DCBOOKS
Malayalam News Literature Website

മൂന്നു കുന്നുകളിലായി അതിജീവന സമരത്തിലേർപ്പെട്ടിരിക്കുന്ന കുറെ മനുഷ്യ ജന്മങ്ങൾ

എസ് ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’എന്ന പുസ്തകത്തിന്  സാം പൈനുംമൂട് എഴുതിയ വായനാനുഭവം

ആധുനിക യുഗത്തിൽ സംജാതമായ സാഹിത്യരൂപമാണ് നോവൽ. നോവൽ ആഖ്യാനപരമാണ് . ഈ സാഹിത്യ ശാഖ പുതിയ കാലത്തിന്റെ മഹാകാവ്യമാണെന്നതിന്‌ മലയാള നോവൽ സാഹിത്യത്തിൽ നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. അവയിൽ പലതും സ്വാനുഭവങ്ങളെ തന്മയത്വത്തോടെ സർഗാത്മകമായി അവതരിപ്പിച്ചവയായിരുന്നു. പരിമിതമായ എന്റെ നോവൽ വായന നൽകിയ ബോധ്യമാണ് മേലുദ്ധരിച്ചത്.

തൃശൂർ കേരളവർമ്മ കോളേജിലെ മലയാള വിഭാഗം അദ്ധ്യാപകൻ എസ്. ഗിരീഷ് കുമാർ എഴുതിയ “തോട്ടിച്ചമരി ” എന്ന നോവൽ എന്റെ നോവൽ സങ്കല്പത്തെ വീണ്ടും ബലപ്പെടുത്തിയിരിക്കുന്നു. 2021 നവംബർ 1ന് ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

മുൻമൊഴിയിൽ നോവലിസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതു കാണുക: “കോട്ടയം – പത്തനംതിട്ട ജില്ലകളുടെ അതിർത്തി ഗ്രാമമായ വെങ്കോട്ടയോടു ചേർന്നു കിടക്കുന്ന പ്രദേശമാണ് മുണ്ടുകുഴി. അവിടെയാണ് എന്റെ ജനനം. അവിടുത്തെ മനുഷ്യരാണ് എന്നെ രൂപപ്പെടുത്തിയിരിക്കുന്നത്. ”

നോവലിസ്റ്റിന്റെ ഈ പ്രസ്താവന സാർത്ഥകമാക്കി “തോട്ടിച്ചമരി ” നൽകിയ വായനാനുഭവം.
താൻ കണ്ടതും കേട്ടതും അറിഞ്ഞതുമായ നാട്ടുകഥകളുടെ മികച്ച രചനാ തന്ത്രമാണ് ഈ
നോവൽ. മൂന്നു കുന്നുകളിലായി അതിജീവന സമരത്തിലേർപ്പെട്ടിരിക്കുന്ന കുറെ മനുഷ്യ ജന്മങ്ങളാണ് നോവലിലെ കഥാപാത്രങ്ങൾ.

എസ്തപ്പാനെന്ന പ്രേതമാണ് നോവലിലെ നായകൻ. എസ്തപ്പാനെങ്ങനെ തോട്ടിച്ചമരിയായി എന്നറിയുന്ന ആഖ്യാനവൈഭവം , മുറിയാത്ത നോവൽ വായനക്ക് ഇടനൽകുന്നു.
കഥയില്ലാത്തവർ മുണ്ടുകുഴിയിലില്ല. മാമികുട്ടി, അവുത , കുട്ടായി മാപ്ല , യോഹന്ന , തങ്കപ്പൊടി,നാരായണൻ , ഗുണ്ടു മുരളി , പൊറിയൻ തോമ, വെടി രാജു , കറുത്ത പെണ്ണമ്മ , വെളുത്ത പെണ്ണമ്മ ,ഓലമേരി , കിളിബാബു , ചൊള്ളൻ കുഞ്ഞാപ്പി , ചാക്കോ മാപ്പള , ജോറൂട്ടി, ചന്ദ്രബാബു , സാജൻ , ഇഞ്ചി കുഞ്ഞപ്പൻ, മച്ചാൻ സാബു ,പൂക്കുറ്റി ഷാജി , മാത്തനപ്പാൻ , രാമൻപറയൻ , കുമാരൻ , ഗോവിന്ദപ്പിള്ള, കുട്ടാപ്പി , ആടുചാക്കോ , ഓനാമ്മ , പീറ്ററപ്പാൻ, ശലോമി, Textകൊച്ചാപ്പി , മാധവൻ വൈദ്യർ , രാമച്ചാര്, പപ്പടം മുരളി , പോറൽ രാധൻ, തങ്കപ്പൻ , ദാമോദരൻ സാർ , അമ്മിണിയമ്മ സാർ, ശാന്തമ്മ ജോസഫ്, നാണു ആശാൻ, പൊന്നമ്മ , കുഞ്ഞുകൃഷ്ണൻ, ഉണ്ണിട്ടൻ മാപ്ള, സഖാവ് ചന്ദ്രൻ നായർ , പാലുകുഞ്ഞച്ചൻ , പൈലി , കറിയാച്ചൻ, കുമ്പനാടൻ ഔസേപ്പ്, ഈട്ടിക്കൽ മത്തായി ,നാരയണി ,കരുണൻ, മോനച്ചൻ , കുട്ടായിയപ്പൻ , മാധവൻ വൈദ്യർ ഫാ.കപ്പലാംമൂട്ടിൽ മാത്തു, ഗംഗാധരൻ, വാസു, ശ്യാമള, അപ്പുപിള്ള, തോമാ സാർ, നാരായണൻ, സുരേന്ദ്രൻ ,ജോയി കുട്ടി , എൽസി , കഞ്ചുമ്മൻ ,അപ്പാൻ സാർ , സാറാമ്മ, വാവ, തങ്കൻ , ഗ്രേസി , ജോസ് , ത്രേസ്യാമ്മ, തേനൻ , മൈലി , ചെത്തി, മാധവൻ , ഉമ്മൻ , മറിയം, പൗലോസ് , കിഷോരി സിങ്ങ് , സാജൻ, മേരി , ജോജി , മുംഗിലിയമ്മ, കണ്ടച്ചൻ , കതിരൻ , കണ്ണർ , കേശി പൊട്ടരച്ചൻ ….

തോട്ടച്ചമരിയും പൊട്ടരച്ചനും “പൊത്തുപൊരുത്തം” കണ്ടെത്തുന്ന മനഷ്യജീവിതം ! “ജയിക്കാനായി എപ്പോഴും യുദ്ധം ചെയ്തോണ്ടിരിക്കുന്ന മനുഷ്യ കഥയുടെ പേരാണ് മരണം.” “തോൽക്കാനായി എപ്പോഴും യുദ്ധം ചെയ്തോണ്ടിരിക്കുന്ന മനുഷ്യ കഥയുടെ പേരാണ് ജീവിതം .” ഒരുപറ്റം മനഷ്യരുടെ കഥ സമർത്ഥമായി പറയുന്ന ആഖ്യാനരീതി അഭിനന്ദനാർഹമാണ്.

ഉമികുന്ന് , വള്ളോരുകുന്ന് , പറയരുകുന്ന് എന്നീ പ്രദേശങ്ങളിലെ മനുഷ്യചരിത്രമാണ് നോവലിന്റെ ഇതിവൃത്തം. ഇവിടെ ജീവിച്ചു മരിച്ച എത്രയെത്ര നാട്ടു ജീവിതങ്ങൾ.
ഈ മനുഷ്യരുടെ ആദിമ ചരിത്രം മുതൽ സമകാലിക സംഭവങ്ങളിലേക്ക് വായനക്കാരന്റെ
ശ്രദ്ധക്ഷണിക്കുന്നു , നോവലിൽ.

മുണ്ടുകുഴിയിലെ കുന്നുകൾ ഓരോന്നായി ഇടിച്ചു നിരത്തപ്പെട്ടു. ശേഷിക്കുന്നവയും നിരത്താൻ യന്ത്ര സംവിധാനങ്ങൾ തയ്യാറെടുക്കുന്നു. തോടുകളും കാൺമാനില്ല. ഇതിൽനിന്നുമുയരുന്ന വേവലാതി കഥാകാരനെ അസ്വസ്ഥമാക്കുന്നു. വായനക്കാരെയും . നോവൽ സമകാലിക പ്രസക്തമാകുന്നതിന്റെ പൊരുളും മറ്റൊന്നല്ല.

പതിനെട്ട് അദ്ധ്യായങ്ങളാണ് നോവലിനുള്ളത്. ഓരോ അദ്ധ്യായവും മുണ്ടുകുഴിയിലെ മനുഷ്യരുടെ അതിജീവനത്തിന്റെ നേർ ചിത്രങ്ങളാണ്.

എസ്തപ്പാനെന്ന തോട്ടിച്ചമരിയുടെ മാമികുട്ടിയോടുള്ള പ്രണയം , നോവൽ രചനാതന്ത്രം ചൈതന്യം ഉളവാക്കുന്നു. തോട്ടിച്ചമരി എന്ന പ്രേതം കാത്തിരിക്കുന്നത് മാമികുട്ടിയെയാണ്. അവൾക്കുവേണ്ടിയാണ് അയാൾ മണ്ണിൽ കഴിയാൻ ദൈവാനുവാദം വാങ്ങിയത്. ജീവിതകാലത്ത് സഫലമാകാത്ത പ്രേമമാണ് പ്രേതം സ്പനം കാണുന്നത്. മാമികുട്ടി ഒരിക്കലും അറിയാത്ത പ്രണയം!

എണ്ണമറ്റ കഥകളാണ് ഒന്നിനു പുറകെ മറ്റൊന്നായി കോർത്തിണക്കിയിരിക്കുന്നത്.
ശില്പഭംഗി ഏറി വരുന്നു ഓരോ ഉപകഥളിലും.

നാട്ടറിവുകൾകൊണ്ട് സമൃദ്ധമാണ് നോവൽ. ആടലോടകം , മുത്തങ്ങ ,കരുനെച്ചി , കരിങ്കുറിഞ്ഞി , ചിറ്റരത്ത , കൊന്തമ്പാലരി , നിലപ്പന , മുഞ്ഞ , ചുണ്ടങ്ങ , കുറുന്തോണ്ടി ,
പെരും കൂരമ്പ , പാടത്താളി , കർപ്പൂര തുളസി , എഴിം പുല്ല് , കടുകപ്പാലരി , മേന്തോന്നി , പൂപ്പരത്തി , ശതാവരി , കുണുക്കിട്ടാട്ടി , കീഴാർ നെല്ലി , കല്ലുരുക്കി , ഉഴിഞ്ഞ , ഉമ്മം, ആവണക്ക്,
ചങ്ങലം പരണ്ട….. ഗ്രാമങ്ങളിൽനിന്ന് വിസ്മൃതിയിലാകുന്ന നമ്മുടെ ആയുർവ്വേദ മഹിമ പുതിയ തലമുറയിലെ എത്ര പേർക്കറിയാം?

ആരായിരുന്നു കുന്നുകളുടെ അവകാശികൾ? നായർ തറവാടിയായിരുന്ന രാമച്ചാരോ?
അതോ പിന്നീട് കുമ്പനാട് , കുറവിലങ്ങാട്, എടത്വാ, തിരുവല്ല, പുളികുന്ന് ,.ആലപ്പുഴ …. നിരവധി ദേശങ്ങളിൽ നിന്നും കുടിയേറിവരോ? കുടിയേറ്റം ചർച്ചയാകുന്നില്ലെങ്കിലും കുന്നിന്റെ
അവകാശികളുടെ ഉല്പത്തി അന്വേഷിക്കുന്നത് പഠനാർഹമാണ്.

നാട്ടിൽ വിപ്ലവകരമായ പലതും സംഭവിച്ചു. നടപ്പാതകൾ , യാത്രാ സൗകര്യങ്ങൾ , അങ്കണവാടികൾ ,വിദ്യാലയങ്ങൾ, വായനശാല, സ്പന ആർട്ട്സ് ക്ലബ്ബ് , വീടുകൾക്ക് ശുചിമുറി,
വൈദ്യുതിവൽക്കരണം ,യന്ത്രവൽക്കരണം , വാണിജ്യ കേന്ദ്രങ്ങൾ ..  പഴയ രീതികളിൽ പലതിനോടും മുണ്ടുഴിക്കാർ വിട പറഞ്ഞിട്ടും എസ്തപ്പാൻ തന്റെ തനിമ നിലനിർത്തി. അതിൽ പ്രധാനമായിരുന്നു , തോട്ടുവക്കത്ത് തൂറിയിട്ട് തോട്ടിലെറങ്ങി ചമരിക്കുന്ന പണി. അങ്ങനെ നാട്ടുകാരിട്ട ഓമനപ്പേരാണ് “തൊട്ടിച്ചമരി”.

നാട്ടു സംസ്കൃതിയുടെ ചൈതന്യം തുളമ്പുന്ന പ്രയോഗങ്ങൾ , ചൊല്ലുകൾ , കഥകൾ, പാട്ടുകൾ ,ഭാഷ എന്നിവയാൽ സമ്പന്നമാണ് നോവൽ. മനഷ്യനും പ്രകൃതിയുമായുള്ള ബന്ധം
മലകളും കുന്നുകളും ഇടിച്ചു നിരത്തി പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന വികലമായ മനുഷ്യന്റെ
വികസന കാഴ്ചപ്പാടും വിമർശനാത്മകമാകുന്നു , നോവലിൽ. നോവിന്റെ സാമൂഹിക വീക്ഷണവും മനുഷ്യ പക്ഷത്തോട് ഐക്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ മോഹവും മോഹഭംഗങ്ങളും മണ്ണും പ്രകൃതിയും കഥകളായി മാറുമ്പോൾ കഥാകാരന്റെ
സാമൂഹിക വീക്ഷണവും വ്യക്തമാകുന്നു.

അസാധാരണമായ ഒരു പ്രേതകഥയിൽ നിന്നും, ഗ്രാമീണ സംസ്കാരത്തിന്റെ
നിറകുടമായി മാറിയ നോവൽ പ്രതീക്ഷാനിർഭരമാണ് !

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.