DCBOOKS
Malayalam News Literature Website

നോവലിസ്റ്റ് പരിമിതികളില്ലാത്ത സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ട്, വായനക്കാരനും: പി എഫ് മാത്യൂസ് എഴുതുന്നു

P.F. Mathews
P.F. Mathews

ഒരു മനുഷ്യനിൽത്തന്നെ അനവധി മനുഷ്യരുണ്ട്. വ്യത്യസ്തമായി ജീവിക്കുകയും ചിന്തിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്ന ഈ മനുഷ്യരെ പുറത്തേക്കെടുക്കുന്ന ജോലി കൂടി നോവലെഴുത്തിലുണ്ട്. വെറുതെ ഒരു കഥ പറഞ്ഞു തീർക്കൽ അല്ല എന്നു ചുരുക്കം. നോവൽ എഴുത്തുകാരൻ കഥയിൽ നിന്ന് വിവരണ കലയുടെ പുതിയ സാധ്യതകളിലൂടെ സഞ്ചരിക്കുക തന്നെ വേണം. ചിലർക്ക് ഒരാശയത്തിന്റെ പ്രകാശനമാണ് നോവൽ. ആശയം വെളിപ്പെട്ടു കഴിഞ്ഞാൽ നോവൽ അപ്രസക്തമാകുന്നു. ചിലർ ജീവിതാനുഭവളെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നു. മറ്റു ചില എഴുത്തുകാർക്ക് ചരിത്രമാണ് നോവലിനുള്ള ഉപകരണം. പ്രാഥമികമായി സംഭവിക്കേണ്ടത് ഒരു നോവൽ അതായി മാറുക എന്നതാണ്. ഒരു ചിത്രകാരൻ മുന്നിൽ ഇരിക്കുന്ന വൃദ്ധനെ നോക്കി വരക്കുമ്പോൾ ആ മോഡലിന്റെ മുഖത്ത് ഇല്ലാത്ത ചുളിവുകളും പ്രകാശവിന്യാസവും സ്വപ്നങ്ങളും ചിത്രത്തിൽ കടന്നു വരുന്നതു പോലെയുള്ള ഒരു പ്രവൃത്തി. ജീവിത യാഥാർത്ഥ്യവും നോവലിലെ യാഥാർത്ഥ്യവും സമാനമാണെങ്കിൽ എങ്ങനെ ആ നോവൽ ഇഷ്ടപ്പെടാനാകും ?
നോവലിസ്റ്റ് പരിമിതികളില്ലാത്ത സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ട്, വായനക്കാരനും.

തീർച്ചയായും നോവലിലെ വാചകങ്ങളെ മറി കടന്നും വായനക്കാരൻ സഞ്ചരിച്ചുവെന്നു വരും. എഴുതപ്പെട്ട വാചകങ്ങളിൽ നിന്ന് അയാൾ പുതിയൊരു കൃതി തന്നെ സൃഷ്ടിച്ചുവെന്നുമിരിക്കും. അതുകൊണ്ടുതന്നെ ഒറ്റവായനയിൽ തീർന്നു പോകുന്ന ഏകമുഖമായ ഒരു കഥ വിവരിച്ചു പിൻമാറുന്ന ഒരു കൃതി നല്ല നോവലാകാൻ സാധ്യതയില്ല.

ജീവിതം സമഗ്രമായി കാണാൻ മനുഷ്യനു കഴിയാത്തതിനു കാരണം അത് അത്രയ്ക്കേറെ ശിഥിലമായതിനാലാണ്. ചിതറിക്കിടക്കുന്ന ജീവിതത്തെ പുതിയ മട്ടിൽ ക്രമപ്പെടുത്താൻ നല്ലൊരു നോവലിസ്റ്റ് ശ്രമിച്ചേക്കും. പുതിയൊരു ക്രമവും ചട്ടക്കൂടും സൃഷ്ടിക്കാത്ത ഒരാൾ എങ്ങനെ നല്ലൊരു നോവലിസ്റ്റാകും?  ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവലിൽ എഴുതിപ്പോയ ഒരു വാചകം ഏതാണ്ട് ഇങ്ങനെയാണ്. എല്ലാ സാഹിത്യകൃതികളും എല്ലാവർക്കുമുള്ളല്ല. എഴുത്തുകാരനും വായനക്കാരനും ഇടയിലുള്ള രഹസ്യ കോഡുകളാണ് സാഹിത്യം .

സ്വാഭാവികമായും വായനക്കാർ തീരെ കുറഞ്ഞ നോവലിസ്റ്റ് കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു.
(റേഡിയോ മലയാളം നോവൽ ചർച്ചയിൽ പങ്കെടുത്തു പറഞ്ഞതിന്റെ ചുരുക്കം)

പി എഫ് മാത്യൂസിന്റെ ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കായി സന്ദർശിക്കുക

Comments are closed.