DCBOOKS
Malayalam News Literature Website

ഭാഷയിൽ കവിതയുടെ ജീവിതം

ഡോ. എ എം ഉണ്ണിക്കൃഷ്ണൻ എഴുതിയ ലേഖനത്തിന്‍റെ ആദ്യ ഭാഗം

ലോകത്ത് ഇപ്പോഴുള്ള നാലായിരത്തിലധികം ഭാഷകളിൽ ഇരുപത്തിയാറാംസ്ഥാനമുള്ളതാണു മലയാളം. ഭാരതത്തിലെ
ഭാഷകളിൽ അതു പത്താംസ്ഥാനം വഹിക്കുന്നു. മാനവികവികസനസൂചികയിൽ (Human Develpment Index) ഏറ്റവും മുൻപന്തിയിലുള്ള അറുപത്തിയഞ്ചുരാജ്യങ്ങളുടെ ഗണത്തിലും മലയാളഭാഷാസമൂഹമുണ്ട്. ലിപിവ്യവസ്ഥയും സാഹിതീയപാരമ്പര്യവും വ്യാകരണവും നിഘണ്ടുക്കളും പാഠ്യഗ്രന്ഥങ്ങളും ആശയവിനിമയമാധ്യമങ്ങളും
മറ്റുമുൾപ്പെടുന്ന സുദീർഘവും സമ്പന്നവുമായ ചരിത്രമുണ്ട് മലയാളം മാതൃഭാഷയായ കേരളീയർക്ക്. ഈ മഹിതപൈതൃകത്തിനു തിളക്കമേറ്റിക്കൊണ്ട് മാനവരാശിയുടെ ആദിമൊഴിയേതെന്ന ഗഹനവിചാരഫലം ഏറ്റുവാങ്ങിയ ധന്യതയും സ്വന്തമായതാണു മലയാളഭാഷ. പാണിനിയും പതഞ്ജലിയും കാത്ത്യായനനും ഭർത്തൃഹരിയും അഗസ്ത്യരും തൊല്കാപ്പിയരും ഭവനന്ദിയുമെല്ലാം അംഗങ്ങളായ ഋഷിനിരയിൽനിന്ന് ആധുനികലോകത്തിനു പ്രത്യക്ഷനായ ചട്ടമ്പിസ്വാമികളാണ് മലയാളത്തിന് ഈ അസാധാരണപ്പെരുമ സമ്മാനിച്ചത്.

മലയാളഭാഷയുടെ പഴക്കം സംഘകാലം തൊട്ടേ വ്യക്തമാണ്. ഭാരതീയസാഹിത്യത്തിലെ മൗലികസൃഷ്ടികളായ സംഘകാലസാഹിത്യത്തിലെ ഗണ്യമായ കൃതികൾ പലതും രചിച്ചതു കേരളീയരാണല്ലോ. ചിലപ്പതികാരം, ഐങ്കറുനൂറ്, പതിറ്റുപ്പത്ത് മുതലായവ രചിച്ച നാല്പത്തിയഞ്ചോളം കേരളീയകവികൾ പ്രസിദ്ധരാണ്. സംഘകാലകൃതികൾ ചിലതിലെ മലനാട്ടുവഴക്കം തമിഴ്‌വ്യാകരണപഠനങ്ങളിൽ പ്രത്യേകപരാമർശം നേടിയതുമാണ്. ഇന്നു നാം വിവക്ഷിക്കുന്ന മലയാളകവിതാപാരമ്പര്യത്തിനുതന്നെ ആയിരംവർഷത്തിലധികം പഴക്കമുണ്ട്. ഇത് നിസ്സാരമായ കാലയളവല്ല. ഭാരതത്തിൽ തമിഴിനും സംസ്‌കൃതത്തിനും, വിദേശങ്ങളിലെ ഗ്രീക്ക്, ചൈനീസ് എന്നിങ്ങനെയുള്ള വിവിധഭാഷകൾക്കും മലയാളത്തെക്കാൾ പഴക്കമുണ്ടെന്നതു വസ്തുതയാണ്. എന്നാൽ ഇംഗ്ലീഷ്‌പോലുള്ളവയുമായി തട്ടിച്ചുനോക്കുമ്പോഴാണ് മലയാളഭാഷയുടെ പാരമ്പര്യത്തിന്റെ ഗരിമ വ്യക്തമാവുക. ഇതിനു തെളിവായി സമ്പന്നമായ ഗദ്യശാഖയും നിലനില്ക്കുന്നുണ്ട്. പരമ്പരാഗതം, സ്വന്തമാക്കിയത്, കടംകൊണ്ടത് എന്നീ വിധത്തിലാണ് മലയാളത്തിന്റെ ജ്ഞാനാഗിരണവും വിതരണവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളസംസ്‌കാരത്തിലെ സ്വീകരണസന്നദ്ധതയുടെ ഫലം തന്നെയാണിത്. ഇപ്രകാരമുണ്ടായ സാംസ്‌കാരികവ്യതിചലനങ്ങൾ സമ്മുടെ പദസമ്പത്തു വർദ്ധിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. അതിനാൽ ശാസ്ത്രസാങ്കേതികവിഷയങ്ങൾപോലും അവതരിപ്പിക്കാനുള്ള
മലയാളത്തിന്റെ ശേഷി ആയിരംകൊല്ലം മുൻപേ തെളിയിക്കപ്പെട്ടുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ, ബഹുമുഖമായ
വ്യവഹാരത്തോട് മലയാളി പുലർത്തുന്ന ആഭിമുഖ്യത്തിന് ദീർഘചരിത്രമുണ്ട് എന്നത് ആരും സമ്മതിക്കുന്നതാണ്.
കാവ്യഭാഷയെക്കുറിച്ച് ആലോചിച്ചാൽ അത് ഭാഷയുടെ ഉത്പത്തിമുതൽ തുടങ്ങേണ്ടിവരും. എന്തുകൊണ്ടെന്നാൽ, ഭാഷ
ഉറവെടുക്കുന്നതുതന്നെ കാവ്യാത്മകമായിട്ടാണ് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1 മാനുഷഭാവമേതും പുറപ്പെടുവിക്കുന്നത് ചിതം വരുത്തിയ ശബ്ദമോ ചലനമോ രൂപമോ ഒക്കെയായിട്ടായിരിക്കും എന്നതിൽ തർക്കമില്ലല്ലോ. അതുകൊണ്ടുതന്നെ
സാമാന്യവ്യവഹാരഭാഷയുടെ ഘടനയിലും താളലയത്തിലുമെല്ലാം നിന്നു ഭിന്നമായിരിക്കും കാവ്യഭാഷ എന്നതു നിസ്സംശയമാണ്. കാവ്യഭാഷയിൽ കൃത്രിമത്വമുണ്ടെന്നു സാരം. 2 അതു ലൗകികവും അതിലുപരി ദിവ്യവുമായ ഘടകങ്ങളുടെ ആശീർവാദത്താൽ സംഭവിക്കുന്നതാണെന്നും അതിനു വാഗ്‌ദേവതാപ്രസാദം അത്യന്താപേക്ഷിതമാണെന്നുമുള്ള വിശ്വാസം കവികൾക്കു മാത്രമല്ല അക്ഷരോപാസകർക്കുമുണ്ട്.
വാരിജോദ്ഭവമുഖവാരിജവാസേ! ബാലേ, വാരിധിതന്നിൽത്തിരമാലകളെന്നപോലെ ഭാരതീ, പദവലികൾ തോന്നേണം കാലേ കാലേ പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ! എന്ന പ്രാർത്ഥനയും (തുഞ്ചത്തെഴുത്തച്ഛൻ), കനക്കുമർത്ഥവും സുധകണ്ടക്കെ പദനിരയും അനർഗ്ഗളം യമകവും അനുപ്രാസമുപമാദി ഇണക്കം കലർന്നു രമ്യം ജനിക്കും നല്‌സാരസ്വതം എന്ന (ഉണ്ണായിവാര്യർ) വരലാഭവും ഇതിനു നിദർശനങ്ങളായുണ്ട്. കവിതയുടെ ഭാഷാപരിണാമത്തിന്റെ ആദിവർഷങ്ങളെ അടുത്തറിയുന്നതിന് ഭാഷാശാസ്ത്രജ്ഞർ അവതരിപ്പിച്ച ഘട്ടവിഭജനത്തെ ആശ്രയിക്കേണ്ടിവരും. അനേകവിഭജനങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സമീചീനമെന്നു കരുതപ്പെടുന്നത് ഏ ആർ രാജരാജവർമ്മയുടെ ഘട്ടവിഭാഗങ്ങൾ തന്നെയാണ്. കേരളപാണിനി കരിന്തമിഴു കാലം, മലയാണ്മക്കാലം,
മലയാളകാലം എന്നിങ്ങനെ കണക്കാക്കാവുന്ന ആദ്യമധ്യാധുനികഘട്ടങ്ങളെപ്പറ്റി പറയുന്നുണ്ട്. അവ യഥാക്രമം,
പൊതുവർഷം 825 (കൊല്ലവർഷാരംഭം) മുതൽ 1325 വരെ, 1325 മുതൽ 1625 വരെ, 1625 മുതൽ എന്നിങ്ങനെയാണ്.ഇവയിൽ ആദ്യത്തേതു തമിഴിന്റെയും പിന്നത്തേതു സംസ്‌കൃതത്തിന്റെയും
രക്ഷാകർത്തൃത്വത്തിലായിരുന്നു എന്ന അഭിപ്രായവുമുണ്ട്.തുഞ്ചത്തെഴുത്തച്ഛന്റെ ഭാഷാസേവനങ്ങളോടുകൂടിയാണ് ഒടുവിലത്തെ ദശ ആവിർഭവിച്ചത്. കാവ്യഭാഷയുടെ ആദ്യദശയിൽ സാധാരണകവികൾ (ത്രൈവർണ്ണികരല്ലാത്തവർ) കേരളത്തിലെ തൊഴിലുകൾ, വിനോദങ്ങൾ, ആരാധനകൾ, വീരാപദാനങ്ങൾ, വിശ്വാസപ്രമാണങ്ങൾ മുതലായവ ആസ്പദമാക്കി ഒട്ടേറെപ്പാട്ടുകൾ നിർമ്മിച്ചിരിന്നു എന്ന് എൻ കൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചിട്ടുണ്ട്.3 അവയിൽ പുരാണകഥകളും പ്രതിപാദ്യങ്ങളായിരുന്നിരിക്കണം. ഭദ്രകാളിത്തോറ്റങ്ങൾ, പയറ്റുമുറകൾ വിവരിക്കുന്ന ഗ്രന്ഥങ്ങൾ, അമ്മാനപ്പാട്ടുകൾ, കുയിൽപ്പാട്ടുകൾ, കൃഷിപ്പാട്ടുകൾ തുടങ്ങിയവയും ആ ഗീതസാഹിതിയിൽ ഉണ്ടായിരുന്നുകാണും.

എന്നാൽ, 'ദ്രമിഡസംഘാതാക്ഷരനിബന്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ട്' എന്നു ലീലാതിലകകാരൻ കല്പിക്കുന്ന പാട്ടിന്റെ ലക്ഷണമനുസരിച്ച് ഈ ഘട്ടത്തിലുണ്ടായ ആദ്യകൃതി രാമചരിതമാണ്. തമിഴിലെ അക്ഷരക്രമം മാത്രം പാലിച്ചാണ് 'ഊഴിയിൽ ചെറിയവർക്കറിയുമാറ്' ചീരാമകവി 'ഇരാമചരിതത്തിലൊരു തെല്ല്' ഭാഷയിൽ ആവിഷ്‌കരിച്ചത്. പാദങ്ങളിലെ ദ്വിതീയാക്ഷരപ്രാസവും (എതുക) ഒരു പാദത്തിന്റെ ഒന്നും രണ്ടും ഖണ്ഡങ്ങളിലെ ആദ്യക്ഷരങ്ങൾക്കു സാജാത്യവും (മോന) ദീക്ഷിച്ചുകൊണ്ട് വസന്തതിലകാദി സംസ്‌കൃതവൃത്തങ്ങളിൽനിന്നു ഭിന്നമായ വൃത്തങ്ങളിലേ പാട്ടുകൃതികൾ രചിക്കാവൂ എന്ന കർശനവ്യവസ്ഥയുണ്ട്.  രാമചരിതകാരൻ മുൻപുസൂചിപ്പിച്ച പാട്ടുകളിലും മറ്റുംനിന്നു സ്വായത്തമാക്കി പ്രയോഗിച്ച ഈ ദ്രാവിഡവൃത്തങ്ങളിലാണ് പില്ക്കാലത്ത് എഴുത്തച്ഛനിലൂടെ മലയാളകവിതയുടെ സർഗലാവണ്യം പൂത്തലഞ്ഞതും നമ്പ്യാർക്കവിതയുടെ ചടുലവേഗങ്ങൾ ആടിത്തിമിർത്തതും. പാട്ടുപ്രസ്ഥാനത്തിലെ കാവ്യഭംഗിക്കു ഗുണപരമായ വികാസം നല്കാൻ പിന്നാലെ വന്ന കണ്ണശ്ശകവികൾക്കു കഴിഞ്ഞു. പാട്ടുപ്രസ്ഥാനത്തിൽനിന്ന് അകറ്റിനിർത്തിയിരുന്ന

സംസ്‌കൃതാക്ഷരമാലയെ ഇവർ ആശ്ലേഷിച്ചു കവിതയിൽ കുടിയിരുത്തി. അതിഖരമൃദുഘോഷോഷ്മാക്കളായ
സംസ്‌കൃതാക്ഷരങ്ങൾ ചേർന്ന് ഇതോടെ പാട്ടുകൃതികൾക്ക് വർണവൈവിധ്യം സമ്മാനിച്ചു.

കോവളംകവികൾ എന്നറിയപ്പെടുന്ന ഔവാടുതുറ അയ്യിപ്പിള്ളിയാശാനും അനുജൻ അയ്യിനിപ്പിള്ളയും പാട്ടുലക്ഷണത്തെ
ഉല്ലംഘിച്ചവരാണ്. കണ്ണശ്ശകൃതികളായ രാമായണം, ഭാരതമാല, ഭാഷാഭഗവദ്ഗീത എന്നിവയിൽ കാണുന്നതിനപ്പുറമുള്ളതായിരുന്നു ഈ കവികളുടെ സ്വാതബോധം. എതുകയും മോനയും അന്താദിപ്രാസവും
ഉടനീളം ദീക്ഷിച്ചിട്ടുണ്ടെങ്കിലും രാമകഥപ്പാട്ടിൽ സംസ്‌കൃതത്തിലെ ഏകാക്ഷരങ്ങളും കൂട്ടക്ഷരങ്ങളും പ്രയോഗിക്കാൻ അയ്യിപ്പിള്ളിയാശാൻ തെല്ലും മടിച്ചിട്ടില്ല എന്നു വ്യക്തം. എങ്കിലും ആധുനികമലയാളഭാഷയുടെ മുഖം ആദ്യം പുറത്തുകാട്ടുന്ന കൃഷ്ണഗാഥയ്ക്ക് പാട്ടുപ്രസ്ഥാനത്തിലുള്ള സ്ഥാനം പ്രമുഖമാണ്. 'നന്മധുവോലുന്ന നന്മൊഴി'യിൽ വാർന്നുവീണ കൃഷ്ണഗാഥ (പതിനഞ്ചാംനൂറ്റാണ്ട്) മലയാളത്തിലെ ലക്ഷണം തികഞ്ഞ ആദ്യമഹാകാവ്യം എന്ന വിശേഷണത്തിനും അർഹമായിട്ടുണ്ട്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.