DCBOOKS
Malayalam News Literature Website

തിലകന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

നടന്‍ തിലകന്റെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന തിലകന്‍ സ്മാരക കലാ സാംസ്‌കാരികവേദിയുടെ 2018 ലെ തിലകന്‍ സ്മാരക സംസ്ഥാന പുരസ്‌കാരം നടി മഞ്ജുവാര്യര്‍ക്ക്. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌ക്കാരം. മൂന്ന് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമ ജീവിതത്തില്‍ വൈവിധ്യമുള്ള സ്ത്രീകഥാപാത്രങ്ങളെ ശക്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ മഞ്ജുവാര്യര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. 25,000 രൂപയും, ശില്‍പ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്കും തിലകന്‍ സ്മാരക കലാസാംസ്‌കാരിക വേദി പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നുണ്ട്. രാഷ്ട്രീയസാമൂഹിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അര്‍ഹനായി. 25,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

തിലകന്റെ മകന്‍ ഷോബി തിലകന്റെയും കുടുംബത്തിന്റെയും സഹകരണത്തോടെയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ അവസാനം ചിറ്റാറില്‍ ചേരുന്ന യോഗത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

വിവിധ മേഖലകളില്‍ അവാര്‍ഡ് ലഭിച്ചവര്‍;

മധു കൊട്ടാരത്തില്‍( നാടകം) , രവി വര്‍മ്മ തമ്പുരാന്‍ (കഥ/നോവല്‍), ആര്യാ ഗോപി (കവിത), ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിക്കുള്ള പത്രമാധ്യമ പുരസ്‌ക്കാരത്തിന് മംഗളം ദിനപത്രം പത്തനംതിട്ട ബ്യൂറോയിലെ സബ് എഡിറ്റര്‍ ജി വിശാഖന്‍ അര്‍ഹനായി. സണ്‍ഡേ മംഗളത്തില്‍ പ്രസിദ്ധീകരിച്ച ശിരസില്‍ വരച്ചത് എന്ന ഫീച്ചറിനാണ് പുരസ്‌ക്കാരം. ദൃശ്യ മാധ്യമ രംഗത്തെ മികവിന് മാതൃഭൂമി ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി വിദ്യ അര്‍ഹയായി.

വിമര്‍ശനാത്മക ദൃശ്യമാധ്യമ പുരസ്‌ക്കാരം ഏഷ്യനെറ്റിലെ പി ജി സുരേഷ്‌കുമാറിന് ലഭിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും, ശില്‍പ്പവും അടങ്ങുന്നതാണ് എല്ലാ പുരസ്‌ക്കാരങ്ങളും.

Comments are closed.