DCBOOKS
Malayalam News Literature Website

നാട്ടുകഥകളുടെ കൂട്ടുവഴികള്‍

പതിനെട്ടധ്യായങ്ങളിലായി പടര്‍ന്നു കിടക്കുന്ന ജീവിതകാഴ്ചകള്‍

എസ് ഗിരീഷ് കുമാറിന്റെ ‘തോട്ടിച്ചമരി’ എന്ന പുസ്തകത്തിന് ഡോ.കെ.രമേശന്റെ വായന

നാട്ടുകഥകളുടെ തെളിമയില്‍നിന്ന് ഉരുവം കൊണ്ടതാണ് എസ്. ഗിരീഷ്‌കുമാറിന്റെ തോട്ടിച്ചമരി. നാട്ടുമനുഷ്യരുടെ പച്ചമണം തുളുമ്പുന്ന കഥകളുടെ അതിസമര്‍ത്ഥമായ മെടച്ചിലാണ് ഈ നോവല്‍. മണ്ണിലേക്കു തൊട്ടിറങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്ത വീക്ഷണകോണില്‍നിന്ന് മുളച്ചുപൊന്തിയ കഥകള്‍ പിന്നിയും അഴിച്ചും പൊത്തുപൊരുത്തം ചേര്‍ത്തെടുക്കുമ്പോള്‍ നാം കരുതുക കഥകള്‍ പൂര്‍ണ്ണമായെന്നാണ്. പക്ഷേ, കഥകള്‍ അങ്ങനെ ഒരു പൊത്തുപൊരുത്തത്തിന്റെയും ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്‍ക്കുന്നവയല്ല. അവ
പുതിയ വ്യാഖ്യാനങ്ങള്‍ക്കു വഴി തുറന്നിട്ടുകൊണ്ട് സഞ്ചരിക്കുകയാണ്. ഒരു കഥയെയും റദ്ദുചെയ്ത് മറ്റൊരു കഥയിലേക്കു സഞ്ചരിക്കാന്‍ കഴിയില്ല. ഓരോ കഥയും തുടര്‍ച്ചകളാണ്. ഓരോ കോറിയിടലുകളും എങ്ങനെയാണ് കാലത്തിന്റെ രേഖപ്പെടുത്തലാകുന്ന
തെന്ന് നമുക്കറിയാം. അത്തരത്തില്‍ നീണ്ട കാലഘട്ടത്തിലെ പ്രാദേശിക ജനതയുടെ സാമൂഹിക സാംസ്‌കാരികജീവിതം കഥകളിലൂടെയും ഉപകഥകളിലൂടെയും അടയാളപ്പെടുത്തുന്ന നോവലാണ് തോട്ടിച്ചമരി.

പതിനെട്ടധ്യായങ്ങളിലായി പടര്‍ന്നു കിടക്കുന്ന ജീവിതകാഴ്ചകള്‍ ചേര്‍ന്നൊരുക്കുന്ന കാര്‍ണിവലാണ് നോവലിന്റെ നട്ടെല്ല്. നാട്ടുകഥകളുടെ കൂട്ടുവഴികള്‍ പലതായി പിരിഞ്ഞു വേരുകള്‍ പടര്‍ത്തി അകലങ്ങളിലേക്കു പോകുന്നു. എത്ര അകലെ പോയാലും ഒടുവില്‍ അവയെ പഴയ കേന്ദ്രത്തിലേക്ക് ചേര്‍ത്തെടുക്കുന്നു. അത്തരമൊരു തന്ത്രമാണ് നോവലിന്റെ വ്യതിരിക്തത. കൊളോണിയല്‍ ചരിത്രവായന തമസ്‌കരിച്ച കീഴാളചരിത്രത്തെയും അതിന്റെ Textപലമയെയും കോര്‍ത്തിണക്കിയാണ് നോവലിനു പൊത്തുപൊരുത്തം ഉണ്ടാക്കിയിരിക്കുന്നത്. നോവലിലെ ഓരോ കഥയും ജീവിതത്തിന്റെ വേറിട്ട വായനയാണ്. പൊരുത്തമില്ലായ്മയുടെ അമ്പരപ്പില്‍നിന്നാണ് പൊരുത്തത്തിന്റെ മാന്ത്രിക കരസ്പര്‍ശം ഉണ്ടായി വരുന്നത്. മൂന്നു കുന്നുകളില്‍ ചിതറിക്കിടക്കുന്ന കഥാപാത്രങ്ങള്‍ ദേശചരിത്രത്തിന്റെ
പുതിയ ഏടുകളിലേക്കാണ് തങ്ങളുടെ ജീവിതത്തെ/കഥകളെ ചേര്‍ത്തു വയ്ക്കുന്നത്. ഉമിക്കുന്നും വള്ളോരുകുന്നും പറയരുകുന്നും ചേരുന്ന പ്രാദേശിക ഭൂമികയുടെ ചരിത്രം ആരംഭിക്കുന്നത് മനുഷ്യജീവിതത്തിന്റെ ആദിമ അടയാളങ്ങള്‍ രേഖപ്പെടുത്തുന്ന കഥകളിലൂടെയാണ്. അവിടെനിന്ന് വര്‍ത്തമാനകാല ആസുരതയിലേക്ക് നോട്ടമെറിഞ്ഞാണ് നോവല്‍ പര്യവസാനിക്കുന്നത്. പച്ചപ്പിന്റെ കുളിര്‍മ്മയില്‍നിന്ന് വരണ്ട മണ്‍കൂനകളിലേക്കുള്ള വിവേകരഹിതമായ മനുഷ്യന്റെ ദുരന്തസഞ്ചാരം തന്നെയാണത്.

ഇതിഹാസകഥകള്‍ക്ക് എത്രയെത്ര ഭാഷ്യങ്ങളാണ് നാം കണ്ടത്. ഗോത്രഭാഷ്യം മുതല്‍ ആരംഭിക്കുന്ന ഭാരത, രാമായണ വൈവിധ്യം കഥകളുടെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുന്നു. നിറം കൂട്ടിയും കുറച്ചും വരച്ചെടുക്കുന്ന കഥാപാത്രങ്ങള്‍ക്ക് ആഖ്യാതാവിന്റെ സാമൂഹിക സാംസ്കാരിക മുഖംകൂടിയുണ്ട്. അതുകൊണ്ടുതന്നെയാണ് അവയോരോന്നും ഒരേ കുടക്കീഴിലെ വര്‍ണ്ണചിത്രങ്ങളാകുന്നത്. തോട്ടിച്ചമരിയുടെ ഘടന നോക്കുക. പതിനെട്ട് അധ്യായങ്ങള്‍. ഓരോ അധ്യായവും ഓരോ തരം യുദ്ധകഥകള്‍. ഭാരതത്തിന്റെ കാതല്‍തന്നെ യുദ്ധവും അതേല്‍പ്പിക്കുന്ന മുറിപ്പാടുകളുമാണല്ലൊ? മണ്ണിനു വേണ്ടിയുള്ള യുദ്ധങ്ങള്‍. മണ്ണിനെച്ചൊല്ലിയുള്ള അധികാരതര്‍ക്കങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍. പക്ഷേ, ഒടുവില്‍ എന്താണ്
നേടിയത്? തോട്ടിച്ചമരിയിലൂടെ അതാണ് അന്വേഷിക്കപ്പെടുന്നത്. മണ്ണിനടിയിലെ കഥകള്‍ കുഴിച്ചെടുത്ത് മനസ്സിന്റെ ഉലയിലിട്ട് ഊതിക്കാച്ചി തനിത്തങ്കമാക്കുന്ന തങ്കപ്പൊടിയുടെ കഥകളിലെ കൗരവര്‍ കുറവരും പാണ്ഡവര്‍ പറയരുമാണ്. ഒരുപിടി മണ്ണിനു
വേണ്ടിയുള്ള അവരുടെ പോരാട്ടമാണ് മാവാരതജുദ്ദം. തന്റെ അമ്മായിയമ്മയായ കറുത്ത
പെണ്ണമ്മയുടെ പോരിനെ ഭാരതകഥയിലേക്ക് ചേര്‍ത്തെടുത്താണ് കുന്നുകളുടെ ഉല്പത്തിക്കഥയിലേക്കു കഥപറച്ചില്‍ നീളുന്നത്. പാഞ്ചാലിയെ സഹായിക്കാന്‍ ഭീമന്‍ നെല്ലു കുത്തുകയും ഉമി ദൂരെ കൊണ്ടിടുകയും ചെയ്യുന്നു. അങ്ങനെ കൂനകൂടിയ ഉമിയുറഞ്ഞാണ് കുന്നുകള്‍ രൂപപ്പെട്ടതത്രെ! മണ്ണിന് ഉറപ്പില്ലാത്തതിനു കാരണംതന്നെ ഉമി കൂട്ടിയിട്ടതിനാലാണ്. മഹാഭാരതവും വേദപുസ്തകവും നാട്ടുകഥകളും ഇടകലര്‍ന്ന തങ്കപ്പൊടിക്കഥകള്‍
മനുഷ്യജീവിതത്തിന്റെ സമാനത തന്നെയാണ് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നത്. മഹാഭാരതകഥയില്‍ തുടങ്ങി വേദപുസ്തക കഥയിലേക്ക് ആഖ്യാനം നീട്ടാന്‍ തങ്കപ്പൊടിക്കു മാത്രമേ കഴിയൂ.

സവര്‍ണ-അവര്‍ണ ഭേദങ്ങളുടെ കളങ്ങളില്‍ നിന്നുകൊണ്ട് മനുഷ്യനെ ചൂതാടുന്ന കഥകള്‍ക്ക്
നൂറ്റാണ്ടുകളുടെ ചരിത്രം ചൂണ്ടിക്കാണിക്കാന്‍ കഴിയും. നിറത്തിന്റെയും രൂപത്തിന്റെയും തൊഴിലിന്റെയും പേരില്‍ അകറ്റി നിര്‍ത്തിയ ജനതയുടെ അധ്വാനത്തിന്റെ നനവിലാണ് തങ്ങളുടെ കോട്ടകൊത്തളങ്ങള്‍ കെട്ടിയെടുത്തതെന്ന് പലപ്പോഴും സവര്‍ണതയുടെ പൂണൂല്‍ധാരികള്‍ തിരിച്ചറിയാറില്ല. തോട്ടിച്ചമരിയിലും ഒളിപ്പിച്ചുവച്ച ജാതിയുടെ കൂര്‍ത്ത നഖങ്ങള്‍ കാണാം. പറയരുകുന്നു തന്നെ അകറ്റി നിര്‍ത്തപ്പെട്ടവരുടെ ഇടമാണ്. വര്‍ണത്തിന്റെയും കുലത്തിന്റെയും പേരില്‍ കീഴാളത്തം കല്പിക്കുന്ന സവര്‍ണാധികാരത്തിന്റെ ബലതന്ത്രം തന്നെയാണ് എസ്തപ്പാനു മാമിക്കുട്ടിയോടു ഹൃദയം തുറക്കാന്‍പോലും കഴിയാതെ മരണത്തിലേക്ക് എത്തിച്ചത്. ജാതിയുടെ കാപട്യത്തെയും ക്രൗര്യത്തെയും മറികടക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ ഉപദേശിയും പൊയ്കയില്‍ യോഹന്നാനും കീഴാളത്തത്തിന്റെ കയ്പ്പു വെളിപ്പെടുത്തുന്നുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.