DCBOOKS
Malayalam News Literature Website

ശിലയിലെഴുതിയ മനുഷ്യര്‍

എ.ടി. മോഹന്‍രാജ് / ഡോ. പ്രമോദ് കെ. നാറാത്ത്‌

ലെമൂറിയ എന്ന പഴയ വന്‍കരയെക്കുറിച്ചുള്ള സങ്കല്പത്തില്‍ ഇന്ത്യയും ആഫ്രിക്കയും ഒക്കെ പണ്ട് ഒറ്റ വന്‍കരയായിരുന്നു. ദക്ഷിണേന്ത്യയിലെ മനുഷ്യവര്‍ഗ്ഗവും ആഫ്രിക്കയിലെ മനുഷ്യവര്‍ഗ്ഗവും ചേര്‍ന്നുള്ള ലെമൂറിയ വന്‍കരയെന്ന സങ്കല്‍പം കേസരി എ. ബാലകൃഷ്ണപിള്ളയുടെ പ്രോട്ടോക്രോണോളജിയുടെ പ്രബന്ധത്തില്‍ പറയുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നാണ് ആദിമ ഹോമോ സാപിയന്‍സുണ്ടായതെന്നും അവര്‍ പല വഴിക്കു പോയി ലോകം മുഴുവന്‍ രൂപാന്തരപ്പെട്ടതാണെന്നും എല്ലാം ഒറ്റബ്ലഡ് ആണെന്നും ആദിമാതാവിന്റെ മക്കളുടെ പരമ്പരകളാണ് നമ്മളും എന്ന് ശാസ്ത്രീയമായി അറിയുമ്പോള്‍ സവിശേഷമായ ഒരു മാനവബോധം നമ്മിലുണ്ടാവാം.

‘എടക്കല്‍ പാറച്ചിത്രങ്ങള്‍ പരിണാമവാദാനന്തര അപഗ്രഥനം’ എന്ന എ.ടി മോഹന്‍രാജിന്റെ ഡോക്യുമെന്ററി ഏറ്റവും പുതിയ കണ്ടെത്തലുകളാണ് മുന്നോട്ടു വെക്കുന്നത്. ആലപ്പുഴയില്‍ നടന്നുകൊണ്ടിരിക്കുന്ന’ലോകമേ തറവാട്’ വേദിയില്‍ കേരളപ്പിറവിദിനത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

മലയാളിയുടെ ജനിതക വായനയുമായി ബന്ധപ്പെട്ട് കുറെ വര്‍ഷങ്ങളായി നടത്തിയ പഠന ഗവേഷണങ്ങളുടെ ഫലമാണ് ഈ ഡോക്യുമെന്ററി എന്നു സംവിധായകന്‍ സിനിമയുടെ ആ pachakuthiraമുഖമായി പറയുന്നുണ്ട്. സംസ്‌കാരചരിത്രം, കലാചരിത്രം, നരവംശ വിജ്ഞാനത്തിന്റെ ആശയങ്ങള്‍, മസ്തിഷ്‌ക സൗന്ദര്യശാസ്ത്രത്തിന്റെയും പരിണാമവാദാനന്തര ജീവശാസ്ത്രത്തിന്റെയും ആശയങ്ങള്‍ എല്ലാം ഇഴ ചേര്‍ത്ത ഡോക്യുമെന്ററിയിലെ ആഖ്യാനം (സ്‌ക്രിപ്റ്റ്)ഒരു സെമിനാര്‍ പ്രബന്ധം പോലെസാന്ദ്രവും സമ്പന്നവുമായി അനുഭവപ്പെടുന്നു. കേരളത്തില്‍ സംസ്‌കാരാവിഷ്‌കാരങ്ങളില്‍ പ്രയോഗിച്ചു കാണാത്ത അപഗ്രഥനാശയങ്ങള്‍ പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെപ്പോലും വിസ്തൃതമാക്കുവാന്‍ പ്രേരകമായി.

സിനിമയുടെ സംവിധായകനായ എ.ടി. മോഹന്‍രാജുമായി ഒരു സംഭാഷണം.

ഡോ. പ്രമോദ്. കെ നാറാത്ത്: കുറെയധികം അന്വേഷങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമായി നിര്‍മ്മിച്ചതാണ് ‘എടക്കല്‍ പാറച്ചിത്രങ്ങള്‍’ഡോക്യുമെന്ററി എന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാവുന്നുണ്ട്. എടക്കലില്‍ എങ്ങിനെയാണ് താത്പര്യം ജനിച്ചത്? ഇതിന് വേണ്ടി കുറെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായോ?

എ.ടി മോഹന്‍രാജ്: ഞങ്ങള്‍ കോളജില്‍ പഠിക്കുന്ന സമയത്ത് (1970 കളില്‍) എടക്കലിനെക്കുറിച്ച്
വലിയ അറിവൊന്നുമില്ല. കേസരി എ. ബാലകൃഷ്ണപിള്ള എടക്കലിനെക്കുറിച്ച് എഴുതിയിട്ടുണ്ട് എന്നു കേട്ടിരുന്നു. അന്ന് കേസരിയുടെ ഇത്തരം പ്രബന്ധങ്ങളൊന്നും ഞങ്ങള്‍ക്ക്
ലഭ്യമായിരുന്നില്ല. നവലോകമെന്ന പുസ്തകത്തിന്റെ പൊടിയാറായ
കോപ്പികളാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. എടക്കലിനെക്കുറിച്ചുള്ള ചെറിയ പരാമര്‍ശങ്ങള്‍ അവിടെയുമിവിടെയും പിന്നീട് കാണുന്നുണ്ട്. ഇതിനോടൊക്കെയുള്ള ഒരു കൗതുകം കൊണ്ടാണ് എടക്കല്‍ കാണാന്‍ പോകുന്നത്. 1983-84 കാലഘട്ടത്തിലാണ് ആദ്യമായി പോകുന്നത്; ഒരു മഴക്കാലത്ത്. അന്ന് അമ്പലവയലില്‍ നാലഞ്ചു കടകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു അഗ്രികള്‍ച്ചറിന്റെ ഓഫീസോ മറ്റോഅവിടെയുണ്ടായിരുന്നതായി ഓര്‍ക്കുന്നു. മാട്ടുപെട്ടിയിലൊക്കെ എത്തിയത് പോലെയുള്ള ഒരു അനുഭവമായിരുന്നു.

കേവലമായ കൗതുകം കൊണ്ടായിരുന്നോ എടക്കലില്‍ പോയത്?

ആദ്യയാത്ര തനിച്ചായിരുന്നില്ല. ബ്രണ്ണന്‍ കോളജിലെ എന്റെ സഹപ്രവര്‍കനായ ഐ.ഷണ്മുഖദാസും (പ്രശസ്ത സിനിമാ നിരൂപകന്‍) കൂടിയാണ് പോയത്. നഗരത്തില്‍ നിന്നും പോകുന്നവര്‍ക്ക് അന്നത്തെ വയനാട് വന്യതനിറഞ്ഞ ഒരു നിഗൂഢ ദേശമായിരുന്നു. അമ്പലവയലില്‍ നിന്നും കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഒരു വഴിത്താരയിലൂടെ വേണം എടക്കലിലേക്ക് പോകാന്‍. ഇന്ന് റോഡ് പോകുന്ന വഴി അല്ല. ഒരു ഡയഗണല്‍ ആയിട്ടുള്ള വഴിയാണ്.ഇപ്പോള്‍ റിസോര്‍ട്ടുകള്‍ ഉള്ള ഒരു താഴ്‌വാരത്തില്‍, അതിന്റെ പുറകില്‍ എവിടെയോ ആണ് ചെന്നു കയറുക. അന്നവിടെ ആദിവാസികളായ മുള്ളുക്കുറുമരുടെ വീടുകള്‍ ഉണ്ടായിരുന്നു. ഇന്നത്തെ പോലെ പിടിച്ചു കയറാനുള്ള ഏണികള്‍ ഒന്നും ഇല്ല. ഇപ്പോള്‍ അകത്തേക്ക് കയറുന്ന പാറയിടുക്കിന്റെ കുറച്ചുകൂടി ഇടത്തോട്ടു മാറി മുകളില്‍ കൂടി അകത്തേക്ക് നൂണ് വലിഞ്ഞു കയറണം. ആ വഴി പിന്നീട് അടച്ചുകളഞ്ഞു. എന്നിട്ടാണ് ഇപ്പോഴുള്ള ചെറിയ, കുറച്ചുകൂടി പ്രയാസപ്പെടാതെ കയറാനുള്ള വഴിയിലേക്ക് വരുന്നത്. ഞങ്ങള്‍ അവിടെ എത്തി നൂണുകയറുവാന്‍ തുടങ്ങുമ്പോള്‍ ഒരു പെണ്‍കുട്ടി ഓടിവന്ന് ഞങ്ങളെ തടഞ്ഞു നിര്‍ത്തുന്നു പോലെ മുന്നില്‍ നിന്നു പറഞ്ഞു:, ”അകത്ത് കയറിയാല്‍ അവിടെ താഴെയുള്ള കെട്ടിനില്‍ക്കുന്ന വെള്ളം ചവിട്ടാന്‍ പാടില്ല. ദേവികുളിക്കുന്ന കുളമാണ്. അതുകൊണ്ട് വെള്ളം ചവിട്ടാതെ വേണം മേലോട്ട് കയറുവാന്‍” എന്ന്. എടക്കലിനെ ഭക്ത്യാദരങ്ങളോട് കൂടിയായിരുന്നു പരിസരവാസികള്‍ കണ്ടിരുന്നത്. ഞങ്ങള്‍ കയറിത്തുടങ്ങിയപ്പോള്‍ ഒരാള്‍ വന്ന് ഞങ്ങളെ കുറെ ചീത്തപറഞ്ഞു. മഴക്കാലത്ത് ഞങ്ങള്‍ ചെയ്യുന്ന സാഹസം കണ്ടിട്ടായിരുന്നു ചീത്തവിളി. അപ്പോഴാണ് മഴക്കാലത്ത് കയറുന്നതിന്റെ റിസ്‌ക് മനസ്സിലായത്. പിടിച്ചു കയറുമ്പോള്‍ കുത്തനെയുള്ള പാറയില്‍ നിന്നും പച്ചപ്പുല്ല് അടര്‍ന്നു വന്നാല്‍ ശരീരാവശിഷ്ടം പോലും വാരിയെടുക്കാന്‍ കിട്ടുമായിരുന്നില്ല. ഗുഹയില്‍ മാത്രമല്ല അതിന്റെ മുകളിലും അന്നു ഞങ്ങള്‍ കയറിയിരുന്നു. മുകളില്‍ കയറിയാല്‍ മൊത്തംപ്രദേശംകാണാന്‍ പറ്റും. അന്ന് പാറച്ചിത്രങ്ങള്‍ കണ്ടപ്പോഴൊന്നും എന്താണെന്നൊന്നും മനസ്സിലായിരുന്നില്ല. പിന്നീട് അവിടെ പലവട്ടം, പല
കാലങ്ങളില്‍, പോയി.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.