DCBOOKS
Malayalam News Literature Website

‘തോട്ടിച്ചമരി’ കഥ പറച്ചിലിന്റെ അനന്യമായ സൗന്ദര്യം

എസ് ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’എന്ന പുസ്തകത്തിന് സിജി സനിൽ എഴുതിയ വായനാനുഭവം 

എഴുതപ്പെട്ട ചരിത്രങ്ങളെ നമുക്ക് പരിചയമുള്ളൂ. രാജാക്കന്മാരുടെയും നാടുവാഴികളുടെയും വീരകഥകളായിരുന്നു നമ്മുടെ ചരിത്രപാഠങ്ങൾ.  പിന്നീട് വന്ന അധിനിവേശ ചരിത്രങ്ങളും, അതിനും തൊട്ടു മുൻപുള്ള മുഗൾ ചക്രവർത്തിമാരുടെ കാലവും സ്വാതന്ത്ര്യസമര ചരിത്രവും പഠിച്ചു പോന്ന് നമ്മൾ ചരിത്രത്തിൽ ‘പ്രബുദ്ധരായി.’

ഓരോ നാട്ടിലും മൺതരിക്കു പോലും പറയാനുണ്ടാവും ആയിരമായിരം കഥകൾ. ഇങ്ങനെയുള്ള പഴങ്കഥകളിലും മിത്തുകളിലും പഴമ്പാട്ടുകളിലും സ്ഥലനാമങ്ങളിൽ പോലും പുതഞ്ഞു കിടക്കുന്ന പഴങ്കാലത്തെ മുഖ്യധാരാ ചരിത്ര പാഠങ്ങളിലൊന്നും നമ്മൾ കാണുകയില്ല. അല്ലെങ്കിലും തീണ്ടാപ്പാടകലെ നിർത്തിയിരുന്ന ജനതയുടെ ചരിത്രം ഇവിടെ ആർക്ക് വേണം.. അവരുടെ ജീവിതം അലിഞ്ഞു ചേർന്ന കഥകളും പാട്ടുകളുമാണ് ഗതകാലത്തിന്റെ യഥാർത്ഥ കണ്ണാടികൾ.

എസ്‌ ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’ എന്ന നോവൽ അതിന്റെ പ്രസിദ്ധീകരിച്ച കാലം മുതലേ ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ വായിച്ചത് ഈയിടയ്ക്കാണ്. മുണ്ടുഴിയെന്ന നാടിന്റെ കഥയുടെ അതി ഗംഭീരമായ Textആഖ്യാനം. മരിച്ചു മണ്ണായ അടിയാളന്റെ പ്രേതാത്മാവിലൂടെ ഒരു നാടിന്റെ ചരിത്രത്തെ അനുഭൂതമാക്കുകയാണ് ഈ നോവൽ.

തോട്ടിച്ചമരിയെന്നു വിളിപ്പേരുള്ള എസ്തപ്പാൻ എന്ന ദളിത് ക്രൈസ്തവ യുവാവിന്റെ പ്രേതത്തെക്കൊണ്ട് നാടിൻറെ കഥ പറയിക്കുന്ന ശൈലി ആകർഷകമാണ്.

കഥകളുടെ മഹാഭാരതമാണ് മുണ്ടൂഴിയെന്ന നാട്. മാമിക്കുട്ടിയെന്ന തന്റെ പ്രണയിനി മരിച്ച് തന്നോടു ചേരും വരെ ഭൂമി വിട്ടു പോരാതിരിക്കാൻ ദൈവത്തിൽ നിന്ന് പ്രത്യേകാനുവാദം കരസ്ഥമാക്കിയ തോട്ടിച്ചമരിയുടെ പ്രേതം പ്രണയത്തിന് തന്നെ മറ്റൊരു ഭാഷ്യം ചമയ്ക്കുകയാണ്.

ഉമിക്കുന്ന്, പറയരു കുന്ന്, വള്ളോരു കുന്ന് എന്നിങ്ങനെ , അടുപ്പുകല്ല കൂട്ടിയ പോലെ നില കൊള്ളുന്ന മൂന്നു കുന്നുകൾക്കിടയിലെ മുണ്ടൂഴിയെന്ന ദേശത്തിന്റെയും അവിടെ കുടിയേറിയും പിറന്നും പാർത്ത ഒരു ജനതയെ പ്രേതത്തിന്റെ ഓർമ്മകളിലൂടെയും ചിന്തകളിലൂടെയും അതി സൂക്ഷ്മമായി അവതരിപ്പിക്കുന്നു.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്തത്തിൽ നിന്ന് തുടങ്ങി യന്ത്രത്തിന്റെ ഉരുക്കു കൈകളാൽ തച്ചുടയ്ക്കപ്പെട്ട ദേശത്തിന്റെ വർത്തമാനത്തിൽ എത്തി നിൽക്കുന്ന കാലത്തെ നോവൽ അടയാളപ്പെടുത്തുകയാണ്. പ്രകൃതിയോടും അടിസ്ഥാന വർഗ്ഗത്തോടും ആധുനിക മനുഷ്യൻ കാണിക്കുന്ന നെറികേടിനെ ചരിത്രപരവും പാരിസ്ഥിതികവുമായ ഒരു പരിപ്രേഷ്യത്തിൽ ചേർത്തുവെയ്ക്കുകയാണ്. നിരക്ഷരരും നിസ്സഹായരുമായ ദളിത്, ഗോത്ര വിഭാഗങ്ങളുടെ അതിജീവനത്തിന്റെ കഥ, അവരെക്കൊണ്ട് തന്നെ അവതരിപ്പിക്കുന്നു.

എഴുത്തോലകളിൽ കുറിക്കപ്പെടാതെ വായ്മൊഴികളിലൂടെ പകർന്നു വന്ന കഥകളിലൂടെ ഗത കാലം തുറന്നു വെയ്ക്കപ്പെടുകയാണ്. മണ്ണ് മാന്തി യന്ത്രത്താൽ തൂക്കിയെടുക്കപ്പെട്ട തന്റെ കുഴിമാടവും അസ്ഥികളും മറ്റൊരു ദേശത്തകപ്പെടുമ്പോൾ മരിച്ചിട്ടും കുടിയിറങ്ങാത്ത തന്റെ ദേഹിയുമായി അലയുകയാണ് തോട്ടിച്ചമരി. ഇരുട്ടുമ്പോൾ അവനോട് യുദ്ധം ചെയ്യാനെത്തുന്ന പൊട്ടരച്ചന്റെ പ്രേതം.

ആഢ്യ മതങ്ങൾ ദേശം പിടിച്ചടക്കും മുമ്പ് കുന്നിന്റേയും കാടിന്റേയും ഉടമകളായിരുന്ന ആദിമ ജീവിതങ്ങളെ നോവലിസ്റ്റ് പച്ച മണ്ണ് കുഴച്ചു കൊണ്ട് മെനഞ്ഞിരിക്കുന്നു. മൂന്നു കുന്നുകളും താപ്പടകളും മുണ്ടൂഴിയെന്ന ദേശവും കഥകളിലും മിത്തുകളിലുമായി കാട്ടുചോലയിലെ തെളിനീരു പോലെ നോവലിലൂടെയൊഴുകി വായനക്കാരുടെ മനസ്സിലേക്ക് പടരുകയാണ്. അവരുടെ ആരാധനകളും പ്രണയവും പ്രതികാരവും അതിജീവനങ്ങളും എഴുതപ്പെടാത്ത ചരിത്രങ്ങളായി എന്നോ കുഴിച്ചുമൂടപ്പെട്ടു.

ചരിത്രം ഏകശിലാത്മകമല്ലെന്ന് ആധുനിക ചരിത്രപഠനം തെളിയിച്ചു കഴിഞ്ഞു. അതിനോട് ചേർന്നു നിൽക്കുന്നതാണ് ഈ നോവൽ രചനാ സങ്കേതം. എഴുതപ്പെട്ട അറിവുകൾക്കപ്പുറം ഓരോ നാടും കുലവും സ്വന്തമാക്കിയിരുന്ന അനേകായിരം അറിവുകൾ പുതിയ തലമുറയിലേക്ക് എത്തും മുൻപ് തന്നെ എരിയിക്കപ്പെട്ടിരുന്നു.. തോട്ടിച്ചമരിയിലൂടെ മണ്ണോടു മൺ ചേർന്ന പഴങ്കാലം പുനർജ്ജനിക്കുകയാണ്.. കീഴാളരെന്നു വിളിക്കപ്പെട്ട തന്റെ മുൻഗാമികളുടെ കഥപറച്ചിലിലൂടെ മൂന്നു കുന്നുകളുടെയും ഉല്പത്തിയും അതിനോട് ചേർന്നുള്ള മിത്തുകളും ഐതിഹ്യങ്ങളും തോട്ടിച്ചമരിയിലൂടെ വായനക്കാരിലേയ്ക്ക് പടർന്നു കയറുന്നു. കഥ പറച്ചിലിന്റെ അനന്യമായ സൗന്ദര്യം വായനക്കാർക്ക് ലഹരിയാകുന്നു. ഒരു പാട് പഠനവും വായനകളും അർഹിക്കുന്ന വിധത്തിൽ അനേകം അടരുകൾ ഈ നോവലിനുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.