DCBOOKS
Malayalam News Literature Website

‘മരണാനന്തര’ നോവല്‍ ; മാങ്ങാട് രത്‌നാകരന്‍ എഴുതുന്നു

മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

യാഥാര്‍ത്ഥ്യത്തില്‍ വേരുറപ്പിച്ച ഭാവനയാണ് തന്റേതെന്നു മാര്‍കേസ് പല അഭിമുഖങ്ങളിലും ആണയിട്ടിട്ടുണ്ട്. ഭാവനാകല്പിതമായ ഈ കഥയിലും ചരിത്രജീവിതം വരുന്നുണ്ട്. ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ ഒഴികെയുള്ള സംഗീതജ്ഞരെല്ലാം ചരിത്രപുരുഷന്മാരാണ്. അതു നമ്മെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലേക്കുകൂടി ആനയിക്കുന്നു.

നാല്പത്തിരണ്ടു വര്‍ഷം മുമ്പ്, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനു നൊബേല്‍ സമ്മാനം കിട്ടിയ അതേവര്‍ഷം, വണ്‍ ഹണ്ട്രഡ് ഇയേര്‍സ് ഓഫ് സോളിറ്റിയൂഡ് (ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍) ഒരു നിഘണ്ടുവിന്റെ സഹായത്തോടെ താണ്ടുമ്പോള്‍, എന്നെങ്കിലും ഒരുനാള്‍ ആ വിഖ്യാത എഴുത്തുകാരന്റെ വിവര്‍ത്തകനാവുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. മാര്‍കേസിന്റെ മൂത്തമകന്‍ റോദ്രീഗോ ഗാര്‍സിയ എഴുതിയ സ്മരണാപുസ്തകം, ഗാബായ്ക്കും മെര്‍സെഡെസിനും ഒരു യാത്രാമൊഴി, ഒന്നരവര്‍ഷം മുമ്പു വിവര്‍ത്തനം ചെയ്തപ്പോഴും മാര്‍കേസിന്റെ നോവല്‍ വിവര്‍ത്തനം ചെയ്യാനാവുമെന്നു വിചാരിച്ചതല്ല, മരിച്ചുപോയവര്‍ ഏതായാലും ഭൂമിയിലെ ഭാഷയില്‍ നോവലെഴുതില്ലല്ലോ! ‘കുലപതിയുടെ ശരത്കാലം’ ഒഴികെയുള്ള അദ്ദേഹത്തിന്റെ എല്ലാ നോവലുകളും മലയാളത്തില്‍ Pachakuthiraവന്നുകഴിഞ്ഞു, കുലപതിയാണെങ്കില്‍ കൂട്ടിയാല്‍ കൂടില്ല; പറച്ചെണ്ട മൊഴിമാറ്റാനുള്ള കഴിവുവേണം! മാര്‍കേസിന്റെ പ്രസംഗങ്ങളും അഭിമുഖങ്ങളും മാര്‍കേസിനെക്കുറിച്ചുള്ള ചില രചനകളും വിവര്‍ത്തനം ചെയ്തിരുന്നുവെങ്കിലും, അവ സമാഹരിച്ച് എന്റെ മാര്‍കേസ് ജീവിതം എന്നൊരു ഒരു പുസ്തകം (ക്വീവൈവ് ടെക്സ്റ്റ്, മാവേലിക്കര, 2023) പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും, എനിക്കു വിവര്‍ത്തനം ചെയ്യാനായി ഇങ്ങനെയൊരു നോവല്‍ ”സംഭവിക്കുമെന്ന്” ഊഹിക്കുക വയ്യല്ലോ. മാര്‍കേസിന്റെ രചനാപ്രപഞ്ചത്തിലേതുപോലെ, ഇതൊരു മഞ്ഞുകട്ടയില്‍ തൊട്ടതുപോലുള്ള അനുഭവമായിരുന്നു, ”അതു തിളക്കുന്നു!”

മാര്‍കേസിന്റെ ‘ഐതിഹാസിക’ വിവര്‍ത്തകന്‍ ”ഇംഗ്ലിഷില്‍ സ്പാനിഷ് സാഹിത്യം എഴുതിയ” ഗ്രഗറി റബാസയാണെങ്കിലും, ‘കോളറക്കാലത്തെ പ്രണയം’ ഉള്‍പ്പെടെ ഏഴു രചനകള്‍ വിവര്‍ത്തനം ചെയ്ത ഈഡിത്ത് ഗ്രോസ്സ്മാന്‍ (”നിങ്ങളാണെന്റെ ഇംഗ്ലിഷ് ശബ്ദം”-മാര്‍കേസ്) ആണ് റബാസയെക്കാള്‍ പേരും പെരുമയും നേടിയത്. മാര്‍കേസിനെ വിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ചു പറയുമ്പോള്‍ ഈഡിത്ത് ഗ്രോസ്സ്മാന്‍ വാക്കുകളിലൂടെയുള്ള വിനിമയത്തെക്കുറിച്ചല്ല പറയുന്നതെന്നതു കൗതുകകരമാണ്. വിഖ്യാതനായ വിവര്‍ത്തകന്‍ റാല്‍ഫ് മാന്‍ഹൈമിനെ കൂട്ടുപിടിച്ച്, വിവര്‍ത്തകര്‍ നടന്മാരാണെന്നാണ് അവര്‍ പറയുന്നത്, എഴുത്തുകാരന് ഇംഗ്ലിഷ് സംസാരിക്കാനറിയുമെങ്കില്‍ ആ ഭാഷയില്‍ വരികള്‍ സംസാരിക്കുന്ന ഒരു നടന്‍. ഇംഗ്ലിഷില്‍നിന്നു മലയാളത്തിലേക്കു നേരിട്ടുവരുന്ന രചനകളുടെ കാര്യത്തില്‍ ഇതുശരിയാകാമെങ്കിലും സ്പാനിഷില്‍നിന്ന് ഇംഗ്ലിഷ് ചുറ്റിവരുന്ന വിവര്‍ത്തനമാകുമ്പോള്‍ കാര്യങ്ങള്‍ കുറെക്കൂടി സങ്കീര്‍ണ്ണമാകുന്നു. സ്പാനിഷില്‍നിന്നു നേരിട്ടു വരാത്തിടത്തോളം കാലം ഇത്തരം വിവര്‍ത്തനങ്ങള്‍ക്ക് അതിന്റേതായ സ്വാഭാവിക പരിമിതിയുമുണ്ടാകും.

നമ്മുടെ മാന്ത്രികന്റെ അവസാന നോവല്‍, 2004-ല്‍ പുറത്തുവന്ന ‘എന്റെ വിഷാദവേശ്യകളുടെ സ്മരണകള്‍’ ആണെങ്കിലും, 1999-ല്‍ തന്നെമാര്‍കേസ് പുതുതായി ഒരു നോവലെഴുതുന്നു എന്ന ‘സ്ഫോടകാത്മകമായ’ വാര്‍ത്ത മിടുക്കിയായ ഒരു പത്രപ്രവര്‍ത്തക ലോകത്തെ അറിയിച്ചിരുന്നു. അഞ്ചു സ്വതന്ത്രകഥകളായി ആദ്യം വിഭാവനം ചെയ്യപ്പെട്ട പുസ്തകത്തിന്റെ ആദ്യത്തെ കഥ, അഥവാ ആദ്യഭാഗം ‘ആഗസ്തിലെ സമാഗമം’ എന്ന പേരില്‍ ഈഡിത്ത് ഗ്രോസ്സ്മാന്‍ വിവര്‍ത്തനം ചെയ്ത്, ദ് ന്യൂയോര്‍ക്കറില്‍ (1999 ഡിസംബര്‍ 6) പ്രസിദ്ധീകരിച്ചു.

‘സ്വപ്നനോവലി’ന്റെ മറ്റു ഭാഗങ്ങളുടെ കരട്, മാര്‍കേസ,് മൂത്തമകന്‍ റോദ്രീഗോയുടെകൂടെ ലോസ് ഏഞ്ചലസ്സില്‍ താമസിക്കുമ്പോള്‍തന്നെ തയ്യാറാക്കിയിരുന്നുവെങ്കിലും മെക്‌സിക്കോയില്‍ തിരിച്ചെത്തിയതിനുശേഷം സ്മൃതിനാശവുമായുള്ള പോരാട്ടത്തിലായിരുന്നതിനാല്‍ വേണ്ടും വണ്ണം അതില്‍ അടയിരിക്കാന്‍ മാര്‍കേസിനു കഴിഞ്ഞില്ല. ഏതായാലും ഒരു പതിറ്റാണ്ടിനുശേഷം പുതിയ നോവലുമായി അദ്ദേഹത്തെ നാം വീണ്ടും കണ്ടുമുട്ടുകയാണ്. സ്പാനിഷില്‍ ഏനാഗൊസ്തോ നോസ് വേ
മോസ്, ഇംഗ്ലിഷില്‍: അണ്‍ടില്‍ ഓഗസ്റ്റ്, സ്പാനിഷില്‍നിന്ന് വടിവൊത്ത മലയാളത്തില്‍: ആഗസ്തില്‍ നാം കണ്ടുമുട്ടും, പച്ചമലയാളത്തില്‍: ആഗസ്തില്‍ കാണാം.

പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്‌

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

Comments are closed.