ സോഫിസ്റ്റുകളുടെ (Sophist) വരവോടു കൂടിയാണ്. സമ്പന്നരായ പ്രഭുക്കന്മാരുടെ സാമ്പത്തിക ശ്രോതസ്സിന്റെ ധൈര്യം ഈ കൂട്ടത്തിലെ സർവ്വജ്ഞരായ ചിന്തകന്മാർക്കു പേടി ലവലേശമില്ലാതെ ചോദ്യങ്ങൾ സമൂഹത്തോടും മതത്തോടും ചോദിക്കാനുള്ള ധൈര്യം നൽകി . ഇവരിൽ ചിലർ പ്രകൃതിയുടെ ദയാവായ്‌പ്പിൽ, അതിന്റെ നന്മയിൽ വിശ്വസിച്ചെങ്കിൽ , മറ്റുചിലർ നന്മയും തിന്മയും വ്യാഖ്യാനിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളെകുറിച്ച് വാചാലരായി.

സോഫിസ്റ്റുകളുടെ വരവ് ഒരു സൂചനയായിരുന്നു.ഒരു ചരിത്രപുരുഷന്റെ വരവിനു അരങ്ങൊരുക്കൽ. സോക്രട്ടീസ് ( Socrates) അനന്തരം ജന്മം കൊണ്ടു.സോക്രട്ടീസ് തന്നെകുറിച്ചോ തന്റെ ചിന്തകളെ കുറിച്ചോ ഒന്നും എഴുതി സൂക്ഷിച്ചിരുന്നില്ല . അതേക്കുറിച്ചു നാം അറിയുന്നതെല്ലാം രണ്ടു ശിഷ്യന്മാരിൽ നിന്നാണ് .ഒന്നാമത്തെ ശിഷ്യൻ സമ്പന്നനായ അരിസ്റ്റോണിന്റെ മകനായ പ്ലേറ്റോ (Plato) ആണെങ്കിൽ രണ്ടാമത്തേത് പോരാളിയായ സെനാഫെൻ ( Xenophon of Athens ) ആണ് .ശിഷ്യഗണത്തിൽ സമൂഹത്തിന്റെ പല തട്ടുകളിൽ ഉള്ള ആളുകൾ ഉണ്ടായിരുന്നു .അവരോടെല്ലാം ഗുരു ആവശ്യപ്പെട്ടുകൊണ്ടിരുന്നു , ഉപയോഗിച്ച് തേഞ്ഞു പഴകിപ്പോയ സത്യം , നീതി , നന്മ അങ്ങനെ ഒരുപിടി സങ്കൽപ്പങ്ങളെ പുനർ നിർവചിക്കാൻ .തന്നെ തന്നെ ചോദ്യം ചെയ്ത സത്യം തേടാൻ അയാൾ ശിഷ്യരോട്‌ ആഹ്വാനം ചെയ്തു .ഈ ചോദ്യം ചെയ്യലിനൊടുവിൽ ഉളവാകുന്ന പരമസത്യം” തനിക്കൊന്നും അറിയില്ല എന്ന അറിവാണെന്നു ” ഗുരു സാക്ഷ്യപ്പെടുത്തി . ഒടുവിൽ 399 ബി സി യിൽ യുവാക്കളുടെ മനസ്സിനെ മലിനമാക്കി എന്ന കുറ്റത്തിന് ഹേമലക് എന്ന വിഷത്തിനു കീഴടങ്ങുമ്പോൾ ചിന്തയുടെ പുതുവഴി സോക്രട്ടീസ് വെട്ടി വച്ചിരുന്നു .

പ്ലേറ്റോക്കു 28 വയസ്സുള്ളപ്പോളാണ് ഗുരു യാത്ര പറയുന്നത് .അതുകൊണ്ടു തന്നെ അതേനിയൻ ജനാധിപത്യത്തോടു തികഞ്ഞ വെറുപ്പ് അയാളിൽ നിറഞ്ഞുനിന്നതു .അതുകൊണ്ടാകാം പ്ലേറ്റോ ജ്ഞാനികളുടെ ഭരണമാകണം വരേണ്ടതെന്നു വാദിച്ചത് .സോക്രട്ടീസിന്റെ മരണത്തിനു ശേഷമുള്ള 10 വർഷത്തോളം പ്ലേറ്റോയുടെ ജീവിതത്തിലെ ഇരുണ്ട യുഗമാണ് . ആ ദിനങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ മാത്രമേ സാധ്യമായുള്ളൂ .

അപ്പോഴേക്കും പ്ലേറ്റോ ആകെ മാറിയിരുന്നു . എമേഴ്‌സന്റെ( Emerson ) തന്നെ വാക്കുകളിൽ പറഞ്ഞാൽ തത്ത്വചിന്ത എന്നാൽ പ്ലേറ്റോ ,പ്ലേറ്റോ എന്നാൽ തത്ത്വചിന്ത എന്ന തലത്തിലായി സ്ഥിതി. അതിഭൗതികപഠനത്തിനുള്ള പ്ലേറ്റോയുടെ സംഭാവനയാണ് അയാളെ ഏറെ ശ്രദ്ധേയനാക്കിയത് .പ്ലേറ്റോണിസം ( Platonism ) എന്ന ഈ ചിന്ത ലളിതമായൊന്നു പഠിക്കാൻ ശ്രമിക്കാം .

നിങ്ങളുടെ കയ്യിൽ ഒരു കളിപ്പാട്ടമുണ്ടെന്നു കരുതുക . അതിമനോഹരമായ ഒരു കളിപ്പാട്ടം. അതിന്റെ വക്കുകൾ ചളുങ്ങിയിരിക്കുന്നു .അതിനെ അതിന്റെ സമ്പൂർണ്ണ മനോഹാരിതയിൽ എത്തിക്കണമെങ്കിൽ ഒരു റഫറൻസ് വേണമല്ലോ .അത് കുറവുകളൊട്ടുമില്ലാത്ത ഒരു കളിപ്പാട്ടമാകണം താനും. ആ കുറവുകളില്ലാത്ത കളിപ്പാട്ടത്തിലേക്കെത്താൻ നാം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യണം ,അല്ലെ ?

ഇതേ യുക്തിയാണ് പ്ലേറ്റോയുടെ പ്രപഞ്ചവീക്ഷണത്തിലും ഉള്ളത് .നാം ഈ കാണുന്ന പ്രപഞ്ചം കേടുപാടുകൾ ഏറെ ഉള്ള ഒന്നാണ് . തെറ്റുകളോ കുറ്റങ്ങളോ ഒട്ടുമില്ലാത്ത ഒരു ലോകത്തിന്റെ ഒരു മോശം പതിപ്പാണ് നാം ജീവിക്കുന്ന ഈ ലോകമെന്നു പ്ലേറ്റോ വിശ്വസിക്കുന്നു .ആ ലോകത്തെ നമുക്ക് മനോചിത്രങ്ങൾ കൊണ്ട് മാത്രമേ ( mental images) കണക്കാക്കാൻ ആകൂ .അതുകൊണ്ടു തന്നെ പ്ലേറ്റോ വിശ്വസിക്കുന്നു , നമുക്ക് നേരിട്ട് തൊട്ടോ മണപ്പിച്ചോ രുചിച്ചോ ഒക്കെ അറിയാൻ കഴിയാത്ത എല്ലാ ഉത്തമ മൂല്യങ്ങളും( സത്യം , നീതി ,സൗന്ദര്യം ) ഈ അന്യ ലോകത്തിലാണുള്ളതെന്നു .അതിലേക്കെത്താൻ നാം യുക്തിയെ കൂട്ടുപിടിക്കണമെന്നു ,ചുരുക്കത്തിൽ ഈ ലോകം ഒരനുകരണമാണ് .

നാം ജീവിക്കുന്ന അനുകരണജന്യമായ ലോകത്തിന്റെ അനുകരണമാണ് കല എന്ന് പ്ലേറ്റോ വിശ്വസിക്കുന്നു (Mimesis) . അതീന്ദ്രീയമായ ഒരുന്മാദത്തിലാണ്(Divine madness) കവി കലാസൃഷ്ടി നടത്തുന്നതെന്ന് പ്ലേറ്റോ അഭിപ്രായപ്പെടുന്നു.അതുകൊണ്ടു തന്നെ സത്യത്തിൽ നിന്ന് ഏറെ ദൂരത്തിലായിരിക്കും കല നിൽക്കുക . അതിനു രണ്ടാമതായി ഒരു കാരണം കൂടെയുണ്ട് .അന്നത്തെ ഗ്രീസിൽ കവിത ഒറ്റക്കിരുന്നു വായിക്കുന്ന പുസ്തകങ്ങളിലായിരുന്നില്ല സാധാരണക്കാരന് ലഭിച്ചിരുന്നത് . മറിച്ചു പൊതുവേദികളിലെ അവതരണങ്ങളായിട്ടായിരുന്നു..അതുകൊണ്ടു തന്നെ കലാസ്വാദകൻ ചിന്തിക്കാതെ ഈ കെട്ടുകാഴ്ചയിൽ മയങ്ങി പോകാൻ സാധ്യത ഏറെ ഉണ്ടായിരുന്നു .ഇതും ഒരു കാരണം ആയേക്കാം.

പ്ലേറ്റോ ഇത് നമുക്ക് പറഞ്ഞുതരുന്നത് 3 കട്ടിലുകളുടെ ഉപമ ഉപയോഗിച്ചാണ് (Republic BookX). ഒന്നാമത്തെ കട്ടിൽ ദൈവം പണിഞ്ഞതാണ് (യഥാർത്ഥ ലോകം ) ,രണ്ടാമത്തേത് തച്ചൻ പണിഞ്ഞതും ( നാം ജീവിക്കുന്ന ലോകം ) മൂന്നാമത്തേതാകട്ടെ തച്ചന്റെ കട്ടിലിനെ ആധാരമാക്കി കലാകാരൻ പണിയുന്നതും .അപ്പോൾ കലാകാരൻ പണിഞ്ഞ കട്ടിലിനു ദൈവം പണിഞ്ഞ കട്ടിലുമായി എന്ത് ബന്ധമാണുണ്ടാകുക .ഇതാണ് പ്ലേറ്റോ തന്റെ ആദർശലോകത്തു കലാകാരന്മാർക്ക് ഇടം നൽകാത്തതും കലയെ നിരസിക്കുന്നതും .

എന്നാൽ പ്ലേറ്റോയുടെ ശിഷ്യന് വേറെ ചിലതാണ് നിങ്ങളോടു പറയാൻ ഉള്ളത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മഹച്ചരിതമാല സീരീസ് പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.