DCBOOKS
Malayalam News Literature Website

പ്രപഞ്ചം മുഴുവൻ നിറസാന്നിധ്യമാകുന്ന മിന്നൽക്കഥകൾ

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കെ. പാറക്കടവിന്റെ ‘തിരഞ്ഞെടുത്ത കഥകള്‍’ എന്ന പുസ്തകത്തിന് പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അമൽ എഴുതിയ വായനാനുഭവം

വായന തുടങ്ങിയ സമയം മുതൽ തന്നെ എനിക്ക് ഏറെ ഇഷ്ടമാണ് പി. കെ. പാറക്കടവ് എഴുതുന്ന കുഞ്ഞുകഥകൾ. എവിടെ കണ്ടാലും ദാന്ന് പറയുന്ന സമയം കൊണ്ട് വായിച്ചു തീർക്കാം. എന്നാലോ ദാർശനികതയും സാമൂഹിക വിമർശനവും ചരിത്രവും രാഷ്ട്രീയവും കുടുംബ ജീവിതവും എന്ന് വേണ്ട, പ്രപഞ്ചം മുഴുവൻ ആ മിന്നൽക്കഥകളിൽ നിറ സാന്നിധ്യം ആണ് താനും. ഉൺമ മിനിമാസികയുടെ ടാഗ് ലൈൻ പോലെ കടലിൽ കടുകല്ല, കടുകിൽ കടൽ ആണ് പി. കെ. പാറക്കടവിന്റെ കഥകൾ. പതിറ്റാണ്ടുകളായി കുഞ്ഞുകഥകളിൽ മാത്രം അതീവ ശ്രദ്ധയോടെ തപസ്സിരുന്ന്, ആറ്റിക്കുറുക്കി എഴുതിയെഴുതി അദ്ദേഹം ഹൈക്കു കവിതകൾ (കഥകൾ) എഴുതുന്ന ഒരു സെൻ മാസ്റ്റർ ആയത് പോലെ എനിക്ക് തോന്നാറുണ്ട്. ലോകത്തിന് മുന്നിൽ നമ്മുടെ പരിമിതമായ ഫ്ലാഷ്/മൈക്രോ ഫിക്ഷൻ ലോകത്തെ സാഭിമാനം പ്രതിനിധാനം ചെയ്യുന്ന മലയാളത്തിൻറെ സ്വന്തം ബഷോ: പി. കെ. പാറക്കടവ്.

കുഞ്ഞുകഥകളെ ഗൗരവത്തോടെ കണ്ട് വായിക്കാനും പഠിക്കാനും ശ്രമിച്ചപ്പോൾ, ആനുകാലികങ്ങളിൽ വന്ന പല വിദേശ ഫ്ലാഷ്/Textമൈക്രോ ഫിക്ഷൻ കഥകളും വായിച്ചപ്പോൾ പാറക്കടവ് ഇരിക്കുന്ന മലയാളത്തിന്റെ
തട്ട് താണ് തന്നെ ഇരിക്കുന്നതായി മനസ്സിലായി. ലിഡിയ ഡേവിസ്, മാർഗരറ്റ് ആറ്റ്വുഡ് തുടങ്ങി ലോകം മുഴുവൻ അറിയപ്പെടുന്ന പല എഴുത്തുകാരും കുഞ്ഞുകഥകൾ ബൗദ്ധികവ്യായാമം ലക്ഷ്യമിട്ട് എഴുതുമ്പോൾ നമുക്ക് ഒട്ടും പ്രവേശിക്കാൻ ഇടമില്ലാത്തതായി അവ മാറുന്നുണ്ട്. അതേസമയം പാറക്കടവ് കഥകളിൽ നമ്മൾ കൂടി ഉൾപ്പെടുകയും, അവ നമ്മൾ ഉള്ളിൽ പേറി പൂരിപ്പിക്കുകയും ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, അറബി, മറാഠി, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിൻറെ കുഞ്ഞു കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്.  ഗൂഗിളിൽ Flash fiction എന്ന് തിരയുമ്പോൾ Wikipedia നൽകുന്ന ഒരു വിശദീകരണം ഉണ്ട്. അതിൽ ലോകത്തിലെ പല ഭാഗങ്ങളിലും ഉള്ള കുഞ്ഞു കഥ എഴുത്തുകാരെപ്പറ്റി പറയുന്ന കൂട്ടത്തിൽ In the southwestern Indian state of Kerala P. K. Parakkadavu is known for his many microstories in the Malayalam language എന്ന് കാണാൻ കഴിയുന്നത്.

പതിറ്റാണ്ടുകൾ നീളുന്ന കുഞ്ഞു കഥയെഴുത്തിന്റെ ലോകത്ത് നിന്ന് തിരഞ്ഞെടുത്ത കുഞ്ഞുകഥകൾ (DC Books പ്രസിദ്ധീകരിച്ചത്) മലയാള കുഞ്ഞു കഥാമേഖലയുടെ ആഴവും പരപ്പും വെളിപ്പെടുത്തുന്നു. എൻറെ ഇഷ്ട പുസ്തകങ്ങളിൽ ഒന്നാണത്. കാണാൻ അവസരം ലഭിച്ചപ്പോഴൊക്കെയും സ്നേഹവും കരുതലും വാത്സല്യവും ഉദാരമായ കോഴിക്കോടൻ അതിഥിസൽക്കാരരീതികളും കൊണ്ട് ഉള്ളിൽ വളർന്ന് പന്തലിച്ച പി.കെ പാറക്കടവ് മാഷ്, എനിക്ക് ടിഷ്യൂപേപ്പർ കഥകൾ എഴുതുന്നതിൽ നൽകുന്ന പ്രചോദനവും പിന്തുണയും (എന്നെ സംബന്ധിച്ച്) അവിസ്മരണീയമാണ്. അദ്ദേഹത്തിൻറെ തിരഞ്ഞെടുത്ത കഥകൾക്ക് എല്ലാവിധ സ്നേഹാശംസകളും നേരുന്നു.
സുഹൃത്തുക്കൾക്കായി ഏതാനും ചില പാറക്കടവ് കഥകൾ ചുവടെ ചേർക്കുന്നു :

ലൗ ജിഹാദ് /പി. കെ. പാറക്കടവ് ഇണക്കുരുവികളിലൊന്നിനെ കൊന്ന കാട്ടാളനോട് ‘ ‘മാനിഷാദ’ എന്ന് പറയാൻ പോവുകയയായിരുന്നു വാല്മീകി. കാട്ടാളൻ ചിരിച്ചു. പിന്നെ ഗൗരവം വിടാതെ കാട്ടാളൻ പറഞ്ഞു. “ഇണക്കുരുവികൾ രണ്ട് മതക്കാരാണ്. പെൺകുരുവിയെ ആൺകുരുവി പ്രണയം നടിച്ച് തട്ടിക്കൊണ്ട് വന്നതാണ്. കോടതിക്ക് മുന്നിൽ പോലും കുറ്റക്കാരനല്ലെന്ന് ഞാൻ തെളിയിക്കും.” വാല്മീകി രാമായണം എഴുതിയില്ല. (തിരഞ്ഞെടുത്ത കഥകളിൽ നിന്ന് )

പേര് മാറ്റം/പി.കെ. പാറക്കടവ്

ഭരണാധികാരികൾ ചരിത്രനഗരങ്ങളുടെ പേര് മാറ്റുന്നതിനിടയിൽ, ഒരു തെരുവ് ബാലൻ രാവ് മൂക്കുമ്പോൾ റെയിൽവേസ്റ്റേഷന്റെയും ബസ് സ്റ്റാൻഡിന്റെയും പേര് മാറ്റുന്നു:
‘വീട് ‘.

മൂന്ന് പരിസ്ഥിതിക്കഥകൾ/പി. കെ. പാറക്കടവ്

വയൽ
രാവിലെ നെൽക്കതിരുകൾക്കിടയിലൂടെ നടന്ന വയലുകളിലത്രയും കമ്പികൾ മുളച്ചിരിക്കുന്നു.
കമ്പികളിൽ വിളയുന്നത് സിമെന്റ് ചാക്കുകൾ.
മറുകര
ദൈവത്തിന്റെ നോട്ടീസ് ബോർഡിൽ ഇങ്ങനെ –
ഭൂമിയിൽ പ്രാണവായു പരിമിതമാണ്.
ആവശ്യത്തിൽ കവിഞ്ഞ് ശ്വസിക്കുന്നവർ ശിക്ഷിക്കപ്പെടും.
“ശ്വസിക്കാൻ പ്രണവായു ആവശ്യമില്ലാത്ത ഒരു ലോകമുണ്ടോ?”
നോട്ടീസ് വായിച്ചു ഞാൻ ചോദിച്ചു.
“ഉണ്ടല്ലോ.”ദൈവം പറഞ്ഞു. എന്നിട്ട് അവന്റെ താക്കോൽ കൊണ്ട് മറ്റൊരു ലോകത്തിന്റെ താഴ് തുറന്നു തന്നു.
തോന്നൽ
മഴയിൽ കുളിച്ച്
കാറ്റ് കൊണ്ട് മുഖം തോർത്തി
ഇടിയുടെ അകമ്പടിയോടെ നടന്ന്‌
മുൻവാതിൽ തുറന്നു.
പുറത്ത് വാ പിളർന്ന് വേനൽ.

വൃക്ഷവും കവിയും/പി കെ പാറക്കടവ്

വൃക്ഷം കവിയോട് പറഞ്ഞു.
“നിനക്ക് പേരേ ഉള്ളൂ. എനിക്ക് പേരില്ലെങ്കിലും വേരുണ്ട്.”
വൃക്ഷം തുടർന്നു :
” നിനക്ക് ഏറിയാൽ ഒരു നല്ല മനുഷ്യനാകാം “.
കവി ചോദിച്ചു.
” ഇപ്പോൾ ഞാൻ മനുഷ്യനല്ലേ?”
വൃക്ഷം പറഞ്ഞു:
“അല്ല നീ വെറുമൊരു മരം.
ഒന്നിനെപ്പറ്റിയും ബോധമില്ലാത്ത ഒരു മരം.”
കവി ചോദിച്ചു :
“അപ്പോൾ നീയോ? നീയുമൊരു മരമല്ലേ?”
വൃക്ഷം മൊഴിഞ്ഞു :
“അല്ല ഭൂമിക്കടിയിൽ വേരും ആകാശത്തെ തൊടുന്ന ചില്ലകളുമുള്ള ഞാനാണ് യഥാർത്ഥ കവി, കലാകാരൻ “.
അത് പറഞ്ഞു വൃക്ഷം കുലുങ്ങി ചിരിച്ചു.
അപ്പോൾ കവിയുടെ ദേഹം മുഴുവൻ പൂക്കൾ കൊണ്ട് മൂടി.

( DC Books പ്രസിദ്ധീകരിച്ച പ്രിയപ്പെട്ട കൊച്ചു കഥകൾ എന്ന പുസ്തകത്തിൽ നിന്ന് )

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.