DCBOOKS
Malayalam News Literature Website

പലതലങ്ങളിൽ ആഴമേറിയ വായന സാധ്യമായ ഒരു കൃതി!


എസ് ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’എന്ന പുസ്തകത്തിന് മഹേന്ദ്രര്‍ മഹി എഴുതിയ വായനാനുഭവം

മിത്ത്/യാഥാർത്ഥ്യം, നാട്ടുകഥകൾ/ചരിത്രം, ജീവിച്ചിരിക്കുന്നവർ/മരിച്ചവർ, കെട്ടുകഥകൾ/സംഭവങ്ങൾ….. ഇനിയും ഇങ്ങനെ എത്രവേണമെങ്കിലും നീട്ടിയേക്കാവുന്ന ദ്വന്ദ്വങ്ങളുടെ ‘പൊത്തുപൊരുത്ത’മാണ് തോട്ടിച്ചമരി എന്ന പുതിയ നോവൽ. ഒരു ദേശത്തിന്റെ കഥ മുതൽ മീശയും പുറ്റും വരെ നീളുന്ന ജീവിതഗന്ധിയായ ആഖ്യാനങ്ങളിലെ ഏറ്റവും പുതിയ കണ്ണി. പക്ഷെ അപ്പോഴും തികച്ചും വ്യത്യസ്തവും ശക്തവുമായ രചന.

മാറ്റിനിർത്തപ്പെട്ട ജീവിതങ്ങളെ, എഴുതപ്പെട്ട ചരിത്രത്തിന്റെ മഴനിഴൽ പ്രദേശങ്ങളെ എത്രയും Textഭംഗിയോടെ സെന്റർ സ്റ്റേജിലേയ്ക്ക് എടുത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു ഗിരീഷ്കുമാർ. ഉമിക്കുന്ന്, വള്ളോരുകുന്ന്, പറയരുകുന്ന് എന്നിങ്ങനെ അടുപ്പുകല്ലുകൾ പോലെ നിൽക്കുന്ന മൂന്ന് കുന്നുകൾക്ക് മീതെ ക്രിയാത്മക മനസ്സിനെ കേറ്റിവച്ച് അടുപ്പുകൂട്ടി ജ്വലിപ്പിച്ചെടുത്ത അസ്സൽ വേവുപാകമൊത്ത ഒരു നോവൽ. മണ്ണുമാന്തിയന്ത്രത്താൽ ഇടിച്ചു നിരത്തപ്പെട്ട കുന്നുകളിലെ മണ്ണ് ഈ വർത്തമാനകാലത്ത് വയലുകൾ നികത്താനായി വിറ്റ് അകലങ്ങളിലേയ്ക്ക് കയറ്റപ്പെട്ടിരിക്കുന്നു. ഓരോ നാടിന്റേയും ജലസംഭരണികളായ കുന്നുകൾ എന്ന പോലെ നാട്ടറിവിന്റെയും നാട്ടുകഥകളുടേയും സംഭരണികളും ഇങ്ങനെ നികന്ന് പോവുകയാണല്ലോ എന്നൊരു നിലവിളിയും വായനാവസാനം നമ്മുടെ തൊണ്ടക്കുഴിയിൽ വന്ന് മുട്ടിനിൽക്കും.

“യോഹന്ന ജനിക്കുമ്പോൾ പറയരുകുന്നിന്റെ കഥ പഴകിത്തുടങ്ങിയിരുന്നു. അയാൾക്കതെല്ലാം പെണ്ണമ്മയിലൂടെ പറഞ്ഞു കേട്ടുള്ള അറിവുകൾ മാത്രമായി. അമ്മാമ്മച്ചിയിൽ നിന്നാണ് എസ്തപ്പാനും പഴംകഥകളിൽ കുറെയൊക്കെ കിട്ടിയത്. തേനനും മൈലിയും കണ്ടച്ചനും മുതൽ ഉമ്മൻ വരെയുള്ളവരുടേതായി എസ്തപ്പാൻ കേട്ട കഥകളിൽ പലയിടത്തും വിടവുകളും പൊരുത്തക്കേടുകളും ഉണ്ടായിരുന്നു. അതിനെല്ലാം ഭാവനകൊണ്ട് എസ്തപ്പാൻ പൊത്തുപൊരുത്തമുണ്ടാക്കി. അവൻ ജനിക്കുമ്പോൾ മുണ്ടൂഴി എല്ലാറ്റിനുമൊരു വ്യവസ്ഥ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. ഇന്ത്യ കേരളത്തിലായി, കേരളം മുണ്ടൂഴിയിലായി. മുണ്ടൂഴിക്കാർക്കെല്ലാം പ്രായപൂർത്തി വോട്ടവകാശമായി…” (പേജ് 191) ഇത്തരത്തിൽ പ്രപഞ്ചത്തിന്റെ കേന്ദ്രം തന്നെ മുണ്ടൂഴിയിലാവുന്ന തരം അനുഭവപ്പെടുത്തൽ ഗിരീഷിന്റെ എഴുത്തിലുണ്ട്. സ്ഥായിയായ ഒരു നർമ്മഭാവവും.

കഥകളങ്ങനെ മുട്ടിയും മുറിഞ്ഞും ചേർത്തുകെട്ടിയും ഇനിയും തുടരേണ്ടത് നമ്മുടെ അതിജീവനത്തിന്റെ ആവശ്യമാവുന്നു. അതൊക്കെ പറഞ്ഞു തരാൻ തോട്ടിച്ചമരിയെന്നും പൊട്ടരച്ചനെന്നും രണ്ട് പ്രേതാത്മാക്കളെ ഏല്പിച്ച് കഥാകാരൻ കൈയും കെട്ടി മാറിനിൽക്കുന്നതിൽ പോലുമുണ്ട് ആഴമുള്ള ധ്വനിപ്പിക്കൽ. ഭാഷയുടെ കാവ്യാത്മകത, നാട്ടുമൊഴികളുടെ തെളിനീരുറവ, എന്നിവ തോട്ടിച്ചമരിയുടെ വായനാനുഭവം മികവുറ്റതാക്കുന്നു. 18 അധ്യായങ്ങളിൽ പടർന്ന് കിടക്കുന്ന പലതരം പോരുകളുടെ ഐതിഹാസികത.

തോട്ടിച്ചമരി പലതലങ്ങളിൽ ആഴമേറിയ വായന സാധ്യമായ ഒരു കൃതിയാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.