DCBOOKS
Malayalam News Literature Website

ജീവിതം തന്നെ ഒരു ‘തേന്‍കെണി’യല്ലേ?

”പലയിടത്തായി പലപ്പോഴായി കുറിച്ച കുറിപ്പുകളാണ് ‘തേന്‍കെണി’. ചിലത് ഇംഗ്ലിഷില്‍ മുസ്സോറി ദേശീയ അക്കാദമിയുടെ ന്യൂസ്‌ലെറ്ററിലും ചില ദല്‍ഹി ഇംഗ്ലിഷ് വാരികകളിലും വന്നിട്ടുണ്ട്. മലയാളത്തില്‍ ഇവ ആദ്യമാണ്. ജോലിയുടെ മടുപ്പില്‍ കണ്ടെടുത്ത കുസൃതികളാണ് മിക്കവയും. ഇവയില്‍ പക്ഷേ യാഥാര്‍ത്ഥ്യം തിരയരുത്. ഇതൊക്കെ അപ്പടി സംഭവിച്ചതാണെന്നും കരുതേണ്ട. കുറെ ത്രഡുകള്‍; അതില്‍ തേച്ച ഭാവനയുടെ ചായം. ജീവിതംതന്നെ ഒരു ‘തേന്‍കെണി’യല്ലേ? വീണുകിടക്കുമ്പോള്‍ ആകാശത്തിനു പരപ്പു കൂടുതല്‍ തോന്നും. വലിയ ഗൗരവത്തിലൊന്നും ‘തേന്‍കെണി’ കാണണ്ട. ചുമ്മാ വായിക്കുക. ചിലതു രസിക്കും.”

ഡോ.അശോക്.ബി-യുടെ ‘തേന്‍കെണി’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

മുടിയൊക്കെ കൊഴിഞ്ഞ് മദ്ധ്യവയസ്സിലെത്തി, കുടവയറൊക്കെ ഇറങ്ങിയ ഒരു സര്‍ക്കാര്‍ ‘ഫയലുന്തി’, ന്യൂയോര്‍ക്കിലെയോ, ഡര്‍ഹമിലെയോ ആംസ്റ്റര്‍ഡാമിലെയോ പേരുകേട്ട നിശാക്ലബ്ബില്‍ പൂസ്സായി ആടിപ്പാടി നടക്കുന്നതു കണ്ടിട്ടുണ്ടോ?

ഞാന്‍ പലവട്ടം ഈ രസകരമായ കാഴ്ച കണ്ടിട്ടുണ്ട്. വിദേശയാത്രകളില്‍ ഇത്തരം നിമിഷങ്ങള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കാനുതകുന്ന വക തന്നിട്ടുണ്ട്. ഓഫീസിലെ മടുപ്പില്‍നിന്നും ഭാര്യയുടെ കടുപ്പത്തില്‍നിന്നും സിവില്‍സര്‍വ്വീസിലെയും രാഷ്ട്രീയതലത്തിലെയും മേധാവികളില്‍നിന്നും മോചനം ലഭിച്ച ആ ആത്മാവ് മുക്തി പ്രാപിക്കാനായി എന്തും ആ നിമിഷങ്ങളില്‍ കാട്ടിക്കൂട്ടിക്കളയും. അതിനിടയിലും കണ്ടുപിടിക്കപ്പെടുമോ എന്ന ശങ്കയാല്‍ ആകെ ടെന്‍ഷനിലാകും. ഫലത്തില്‍ ആഹ്ലാദവും ആശങ്കയും ഒക്കെയായി ഒരു വല്ലാത്ത അവസ്ഥയിലായിരിക്കും അയാള്‍.

ഈ കഥയിലെ കഥാപാത്രവും ഹരിയാനാ കേഡറിലെ ജാവഡ്ബന്ദര്‍ (കുരങ്ങുകളിയിലെ) കഥാനായകനാണ്. യു.എസ്സിലെ ഡര്‍ഹാമില്‍ പണ്ടു പരിശീലനത്തിനു പോയപ്പോള്‍ ഞങ്ങളുടെ ദാഹാര്‍ത്തരായ ടീമിനെ ഡര്‍ഹാം ഡൗണ്‍ടൗണിലെ ബാറുകളിലും ക്ലബ്ബുകളിലും നയിച്ചത് ഉരുളയ്ക്കുപ്പേരിപോലെ ഇംഗ്ലിഷില്‍ സംസാരിക്കുന്ന ആ ഐ.എ.എസ്. സാറാണ്.

യൂണിവേഴ്‌സിറ്റിക്കടുത്തുള്ള ഹോട്ടലില്‍ താമസമാക്കിയ ദിവസംതന്നെ ജാവഡ് എന്നെ ‘ശ്ശ്’ എന്നു വിളിച്ചു. ബാല്‍ക്കണിയില്‍നിന്നു ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ നിറുത്തിയിട്ടിരിക്കുന്ന അമേരിക്കന്‍ പോലീസ് കാര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

”ഭയ്യാ… ഇവിടെ വളരെ സൂക്ഷിച്ചുവേണം എക്‌സ്ട്രാകരിക്കുലര്‍ കലാപരിപാടികള്‍… ഈ സി. ഐ.എ. ചാരന്മാരും അമേരിക്കന്‍ പോലീസുമൊക്കെ നമ്മളെ സസൂക്ഷ്മം നിരീക്ഷിച്ചോണ്ടിരിക്കുവാ…”

Textഎന്റെ ഭാവം കണ്ട് അയാള്‍ കാര്യം കൂടുതല്‍ വിശദീകരിച്ചു. നിങ്ങള്‍ ‘തേന്‍കെണി’ യെപ്പറ്റി കേട്ടിട്ടില്ലേ? മാദകത്വമുള്ള പെണ്ണുങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും ഡിപ്ലോമാറ്റുകളെയും രാഷ്ട്രീയനേതാക്കളെയും മറ്റും വലയില്‍ വീഴ്ത്തുന്ന പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികളുടെ പഴയ അടവാണത്. നമുക്കു നേരേ ഇവന്മാര്‍ ഈ അടവു നിശ്ചയമായും പ്രയോഗിക്കുമെന്ന് ജാവഡ് എന്നെ അറിയിച്ചു. നമ്മള്‍ മുനിസിപ്പല്‍ ഭരണവും മറ്റും നോക്കുന്ന ശരാശരിക്കാരല്ലേ. വളംനിര്‍മ്മാണവും ഖരമാലിന്യനിര്‍മ്മാര്‍ജ്ജനവുമൊക്കെ മാത്രമേ നമുക്കറിയാവൂ എന്നും സി. ഐ. എയ്ക്ക് നമ്മളില്‍ ഒരു താല്‍പര്യവും ഉണ്ടാകില്ലെന്നുംമറ്റും ഞാനയാളെ സമാശ്വസിപ്പിച്ചെങ്കിലും ആള്‍ വഴങ്ങിയില്ല. ഹരിയാനയില്‍നിന്നുള്ള തന്റെ പക്കല്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കു താല്‍പര്യമുള്ള നിരവധി നിഗൂഢതകളുണ്ടാവുമെന്ന് അയാള്‍ ശങ്കിച്ചു.

പണ്ട് ഉഗാണ്ടന്‍ സ്വേച്ഛാധിപതി ഈദി അമീനെ ഹണിട്രാപ്പു ചെയ്ത യു. എസ്. ഏജന്‍സികളുടെ ദുരന്തം ഞാനയാളെ ധരിപ്പിച്ചു. യു. എസ്. ചാരന്മാര്‍ തയ്യാര്‍ചെയ്ത മോഡലുകളെ ‘സ്വാദു നോക്കിയ അമീനെ യു.

എസ്സില്‍നിന്നും മടങ്ങുംമുമ്പ് കലാപരിപാടികളുടെ മള്‍ട്ടി കളര്‍ഫോട്ടോകള്‍ സി.ഐ.എ. ഏജന്റുമാര്‍ കാട്ടുകയുണ്ടായി. തന്നെ കുടുക്കി എന്ന ഭാവത്തില്‍ വിജയശ്രീലാളിതരായിനിന്ന യു. എസ്. ഏജന്റുമാരുടെ ചുമലില്‍ തട്ടി ഈദി പറഞ്ഞതിതാണ്:

”ഇതിന്റെ കുറെ കോപ്പികള്‍ എന്റെ സെക്രട്ടറിക്കു കൊടുക്ക്. ഈ അമേരിക്കന്‍ സുന്ദരികളുമൊത്തുള്ള നഗ്നചിത്രങ്ങള്‍ എനിക്ക് ഉഗാണ്ടന്‍ ടി.വി.യില്‍ സംപ്രേഷണം ചെയ്യണം.”

കാര്യം പിടികിട്ടാതെ മിഴിച്ചുനിന്ന യു. എസ്. ചാരന്മാരെ ഞെട്ടിച്ചുകൊണ്ട് ഈദി പറയുന്നു സെക്രട്ടറിയോട്, ”ഒരടിക്കുറുപ്പും കൊടുത്തേക്ക്. ജനറല്‍ ഈദി അമീന്റെ വ്യക്തിപ്രഭാവത്തില്‍ മനം മയങ്ങിയ മിസ്സിസ് നിക്‌സണ്‍, മിസ് നിക്‌സണ്‍ എന്നിവരെ പ്രാപിക്കുന്ന നിങ്ങളുടെ ബഹുമാന്യനായ പ്രസിഡന്റ്. പൗരുഷത്തില്‍ പ്രസിഡന്റ് നിക്‌സണ്‍ ഒന്നുമല്ലെന്ന് ”കൂടിക്കാഴ്ചയ്ക്കുശേഷം നിരാശയോടെ മിസ്സിസ് നിക്‌സണ്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.”

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.