DCBOOKS
Malayalam News Literature Website

സര്‍വ്വഭൂതഹൃദയന്റെ പ്രണയസംഗീതം

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ശ്രീകുമാരന്‍ തമ്പിയുടെ തിരഞ്ഞെടുത്ത കവിതകള്‍’ എന്ന പുസ്തകത്തിന് ആലങ്കോട് ലീലാകൃഷണന്‍ എഴുതിയ ആമുഖത്തില്‍ നിന്നും

‘എന്റെ ഗാനത്തിന്റെ
പല്ലവിയിലോ ചരണത്തിലോ
നീ നിന്റെ സ്വപ്നങ്ങളുടെ വസന്തം കണ്ടേക്കാം,
നീ ശ്രോതാവാകുന്നത് നന്ന്
നിദ്രയില്‍ നീന്തുന്നതും നന്ന്
ഗാനം തീരുമ്പോള്‍
എന്റെ രാഗത്തിനു വില പറയരുത്.’

തുസങ്കീര്‍ത്തനങ്ങളുടെ കാവ്യപുസ്തകമാണ് ശ്രീകുമാരന്‍തമ്പിയുടെ എഴുത്തുജീവിതം. പ്രകൃതിയിലെയും ജീവിതത്തിലെയും ഋതുവ്യതിയാനങ്ങള്‍ക്ക് തത്ത്വചിന്താപരമായ ഉള്‍ക്കാഴ്ചയോടെ, ഇത്രയേറെ സര്‍ഗ്ഗവ്യാഖ്യാനങ്ങള്‍ ചമച്ച മറ്റൊരു കവി നമ്മുടെ കാലത്തില്ല. ആറു പതിറ്റാണ്ടുകാലമായി ശ്രീകുമാരന്‍തമ്പിയുടെ രചനാപ്രപഞ്ചം ഏറ്റക്കുറച്ചിലുകളില്ലാത്ത ലവണസമുദ്രമായി നമ്മെ ചൂഴ്ന്നുനില്ക്കുന്നു. ജീവിതത്തിന്റെ എല്ലാ അനുഭവങ്ങള്‍ക്കുമൊപ്പം നിരന്തരം സ്പന്ദിച്ചുകൊണ്ട് കൂടെയുണ്ടായിരുന്നതിനാല്‍ സ്വന്തം ഹൃദയത്തെയെന്നതുപോലെ മാറിനിന്നു വിലയിരുത്താതെ മലയാളം ശ്രീകുമാരന്‍തമ്പിയെ സ്വീകരിച്ചു. നാലു തലമുറകളുടെ Textഹര്‍ഷത്തിലും ദുഃഖത്തിലും രതിയിലും നിര്‍വ്വേദത്തിലും പ്രണയത്തിലും വിരഹത്തിലും സ്വപ്നത്തിലും സ്വപ്ന ഭംഗത്തിലും ജീവിതത്തിലും മരണത്തിലും ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ ഹൃദയശ്രുതി ചേര്‍ത്തു നിലനിന്നു. ചലച്ചിത്രഗാനങ്ങള്‍ നേടിയ വമ്പിച്ച സ്വീകാര്യതയാല്‍ പക്ഷേ, അദ്ദേഹത്തിന്റെ കവിതകള്‍ സൃഷ്ടിച്ച സമാനതകളില്ലാത്ത സര്‍ഗ്ഗാനുഭവങ്ങള്‍ വേണ്ടവിധത്തില്‍ വിലയിരുത്തപ്പെട്ടില്ല. വാസ്തവത്തില്‍ ശ്രീകുമാരന്‍തമ്പിയുടെ ചലച്ചിത്രഗാനങ്ങളെക്കാള്‍ വിപുലവും സമഗ്രവും ലാവണ്യപൂര്‍ണ്ണവുമാണ് അദ്ദേഹത്തിന്റെ കാവ്യശില്പങ്ങള്‍.

കോളജുവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വയലാര്‍ രാമവര്‍മ്മയുടെ അവതാരികയുമായി പുറത്തിറങ്ങിയ ‘ഒരു കവിയും കുറെ മാലാഖമാരും’ എന്ന കാവ്യസമാഹാരം തൊട്ട് കുറേയേറെ മികച്ച കാവ്യസമാഹാരങ്ങള്‍ ശ്രീകുമാരന്‍തമ്പിയുടേതായി മലയാളത്തില്‍ പുറത്തുവന്നിട്ടുണ്ട്. എന്‍ജിനീയരുടെ വീണ, നീലത്താമര, ശീര്‍ഷകമില്ലാത്ത കവിതകള്‍, അച്ഛന്റെ ചുംബനം, അമ്മയ്‌ക്കൊരു താരാട്ട്, എന്‍മകന്‍ കരയുമ്പോള്‍, പുത്രലാഭം, അവശേഷിപ്പുകള്‍ തുടങ്ങിയ സമാഹാരങ്ങളെല്ലാം സഹൃദയലോകം ഹൃദയത്തില്‍ സ്വീകരിച്ചവയാണ്. എന്നിട്ടും ചില പ്രച്ഛന്നനവോത്ഥാനവരേണ്യരുടെ കണ്ണില്‍ ശ്രീകുമാരന്‍ തമ്പി കവിയല്ല; പാട്ടെഴുത്തുകാരന്‍ മാത്രമാണ്. പാട്ടെഴുത്തിന്റെ കാവ്യസംസ്‌കാരത്തിന് സാഹിത്യത്തിനുള്ള നൊബേല്‍സമ്മാനം സമര്‍പ്പിക്കപ്പെട്ടകാലത്ത് പ്രയുക്ത കവിതയുടെ ലാവണ്യഭാവുകത്വങ്ങളെ അവര്‍ക്കും പുതിയ മാനദണ്ഡങ്ങളില്‍ വിലയിരുത്തേണ്ടിവരും. ശ്രീകുമാരന്‍തമ്പിക്ക് പക്ഷേ, പൂര്‍ണ്ണകവിയായി കാലത്തിനപ്പുറം നിലനില്ക്കുവാന്‍ അദ്ദേഹത്തിന്റെ കവിതകള്‍ മാത്രം മതി.

‘അമ്മയ്‌ക്കൊരു താരാട്ടി’ന്റെ അവതാരികയില്‍ അക്കിത്തം എഴുതുന്നു:

”ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച കവികളിലൊരാള്‍ ശ്രീകുമാരന്‍ തമ്പിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ആനന്ദാനുഭൂതിയരുളാത്ത ഒറ്റക്കവിതപോലും ഈ സമാഹാരത്തിലില്ല.”

ശരിയാണ്. കാളിദാസന്റെ ഋതുസംഹാരത്തിലെന്നതുപോലെ സമസ്ത ജീവഭാവങ്ങളിലും തെളിഞ്ഞ് ഉയിരിനെ ഭരിക്കുന്ന ഋതുക്കളുടെ ഋതംഭ രാനന്ദനടനം ശ്രീകുമാരന്‍തമ്പിയുടെ കവിതകളില്‍ സൃഷ്ടിക്കുന്നത് ‘ആനന്ദം’ എന്ന പരമമായ അനുഭൂതിയാണ്.

ഋതുക്കള്‍ക്കിടയിലെ വെളിച്ചത്തിന്റെ വാതിലാണ് കവിക്ക് കവിത. അത് വ്യവഹാരകാലത്തെ മായ്ച്ചുകളയുന്നു. മാഞ്ഞുപോയ പലതിനും ജീവന്‍ നല്കുന്നു. കണ്ടുകൊണ്ടിരുന്ന പലതിനെയും ഇല്ലാതാക്കുന്നു.

‘കാലവര്‍ഷമെന്‍ വാങ്മയങ്ങളില്‍ പടരുന്നു
നീ നടന്നതാ കാണാസൂര്യനില്‍ ലയിക്കുന്നു
അസ്തമിക്കുന്നു നിന്റെ രൂപവും സൂര്യാംശുവായ്
നിസ്സംഗം നില്ക്കുന്നു ഞാന്‍, സത്യമീ സന്ധ്യാമുഖം’
(വര്‍ഷദിനാന്തം)

ഇവിടെ, ടാഗോറിനെപ്പോലെ സംക്രമസന്ധ്യാമുഖത്തുനിന്ന് താനെന്ന ജീവബിന്ദുവിലേക്കുള്ള യോഗാത്മകദൂരമാണ് കവി കവിതകളില്‍ അളക്കുന്നത്. അകവും പുറവും താനും പ്രപഞ്ചവും കാലവും കാലാന്തര യാഥാര്‍ത്ഥ്യവുമൊക്കെ ഒരിന്ദ്രജാലത്തിലെന്നവണ്ണം അപ്പോള്‍ കവിതയിലായിപ്പോവുന്നു.

‘ജലം അഗ്നിയില്‍ ചിരിച്ചു
അഗ്നി ജലത്തില്‍ ഒളിച്ചു
പരസ്പരം ലയിക്കാന്‍ കഴിയാതെ
നമ്മള്‍
മഞ്ഞിന്റെ പരിഹാസത്തില്‍
പരിതപിക്കുന്ന വെണ്‍ചാരത്തില്‍
നോക്കിയിരുന്നു.’
(പ്രണയസന്ധി)

ഒരര്‍ത്ഥത്തില്‍ കവിതയ്ക്കു മാത്രം എത്തിച്ചേരാനാവുന്ന ആത്മസൗന്ദര്യത്തിന്റെ യോഗാനുഭവമാണ് ഏറ്റവും നവീനമായ ഒരു ഭാവുകത്വത്തില്‍ കവി ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നത്.

”ശ്രീകുമാരന്‍തമ്പിയുടെ ഭാവനാലോകം യോഗാത്മകതയുടെ നിലയെ ആഗ്രഹിക്കുന്നുണ്ട്.” എന്ന് കെ.പി. അപ്പന്‍ ഒരിക്കല്‍ നിരീക്ഷി ച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളുടെ ഉള്ളറകളിലേക്കു കടക്കാനുള്ള ഒരു പ്രധാനപ്പെട്ട താക്കോലായി ഈ നിരീക്ഷണത്തെ കാണാവുന്നതാണ്.

നാനൃഷി കവി (ഋഷിയല്ലാത്തവന്‍ കവിയല്ല) എന്ന പഴയ ഭാരതീയ ചിന്തയെ മുന്‍നിര്‍ത്തിപ്പറഞ്ഞാല്‍, ദര്‍ശനംകൊണ്ടും അനുഭൂതികൊണ്ടും ഋഷിപദത്തിലെത്തിയ ഒരു കവിയുടെ വിശിഷ്ടലൗകികപാഠങ്ങളാണ് ശ്രീകുമാരന്‍തമ്പിയുടെ കവിതകള്‍. അതിനാല്‍ത്തന്നെ, ഒരുതരം വിരക്തരതി ആ കവിതകളെ ഭരിക്കുന്നുണ്ട്. ജീവിതരതിയില്‍ ആകണ്ഠം ആഴ്ന്നുമുങ്ങുമ്പോഴും ‘ഇതൊന്നും എന്റേതല്ല’ (ഇദം ന മമ) എന്ന ഒരു ആത്മീയ പ്രബുദ്ധത കാവ്യജ്ഞാനത്തിന്റെ അന്തര്‍ഭാവമായിത്തീരുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.