DCBOOKS
Malayalam News Literature Website

കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയുമായി എഴുത്തുകാരി രാജശ്രീ കേരള സാഹിത്യോത്സവ വേദിയില്‍

കല്യാണിയുടെയും സുഹൃത്ത് ദാക്ഷായണിയുടെയും കഥ ഫേസ്ബുക്ക് പോസ്റ്റുകളായാണ് തലശേരി ബ്രണ്ണന്‍ കോളജ് അധ്യാപിക രാജശ്രീ വായനക്കാരിലെത്തിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത രചന പിന്നീട് ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ’ എന്ന പേരില്‍ പുസ്തകമായി തീരുകയായിരുന്നു. സ്ത്രീ സാഹിത്യം എഴുതുമ്പോള്‍ മാത്രം എങ്ങനെ തുറന്നെഴുത്താകുന്നുവെന്ന് എഴുത്തുകാരി ആര്‍ രാജശ്രീ. കേരള സാഹിതോത്സവത്തിന്റെ അഞ്ചാം പതിപ്പില്‍ കല്യാണി, ദാക്ഷായണി എന്നീ രണ്ട് സ്ത്രീകളുടെ നോവലിനെ കുറിച്ചായിരുന്നു എഴുത്തുകാരി രാജശ്രീ സംസാരിച്ചത്. ഒരാഴ്ചക്കുള്ളില്‍ ആദ്യപതിപ്പ് വിറ്റ് തീര്‍ത്ത പുസ്തകം വായനക്കാര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും ചര്‍ച്ചയാവുകയായിരുന്നു. പേരില്ലാതായാണ് തന്റെ നോവല്‍ ഉടലെടുത്തത്. കല്യാണിയുടെ കഥ പറയാന്‍ ശ്രമിച്ചപ്പോള്‍ അത് ദാക്ഷയണിയിലേക്ക് എത്തുകയായിരുന്നു. അവസാനഘട്ടത്തിലാണ് നോവലിന് ഈ പേര് താന്‍ തിരഞ്ഞെടുത്തതെന്നും രാജശ്രീ പറയുന്നു. നോവലിന്റ ഒരു ഭാഗത്ത് കല്യാണി മുറ്റമടിക്കുന്ന ഒരു ഭാഗം ഉള്ളതിനാല്‍ മാത്രമാണ് പുസ്തകത്തിന്റെ പുറം ചട്ടയില്‍ ചൂല് നല്‍കിയതെന്നും അതെ സമയം ചൂലിന്റെ അര്‍ത്ഥം മാറിയെന്നും അതിനൊരു രാഷ്രീയ പദവി ഉണ്ടെന്നും എഴുത്തുകാരി ഓര്‍മിപ്പിച്ചു. സ്ത്രീയ്ക്ക് വിവാഹത്തിന് ശേഷമാണ് അധിനി വേഷവും പ്രതിരോധവും നടക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയോടൊപ്പം തന്നെ കേരള രാഷ്ട്രീയത്തിന്റെ പ്രധാന ഏടുകളും രാജശ്രീയുടെ കഥകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. കണ്ണൂരിന്റെ നാട്ടുമൊഴിയാണ് കഥയില്‍ ഏറെയും. എന്നാല്‍ ഭാഷാപരമായ ബുദ്ധിമുട്ട് എവിടെ സൂചിപ്പിച്ചിട്ടില്ല. ഒരു പെണ്ണിന് സ്വന്തമായി നാടുണ്ടോ, ഭാഷയുണ്ടോ, ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ വായനക്കാര്‍ക്ക് മുന്നില്‍ ഉയര്‍ത്തുകയാണ് രാജശ്രീയുടെ നോവലിലൂടെ. സ്ത്രീയുടെ സ്വയ നിര്‍ണ്ണയമാണോ അവകാശം, സഞ്ചാര സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, ലൈംഗിക സ്വാതന്ത്ര്യം, ഇതെല്ലാം നിഷേധിക്കുന്ന ഒരു പാട്രിയാക്കല്‍ സമൂഹത്തെ ചോദ്യം ചെയുന്നതാണ് രാജശ്രീയുടെ നോവല്‍.

Comments are closed.