DCBOOKS
Malayalam News Literature Website

‘തോട്ടിയുടെ മകന്‍’; തകഴി ശിവശങ്കരപ്പിള്ളയുടെ ശ്രദ്ധേയ നോവല്‍

“കാളറാ!

ആലപ്പുഴ നഗരത്തിലെ ആയിടയ്ക്കുള്ള മരണത്തിന്റെ സംഖ്യ കണക്കാക്കാന്‍ ഒക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ മരിക്കുന്ന ആളുകള്‍ മനുഷ്യസമുദായത്തിന്റെ ജനസംഖ്യയില്‍ പെട്ടതല്ല. പിച്ചക്കാരനും അഗതിയുമൊക്കെയാണ്. റോഡരികില്‍ നിന്നും മുടുക്കുകളില്‍നിന്നുമെല്ലാം പെറുക്കിയെടുത്തു കൊണ്ടു പോകുന്നതു കാണാം! എങ്ങനെ കണക്കാക്കാനാണ്? സാധ്യമല്ല. തന്നെയുമല്ല, ഈ മരിക്കുന്നതിനു വല്ലതിനും പേരോ മറ്റോ ഉണ്ടോ?

ഇനി ഭേദപ്പെട്ട ആളുകളുടെയിടയ്ക്കു ചിലരെല്ലാം മരിച്ചു എന്നു കേള്‍ക്കാം. അതില്‍ ചിലരുടെയെല്ലാം മരണം മുന്‍സിപ്പാലിറ്റിയില്‍ അറിവുകൊടുത്തു എന്നും വരാം. അങ്ങനെ മരണത്തിന്റെ കരിനിഴലില്‍ അപ്രസന്നമായി ഭയചകിതരായി ആലപ്പുഴ നഗരം ദിവസങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരുന്നു.

എവിടെയാണു രക്ഷ! എന്താണു രക്ഷ? ആരാണ് സംരക്ഷിതര്‍? എപ്പോള്‍ അടിപെടുമെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ, ഞൊടിയിടയ്ക്കുള്ളില്‍ ജീവന്‍ അനിശ്ചിതമാണ്. ഭാവി അങ്ങനെ ഇരുണ്ടു ഭീകരമായിരുന്നു…”

ഇശുക്കുമുത്തു, മകന്‍ ചുടലമുത്തു, ചുടലമുത്തുവിന്റെ മകന്‍ മോഹനന്‍, സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനും കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ചശേഷം ഇശുക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്നിപര്‍വ്വതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം. മോഹനന്‍ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പ്പോഴും അയാളില്‍ കുടികൊണ്ടു. ശ്മശാനപാലകനായി മാറുമ്പോള്‍ അയാള്‍ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടര്‍ന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനേയും വിഴുങ്ങുന്നു, മോഹനന്‍ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കില്‍ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവന്‍ ഇശുക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകള്‍ തോറും കയറിയിറങ്ങിയ മോഹനന്‍ അഗ്നിനാളമായിരുന്നു, ആളിപ്പടരുന്ന അഗ്നിനാളം…

ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ച നോവലാണ് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകന്‍. മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്ന ഈ നോവല്‍ തൊഴിലാളിവര്‍ഗത്തിന്റെ അധ്വാനത്തിന്റെ കഥ പറയുന്നു. സമൂഹം വെറുപ്പോടെയും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്‍ക്കൊരു ജീവിതമുണ്ടെന്നും യഥാതഥമായി നോവല്‍ കാട്ടിത്തരുന്നു. സാമൂഹിക വിപ്ലവത്തിന്റെ തത്വശാസ്ത്രം അപഗ്രഥിക്കാനുള്ള യത്‌നം തോട്ടിയുടെ മകനില്‍ ദര്‍ശിക്കാം.ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ കൃതികള്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.