DCBOOKS
Malayalam News Literature Website

ഗുരുവിനെ എന്തിനു പാടണം

മെയ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച  അഭിമുഖത്തില്‍ നിന്നും

(അഭിമുഖം, ടി.എം.കൃഷ്ണ/ചന്ദ്രന്‍ കോമത്ത്)

എന്തുകൊണ്ട് ശ്രീനാരായണഗുരു എനിക്ക് പ്രധാനമാകുന്നു എന്ന കാര്യം ലളിതമായി
പറയാന്‍ കഴിയും. ആത്മാന്വേഷണത്തെയും സാമൂഹിക അവബോധത്തെയും ബ്രിഡ്ജ് ചെയ്ത വ്യക്തി എന്നതാണ് അതിന്റെ അടിസ്ഥാനം. ഈ രണ്ട് മണ്ഡലങ്ങളെയും പലപ്പോഴും വേറേ വേറെയായാണു പരിഗണിക്കപ്പെടുന്നത്. ഈ രണ്ടു മണ്ഡലങ്ങളും പരസ്പരബന്ധമില്ലാതെ നില്ക്കുന്ന മേഖലകളല്ല. യഥാര്‍ത്ഥത്തില്‍ അങ്ങനെ വേറിട്ടു നില്ക്കുന്ന ഒരു അകവും പുറവും ഇല്ല. ഞാന്‍ വിചാരിക്കുന്നത് ഗുരു അദ്ദേഹത്തിന്റെ സവിശേഷയാത്രയില്‍ ഈ രണ്ട് മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ചുവെന്നാണ്. കാരണം പൊളിറ്റിക്കല്‍ ഇന്‍സൈഡിനെയും പൊളിറ്റിക്കല്‍ ഔട്ട്‌സൈഡിനെയും മനസ്സിലാക്കണം.

ബ്രാഹ്മണികമൂല്യങ്ങളില്‍ അധിഷ്ഠിതമായ കര്‍ണാടകസംഗീതത്തിന്റെ സങ്കീര്‍ണ വ്യവസ്ഥകളില്‍ ഇടപെട്ടുകൊണ്ട് നൂതനവും ധീരവുമായ പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഗീതജ്ഞനാണ്തൊഡുര്‍ മാഡബുസി കൃഷ്ണ എന്ന ടി. എം. കൃഷ്ണ. തന്റെ പരിഷ്കാരങ്ങള്‍ കര്‍ണാടകസംഗീതത്തിന്റെ ‘ശുദ്ധിയും തനിമയും’ നഷ്ടപ്പെടുത്തുമെന്ന യാഥാസ്ഥിതികവാദങ്ങളെ കൃഷ്ണ ഒട്ടുമേ പരിഗണിക്കുന്നില്ല. മാത്രമല്ല, കൃഷ്ണയുടെ ശ്രമങ്ങള്‍ ആ സംഗീതമേഖലയെ കൂടുതല്‍ ബഹുസ്വരമാക്കുന്ന രീതിയിലാണ് മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നതും. കര്‍ണ്ണാടക സംഗീതത്തിന് നാളിതുവരെ പരിചയമില്ലാതിരുന്ന സാമൂഹിക ഇടങ്ങളിലേക്ക് അതിനെ എത്തിക്കാന്‍ കൃഷ്ണയുടെ ഇടപെടലുകള്‍ക്കു സാധിക്കുന്നുണ്ട്. നിരവധി ഒത്തുചേരലുകളിലൂടെ മുഖ്യധാരയ്ക്കു പുറത്തുള്ള സംഗീത പാരമ്പര്യങ്ങളിലും കൂട്ടായ്മകളിലും അത്തരം വേദികളിലും പങ്കാളിയാവാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. സംഗീതത്തെ വിമോചനാത്മകമായ പ്രയോഗമായി കാണുന്ന കൃഷ്ണ pachakuthiraയേശുവിനെയും അള്ളാഹുവിനെയും കുറിച്ച് പാടുന്നുണ്ട്. പെരുമാള്‍ മുരുകനുമൊത്തുള്ള രചനകള്‍, അതിന്റെ അവതരണങ്ങള്‍, വര്‍ത്തമാനകാലത്തെ പുതിയ രീതിയില്‍ സംവദിക്കാന്‍ ശ്രമിക്കുകയാണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സംഗീതജ്ഞന്‍കൂടിയാണ് കൃഷ്ണ. മൃദംഗ നിര്‍മ്മാണത്തില്‍ ദലിത്ക്രിസ്ത്യന്‍ സമുദായത്തിന്റെ അധ്വാനത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തി. രാഷ്ട്രവ്യവസ്ഥയ്ക്ക് അകത്തുള്ള ജനാധിപത്യവിരുദ്ധ നടപടികളെയും ഏകാധിപത്യ പ്രവണതകളെയും അതിക്രമങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന ശീലം അധികാരകേന്ദ്രങ്ങളില്‍ കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീനാരായണഗുരുവിന്റെ കാവ്യങ്ങളെ കര്‍ണാടക സംഗീതത്തിന്റെ ചിട്ടവട്ടങ്ങളിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ വ്യാപൃതനാണ് കൃഷ്ണ. ഗുരുവിന്റെ സ്‌നേഹത്തിലും കരുണയിലും മൈത്രിയിലും അധിഷ്ഠിതമായ ചിന്തകളും ആശയങ്ങളും വക്രീകരിക്കപ്പെടുന്ന, മുറിപ്പാടുകള്‍ ഏറിവരുന്ന വര്‍ത്തമാനകാലമാണിത്. ഇത്തരമൊരു രാഷ്ട്രീയാവസ്ഥയില്‍ ഗുരുവിനെ പാടുമ്പോഴുള്ള അനുഭവങ്ങളും ആഗ്രഹങ്ങളും വെല്ലുവിളികളും സാമൂഹിക ആത്മീയ ലോകങ്ങളുടെ സങ്കീര്‍ണ്ണമായ ചുറ്റുപാടില്‍ ചേര്‍ത്തുവെച്ചുകൊണ്ട് ‘പച്ചക്കുതിര’യ്ക്കുവേണ്ടി സംസാരിക്കുകയാണ് ടി.എം. കൃഷ്ണ.

ചന്ദ്രന്‍ കോമത്ത്: ശ്രീനാരായണ ഗുരുവിനെ പാടുക എന്നത് എന്തുകൊണ്ടാണ് താങ്കളുടെ സംഗീതജീവിതത്തില്‍ പ്രധാനമാകുന്നത്? ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ അതിന് പ്രത്യേക അര്‍ത്ഥം കൈവരുന്നത് എന്തൊക്കെ കാരണങ്ങളാലാണ്?

ടി. എം. കൃഷ്ണ: ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മുമ്പ് എനിക്ക് കൂടുതല്‍ അറിയില്ലായിരുന്നു. വളരെക്കുറച്ച് മാത്രമേ വായിച്ചിരുന്നുള്ളൂ. നവോത്ഥാന നേതാവ്, സാമൂഹിക പരിഷ്‌കര്‍ത്താവ് അങ്ങനെ പരിമിതമായ കാര്യങ്ങള്‍മാത്രമാണ് അറിഞ്ഞിരുന്നത്. ക്രമേണയാണ് ഗുരുവിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ ഞാന്‍ നൂല്‍ ആര്‍ക്കൈവ്‌സ്, റിയാസ് കോമു, ഗോപാല്‍, അനീഷ് ഇവര്‍ക്കൊക്കെ നന്ദി പറയേണ്ടതുണ്ട്. ബാക്ക് വാട്ടേഴ്‌സ് കലക്ടീവിന്റെ ആഭിമുഖ്യത്തില്‍ അവര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഗുരുവിന്റെ ആശയങ്ങളും ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട ഒരു കോണ്‍ഫറന്‍സായിരുന്നു അത്. ഈയൊരു ഘട്ടം മുതലാണ് ഗുരുവിനെ കൂടുതലായി മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മെയ്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ്  ലക്കം ലഭ്യമാണ്‌

Comments are closed.