DCBOOKS
Malayalam News Literature Website

കഴിഞ്ഞിട്ടില്ല തീവ്രരാഷ്ട്രീയ ഭാവനയുടെ കാലം

മാർച്ച് ലക്കം പച്ചക്കുതിരയില്‍

അഭിമുഖം- പി.കെ. നാണു / പ്രകാശ് മാരാഹി

തീവ്രരാഷ്ട്രീയ ഭാവനകളുടെ കാലംകഴിഞ്ഞെന്നു പറയാനാകില്ല. ആശയത്തിനോ അന്നത്തെ യൗവ്വനങ്ങളുടെധിഷണാപരമായ ത്രസിക്കലിനോ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ആ മൂവ്മെന്റുകള്‍ പരാജയങ്ങളേ ആയിരുന്നില്ല. ഞാനതിനെ ഒരിക്കലും തള്ളിപ്പറയില്ല; പലരും ആത്മീയവാദത്തിലേക്കോ കുമ്പസാരക്കൂട്ടിലേക്കോ മടങ്ങിയെങ്കിലും. ഇന്നു ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വേരോടിത്തുടങ്ങിയ വര്‍ഗ്ഗീയ പ്രതിലോമശക്തികള്‍ക്കെതിരെയാവണം തീവ്രരാഷ്ട്രീയ ഭാവനയുണരേണ്ടതെന്നു തോന്നുന്നു.

എം. സുകുമാരനുമായുള്ള ആദ്യത്തെയും അവസാനത്തേതുമായ ഒരു കൂടിക്കാഴ്ചയില്‍,2017-ല്‍, ഞാന്‍ ചോദിച്ച ചോദ്യങ്ങളിലൊന്ന്, ഇക്കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടു കാലത്ത് ഒരു കഥപോലും എഴുതാന്‍ തോന്നാഞ്ഞത് എന്തുകൊണ്ടാണെന്നാണ്. ഒരു ദീര്‍ഘനിശ്വാസത്തിനൊടുവില്‍ എം സുകുമാരന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു-ഒരു കഥയുടെ ആശയം എഴുതി ഫലിപ്പിക്കാനുള്ള കരുത്ത് തന്റെയീ ദുര്‍ബ്ബലശരീരത്തിനില്ലെന്നും അതുകൊണ്ട് എഴുത്തില്‍നിന്നകന്നു നടക്കുകയാണെന്നും. ഇക്കാര്യം ഓര്‍ക്കാനുള്ള പ്രധാനപ്പെട്ട കാരണം, പി കെ നാണുവുമായുള്ള കൂടിക്കാഴ്ചയിലാണ്. പി. കെ. നാണുവും കഥയെഴുത്ത് ഏതാണ്ട് നിര്‍ത്തിയ മട്ടായിരുന്നല്ലോ. കഥയെഴുത്ത് നിലച്ചുപോയി എന്നത് സത്യമാണ് പക്ഷേ, അത് ആത്മനിഷ്ഠമായ ചില കാര്യങ്ങളെത്തുടര്‍ന്നാണ്. അത് പ്രത്യയശാസ്ത്രപരമല്ല, പി.കെ. നാണു പറഞ്ഞു.

ഒരു ആദിവാസി ബാലന്റെ ആത്മകഥയില്‍നിന്ന് (1990), സ്ഥിതിവിശേഷം (1992), കഥയല്ല (2004), നാലു നോവെല്ലകള്‍ (2010), അവസാനത്തെ ശബ്ദം (2011) തുടങ്ങി വളരെക്കുറച്ച് പുസ്തകങ്ങള്‍. എം സുകുമാരന്റേതിന് സമാനമായൊരവസ്ഥ നാണുവും നേരിടുന്നുണ്ടോ എന്നതായിരുന്നു എന്റെ സംശയം. നേരിട്ട് കണ്ടിട്ടില്ലെങ്കിലും എം സുകുമാരനോടുള്ള പി കെ നാണുവിന്റെ ആരാധനയ്ക്ക് ഇപ്പൊഴും ഒരു കുറവും സംഭവിച്ചിട്ടില്ല. നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചെങ്കിലും ആ കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായില്ലെന്നുള്ള നഷ്ടബോധം ഇപ്പോഴുമുണ്ട്.

കേരളംവിട്ടു ജീവിക്കുമ്പോഴും നിരന്തരം കത്തെഴുതുകയും അവധിദിനങ്ങളില്‍ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളത് യു. പി. ജയരാജുമായിട്ടാണ്. ആത്മബന്ധുക്കളായിരുന്നു ഇരുവരും. അന്നവര്‍ കൈമാറിയിരുന്ന കത്തുകള്‍പോലും സര്‍ഗാത്മകരചനകള്‍പോലെയാണ്. അവയില്‍ കഥയും ജീവിതവും ഉണ്ടായിരുന്നത്രേ. അടിയന്തരാവസ്ഥയിലെ നക്സലൈറ്റ് അറസ്റ്റു നടക്കുന്ന കാലത്ത് ആ കത്തുകളെല്ലാം ഒന്നിച്ചുകൂട്ടി പി. കെ. നാണുതന്നെ കത്തിച്ചുകളയുകയായിരുന്നു.

കഥയില്‍ വിപ്ലവവും കലാപവും കൊണ്ടുവന്ന ഒരു തലമുറയുടെ ഇപ്പോള്‍ അവശേഷിക്കുന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് പി. കെ. നാണു. മലയാള ചെറുകഥയുടെ ചരിത്രത്തെ പരസ്പരം മുറിച്ചുകടക്കുന്ന പാതകളുടെ ഒരു ജനപദദൃശ്യമായി സങ്കല്‍പ്പിച്ചാല്‍ അതിലെ പാര്‍ശ്വപാതകളിലാണ് നാം പി. കെ. നാണുവിനെ കാണുകയെന്ന് പി. കെ.രാജശേഖരന്റെ ഒരു നിരീക്ഷണമുണ്ട്. പരിവര്‍ത്തനവിധേയമായ എണ്‍പതുകള്‍ രാഷ്ട്രീയവിശ്വാസത്തിന്റെ ഗണിതസമവാക്യം ഒളിപ്പിച്ചുവെച്ച ലാക്ഷണികകഥയില്‍നിന്ന് ഭ്രാന്തയാഥാര്‍ത്ഥ്യങ്ങളിലേക്കു നീളുന്ന കഥയെ നാം അഭിമുഖീകരിക്കുന്നു എന്നും.

പ്രകാശ് മാരാഹി: കഥയെഴുത്തിന്റെ തുടക്കകാലംമുതല്‍ തീവ്രരാഷ്ട്രീയത്തിന്റെ സ്വാധീനവും തീക്ഷ്ണതയും താങ്കളുടെ രചനകളില്‍ കാണുന്നുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ എഴുതിയ പുതിയ കഥയായ അലകളില്‍പ്പോലും ഇപ്പോള്‍ നമ്മളഭിമുഖീകരിക്കുന്ന അവസ്ഥയെ ചിത്രീകരിക്കുന്നുണ്ട്. കഥയെഴുത്തിന്റെ ആശയപരമായ ഈ നൈരന്തര്യം എങ്ങിനെയാണ് സ്വായത്തമാക്കുന്നത്.?

പി കെ നാണു: എന്റെ രചനകള്‍ക്കുണ്ടെന്ന് താങ്കള്‍പറഞ്ഞ വിശേഷണത്തിന് നന്ദി. അത് വിശദമാക്കുന്നതിനു മുമ്പ് ഞാന്‍ ജനിച്ചുവളര്‍ന്ന സാഹചര്യവും മറ്റും പറയേണ്ടതുണ്ടെന്നു തോന്നുന്നു. നമുക്കതിലേക്കു വരാം.

പൂര്‍ണ്ണരൂപം 2023 മാർച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

 

Comments are closed.