DCBOOKS
Malayalam News Literature Website

ഹലാല്‍ വിരോധത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

വി.എ. കബീര്‍

ലവ്ജിഹാദ് മനോവിഭ്രാന്തിയുടെ പിന്തുടര്‍ച്ചതന്നെയാണ് ഇപ്പോള്‍ നടക്കുന്ന ഹലാല്‍
വിരുദ്ധ കോലാഹലവും. ലവ് ജിഹാദിനെന്നപോലെതന്നെ തീവ്രവലതുപക്ഷ ഹൈ
ന്ദവ-ക്രൈസ്തവ കരങ്ങള്‍തന്നെയാണ് ഇതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത്. ശുദ്ധമായ വംശീയവെറിയുടെ ദുര്‍ഗന്ധം പരക്കുന്ന ബഹിഷ്‌കരണാഹ്വാനങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.

ഏറെ വര്‍ഷം മുമ്പ്, എസ്.കെ. നായരുടെ മലയാളനാട് വാരികയില്‍ പി. നാരായണക്കുറുപ്പിന്റെ ഒരു ചെറുകഥ പ്രസിദ്ധീകരിച്ചുവരികയുണ്ടായി. ശീര്‍ഷകം ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒരു കഥാസന്ദര്‍ഭം മാത്രമാണ് ഓര്‍ക്കുന്നത്. ഒരു കൂട്ടര്‍ തീറ്റയ്ക്കായി പന്നിയെ അറുത്തതില്‍ ആ നാട്ടിലെ മുസ്‌ലിങ്ങള്‍ ഒട്ടാകെ ഹാലിളകിയതാണ് ഒരു കഥാസന്ദര്‍ഭം. അന്നത് വായിച്ച് ഒരുപാട് ചിരിക്കുകയുണ്ടായി. പശു, ഹിന്ദുക്കള്‍ക്ക് വിശുദ്ധ പൂജാമൃഗമാണെന്നപോലെ മുസ്‌ലിങ്ങള്‍ക്ക് പന്നി വിശുദ്ധമൃഗമായതിനാലാണ് അവരത് തിന്നാത്തതെന്നാണ് കഥാകൃത്ത് ധരിച്ചുവശായിരുന്നത്. അക്കാലത്ത് മുഖ്യധാരാ ആനുകാലികങ്ങളില്‍ കഥകളെഴുതുന്ന പ്രധാന എഴുത്തുകാരിലൊരാളായിരുന്ന നാരായണക്കുറുപ്പിന്റെ ‘സംഘിനിറം’ വെളിപ്പെട്ടിരുന്നില്ല. നിഷ്‌കളങ്കമായ അജ്ഞതയെന്നേ അതിനാല്‍ അന്നതിനെക്കുറിച്ചു കരുതിയിരുന്നുള്ളൂ. സംഘ്പരിവാറിന്റെ സാംസ്‌കാരിക നായകന്മാരിലൊരാളായാണ് ഇന്നദ്ദേഹം അറിയപ്പെടുന്നത്. അജ്ഞത വിചാരിക്കുംപോലെ അത്ര നിഷ്‌കളങ്കമായിരുന്നില്ലെന്നര്‍ത്ഥം. അബോധത്തില്‍ അനുഗ്രഹമായി പണ്ടേ കൊണ്ടുനടക്കുന്ന മൂലധനമാണത്. അപരനെ അറിയുന്നതിനുള്ള ഇന്ത്യക്കാരുടെ സഹജമായ വിമുഖതയെക്കുറിച്ച് ‘കിതാ ബുല്‍ഹിന്ദി’ല്‍ അല്‍ബിറൂനി നൂറ്റാണ്ടുകള്‍ക്കുമുമ്പേ എഴുതിയത് വെറുതെയല്ല.

പന്നി, മുസ്‌ലിങ്ങളുടെ വിശുദ്ധ മൃഗമാണെന്ന നാരായണക്കുറുപ്പിന്റെ വിചാരമൗഢ്യം പങ്കിടുന്നവര്‍ വേറേയും ധാരാളമുണ്ടാകാനാണു സാധ്യത. യഥാര്‍ത്ഥത്തില്‍ pachakuthiraഭക്ഷ്യയോഗ്യമല്ലാത്ത മലിനജീവി എന്ന ഗണത്തിലുള്‍പ്പെടുത്തിയാണ് മുസ്‌ലിങ്ങള്‍ പന്നിമാംസം ഉപേക്ഷിക്കുന്നത്. അതാകട്ടെ ഖുറാനില്‍ മാത്രമല്ല ബൈബിളിലും വിലക്കപ്പെട്ടതാണ് (ലേവ്യപുസ്തകം 11: 7-8), മധ്യപൗരസ്ത്യ ദേശത്തെ ജൂതന്മാര്‍ പൊ
തുവേ ഈ വിലക്ക് കര്‍ശനമായി പാലിച്ചുപോരുന്നുണ്ട്; ക്രിസ്ത്യാനികളില്‍ സെവന്‍ത് ഡേ അഡ്‌വെന്റിസ്റ്റുകളും ഇത്യോപ്യന്‍-ഇരിത്രിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും ഒഴികെ ആരും അത് ഇന്നു പാലിക്കുന്നില്ലെങ്കിലും. ഏതായാലും പന്നിയെ ആരെങ്കിലും അറുത്ത് തിന്നെന്നുവച്ച് മുസ്‌ലിങ്ങള്‍ എവിടെയും ഹാലിളകുകയില്ല. ഹാലിളകേണ്ട ആവശ്യവുമില്ല. നാരായണക്കുറുപ്പിനെപ്പോലുള്ള ‘അസാമാന്യ ഭാവനാശക്തി’യുള്ള എഴുത്തുകാരുടെ കഥകളില്‍ മാത്രം സംഭവിക്കുന്ന കഥകേട് മാത്രമാണത്.

ഇതൊരു ഒറ്റപ്പെട്ട ‘സംഭാവന’യല്ല. സംഘപരിവാറിന്റെ ഓരം ചേര്‍ത്തെഴുതുന്ന മിക്കവരിലും കാണപ്പെടുന്നതാണ് ഈ വര്‍ഗീയ മാനേച്ഛ. എഴുപതുകളുടെ ആദ്യത്തില്‍ കേസരി വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയും പിന്നീടു പുസ്തകരൂപത്തിലിറങ്ങുകയും ചെയ്ത ‘രസിക്കാത്ത സത്യങ്ങള്‍’ എന്ന നോവല്‍ ഇതിന്റെ പ്രകടമായ മറ്റൊരു ഉദാഹരണമാണ്. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതിനാല്‍ വര്‍ഗീയത എടുത്ത് വീശാനും അപരഹത്യ നടത്താനും എമ്പാടും പഴുതുള്ളതായിരുന്നു സ്വഭാവികമായും നോവലിന്റെ കേന്ദ്രപ്രമേയം. അതിലൊരിടത്ത് ‘വര്‍ഗീയ സംഘടന’യായ ജമാഅത്തെ ഇസ്‌ലാമിയും കടന്നുവരുന്നുണ്ട്. കോണ്‍ഗ്രസ്സ് ഉണ്ടാക്കിയ അതിന്റെ ശിങ്കിടി പാര്‍ട്ടിയായാണ് നോവലില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ചിത്രീകരണം. ജമാഅത്തെ ഇസ്‌ലാമിക്കെതിരേ എ.ഐ.സി.സി. പ്രമേയങ്ങള്‍ പാസ്സാക്കിക്കൊണ്ടിരിക്കുന്ന കാലത്താണു നോവല്‍ പ്രസിദ്ധീകരിക്കുന്നതെന്നതാണ് രസാവഹം. ജമാഅത്തെ ഇസ്‌ലാമി ഒരു കാലത്തും കോണ്‍ഗ്രസ്സിന്റെ പിണിയാള്‍ പാര്‍ട്ടിയായി പ്രവര്‍ത്തിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ സ്വാധീനമുള്ള മുസ്‌ലിം സംഘടനകളിലൊന്നായ ‘ജംഇയ്യത്തുല്‍ ഉലമാ’യെയാണ് നോവലിസ്റ്റ് ഇവിടെ ജമാഅത്തെ ഇസ്‌ലാമിയാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുക്കുകയും ഇന്ത്യാവിഭജനത്തെ സൈദ്ധാന്തികമായിത്തന്നെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്ത ദയബന്ദി മതപണ്ഡിതന്മാരുടെ സംഘടനയാണിത്. പില്‍ക്കാലത്ത് കോണ്‍ഗ്രസ്സ് മന്ത്രിമാരായിത്തീര്‍ന്ന മൗലനാ ആസാദും മൗലാനാ ഹിഫ്‌സുര്‍ റഹ്മാനും മറ്റും അംഗങ്ങളായ സംഘടന. വസ്തുതാപരമായ ഈ അബദ്ധം ചൂണ്ടിക്കാട്ടി ലേഖകന്‍ അന്ന് കേസരി വാരികയ്ക്ക് എഴുതുകയുണ്ടായെങ്കിലും അത് വെളിച്ചം കാണുകയുണ്ടായില്ല. പുസ്തകരൂപത്തില്‍ പിന്നീട് പ്രസിദ്ധീകരിച്ചപ്പോഴും ആ അബദ്ധം അങ്ങനെതന്നെ തുടര്‍ന്നിട്ടുണ്ടാകാനാണു സാധ്യത. ഇമ്മാതിരി അജ്ഞത ആഘോഷമായി കൊണ്ടാടുന്നതിന്റെ തുടര്‍ച്ചതന്നെയായി വേണം ഇപ്പോഴത്തെ ‘ഹലാല്‍’ കോലാഹലവും കാണാന്‍.

പുതിയ പദാവലികള്‍

അജ്ഞതയാണ് ആളുകളെ ശത്രുതയിലേക്കു നയിക്കുന്നതെന്ന് അറബിയില്‍ ഒരു പഴഞ്ചൊല്ലുണ്ട്.എന്നാല്‍ ഇപ്പോള്‍ നടക്കുന്നതൊക്കെ കേവലം അജ്ഞതയുടെ ഫലമാണെന്ന് വിശ്വസിക്കാന്‍ സാഹചര്യം അനുവദിക്കുന്നില്ല. ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ഓരോരോ പുതിയ സാങ്കേതിക പദാവലികള്‍ ചുട്ടെടുത്തു കൊണ്ടിരിക്കുകയാണ്. ‘ലവ് ജിഹാദാ’യിരുന്നു ആദ്യം. 2009-ലെ ജസ്റ്റിസ് കെ.ടി. ശങ്കരന്റെ ഹൈക്കോടതി ബെഞ്ചിന്റെ വിധിയോടനുബന്ധമായാണ് ഈ പദാവലി കൂടുതല്‍ പ്രചാരം നേടിവരുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഫെബ്രുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

Comments are closed.