DCBOOKS
Malayalam News Literature Website

സമൂഹവിരുദ്ധരുടെ ‘സത്യാനന്തരകാലം’

ഡോ.പി. ശിവപ്രസാദ്

സമൂഹത്തിലെ ഏത് രംഗത്തെയും സത്യനിഷേധത്തെക്കുറിച്ചു പറയാന്‍ നമ്മളിപ്പോള്‍ സത്യാനന്തരം എന്നുപയോഗിക്കുന്നു. ഇതില്‍ ഒരപകടം ഒളിഞ്ഞിരിപ്പുണ്ട്. എല്ലാതരത്തിലുമുള്ള അനീതികളെയും ഒരു പദംകൊണ്ട് സൂചിപ്പിക്കുമ്പോള്‍ അത് ഒരു ക്ലീഷേ കേള്‍ക്കുന്ന ലാഘവത്തോടെ നമ്മള്‍ സ്വീകരിക്കും. നമ്മള്‍ ജീവിക്കുന്നത് സത്യാനന്തരകാലത്താണെന്ന് പറഞ്ഞാല്‍ ഏത് കൊടിയ അനീതിയും ലഘൂകരിക്കപ്പെടുന്ന അവസ്ഥയുണ്ടാവും. സത്യാനന്തരം എന്ന പദം എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കുന്നവര്‍ക്ക് അതാണ് വേണ്ടതും.

ചില സംപ്രത്യയങ്ങള്‍ അങ്ങനെയാണ്, ഒരു കൂടാരംപോലെ അവ പ്രവര്‍ത്തിക്കും. പരസ്പര ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്തിനെയും കൂടാരം ഉള്‍ക്കൊള്ളുമല്ലോ. മനുഷ്യനോടൊപ്പം പറവയും മത്സ്യവും വന്യമൃഗങ്ങളും സര്‍ക്കസ്സ് കൂടാരത്തില്‍ ഒരുമിച്ചു കഴിയുന്നത് കണ്ടിട്ടില്ലേ. അതുപോലെ ചില സംപ്രത്യയങ്ങള്‍ അതുണ്ടായ കാലഘട്ടത്തിന്റെ സംത്രാസങ്ങളെ സമഗ്രമായി സ്വാംശീകരിക്കാറുണ്ട്. ഉത്തരാധുനികത എന്ന പ്രയോഗമെടുക്കാം. ആധുനികതയ്ക്കുശേഷമുണ്ടായത് എന്ന വാച്യാര്‍ത്ഥത്തിനപ്പുറം ഈ പദച്ചേരുവ വിനിമയം ചെയ്തിട്ടള്ള ആശയതലങ്ങള്‍ അസംഖ്യമാണ്. ഉത്തരാധുനികമെന്ന പ്രയോഗത്തിനുശേഷം ഇവ്വിധം കൂടാരസദൃശമായ സംപ്രത്യയമായി നാം ഇന്ന് ഉപയോഗിക്കുന്ന പദമാണ് സത്യാനന്തരകാലം.

രാഷ്ട്രീയ-മാധ്യമരംഗങ്ങളിലെ അധികാരകിടമത്സരങ്ങളില്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്ന നേരിന്റെയും വസ്തുതകളുടെയും യാഥാര്‍ത്ഥ്യത്തിന്റെയും നില അന്വേഷിച്ച ചിന്തകര്‍ പുതിയ കാലത്തിന് നല്‍കിയ പേരാണ് സത്യാനന്തരകാലം. 1992 ല്‍ സ്റ്റേവ് ടെസിക് എന്ന സേര്‍ബ്യന്‍-അമേരിക്കന്‍ എഴുത്തുകാരനാണ് ഈ പദം ആദ്യമായുപയോഗിക്കുന്നത്. 2016 ലെ അമേരിക്കന്‍ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് കാലത്ത് ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച 2016 ആഗസ്ത് മാസം Pachakuthiraമുതല്‍ വോട്ടെടുപ്പിന്റെ തലേന്ന് വരെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടത്തിയ സംവാദങ്ങള്‍ പി
ന്നീട് വസ്തുതാപരമായി പരിശോധിക്കപ്പെട്ടപ്പോള്‍217 അസത്യങ്ങളാണ് അവയില്‍ കണ്ടെത്തിയത്. അതില്‍ 79 ശതമാനം അസത്യങ്ങള്‍ ഡൊണാള്‍ഡ് ട്രംബും 21 ശതമാനം ഹിലാരി ക്ലിന്റനുമാണ് പ്രചരിപ്പിച്ചത്. യൂണിവിഷന്‍ ഡിജിറ്റല്‍ ന്യൂസിന്റെ മാനേജിങ് എഡിറ്ററായ ബോര്‍ജ എച്ചവേറിയ ഒരാഴ്ച്ചയ്ക്കകം രണ്ട് സ്ഥാനാര്‍ത്ഥികളും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചരിപ്പിച്ച കള്ളങ്ങള്‍ കൃത്യമായി പുറത്തുവിട്ടു. അതിനുശേഷം ഇത് മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അധികാരത്തലേറാന്‍ വേണ്ടി ബോധപൂര്‍വ്വം നടത്തിയ ഈ നുണപ്രചരണത്തെക്കുറിക്കാന്‍ പോസ്റ്റ് ട്രൂത്ത് എന്ന സംപ്രത്യയം അവര്‍ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ പദച്ചേരുവയ്ക്ക് വലിയ പ്രചാരമുണ്ടായി. അതുകൊണ്ടുതന്നെ ആ വര്‍ഷത്തെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ‘ഇന്റര്‍ നാഷണല്‍ വേര്‍ഡ് ഓഫ് ദ ഇയര്‍’ പുരസ്‌കാരം സത്യാനനന്തരകാലം എന്ന പദത്തിനായിരുന്നു. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഈ പുതിയ പദത്തെ നിര്‍വ്വചിക്കുന്നതിങ്ങനെയാണ്- വസ്തുതാപരമായ വിവരങ്ങളേക്കാള്‍ വികാരങ്ങളും വ്യക്തിവിശ്വാസങ്ങളും പൊതുജനാഭിപ്രായത്തെ നിര്‍ണ്ണയിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ അതിനെക്കുറിക്കാനുപയോഗിക്കുന്നതോ ആയത്.

വസ്തുനിഷ്ഠമായ യഥാര്‍ത്ഥ വസ്തുതകള്‍, ആവശ്യങ്ങള്‍ എന്നിവയേക്കാള്‍ താല്‍ക്കാലിക വികാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു വലിയ സമൂഹത്തെയാണ് ട്രംബും ഹിലാരിയും അഭിസംബോധന ചെയ്തത്. കൂടുതല്‍ മിടുക്ക് ട്രംബ് കാണിച്ചതിനാല്‍ അദ്ദേഹം ജയിച്ചു. ഇത് കാലഘട്ടത്തിന്റെ ഒരു വഴിത്തിരിവായി പാശ്ചാത്യ ചിന്തകര്‍ കാണുന്നു. അമേരിക്കയില്‍ മാത്രമല്ല സത്യാനന്തരയുക്തികള്‍ പ്രസക്തമാവുന്നത്. അതേവര്‍ഷം ഇംഗ്ലണ്ടിലും സമാനമായ അവസ്ഥയുണ്ടായി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുകടക്കാന്‍ ആഗ്രഹിച്ചവര്‍, അങ്ങനെ പുറത്തുകടന്നാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ബ്രക്‌സിറ്റ് റഫറണ്ടത്തിന് മുമ്പ് ജനങ്ങളുടെ മുന്നില്‍ ചില വിവരങ്ങള്‍ അവതരിപ്പിച്ച് അവരെ വിശ്വാസത്തിലെടുത്തിരുന്നു. എന്നാല്‍ അവര്‍ അവതരിപ്പിച്ച വിവരങ്ങളെല്ലാം കളവായിരുന്നു എന്ന് പിന്നീടാണ് ജനങ്ങള്‍ അറിയുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുകടന്നാല്‍ ബ്രിട്ടന് ഉണ്ടാവാനിടയുള്ള സാമ്പത്തികപ്രയാസങ്ങളെക്കുറിച്ച് വസ്തുതാപരമായ വിവരങ്ങള്‍ നിരത്തി അക്കാലത്ത് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒ.ഇ.സി.ഡി യുടെ പബ്ലിക് അഫയേര്‍സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്റ്ററായ ആന്റണി ഗൂച്ച് ഈ വിഷയത്തില്‍ തങ്ങള്‍ നല്‍കിയ വസ്തുതാപരമായ റിപ്പോര്‍ട്ട് സെന്‍സേഷണല്‍ മാധ്യമങ്ങള്‍ തള്ളിക്കളഞ്ഞതിനെക്കുറിച്ച് പറയുന്നുണ്ട്.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.