DCBOOKS
Malayalam News Literature Website

എന്താണാ രഹസ്യം? ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതുന്നു

ഉണ്ണികൃഷ്ണൻ കിടങ്ങൂർ

രസവിദ്യയുടെ ചരിത്രവും ആദവും അപ്പനും മലയാള കഥയിൽ മാറ്റങ്ങൾ കൊണ്ടുവന്നതു നമ്മൾ കണ്ടു. എല്ലാരും പറയുന്നതല്ല തനിക്കു പറയാനുള്ളത് എന്ന് പറയാതെ പറയുന്ന കഥകൾ. എന്നിട്ടും ഈ കഥകളൊന്നും തന്റെ സ്വന്തമല്ലെന്നാണ് ഇഷ്ടന്റെ പറച്ചിൽ -എസ്.ഹരീഷിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. കഥകളുടെ കെണിയിൽ പെട്ടു പോയവന്റെ മട്ട്. രസവിദ്യ കഴിഞ്ഞ് ചെറിയൊരു ബ്രേക്ക്. യേശൂനുമുണ്ടല്ലൊ ഒരജ്ഞാതവാസക്കാലം. ചില നടന്മാർ അമേരിക്കേപ്പോയി പഠിച്ചിട്ടു വന്നതാണെന്നു പറയാറില്ലേ; രണ്ടാം വരവിലുള്ള അടിമുടി മാറ്റം കാണുമ്പോൾ. ഇവിടെയിപ്പം സംഭവിച്ചതെന്താണെന്ന് ആർക്കറിയാം. മുമ്പു താൻ പറഞ്ഞ കഥകളോ പറച്ചിലിന്റെ രീതിയോ ആരും ഓർക്കേണ്ടതില്ലെന്ന് ആശാൻ കണക്കു കൂട്ടിയിരുന്നുവെന്നാണ് തോന്നുന്നത്.
ഒന്നെനിക്കറിയാം.

പണ്ടേ ഇവൻ കഥ പറയാൻ മിടുക്കനാണ്. കൊച്ചു നിക്കറിട്ടു നടക്കുന്ന പ്രായത്തിൽ തന്നെ. ചില അവധിക്കാലങ്ങളിൽ അവന്റെ വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്. പിളേളച്ചാ ! ഞങ്ങളെ തിന്നോ എന്നും പറഞ്ഞ് നല്ല പിടയ്ക്കുന്ന മീനുകൾ പതിവായി പടി കയറി വരുന്ന വീടാണ്. അതായിരുന്നു അക്കാലത്തെ ആ പോക്കുവരവിന്റെ പ്രലോഭനം.സത്യം പറയാമല്ലൊ. എവന്റെ ചോര പരിശോധിച്ചാ നല്ല ഒന്നാന്തരം മീനെണ്ണ കിട്ടാൻ സാധ്യതയുണ്ട്. പന്നി നെയ്യിൽ നിന്ന് സംസ്കരിച്ച് വേർതിരിക്കാൻ അത്ര പാടൊന്നുമില്ലെങ്കിൽ. എന്നെക്കാൾ ഇച്ചിര ഇളപ്പമുണ്ടെങ്കിലും ചേട്ടനാണെന്നാണ് ഇഷ്ടന്റെ ഭാവം. അവിടെ കാണുന്നതും കേൾക്കുന്നതുമായ പലരെയും പറ്റി ഒള്ളതും ഇല്ലാത്തതുമായ എത്രയെത്ര കഥകളാണ് അവൻ പറഞ്ഞിട്ടുള്ളത്. രസവിദ്യ വായിച്ച് എന്റെ നാട്ടീന്ന് ഒരു പാവം തട്ടാൻ കൊച്ചു വെളുപ്പാൻ കാലത്ത് ഇവന്റെ വീട്ടിച്ചെന്ന് മുട്ടിവിളിച്ചതറിയാം. ഇരുമ്പിനെ സ്വർണ്ണമാക്കുന്ന ആ വിദ്യ സാറിനെപ്പോലുള്ളവർ ഇനിയുമിങ്ങനെ രഹസ്യമാക്കി വയ്ക്കരുതെന്നായിരുന്നു പാവത്തിന്റെ അപേക്ഷ. ബന്ധുവാണെന്നറിഞ്ഞിരുന്നെങ്കിൽ അയാൾ എന്നെക്കൊണ്ടു റിക്കമന്റു ചെയ്യാൻ ശ്രമിച്ചേനെ. ഭാഗ്യം ! രക്ഷപ്പെട്ടു. പക്ഷേ എനിക്കൊരു ചോദ്യം ചോദിക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇരുമ്പിനെ സ്വർണ്ണമെന്ന പോലെ കഥകളെയിങ്ങനെ പത്തര മാറ്റിൽ തേച്ചുമിനുക്കിയെടുക്കുന്ന സൂത്രവിദ്യ.

അവൻ എന്നേപ്പറ്റിയും കഥയൊണ്ടാക്കിക്കളയുമോയെന്നു ചിലപ്പോഴൊക്കെ പേടിച്ചു. കഥ എഴുതുമെന്ന് പ്രതീക്ഷിച്ചില്ല. മിഷ എന്ന കടുവക്കുട്ടി എഴുതി വായിക്കാൻ തന്നപ്പം മുതൽ കൂടുതൽ രഹസ്യങ്ങളൊന്നും അവനോടു പറയാതെയായി. ഒരു ഫീച്ചർ സിൻഡിക്കേറ്റിൽ ചിത്രകഥ എഴുതുന്നയാളായിരുന്നു അതിലെ പ്രധാന കഥാപാത്രം.എപ്പഴാ എഴുതിത്തൊടങ്ങിയതെന്നു പിടിയില്ല. എങ്കിലും ഇവനെ സൂക്ഷിക്കണം എന്നു മനസ്സു പറഞ്ഞു.
കണക്കുകൂട്ടൽ തെറ്റിയില്ല.

പാടത്തെ ചാലിലേക്കു മുങ്ങാംകുഴിയിട്ടു വരുന്ന ചില കൂളിപ്പിള്ളേരെപ്പോലെയായിരുന്നു അവന്റെ വരവ്. തമ്മിത്തല്ലുകയും താമരമൊട്ടു തിന്നുകയും ചെയ്യുന്ന ,വരാലിനെയും മുഷിയെയും കല്ലേമുട്ടിയേയും പിടിച്ചു വറത്തു തിന്നുന്ന, ചെളി വരമ്പിൽ തല കുത്തിമറിയുന്ന ചില വികൃതികൾ. അവർക്കേ ഗ്രാമത്തെ അറിയാനാവൂ. അതുകൊണ്ടു തന്നെ പച്ചയായ മനുഷ്യർ അവന്റെ കഥകളിലേക്കു കടന്നുവന്നു. അവന്റെ വില്ലന്മാർ പോലും ബോറന്മാരല്ല. എന്നു മാത്രമല്ല, അവരിൽ ചിലർ രസികന്മാരുമാണ്.

ആ കഥകൾ കൊണ്ട് അവൻ കുറേ മലയാളികളെ കൈയിലെടുത്തു. ദേ, ഇപ്പം ഇംഗ്ലീഷിലേക്കും. ഇവനിത് എന്തു ഭാവിച്ചാ!

എസ് ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.