DCBOOKS
Malayalam News Literature Website

ഉണരുന്നവര്‍; ഉയര്‍ത്തെഴുന്നേല്‍ക്കുന്നവരുടെ ‘വിപ്ലവകഥകള്‍’ 

എവിടെയെല്ലാം സമരമുണ്ടോ അവിടെയെല്ലാം അവിടെയെല്ലാം ത്യാഗമുണ്ട്. മരണമാകട്ടെ, സാധാരണസംഭവമാണ്. പക്ഷെ, ജനങ്ങളുടെ താത്പര്യവും ബഹുഭൂരിപക്ഷത്തിന്റെ കഷ്ടപ്പാടുകളും നമ്മുടെ ഹൃദയത്തിലുണ്ട്. അതിനാല്‍ നാം ജനങ്ങള്‍ക്കു വേണ്ടി മരിക്കുമ്പോള്‍ അതൊരു ശ്രേഷ്ഠമരണമാണ്.മാവോ സേ തുങ്

നൂറ്റാണ്ടുകളായുള്ള മര്‍ദ്ദനത്തിനും ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ഉണര്‍ന്നെണീറ്റ ജനതയുടെ കഥകളാണ് ഉണരുന്നവര്‍ എന്ന ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. പിന്തിരിപ്പന്‍ ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരെ ദീര്‍ഘമായ പോരാട്ടം നടത്തി വിപ്ലവേതിഹാസം സൃഷ്ടിക്കുകയും സാമ്രാജ്ര്യത്വത്തിന്റെയും അവരുടെ പിണിയാളുകളായ പിന്തിരിപ്പന്മാരെ മുട്ടുകുത്തിക്കുകയും ചെയ്ത ധീരോദാത്തരുടെ വീരകഥകള്‍. രണ്ടു ഭാഗങ്ങളായി രൂപകല്പന ചെയ്യപ്പെട്ട ഈ പുസ്തകത്തില്‍ ഒന്നാം ഭാഗത്ത് വിവര്‍ത്തനകഥകളും രണ്ടാം ഭാഗത്ത് യു.പി.ജയരാജിന്റെ പ്രശസ്തമായ അഞ്ചു കഥകളും സമാഹരിച്ചിരിക്കുന്നു.

ശവഭോജനം എന്ന കഥയില്‍നിന്ന്

വൈകിയ രാത്രിയില്‍നിന്ന് നേരംചെന്ന പകലിലേക്ക് ഈയിടെയായി ഞാനുണരുന്നത് എന്നും അങ്ങനെയാണ്. ദുഃസ്വപ്‌നങ്ങളുടേതായിരുന്നു രാത്രി; ദുശ്ചിന്തകളുടേതായിരുന്നു പകല്‍.

ഒരു ആരവമാണ് ഉണര്‍ത്തിയത്. മുറിയുടെ ജനാലകള്‍ വളരെക്കാലമായി അടഞ്ഞുകിടക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ നോക്കിക്കണ്ട കുറ്റത്തിന് ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളും ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യപ്പെട്ട കുറ്റത്തിന് പിഴുതെടുക്കപ്പെട്ട നാവുകളും കാണാതിരിക്കാനായി ഏറെക്കാലമായി ഞാനെന്റെ ജനാലകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

നേരുതന്നെ. ഒരു ദുഃസ്വപ്‌നത്തിന്റെ പശ്ചാത്തലശബ്ദമായിരുന്നില്ല ആരവം. പുറത്ത് ഉറുമ്പരിക്കുന്നതുപോലെ നീങ്ങുന്ന ജനക്കൂട്ടം. ഉറുമ്പിന്‍കൂട്ടത്തിന്റെ ഘോഷയാത്രകളില്‍ സഹജമായി കാണപ്പെടാറുള്ളതുപോലെ എതിര്‍ദിശയില്‍ നിന്ന് വരുന്നവരുടെ കാതു കടിച്ചുകൊണ്ട് ഈ ആള്‍ക്കൂട്ടവും എന്തോ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു നിമിഷത്തിലധികം അങ്ങനെ നില്ക്കാന്‍ പാഴാക്കിരുന്നില്ല. എല്ലാവരും അത്യധികം തിടുക്കപ്പെട്ടിരിക്കുന്നതായി കാണപ്പെട്ടു.

എനിക്ക് ധൃതിയും അങ്കലാപ്പുമായി. അതില്‍ ആവേശത്തിന്റെയും ഉത്സാഹത്തിന്റെയും ഓരോ തുള്ളിയും ഉണ്ടായിരുന്നു. നഗരത്തില്‍ ജനവാസമുണ്ടോ എന്നു സംശയം ജനിപ്പിക്കുന്ന രീതിയില്‍ കുറേക്കാലമായി തെരുവുകള്‍ എന്നും വിജനമായിരുന്നു.

മുറിയില്‍നിന്നു പുറത്തുകടക്കുമ്പോള്‍ ഞാന്‍ എന്റെ വേഷത്തെപ്പറ്റി ഓര്‍ക്കുകകൂടി ഉണ്ടായില്ല. മുഖങ്ങള്‍, മുഖംമൂടികള്‍, വേഷങ്ങള്‍, വേഷം കെട്ടുകള്‍ ഇവയെല്ലാം അപ്രസക്തമായിട്ട് ഇപ്പോള്‍ കാലം കുറച്ചായിരിക്കുന്നു. ഞാനോടി തെരുവിലിറങ്ങി മുഖമില്ലാത്ത ആള്‍ക്കൂട്ടത്തില്‍ സ്വയം നഷ്ടപ്പെട്ടു. ഉവ്വ്, നഗരത്തില്‍ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. പൗരപ്രമുഖരുടെ മുഖങ്ങളെല്ലാം ഉത്സാഹഭരിതമായി കാണപ്പെടുന്നു. എല്ലാവരും നിരന്തരം ഒച്ചവയ്ക്കുന്നതുകൊണ്ട് എനിക്ക് പക്ഷേ, കാര്യം വ്യക്തമാവുന്നതേയില്ല. ശവം, മാംസം, യുവാവ് എന്നെല്ലാമുള്ള പദങ്ങള്‍ മാത്രം തുടരെത്തുടരെ കേള്‍ക്കാമായിരുന്നു…

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഉണരുന്നവര്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

Comments are closed.