DCBOOKS
Malayalam News Literature Website

ഉണ്ണിക്കുട്ടന്റെ അതിശയിപ്പിക്കുന്ന ലോകം

നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം എന്ന പ്രശസ്ത നോവലിനെക്കുറിച്ച് മലപ്പുറം പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെ.സി. മേഘ എഴുതിയത്.

നന്തനാര്‍ എന്ന തൂലികാനാമത്തില്‍ കൃതികള്‍ രചിച്ച് മലയാളസാഹിത്യത്തില്‍ കഴിവുതെളിയിച്ച പ്രതിഭയാണ് പി.സി. ഗോപാലന്‍. അദ്ദേഹത്തിന്റെ തൂലികയുടെ നൈര്‍മ്മല്യം നാം തൊട്ടറിഞ്ഞ രചനയാണ് ഉണ്ണിക്കുട്ടന്റെ ലോകം. ഗ്രാമീണവീചിയിലെ പടിപ്പുരയില്‍ നിന്നുകൊണ്ട് ഉണ്ണിക്കുട്ടന്‍ അവന്റെ വിസ്മയങ്ങളുടേയും, വികൃതിയുടെയും ആഹ്ലാദത്തിമിര്‍പ്പിന്റേയും കുഞ്ഞുകുഞ്ഞു നൊമ്പരങ്ങളുടെയും നിഷ്‌കളങ്കലോകത്തേക്ക് നമ്മെ മാടിവിളിക്കുമ്പോള്‍, അവിടേക്ക് പുഞ്ചിരിയോടെ കയറിച്ചെല്ലാത്തവരായി ആരുണ്ട്! ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗ്രാമീണപശ്ചാത്തലത്തില്‍, ഒരു ചെറിയ കുടുംബത്തിലെ ഉണ്ണിക്കുട്ടന്‍ എന്ന കുരുന്നിന്റെ കാഴ്ചപ്പാടില്‍ ഈ ലോകം എങ്ങനെയെന്ന് വരച്ചുകാട്ടുകയാണ് നന്തനാര്‍.

ഉണ്ണിക്കുട്ടന്‍ ആരാണ്? ഈ ലോകത്തെ തന്നെ മനസ്സിലിട്ട് വിശകലനം ചെയ്യാന്‍ തക്ക ചുണക്കുട്ടിയാണോ അവന്‍? ഉണ്ണിക്കുട്ടന്‍ ഒരു സാധാരണകുട്ടിയാണ്. നാട്ടിന്‍പുറത്തെ നിഷ്‌കളങ്കബാലന്‍. തനിക്ക് ചുറ്റുമുള്ളതിനെയെല്ലാം ആകാംക്ഷയോടെ അവന്‍ നോക്കിക്കാണുന്നു. ഓടം കൊത്തിക്കൊണ്ട് മാവിന്‍കൊമ്പിലേക്ക് പറക്കുന്ന കാക്കയേയും, ഇടയ്ക്കിടയ്ക്കു തൊടിയില്‍നിന്ന്, തിണ്ടത്തേക്ക് ഓടിപ്പാഞ്ഞെത്തുന്ന ഓന്തിനേയും, രണ്ടുമൂന്നു പ്രാവശ്യം മാത്രം കണ്ട കീരിയേയും അങ്ങനെയങ്ങനെ ഈ പ്രകൃതിയിലെ പല ആവേശം ജനിപ്പിക്കുന്ന ജന്തുക്കളേയും അവന്‍ തന്റെ വിസ്മയം തുളുമ്പുന്ന മിഴികളിലൂടെ നോക്കുകയാണ്. ജീവികളെ മാത്രമല്ല, തനിക്ക് ചുറ്റുമുള്ള മനുഷ്യരേയും അവന്‍ ഇപ്രകാരം ആകാംക്ഷയുടെ കണ്ണാടിയിലൂടെ തന്നെയാണ് ദര്‍ശിക്കുന്നത്. ആട്ടിന്‍തല വേവിച്ചു തിന്നുന്ന മുണ്ടിയും, പാടാന്‍ എത്തുന്ന പുള്ളുവനും പുള്ളുവത്തിയും, നാവില്‍ സൂചി തുളച്ചുകയറ്റിയ പാല്‍ക്കാവടിക്കാരനും, വീട്ടില്‍ പണിക്കെത്തുന്ന ആശാരിമാരും അവന് പുതിയ കാഴ്ചകള്‍ പോലെയാണ്. വീടിനപ്പുറം സ്‌കൂളും കൂടി ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ പുതിയ കാഴ്ചകള്‍ കണ്ട ആ മനസ്സ് ആവേശത്തോടെ നൃത്തമാടി. നമ്മുടെ വീട്ടിലെ ഒരു കുട്ടിയെപോലെ ഒപ്പം ചേര്‍ത്തുവെയ്ക്കാന്‍ തോന്നുന്ന പ്രധാന കഥാപാത്രമായി ഈ നോവലില്‍ ഉടനീളം ഉണ്ണിക്കുട്ടന്‍ മാറുന്നു. ഈ കൊച്ചു കഥാപാത്രത്തില്‍ എന്നെ ആകര്‍ഷിച്ചത്. തുടര്‍ച്ചയായി വെളിവാകുന്ന ആ നിഷ്‌കളങ്കഭാവമാണ്. ഒരിക്കല്‍ കൂടി ഒരു കുഞ്ഞായി ആറേഴു വയസ്സിന്റെ ബാല്യത്തിലേക്ക് ഒരിക്കലും പ്രതീക്ഷിക്കാതെ മടങ്ങിയതും ഉണ്ണിക്കുട്ടന്‍ എന്ന കുരുന്നു കഥാപാത്രത്തിന്റെ സ്വാധീനം കൊണ്ടുതന്നെയാണ്. കാലത്തിനനുസരിച്ച് ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുമെങ്കിലും എന്നും ഒരു കുട്ടിയുടെ നിഷ്‌കളങ്കത നിറഞ്ഞ പുഞ്ചിരി നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാകണം എന്ന് ഉണ്ണിക്കുട്ടനിലൂടെ തോന്നിപ്പോകുന്നു.

ഏതൊരു കുട്ടിയെങ്കിലും അവനെ അല്ലെങ്കില്‍ അവളെ നെയ്‌തെടുക്കുന്നത് അവരുടെ വീടാണ്. ഉണ്ണിക്കുട്ടന്റെ ലോകവും ആരംഭിക്കുന്നത്. അവന്റെ വീട്ടില്‍ നിന്നുതന്നെ. അച്ഛനും അമ്മയും സഹോദരങ്ങളായ കുട്ട്യേട്ടനും, അമ്മിണിയും, മുത്തച്ഛനും, മുത്തശ്ശിയും കാര്യസ്ഥന്‍ കുട്ടന്‍നായരും വേലയ്ക്കു നില്‍ക്കുന്ന കാളിയമ്മയും അവന്റെ ലോകത്തിന്റെ തൂണുകളാണ്. ഉണ്ണിക്കുട്ടന് അവരെയെല്ലാം വളരെ ഇഷ്ടമാണ്. ഏതൊരു വീട്ടിലേയും പോലെ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ണിക്കുട്ടനും അമ്മിണിയ്ക്കും കുട്ട്യേട്ടനുമിടയിലും ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെ അവര്‍ക്കിടയില്‍ സ്‌നേഹപ്രകടനങ്ങളും നമുക്ക് കാണാം. പാട്ടുപാടികൊടുക്കാനും, വിശേഷങ്ങള്‍ പറയാനും ഉണ്ണിക്കുട്ടനോടൊപ്പം മുത്തശ്ശിയും മുത്തച്ഛനും ഉണ്ട്. പഴമയുടെ പാലമൃത് നുകരാന്‍ മടിക്കുന്ന പുതുതലമുറയിലെ കുട്ടികള്‍, അറിവും ലാളനയും നിറഞ്ഞു തുളുമ്പുന്ന മുത്തശ്ശിമാരോടും മുത്തച്ഛന്മാരോടും ഒപ്പം എത്ര സമയം ഇരിക്കും? കാര്യസ്ഥന്‍ കുട്ടന്‍നായരോടൊത്ത് തൊടിയിലും മുറ്റത്തും, അയാള്‍ ചെയ്യുന്നത് കണ്ട് പിന്നാലെ നടക്കുന്ന ഉണ്ണിക്കുട്ടനും ഇന്നത്തെ സമൂഹത്തിലെ കുട്ടികളും തമ്മില്‍ എത്ര ദൂരമുണ്ട്? സ്‌കൂളിലാണെങ്കിലും അച്ഛന്റെയും അമ്മയുടേയും വീട്ടുകാരുടെയും വാക്കുകള്‍ അതേപടി അനുസരിച്ച് മിടുക്കന്‍ കുട്ടിയായാണ് ഉണ്ണിക്കുട്ടന്‍ നില്‍ക്കുന്നത്. രാധടീച്ചറെ ഒത്തിരി ഇഷ്ടപ്പെടുന്ന ഉണ്ണിക്കുട്ടന്, ടീച്ചറുടെ വാക്കുകള്‍ ദൈവവചനങ്ങളാണ്. ഇങ്ങനെ എല്ലാവരേയും സ്‌നേഹിക്കുന്ന, എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന ഉണ്ണിക്കുട്ടനും, അവന്റെ ലോകവും മനസ്സില്‍ കുളിര്‍മഴയായി ഓരോ ഏടിലൂടെയും പെയ്തിറങ്ങുന്നു.

ഉണ്ണിക്കുട്ടന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ഈ നോവലിന് പുതിയ ഏടുകള്‍ സമ്മാനിക്കുന്നു. നിഷ്‌കളങ്കവും രസകരവുമായ ഉണ്ണിക്കുട്ടന്റെ പല ചെയ്തികളും ഈ നോവല്‍ വീണ്ടും വീണ്ടും മറിച്ചു നോക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇതില്‍ തേക്കിന്റെ ഇളംകൂമ്പുകള്‍ നുള്ളിയെടുത്ത്, കയ്യിലിട്ട് ഞെരടി ചുവപ്പിച്ച് വെള്ളം ചേര്‍ത്ത് മരക്കയിലിലാക്കി, ചോരയാണെന്നു പറഞ്ഞ് ഉണ്ണിക്കുട്ടന്‍ തലയിലൊഴിക്കുന്ന ഒരു ഭാഗമുണ്ട്. വാളിനു പകരം മരക്കയില്‍ എടുത്ത് കുലുക്കി സ്വയം ഒരു വെളിച്ചപ്പാടാകാന്‍ ശ്രമിച്ചതായിരുന്നു അവന്‍. വീട്ടുകാരെ ആദ്യം ഭയപ്പെടുത്തുകയും പിന്നീട് ചിരിപ്പിക്കുകയും ചെയ്ത അവന്റെ ഈ കുസൃതി എനിക്ക് ഏറെ പ്രിയവും, രസകരവുമായി തോന്നി. അടിയാളെ പോലെ നൃത്തം വെയ്ക്കുന്ന ഉണ്ണിക്കുട്ടനും നോവല്‍ഭാഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട് വാളിനു പകരം റൂള്‍വടി ഉയര്‍ത്തി പിടിച്ച്, അവന്‍ കണ്ട അടിയാളുടെ നൃത്തത്തെ അതിന്റെ ഭംഗി തന്നിലേക്ക് ആവാഹിച്ച് ചുവടുകള്‍ വെച്ച് വീട്ടുക്കാരെ പൊട്ടിചിരിപ്പിക്കുന്നു. അനുകരണങ്ങളാലും കുസൃതികളാലും ഉണ്ണിക്കുട്ടന്റെ ലോകം വികസിക്കുന്നു. ഇത്തരത്തില്‍ ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തിനു പുറമെ, എന്നെ ഈ നോവലിലേക്ക് വിളിച്ചു കൊണ്ടുപോകുന്ന മറ്റു ചില ഘടകങ്ങള്‍ കൂടി ഉണ്ട്. അത് ഇതിന്റെ അവതരണവും ഭാഷാശൈലിയും തന്നെയാണ്. ഒരു ചെറിയ കുട്ടിയിലൂടെ പഴമയുടെ ആ നല്ല കാലഘട്ടം നമുക്ക് മുന്നില്‍ ആവിഷ്‌കരിക്കാന്‍ നന്തനാര്‍ക്ക് കഴിഞ്ഞു. നാട്ടിന്‍പുറത്തെ വെച്ചുകെട്ടില്ലാത്ത നൈര്‍മല്യം ചേര്‍ത്ത ഭാഷ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഗൃഹാതുരത്വത്തിന്റെ അനുഭൂതി എന്നില്‍ ഉണ്ടാക്കുന്നു. ഞാന്‍ കേട്ട് വളരുന്ന ഭാഷ ഈ നോവലിലെ ഓരോ കഥാപാത്രവും സ്വീകരിക്കുമ്പോള്‍ വായന സരളമാവുക മാത്രമല്ല ചെയ്യുന്നത്. ഹൃദയത്തില്‍ എന്നെന്നും ആനന്ദം വിതറാന്‍ കഴിവുള്ള ഒരു സമ്മാനമായി മാറുക കൂടിയാണ് ഈ നോവല്‍.

Comments are closed.