DCBOOKS
Malayalam News Literature Website

ഇവിടെ ഇത്രയും പേർ എന്തിനു ജീവിതമവസാനിപ്പിച്ചു ?

 

‘തീയൂർ രേഖകൾ‘  പുസ്തകത്തിന് എന്‍ പ്രഭാകരന്‍ എഴുതിയ ആമുഖക്കുറിപ്പ്..

തീയൂരിലേക്ക് ഞാൻ ആദ്യമായി പോയത് 1997 ഒക്ടോബർ 3 ാം തീയതിയാണ്. കാണാതാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും ഗ്രാമമെന്ന നിലയ്ക്ക് കുപ്രസിദ്ധമായിത്തീർന്നൊരു പ്രദേശമാണ് തീയൂർ. ഈ ഗ്രാമത്തെ പറ്റി ഒരു പരമ്പര തയ്യാറാക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഒക്ടോബർ 3 മുതൽ 7 വരെ ഞാൻ തീയൂരിലുണ്ടായിരുന്നു. തീയൂർ ജി എച്ച് എസ്സിനടുത്തുള്ള ഒരു ലൈൻ മുറിയിലായിരുന്നു താമസം.നാലഞ്ചു ദിവസം കൊണ്ട് ഞാൻ ഗ്രാമത്തിലുടനീളം സഞ്ചരിക്കുകയും പല തരക്കാരായ ആളുകളുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും എനിക്കാവശ്യമായി തോന്നിയ വിവരങ്ങളത്രയും ശേഖരിക്കുകയും ചെയ്തു.

തീയൂർ , ചെങ്കര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന തീയൂർ പഞ്ചായത്തിന്റെ വിസ്തീർണ്ണം 40.14 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ : 29901 ഇതിൽ പാതിയിലേറെ പേര് തീയൂരിലാണ്. 97 ജനുവരി മുതൽ സെപ്തംബർ വരെയുള്ള ഒൻപതു മാസത്തിനുള്ളിൽ തീയൂരിൽ മാത്രമായി പതിനാല് ആത്മഹത്യകൾ നടന്നു. ഇവിടെ നിന്ന് മാത്രമായി നാലുപേരെ കാണാതായി.

ആത്മഹത്യകളിൽ ഒമ്പതെണ്ണം തൂങ്ങി മരണമായിരുന്നു. മൂന്ന് പേർ വിഷം കഴിച്ചും ഒരാൾ പുഴയിൽ ചാടിയും മരിച്ചു. ഒരാളുടെ ആത്മഹത്യ വിചിത്രമായ theeyoor-rekhakalരീതിയിലായിരുന്നു. താൻ തന്നെ വളർത്തുന്ന രണ്ടു പോര് കോഴികളെ കൊണ്ട് ശരീരമാസകലം കൊത്തിച്ചാണ് അയാൾ ജീവനൊടുക്കിയത്. ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയും പേർ എന്തിനു ജീവിതമവസാനിപ്പിച്ചു എന്നത് തീയൂരുകാർക്കു തന്നെ ഒരു പിടികിട്ടായ്മയാണ്.തങ്ങൾക്കൊപ്പം ജീവിച്ചു പോന്ന നാലുപേർ എങ്ങനെ അപ്രത്യക്ഷരായി എന്നതിനെ കുറിച്ചും എങ്ങും ചെന്നെത്താത്ത ചില ഊഹങ്ങൾ മാത്രമേ അവരുടെ കയ്യിലുള്ളൂ.

തീയൂരിലുണ്ടായിരുന്ന അഞ്ചു ദിവസവും ഞാൻ എന്റെ അന്നന്നത്തെ അനുഭവങ്ങളും പലരിൽ നിന്നായി കിട്ടിയ വിവരങ്ങളും കൃത്യമായി കുറിച്ചു വച്ചു. 8 ാം തീയതി ഉച്ചയ്ക്കാണ് ഞാൻ ആപ്പീസിൽ മടങ്ങിയെത്തിയത്. 11 ാം തീയതിയാണ് ‘തീ തിന്നുന്ന ഗ്രാമം ‘ ന്യൂസ് എഡിറ്ററെ ഏൽപ്പിച്ചത്‌. പിറ്റേന്ന് മുതൽ നാല് ദിവസങ്ങളിലായി ജനവാർത്തയിൽ അടിച്ചു വന്ന ആ സ്റ്റോറി ഒരൊറ്റ രാത്രി കൊണ്ട് ഞാൻ എഴുതി തീർത്തതാണ്. തീയൂരുകാരിൽ നിന്ന് പറയത്തക്ക പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും മറ്റനേകം ഗ്രാമങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്ന് പോലും ആപ്പീസിലേക്ക് കത്തുകൾ പ്രവഹിച്ചു.

ഒരു പത്ര പ്രവർത്തകന്റെ ഏതൊരു വിജയവും അൽപായുസ്സാണ്. ‘തീ തിന്നുന്ന ഗ്രാമം’ എനിക്ക് നേടിത്തന്ന അംഗീകാരവും വളരെ വേഗം പഴങ്കഥയായി തീർന്നു. എന്നാൽ തീയൂരും അവിടെ ജീവിച്ചിരിക്കുന്നവരും അകാലത്തിൽ അവിടെവച്ച് ജീവിതം അവസാനിപ്പിച്ചവരും ആ ഗ്രാമത്തിൽ നിന്ന് കാണാതായവരുമെല്ലാം എന്റെ ദൈനം ദിന മനോവ്യാപാരങ്ങളുടെ ജീവത്തായ ഭാഗമായി തന്നെ തുടർന്നു. ഒരിക്കൽ കൂടി ആ ഗ്രാമത്തെ കുറിച്ച് എന്തെങ്കിലും എഴുതാനുള്ള ആഗ്രഹം വലിയൊരു വിങ്ങലായി എന്നെ ബാധിച്ചു. അത് താങ്ങാവുന്നതിലുമേറെയായപ്പോഴാണ് ഈ പുസ്തകം ഞാൻ എഴുതി തുടങ്ങിയത്. തീയൂരിൽ വച്ച് ഞാൻ അന്നന്ന് കുറിച്ചു വച്ച വസ്തുതകളും കേട്ടറിഞ്ഞ കാര്യങ്ങളും അന്നാട്ടുകാരൻ തന്നെയായ വാർധ ഗോപാലൻ എഴുതിയ ‘തീയൂരിന്റെ ചരിത്ര’ത്തിൽ നിന്ന് ലഭിച്ച വിവരങ്ങളും ഞങ്ങളുടെ പത്ര ഏജന്റ് സദാനന്ദൻ മാഷ് നേരിൽ പറഞ്ഞതും , പലപ്പോഴായി എഴുതിയറിയിച്ച സംഗതികളുമെല്ലാം ഇതിനകത്ത് കൂടിക്കലർന്നിട്ടുണ്ട്.

ഈ പുസ്തകത്തിന് ഞാൻ നൽകിയിരിക്കുന്ന ‘തീയൂർ രേഖകൾ‘ എന്ന പേര് ചരിത്ര വിദ്യാർത്ഥികളെയോ മറ്റുള്ളവരെയോ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ഉപയോഗിച്ചതല്ല. 1997 ഒക്ടോബർ 3 മുതൽ 7 വരെയുള്ള ദിവസങ്ങളിലെ എന്റെ സ്വകാര്യ കുറിപ്പുകൾ ഒരു കവറിലാക്കി മറ്റു പലതിന്റെയും കൂട്ടത്തിൽ തറയിൽ അലസമായി ഇട്ടിരിക്കുകയായിരുന്നു. പുസ്തകമെഴുത്ത് മനസിന്റെ ഒഴിവാക്കാനാകാത്ത ഒരാവശ്യമായി തീർന്നപ്പോഴാണ് എല്ലാം ആരംഭം മുതൽ ഓർമ്മിച്ചെടുക്കുന്നതിനായി ആ കവർ ഞാൻ തപ്പിപിടിച്ചെടുത്തത്. തറയിലെ നേർത്ത ഈർപ്പം കാരണമാകാം അതിനു മേൽ പുകയുടെ നിറമുള്ള പൂപ്പൽ പരന്നിരുന്നു. അകത്തെ കടലാസുകൾക്കെല്ലാം അല്പമായി മഞ്ഞ നിറം ബാധിച്ചിരുന്നു. ആകെക്കൂടി ഇതൊരു പഴയ ചരിത്ര രേഖപോലിരിക്കുന്നല്ലോ എന്ന് ഞാൻ തമാശയായി ഓർത്തുപോയി. ആ തോന്നലിനു പുറകെ ഉള്ളിലേക്കൊരു പേരും കടന്നു വന്നു – തീയൂർ രേഖകൾ !

Comments are closed.