DCBOOKS
Malayalam News Literature Website

അറുപ്പാന്റെ കത്തികളുടെ സ്തുതിപ്പ്: മനോജ് കുറൂര്‍

ഫ്രാന്‍സിസ് നൊറോണ! അടുത്ത കാലത്തു മാത്രമാണ് ഈ പേരു ഞാന്‍ കേട്ടുതുടങ്ങിയത്. എങ്കിലും ഈ കഥാകൃത്ത് എഴുതിയതെല്ലാം തേടിപ്പിടിച്ചു വായിക്കണമെന്നു തോന്നിക്കുന്ന തരം ഒരു കൊളുത്തിപ്പിടിത്തമുണ്ടാക്കി ഈ പേരിനൊപ്പം പ്രത്യക്ഷപ്പെട്ട കഥകള്‍. തുടക്കം മുതല്‍ ഒടുക്കംവരെ ഒട്ടേറെ കുരുക്കുകളിട്ട് ഓരോ കുരുക്കിലും ഒരു പിടച്ചില്‍കൂടി കരുതിവയ്ക്കുന്നവയായിരുന്നു ഞാന്‍ വായിച്ച കഥകളെല്ലാം. ഭാഷയുടെ ഇനിയും അവശേഷിക്കുന്ന കരുത്തിനെക്കുറിച്ചാണ്, നിരന്തരം പുതുക്കാനുള്ള അതിന്റെ ശേഷിയെക്കുറിച്ചാണ് അവയെക്കുറിച്ചോര്‍ത്തപ്പോള്‍പ്പോലും ഞാന്‍ വിസ്മയംകൊണ്ടത്.

മൗനംകൊണ്ടു കനത്തിരുണ്ട ആകാശത്ത് വെള്ളിടികള്‍ വെട്ടുന്നതുപോലെയോ ഒരു കടലിന്റെ അസ്വസ്ഥതകള്‍ മുഴുവനാവാഹിച്ച തിരകള്‍ തീരത്തെ ആക്രമിക്കുന്നതുപോലെയോ ഉള്ള ചടുലതയോടെയാണ് കൂസലില്ലാത്ത ആ ഭാഷയുടെ കരുത്ത് ഉള്ളില്‍ പടര്‍ന്നത്. അതിനുള്ളിലാവട്ടെ വിയര്‍പ്പും ചോരയും മാംസവുമുള്ള ജീവിതം അതിന്റെ രൂക്ഷമായ വന്യതയോടെ തിളച്ചുമറിയുകയും ചെയ്തുകൊണ്ടിരുന്നു. ചോരകണ്ട് അറപ്പു മാറിയവന്റെ നിര്‍മ്മമതയോടെ, കരച്ചിലിന്റെയും നിസ്സഹായതയുടെയും അര്‍ത്ഥമറിഞ്ഞവന്റെ നേര്‍ത്ത ചിരിയോടെ ഈ കഥാകൃത്ത് അത്തരം കഥകളാണ് പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

മനുഷ്യചരിത്രത്തിന്റെ ആദിമവും അന്തിമവുമായ അതിരുകള്‍ക്കിടയിലെ ആവര്‍ത്തനങ്ങളെയും അവയില്‍ പെട്ടുപോയവര്‍ സ്വയം ആവിഷ്‌കരിക്കാന്‍ നടത്തിയ ശ്രമങ്ങളെയുംവരെ ഓര്‍മ്മിപ്പിച്ചു നൊറോണയുടെ കഥകള്‍.  നിയമങ്ങള്‍ക്കുമുന്‍പേ പിറവികൊണ്ട ആദിമമായ ആണ്‍കാമനയുടെ പേരാണ് ആദം. ആദമിന്റെ സന്തതികള്‍ പിന്നെ പലതായി പിരിഞ്ഞു പടര്‍ന്നു. പഴയനിയമം പാപത്തിന്റെ കഥകള്‍കൊണ്ടു നിറഞ്ഞു. മതവും അതിന്റെ സദാചാരബോധവും നൈതികതയും ഒരു വശത്ത്. അവയുടെ നിയന്ത്രണത്തെ നിരന്തരം കീഴ്‌മേല്‍ മറിക്കുന്ന ആദിമചോദനകളും പാപവും ക്രൂരതയും മറുവശത്ത്.

നിയമങ്ങളോടു കൂറുണ്ടെന്നു നടിച്ചവര്‍തന്നെ ചിലപ്പോള്‍ മറുപുറം ചേര്‍ന്നു. രതിയുടെയും ക്രൂരതയുടെയും കറ കൊണ്ടുനടന്നവര്‍ ചിലപ്പോള്‍ കനിവിന്റെ ഉറവകളില്‍ നനയുകയും ചെയ്തു. വെളിച്ചത്തെ ഇരുട്ടില്‍നിന്നു വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിഫലമായി. ഇരുട്ടും വെളിച്ചവും തമ്മില്‍ കലര്‍ന്നപ്പോള്‍ വേര്‍തിരിവുകള്‍ പലപ്പോഴും അപ്രസക്തവുമായി.
മതത്തില്‍നിന്നു സ്വതന്ത്രമായ മാനവതയും ജനാധിപത്യബോധവും കരുത്തുനേടിയപ്പോഴും സംഘര്‍ഷങ്ങള്‍ തുടര്‍ന്നതേയുള്ളൂ. മറ്റു മൃഗങ്ങളില്‍നിന്നു വ്യത്യസ്തരല്ലാത്ത വിധത്തില്‍ ഏതു കാമനയ്ക്കും അടിപ്പെട്ടു പോകുന്ന ഉള്‍നിലയും അതിനെ നിയന്ത്രിക്കാന്‍ ജാഗരൂകമായ നൈതിക-രാഷ്ട്രീയബോധ്യങ്ങളും തമ്മിലുള്ള ബലാബലങ്ങള്‍ പിന്നീടുമുണ്ടായി.

എല്ലാ വന്യതകളും ഉള്ളില്‍പ്പേറുന്ന വെറും ജീവിയായ മനുഷ്യനും നൈതികബോധമുള്ള പൗരനും ഒരാള്‍തന്നെയാകുന്നതോടെ വിഭജനങ്ങളുടെ അതിര്‍ത്തിരേഖകള്‍ പിന്നെയും മാഞ്ഞു.
ആദിമകാലം മുതല്‍ മനുഷ്യര്‍ തങ്ങളുടെ ഉത്കണ്ഠകളായി എഴുത്തിലും കലയിലും കൊണ്ടുനടന്ന ഈ സംഘര്‍ഷങ്ങള്‍ പില്‍ക്കാലങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണമായതേയുള്ളൂ. സൗന്ദര്യസങ്കല്പങ്ങളിലും അവയുടെ പരിചരണത്തിലും ഇതൊക്കെ മറ്റൊരു തരത്തില്‍ ആവര്‍ത്തിച്ചു. ബര്‍ത്ത് ഓഫ് ട്രാജഡിയില്‍ നീഷേ രണ്ടുതരം സൗന്ദര്യസങ്കല്പങ്ങള്‍ വിശദീകരിക്കുന്നുണ്ടല്ലോ. പൊരുത്തത്തിന്റെയും ലയാത്മകതയുടെയും സമഗ്രതയുടെയും അപ്പൊളോണിയന്‍ സൗന്ദര്യം ഒരു വശത്ത്. അതിനെ തകര്‍ക്കുവാന്‍ ഉന്നം നോക്കുന്ന ക്രമമില്ലായ്കയുടെയും ഉന്മാദത്തിന്റെയും ലഹരിയുടെയും സൗന്ദര്യം മറുവശത്ത്.

കലാചരിത്രത്തിലെ പ്രബലമായ അപ്പൊളോണിയന്‍ വഴികളെ മറികടന്ന് രാത്രിഭാവനകളുടെ ഡയനീഷ്യന്‍ സൗന്ദര്യം ആധുനികകാലത്ത് മേല്‍ക്കൈ നേടുന്നതായി നീഷേ നിരീക്ഷിക്കുന്നുണ്ട്. പിന്നീട് ഇത്തരം ദ്വന്ദ്വാത്മകമായ സങ്കല്പങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് അവയും തമ്മില്‍ വേര്‍തിരിക്കാനാവാതെയായി.
ഫ്രാന്‍സിസ് നൊറോണയുടെ കഥകളിലേക്കു കടക്കണമെങ്കില്‍ ഇത്രയെങ്കിലും പറയേണ്ടിവരുന്നു. കാരണം ഈ കഥകളുടെ ജീവിതപരിസരത്തില്‍ ഇതെല്ലാമുണ്ട്. എന്നുവച്ച് ഇത്തരം സാമാന്യതകളില്‍ തളച്ചിടാനാവാത്ത വിധം പുതുമ പേറുന്നതുമാണിവ. ഈ സാമാന്യനിരീക്ഷണങ്ങളില്‍ കടന്നുവന്ന ദ്വന്ദ്വങ്ങളെ അപ്രസക്തമാക്കുന്ന ബഹുസ്വരതയാണ് നൊറോണയുടെ കഥകള്‍ക്കു പുതുജീവന്‍ നല്കുന്നത്.

മലിനമെന്നും വിശുദ്ധമെന്നും വേര്‍തിരിക്കപ്പെട്ടവയെല്ലാം ഈ കഥകളില്‍ കുഴഞ്ഞുമറിയുന്നു. അഴകെന്നും അഴുക്കെന്നുമുള്ള വിഭജനങ്ങളെ ഇവ അസാധുവാക്കുന്നു. പാപമെന്നും പുണ്യമെന്നും മതങ്ങള്‍ പറഞ്ഞവയെ സംശയിക്കുന്നു. രാഷ്ട്രീയമായ ശരികളും ശരികേടുകളും ഇവയിലെ ജീവിതസന്ദര്‍ഭങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്ക്കുന്നു. ആവിഷ്‌കാരത്തിന്റേതായ എല്ലാ അങ്കലാപ്പുകളെയും ഉള്ളില്‍പ്പേറുകയും ആ കുഴഞ്ഞുമറിയലുകളെ അകാല്പനികവും ദാരുണവുമായ ഒരു ചിരിയുടെ അകമ്പടിയോടെ നേരിടുകയും ചെയ്തുകൊണ്ട് കാര്‍ണിവലസ്‌ക് എന്നു മിഖായേല്‍ ബാഖ്തിന്‍ വിവക്ഷിച്ചവിധമുള്ള ഒരു തലത്തെ പങ്കിടുകയാണ് നൊറോണയുടെ കഥകള്‍ ചെയ്യുന്നത്. ഭാഷയിലും പ്രമേയത്തിന്റെ വിശദാംശങ്ങളിലും ഈ സ്വഭാവമാണ് കഥകളില്‍ മുന്നിട്ടുനില്ക്കുന്നത്.

സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴു കഥകളാണ് ഫ്രാന്‍സിസ് നൊറോണയുടെ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുന്നത്. മറ്റാരും പറഞ്ഞു കേള്‍ക്കാത്ത കഥകള്‍ എന്നോ ഈ മട്ടില്‍ ഇതുവരെ പറഞ്ഞു കേള്‍ക്കാത്ത കഥകള്‍ എന്നോ തോന്നിപ്പിക്കും വിധമുള്ള പുതുമ ഈ കഥകള്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാവും അമ്പരപ്പിക്കുംവിധമുള്ള സ്വീകരണം ഇവയ്ക്കു വായനാലോകത്തു ലഭിച്ചത്. നാടോടിക്കഥകളുടെ രൂപപരമായ സവിശേഷതകളെക്കുറിച്ചുള്ള പഠനത്തില്‍ പ്രമേയപരമായ മുപ്പത്തിയൊന്നു തരം ധര്‍മ്മങ്ങളെ പല മട്ടില്‍ സംയോജിപ്പിച്ചാണ് ഇക്കാണുന്ന കഥകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് വ്‌ളാഡിമിര്‍ പ്രോപ്പ് നിരീക്ഷിക്കുന്നുണ്ടല്ലോ.

കഥാപാത്രങ്ങളും ഇത്തരത്തില്‍ ഏഴുതരം ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. എന്നാല്‍ കഥകളുടെ വാചികമോ ശബ്ദപരമോ ആയ ധര്‍മ്മങ്ങള്‍ക്കു പ്രോപ്പ് വേണ്ടത്ര പ്രാധാന്യം നല്കുന്നില്ലെന്ന വിമര്‍ശനവും ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് കഥാഘടനയെക്കുറിച്ചുള്ള ഈ സാമാന്യവത്കരണം എന്നതുമോര്‍ക്കണം. ഒരുതരത്തില്‍ പ്രോപ്പിനെതിരേയുള്ള വിമര്‍ശനത്തില്‍നിന്നാണ് നൊറോണയുടെ കഥകളുടെ വായന ആരംഭിക്കേണ്ടത്. കാരണം, ഭാഷാപരവും വാചികവുമായ ഘടകങ്ങളാണ് ഈ കഥകളുടെ പ്രധാന ജീവാംശങ്ങള്‍. ഈ കഥകളൊരുങ്ങിയ സാമൂഹികഭൂമികയ്ക്കും അത്രത്തോളംതന്നെ പ്രസക്തിയുണ്ട്.

 

Comments are closed.