DCBOOKS
Malayalam News Literature Website

‘തോട്ടിച്ചമരി’; പ്രാദേശിക വൈവിധ്യത്തിന്റെ നോവൽ

എസ് ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’എന്ന പുസ്തകത്തിന് മൈഥിലി പി.എസ് എഴുതിയ വായനാനുഭവം

കുഴിച്ചെടുത്തും കൂട്ടിച്ചേർത്തും കാത്തിരുന്നും പൊത്തു പൊരുത്തമാക്കി കഥ പറയുന്ന നോവലാണ് തോട്ടിച്ചമരി. കഥാകൃത്തും നിരൂപകനും വിവർത്തകനും അധ്യാപകനുമായ എസ്.ഗിരീഷ് കുമാറിന്റെ നോവലാണിത്. മുണ്ടുഴി ഗ്രാമത്തിന്റെ കഥകൾ 18 അധ്യായങ്ങളാക്കി തിരിച്ചാണ് നോവലിൽ അവതരിപ്പിക്കുന്നത്. പല രീതിയിലുള്ള യുദ്ധവും, പേരും , പോരാട്ടവും , അടരാട്ടവും , അങ്കങ്ങളുമായാണ് ഓരോ അധ്യായവും കടന്നുവരുന്നത്. കാട് – നാട്, നാട് – നഗരം, സവർണ്ണത – കീഴാളത, ആര്യർ – ദ്രാവിഡർ, ആണ് – പെണ്ണ്, ഇരുട്ട് – വെളിച്ചം, എന്നിവയുമായുള്ള സംഘർഷങ്ങളെ അതിസമർത്ഥമായാണ് കഥയിലൂടെ പറഞ്ഞു വയ്ക്കുന്നത്. തന്റെ മരണശേഷം മണ്ണിനടിയിൽ മാമിക്കുട്ടിക്കു വേണ്ടി കാത്തിരിക്കുന്ന പറയരു കുന്നിലെ എസ്തപ്പാനാണ് നോവലിലെ തോട്ടിച്ചമരിയായി മാറുന്നത്. മരണശേഷം മാമിക്കുട്ടിക്കു വേണ്ടി പറയരുകുന്നിൽ കാത്തിരിക്കാനുള്ള അനുവാദം തോട്ടിച്ചമരിയ്ക്ക് നൽകുന്നത് ദൈവമാണ്. അതിനു ശേഷം തോട്ടിച്ചമരിയോടുള്ള ദൈവത്തിന്റെ വളുസച്ചിരിയോടെയാണ് നോവൽ ആരംഭിക്കുന്നത്. മരണശേഷം മാമിക്കുട്ടിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് പൊട്ടരച്ചനെ കണ്ടുമുട്ടുന്നത്. ഇവർ തമ്മിൽ യുദ്ധം ചെയ്തും കഥപറഞ്ഞും കേട്ടും കാത്തിരുന്നും പറയുന്ന കഥയിലൂടെയാണ് Textനോവൽ മുന്നോട്ട് പോകുന്നത്. പിന്നീട് ശരി തെറ്റുകളുടെ തീർച്ചയില്ലായ്മയിൽ രണ്ടാളും ഉള്ളം കുളിർക്കെ ചിരിച്ചാണ് നോവൽ അവസാനിക്കുന്നത്.

മണ്ണുതീനി യന്ത്രം വന്ന് മണ്ണിളക്കി നൃത്തം ചെയ്യുന്നതോടെ ഇല്ലാതാകുന്ന മൂന്ന് കുന്നുകൾ (പറയരു കുന്ന് , വള്ളോരു കുന്ന്, ഉമിക്കുന്ന്, ) . നാടും നഗരവും തമ്മിലുള്ള സംഘർഷമാണ് മൂന്ന് കുന്നുകളെ കരിനിലത്തിലേക്ക് തട്ടി എറിയുന്നത്. ഇതോടെ വേരുകൾ നഷ്ടപ്പെട്ട് വലിച്ചെറിയപ്പെടുന്നവരിൽ ഒരാളാണ് തോട്ടിച്ചമരി. എന്നാൽ എപ്പോഴും എല്ലായിടത്തുനിന്നും ഓടി ഒഴിയേണ്ടി വരുന്നവരുടെ പ്രതിനിധിയാണ് പൊട്ടരച്ചൻ. ഇവർ തമ്മിലുള്ള കഥ പറച്ചിലിനിടയിൽ പ്രണയം, ശരീരം, സത്യം, അഹിംസ, എന്നിവയെ പറ്റിയുള്ള ചർച്ച നോവലിസ്റ്റ് ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്നുണ്ട്. “ശരീരോം ശരീരോമായൊള്ള അഹിംസായുദ്ധമാ പ്രേമം ” (2021:35 )എന്ന പൊട്ടരച്ചന്റെ വാക്കുകൾ ഇതിന് ഉദാഹരണമാണ്. തന്നോടു തന്നെയും ഇരുട്ടിനോടും സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കഥാപാത്രമാണ് തോട്ടിച്ചമരി. താൻ പ്രണയിച്ച മാമിക്കുട്ടിയെ കൂടെ കൂട്ടാനും അരുകുവത്കരിക്കപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കാനും കഴിയുന്ന പ്രേതമാണ് തോട്ടിച്ചമരിയെന്നത് ശ്രദ്ധേയമാണ്. തോട്ടിച്ചമരിയുടെ മാമിക്കുട്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് പറയരുക്കുന്നിന്റെയും ഒരു ദേശത്തിന്റെയും അവരുടെ ചരിത്ര-സൂഹിക- കലാ സംസ്കാരത്തെയും രേഖപ്പെടുത്തുന്ന കഥയായി മാറുന്നത്. തോട്ടിച്ചമരിയുടെ അമ്മാമ്മയാണ് തങ്കപൊടി. മാവാരതജുദ്ദം, നെല്ലുകുത്തും കൂട്ടത്തിക്കുത്തും എന്നീ അധ്യായങ്ങളിലെ തങ്കപൊടിയുടെ കഥ പറച്ചിൽ ഏറെ രസകരമാണ്. ഇതിലൂടെ മഹാഭാരതകഥയെ പ്രാദേശിക തനിമയിൽ പുതുക്കി പറയുകയാണ് നോവലിസ്റ്റ്‌ ചെയ്യുന്നത്. കൂടാതെ മഹാഭാരതത്തിൽ തുടങ്ങി വേദ പുസ്തകത്തിൽ അവസാനിക്കുന്ന വാമൊഴി ചന്തുള്ള കഥകൾ ജാതി മത അതിർത്തികളെ ഇല്ലാതാക്കുന്ന കഥകളായി മാറുന്നുണ്ട്.

മൂന്ന് കുന്നുകളിലെ മനുഷ്യരും മറ്റു ജീവകളും ഉൾപ്പെടുന്ന ജൈവവൈവിധ്യത്തിന്റെ അവതരണം കൂടിയാണ് ഈ നോവൽ. 26 തരം ഔഷധ സസ്യങ്ങൾ, മാവ്, പ്ലാവ്, ആഞ്ഞിലി, വട്ട , വെൺ കോട്ടമരം, ഏഴി ചെടികൾ, കിളി കിണിപ്പാല, കൈതച്ചെടികൾ, തെച്ചി, പുളിമരം, കായാമ്പൂവ്, എന്നി സസ്യങ്ങളെ മുണ്ടുഴി ഗ്രാമത്തിന്റെ ഭാഗമായാണ് നോവലിൽ അവതരിപ്പിക്കുന്നത്. മാൻ , മയിൽ, കാട്ടാന , കുറുനരി , കുറുക്കൻ, മലയണ്ണാൻ, പന്നി, കാട്ടു കോഴി, കുളക്കോഴി, തവള, മൂർഖൻ പാമ്പ്, എലി, ഉറുമ്പ്, ചിതൽ തുടങ്ങി വലിയ ആവാസ വ്യവസ്ഥ കൂടി നോവലിൽ ദൃശ്യമാകുന്നുണ്ട്. മോളൊരുത്തി, പെണ്ണാടുകൾ, ആണൊരുത്തൻ , പെമ്പിള, പെമ്പിറന്നോര്, ആമ്പിറന്നോൻ , കേമത്തി, താൻപോരിമക്കാരി, അമ്മിണിയമ്മ സാറ്, കാർന്നോത്തി, ഓമനമുട്ടൻ, പിടസുന്ദരി, സംഘത്തലവി, ചട്ടമ്പി , തന്തച്ചാര് , പൊടിപെണ്ണ്, തുടങ്ങിയ പ്രയോഗങ്ങൾ നോവലിലുടനീളമുണ്ട്. ലിംഗപദവിയെ സൂചിപ്പിക്കുന്ന ഇത്തരം വാമൊഴി രൂപങ്ങൾ നോവലിന്റെ ആഖ്യാനരീതിയെ സവിശേഷമാക്കുന്നു. ഇതിൽനിന്ന് പാരിസ്ഥിതികമായും ഭാഷാപരമായും , പ്രാദേശികമായും നിരവധി വൈവിധ്യത്തെ ഉൾക്കൊള്ളുന്ന നോവലായി തോട്ടിച്ചമരിയെ വിലയിരുത്താവുന്നതാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.