DCBOOKS
Malayalam News Literature Website

ഭാഷയിൽ കവിതയുടെ ജീവിതം

ഡോ. എ എം ഉണ്ണിക്കൃഷ്ണൻ എഴുതിയ ലേഖനത്തിന്‍റെ രണ്ടാം ഭാഗം

ഭാഷാസംസ്‌കൃതയോഗോ മണിപ്രാവാളം;. ഇതാണു ലീലാതിലകകാരന്റെ മണിപ്രവാളലക്ഷണകല്പനം. ഇതരദാക്ഷിണാത്യഭാഷകളിലും നിലനിന്നിരുന്നു മണിപ്രവാള പ്രസ്ഥാനം. മലയാളനിരൂപണത്തിൽ ആദ്യകാലത്ത് ഇത് മാനിക്കപ്പെട്ടതിലേറെ അപമാനിക്കപ്പെട്ടു എന്നതാണു വസ്തുത. ശൃംഗാരകവിതകൾ എന്നാണ് ഏറ്റവും സഭ്യമായ ഭാഷയിൽ വ്യാപകമായി അവയ്ക്കുമേൽ പതിഞ്ഞ മുദ്ര. വരേണ്യവിഭാഗത്തിന്റേതെന്ന മട്ടിൽ വിനോദത്തിന്റെയും ഭോഗലാലസതയുടെയും ഫലമായുണ്ടായവ എന്ന് അവ വിലയിരുത്തപ്പെടുകയാണുണ്ടായത്. ഇവിടെ ഒരുകാര്യം സ്പഷ്ടമാണ്. വ്യത്യസ്തമായ രണ്ടു സംസ്‌കാരങ്ങളുടെ പ്രതിനിധാനം തന്നെയാണു പാട്ടും മണിപ്രവാളവും. ഭാഷയിൽ മാത്രമല്ല ഭാവുകത്വത്തിലും അവ  ഏറെക്കുറെ ഭിന്നസ്വഭാവം പ്രകടിപ്പിക്കുന്നവ തന്നെയാണ്. എന്നാൽ
ഭാഷാപഠനത്തിലൊതുങ്ങാതെ സംസ്‌കാരപഠനത്തിലും മണിപ്രവാളരചനകൾ മുതൽക്കൂട്ടാണെന്ന് ഇന്നു മനസ്സിലാക്കാൻ കഴിയുന്നുണ്ട്. വൈശികതത്തെ തുടർന്ന് അച്ചീചരിതങ്ങൾ, സന്ദേശകാവ്യങ്ങൾ എന്നിങ്ങനെ ഒട്ടേറെക്കൃതികൾ ഈ പ്രസ്ഥാനത്തിലുണ്ടായിട്ടുണ്ട്. ഗദ്യവും പദ്യയും ഇടകലർത്തി രചിക്കുന്ന ചമ്പുക്കളിൽ പ്രാചീനങ്ങളാണ് ഉണ്ണിച്ചിരുതേയി, ഉണ്ണിയച്ചീ, ഉണ്ണിയാടീചരിതങ്ങൾ. ഉണ്ണുനീലിസന്ദേശവും കേകാസന്ദേശവും ഉൾപ്പെട്ടവയാണു വേറൊരു വിഭാഗം. പുനം, മഴമംഗലം എന്നിവരുടെ മാർഗദർശനത്തിൽ രചിതമായ മധ്യകാലചമ്പുക്കളും എണ്ണത്തിൽ കുറവല്ല. 'മഹിളാളിമഹാസ്പദ' എന്നു പഴികേട്ട മണിപ്രവാളത്തിന്
ഭാഷാപരമായ പ്രത്യേകതകൾക്കു പുറമെ ആദ്യത്തെ ലൗകികകവിത എന്നും മതേതരകവിത എന്നും കൂടി പ്രാധാന്യമുണ്ടെന്നുനിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 4 സംസ്‌കൃതബഹുലമായ മണിപ്രവാളപ്രസ്ഥാനത്തിന്റെ ആധിപത്യകാലത്തു തന്നെയാകണം, ഇവിടത്തെ സാമാന്യജനത അവരുടെ നാടോടിവാങ്മയങ്ങളിൽ തങ്ങളുടെ വീരനായകപ്രകീർത്തനങ്ങളും മറ്റും ചമച്ചത്. നമ്മുടെ ജനകീയകാവ്യങ്ങളിൽ പ്രമുഖമായ തെക്കൻ-വടക്കൻപാട്ടുകളുടെ
ആവിർഭാവകാലത്തെപ്പറ്റി ഇപ്രകാരം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. കേരളത്തിന്റെ വിവിധപ്രദേശങ്ങളിലെ ജനങ്ങൾ അവരുടെ വികാരപ്രകടനവും ആശയവിനിമയവും നടത്തിക്കൊണ്ടിരുന്ന പ്രാദേശികഭാഷാസ്വരൂപങ്ങളുടെ സമൃദ്ധി ഈ പാട്ടുകളെ സവിശേഷമാക്കുന്നുണ്ട്. കൂടാതെ പാട്ടുപ്രസ്ഥാനത്തിന്റെ ആഖ്യാനാത്മകസ്വഭാവവും ഇവ പരിപാലിക്കുന്നു.

തുഞ്ചത്തെഴുത്തച്ഛന്റെ വരവോടെ മലയാളഭാഷയിലും സാഹിത്യത്തിലും ആധുനികയുഗോദയമുണ്ടായി എന്ന് ഏവരും
സമ്മതിക്കുന്നു. അങ്ങനെ ആധുനികമലയാളഭാഷയുടെയും കവിതയുടെയും പിതൃത്വം അദ്ദേഹത്തിൽ ചാർത്തിക്കൊടുത്തു. തനിക്കു മുൻപുണ്ടായിരുന്ന വ്യത്യസ്തഭാഷാശൈലികളെയും കാവ്യമാർഗങ്ങളെയും സംസ്‌കരിച്ചു സംഗ്രഥിച്ചു സമുന്നതമാക്കിയത് എഴുത്തച്ഛനാണെന്നതു തീർച്ച. ഭാവനയിലും ഉദ്ഗാനത്തിലും
ഭാവൗത്കൃഷ്ട്യം സൃഷ്ടിച്ച് അദ്ദേഹം കേരളസരസ്വതിയെ സാക്ഷാദ് വാഗ്‌ദേവതാസ്വരൂപിണിയാക്കുകയും ചെയ്തു. സന്ദർഭത്തിനും പ്രമേയത്തിനുമനുസൃതമായ ഭാഷാസ്വരൂപം സംസ്‌കൃതമെന്നോ തമിഴെന്നോ നോക്കാതെ കൈക്കൊണ്ട് കാവ്യരചന നടത്തിയപ്പോൾ എഴുത്തച്ഛന്റെ കിളിപ്പാട്ടുകൾ മലയാളത്തിന്റെ ക്ലാസിക്കുകളായി.

പൈതലെ വേറിട്ടുപോയ പശുവി-നുള്ളാധി പറഞ്ഞറിയിച്ചീടരുതല്ലോ(അധ്യാത്മരാമായണം കിളിപ്പാട്ട്)ശുകതരുണി ജനമണിയുമണിമകുടമാലികേചൊല്ലെടോ ചൊല്ലെടോ കൃഷ്ണലീലാമൃതസുഖവിഭവമിതിലധികമിഹ നഹി നമുക്കഹോദുഃഖങ്ങളുൾക്കാമ്പിലൊക്കെ നീങ്ങി തുലോം(ശ്രീമഹാഭാരതം കിളിപ്പാട്ട്)ഇങ്ങനെ എഴുത്തച്ഛന്റെ ഭാഷാശൈലിക്കുദാഹരണങ്ങൾ അനവധിയുണ്ട്.  എന്നാൽ പൈതലാം മലയാളഭാഷ തൻ ജാതകംകുറിച്ച
തിരുനാരായ;ത്തിനുടമയായ തുഞ്ചത്തെഴുത്തച്ഛൻ പുതുമലയാണ്മതൻ മഹേശ്വരൻ മാത്രമോ? ഒരിക്കലുമല്ല. നവീനമായ സമീപനങ്ങൾ അദ്ദേഹത്തിന്റെ ചരിത്രസംഭാവനകളിലൂടെ എഴുത്തച്ഛനെ കേരളത്തിന്റെ പരമാചാര്യൻ എന്നു വ്യക്തമായി കാട്ടിത്തരുന്നുണ്ട്. മലയാളഭാഷയിൽ, കേരളത്തിൽ, ആദ്യമായി ജാതിവിരുദ്ധസന്ദേശം പുറപ്പെടുവിച്ചയാളും സ്ത്രീയുടെ ലിംഗപദവിയെ ഉചിതസ്ഥാനത്തു പ്രതിഷ്ഠിച്ചയാളും ഒന്നാമത്തെ മനുഷ്യാവകാശപ്രചാരകനും വിദ്യാഭ്യാസവിചക്ഷണനും വിപ്ലവകാരിയും ആക്ടിവിസ്റ്റും തുഞ്ചത്തെഴുത്തച്ഛനാണ്. തീർന്നില്ല, സാഹിത്യപ്രവർത്തനവും സമൂഹസേവയും നടത്തിയതിന്റെ പേരിൽ ആദ്യമായി ശിക്ഷിക്കപ്പെട്ട മലയാളസാഹിത്യകാരനും മറ്റാരുമല്ല. ജാതിഭ്രഷ്ടും നാടുകടത്തലും
മറ്റുമായ കഠിനശിക്ഷകൾകൊണ്ടൊന്നും ഉന്നതഭാഷാവിദഗ്ദ്ധനും ഉത്തമസാഹിത്യകാരനുമായ അദ്ദേഹത്തെ തളർത്താനായില്ലെന്നതു ചരിത്രത്തിന്റെ നേട്ടം. യോഗി സൃഷ്ടിക്കുന്ന പ്രതിരോധശക്തിയെ  നേരിടാൻ ഒരു അധികാരത്തിനുമാവില്ലെന്നതിന്റെയും തെളിവ്. എഴുത്തച്ഛന്റെ കാലത്ത് അതേ നാട്ടിൽ ജീവിച്ചുകൊണ്ട്
ലളിതമലയാളപദാവലികളാൽ അപൂർവ്വകാവ്യങ്ങൾ രചിച്ച പൂന്താനത്തിന്റെ സംഭാവനകളും ഇതോടുചേർത്തു പറയേണ്ടവതന്നെ.

ഭാരതീയകലാപാരമ്പര്യത്തിന്റെ അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ടു കേരളീയതയെ ദൃശ്യകലാപാരമ്പര്യമാക്കി സാക്ഷാത്കരിച്ചകലാരൂപങ്ങൾക്കും നമ്മുടെ കാവ്യഭാഷയിൽ ഗണ്യമായ സംഭാവനകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ആട്ടക്കഥാസാഹിത്യവും തുള്ളൽസാഹിത്യവും വഞ്ചിപ്പാട്ടുമൊക്കെയാണ് ഇവിടെ വിഷയമാകുന്നത്. കോട്ടയത്തുതമ്പുരാനും ഉണ്ണായിവാര്യരും ഇരയിമ്മൻതമ്പിയും നിർമ്മിച്ച ആട്ടക്കഥകൾ സാഹിത്യസംഗീതാഭിനയങ്ങളുടെ ത്രിവേണീസംഗമമാണെങ്കിലും ഭാഷാപരമായ സംഭാവനകളുടെ പേരിലാണ് പ്രഥമപരിഗണന നേടുന്നത്.

ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ
എന്ന ഭാഷാദർശനം അവതരിപ്പിച്ച കവിയാണു കുഞ്ചൻനമ്പ്യാർ. സമകാലികരായ ഉണ്ണായിവാര്യരെയോ രാമപുരത്തുവാര്യരെയോ പോലെ വായനക്കാരെ അന്തർമുഖരാക്കുന്നതല്ല നമ്പ്യാരുടെ ഭാഷ. അത് തടംതല്ലിയാർക്കുന്ന വർഷകാലനദിപോലെ മലയാളകവിതയിലൂടെ നുരഞ്ഞുപതഞ്ഞൊഴുകി. പതിനെട്ടാംനൂറ്റാണ്ടിലെ ഈ
വരിഷ്ഠകവികൾക്കുശേഷം തളർച്ചയുടെയോ  ഗതാനുഗതികത്വത്തിന്റെയോ അവസ്ഥയിലേക്കു ചുരുങ്ങി
മലയാളകവിത. എങ്കിലും ആ രംഗത്തു പ്രവർത്തിച്ച ഒട്ടേറെയാളുകൾ കേരളം മുഴുവൻ നമ്മുടെ കവിതയെ പരിചരിക്കാതിരുന്നില്ല. അവയ്‌ക്കെല്ലാം നേതൃത്വം നല്കിക്കൊണ്ട് രണ്ടുകവിതാകേങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്തു. മധ്യകേരളത്തിൽ കൊടുങ്ങല്ലൂർക്കളരി, വെണ്മണിപ്രസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്നതാണ് അവയിലൊന്ന്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ ഉൾപ്പെടെയുള്ള ഉന്നതശീർഷർ അവിടെ നിറഞ്ഞുനിന്നു. ഭാഷാപരീക്ഷണത്തിന്റെ ധീരപരിശ്രമമായ പച്ചമലയാളപ്രസ്ഥാനം ഇതോടൊപ്പം ചരിത്രത്തിൽ ഇടംനേടുകയും ചെയ്തു. പ്രീ റൊമാന്റിക്കുകൾ എന്നു വിളിക്കപ്പെടുന്ന വെണ്മണിക്കവികളിൽനിന്ന് ഇക്കാരണത്താൽ വേറിട്ടുനില്ക്കുന്നു, കുണ്ടൂർ നാരായണ മേനോൻ നടുനായകത്വം വഹിച്ച പച്ചമലയാളപ്രസ്ഥാനം. തിരുവനന്തപുരം ആസ്ഥാനമായ കേരളവർമ്മപ്രസ്ഥാനമാണ് പിന്നൊരെണ്ണം. മലയാളകവിതയുടെ ഭാവുകത്വപരിണാമത്തിനുകൂടി നിദാനമായ ദ്വിതീയാക്ഷരപ്രാസവാദം
കേരളവർമ്മ വലിയകോയിത്തമ്പുരാന്റെയും ഏ ആർ രാജരാജവർമ്മയുടെയും നേതൃത്വത്തിൽ ഇവിടെ അരങ്ങേറി. കേരളം
മുഴുവൻ അതിന്റെ അലയൊലികൾ എത്തിച്ചേർന്നു. നമ്മുടെ കവികളിലാരും അതിൽ പക്ഷംപിടിക്കാതിരുന്നില്ല.

നവോത്ഥാനത്തിന്റെയും സ്വാതസമരത്തിന്റെയും ഫലമായി സംജാതമായ കേരളാധുനികത്വം മലയാളകാവ്യഭാഷയുടെ
പരിണാമത്തിനും കാരണമായിട്ടുണ്ട്. എഴുത്തച്ഛൻ സൃഷ്ടിച്ച പ്രഭാവലയം ഒരിക്കലും വിട്ടകലാതെ മലയാളകവിതയെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. മേലിലും അങ്ങനെതന്നെ എന്നതാണു മലയാളത്തിന്റെ വിധി. അങ്ങനെയാണു പല നിലകളിൽ
എഴുത്തച്ഛന്റെ പിൻഗാമിയാകാനുള്ള നിയോഗം വള്ളത്തോളിൽ വന്നുചേരുന്നത്. പദലാളിത്യത്തിൽ, വൃത്തസ്വീകരണത്തിൽ ഒക്കെ വള്ളത്തോൾ നാരായണമേനോൻ എഴുത്തച്ഛനെ പൂർണമായി അനുസരിച്ചു. പുറമെ, ഇന്നും സർവസ്വീകാര്യമായിരിക്കുന്ന ലഘുകവനങ്ങളുടെയും ഭാവഗീതങ്ങളുടെയും മഹാപാരമ്പര്യം ഉദ്ഘാടനം നടത്തുകയും ചെയ്തു അദ്ദേഹം. തുടർന്ന് അതേപാതയിൽ ഏറെ മുന്നോട്ടുപോയി പി കുഞ്ഞിരാമൻനായർ. എഴുത്തച്ഛന്റെ ഭാഷാഗാംഭീര്യവും ഭാവനാഗരിമയും പിൻപറ്റിയതു പക്ഷേ കുമാരനാശാനും ജി ശങ്കരക്കുറുപ്പുമാണ്. നമ്പ്യാരുടേതുപോലുള്ള സർവാശ്ലേഷിത്വംകൊണ്ടും പദലാളിത്യംകൊണ്ടും സംഗീതലയംകൊണ്ടും
കവിതയെ നൃത്തമാടിക്കാർ ചങ്ങമ്പുഴക്കായി. ഇരുപതാംനൂറ്റാണ്ട് കവിതയുടെ വിളവെടുപ്പുത്സവകാലം തന്നെയായിരുന്നു.

ഇംഗ്ലീഷ്ഭാഷാസ്വാധീനതയും അന്താരാഷ്ട്രാനുഭവങ്ങളും മലയാളകവിതയിൽ ഒട്ടേറെ അഴിച്ചുപണികൾ വരുത്തിത്തീർത്തു. അതിൽ സ്വാഭാവികമായി കാവ്യഭാഷയും ഉൾപ്പെട്ടു. മലയാളകവിതയ്ക്ക് മൗലികമായൊരു ജൈവികപരിസരമുണ്ട്. അനുശീലനത്തിലൂടെ രക്തത്തിൽ അലിഞ്ഞുചേർന്ന ആ തനിമകളിൽ
പുതുമയും അപരിചിതത്വവും കലരുമ്പോഴാണ് യഥാർത്ഥത്തിൽ നവീനത പിറവിയെടുക്കുന്നത്. പക്ഷേ പലപ്പോഴും മലയാളേതരമായ കലാനുഭവങ്ങളെ മലയാളത്തിലെത്തിക്കുമ്പോൾ അവയ്ക്ക് നമ്മുടേതുപോലുള്ള തനിമകളുണ്ടെന്നറിയാനോ ഉണ്ടെങ്കിൽത്തന്നെ അവയെ പുനഃസൃഷ്ടിക്കാനോ പറ്റാതെ വരുന്നുണ്ട്.
അങ്ങനെയാകുമ്പോൾ പുതുമയ്ക്കുവേണ്ടിയുള്ള കൃത്രിമപ്രകടനവേദിയായി കവിത ദുരുപയോഗം ചെയ്യപ്പെടുകയും
ചെയ്യുന്നുണ്ട്. ഇത്തരം പ്രതിസന്ധികൾക്കിടയിലും മലയാളകാവ്യഭാഷയെ ഓജസ്സുറ്റതാക്കി നിലനിർത്താൻ ഗാന്ധിയനായ
ഇടശ്ശേരി ഗോവിന്ദൻനായർക്കു കഴിഞ്ഞിരുന്നു എന്നോർക്കണം. വൈലോപ്പിള്ളി ശ്രീധരമേനോൻ കാച്ചിക്കുറുക്കിയ ഭാഷകൊണ്ടു കവിതയിലെ മഹാഗോപുരങ്ങൾ സൃഷ്ടിക്കുന്നതിൽ മറ്റാരെയുംകാൾ വിജയിച്ചതും മറന്നുകൂടാ. കുറുകലിന്റെ തന്മാത്രസ്വരൂപത്തിൽ കുഞ്ഞുണ്ണി രചനകൾ അവതരിപ്പിച്ചതും ശ്രദ്ധിക്കുക.

ഭാവുകത്വത്തിലും ഭാഷയിലും പാരമ്പര്യവിച്ഛേദത്തോടൊപ്പം (ചെടിച്ച കാല്പനികപാരമ്പര്യത്തിൽനിന്നുള്ള വേർപിരിയൽ)
അധീശത്വപ്രത്യയശാസ്ത്രാനുശാസങ്ങളിൽനിന്നുള്ള നിർമുക്തിയും കാംക്ഷിച്ചു പ്രവർത്തിക്കാൻ തയ്യാറായവർ മുന്നോട്ടുവന്നതും മലയാളകവിത കണ്ടു. എം ഗോവിന്ദൻ, അക്കിത്തം, എൻ വി കൃഷ്ണവാര്യർ എന്നിവർക്ക് കവിതയിൽ വരാൻപോകുന്ന പരിണാമത്തെക്കുറിച്ചു സൂചന നല്കാൻ സാധിച്ചത് ഇതുകൊണ്ടാണ്. കവിതയിൽ വൃത്തമില്ലെങ്കിലും കുഴപ്പമില്ല, താളമുണ്ടായാൽ മതി. അതല്ല ഇവയൊന്നുമേ വേണ്ടാ കവിതയുണ്ടായാൽ മാത്രം മതി എന്നൊരു ആദർശം വേരുപിടിച്ചു ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി പാതിയായപ്പോൾ. അയ്യപ്പപ്പണിക്കരും കക്കാടും മറ്റും ആ ശീലം തുറന്നുകാട്ടിയപ്പോൾ ഒട്ടേറെപ്പേർ അതിൽ വ്യാമുഗ്ദ്ധരായി. എന്നാൽ അന്നു പലർക്കും അറിയാൻ കഴിഞ്ഞില്ല,വൃത്തവും
പാരമ്പര്യവും കവിതയുടെ ഡി എൻ എയും കാവാലത്തോറ്റവും മറ്റും ഉറഞ്ഞിട്ടുള്ള ഇത്തരം ശീലുകൾ വാർന്നുവീഴുന്നത് കാവ്യാനുശീലനംകൊണ്ടാണെന്ന്. കാവ്യഭാഷ എന്നത് മാനകഭാഷ ആകണമെന്നില്ല എന്ന നിയമം അംഗീകരിക്കപ്പെടുന്ന സാഹചര്യം തുടർന്ന് വന്നുചേർന്നു. കവിത ഭാവുകന്റെ ഏകാന്തമായ സാന്ത്വനമെന്ന നിലവെടിഞ്ഞ് കവിയരങ്ങുകളിലും
ചൊൽക്കാഴ്ചകളിലും ഇഷ്ടവിനോദത്തിന്റെ ഉപാധിയായി മാറിയതിനും ഭാഷ സാക്ഷ്യംവഹിച്ചു. കാവ്യഭാഷയിൽ പരീക്ഷണങ്ങളുടെ അനുഭവങ്ങൾ ഏറെയുണ്ടാകുന്നുണ്ട്. നവീനതാപ്രസ്ഥാനത്തിലും നവീനോത്തരതയിലും
പുതുകവിതയിലും സമകാലകവിതയുമെല്ലാം അവ ഇടതടവില്ലാതെ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും
ലോകത്തിലെവിടെയെങ്കിലുമുണ്ടാകുന്ന മാറ്റങ്ങളെ ഏറ്റവാങ്ങാനുള്ള വിധിയായി അവയിൽ ചിലതെങ്കിലും മാറുന്നുമുണ്ട്. ഒരുപക്ഷേ ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ എഴുതപ്പെടുന്ന സാഹിത്യരൂപം കവിതയാകാം. അല്ല, കവിതയാണ്. അതിനുകാരണം ഇവിടെ അത്രയധികം കവികളുണ്ട് എന്നതുതന്നെ. അവർക്കൊക്കെ തങ്ങളുടെ
രചനകൾ അവതരിപ്പിക്കാനുള്ള വേദിയും അവസരവും അതുപോലെ സുലഭവുമാണ്. സ്ത്രീപക്ഷകവിത, ദലിത്കവിത, പാരിസ്ഥിതികകവിത എന്നിങ്ങനെ ശകലിതമായ കാവ്യവിതാനങ്ങൾ പലതാണ്. അച്ചടി, ദൃശ്യമാധ്യമങ്ങൾ വിട്ട് നവമാധ്യമപ്രതലങ്ങളിലും അവ സ്വച്ഛന്ദം ജീവിതം നേടിയെടുക്കുന്നു. ഇവിടെ ഏതെങ്കിലും കേങ്ങളെ
ആശ്രയിച്ചുകഴിയുന്ന ശീലം കാവ്യലോകത്തു പ്രവർത്തിക്കുന്നവർക്ക് മിക്കവാറും എന്നുമുണ്ട്. അത്തരം സംരക്ഷണം അവർക്ക് കവിതയെക്കവിഞ്ഞു മേന്മ നേടാൻ പര്യാപ്തമാണ്. കവിതയ്ക്കു സഹജമായ കൃത്രിമത്വത്തെക്കുറിച്ച് തുടക്കത്തിൽ സൂചിപ്പിച്ചത് ഓർക്കുമല്ലോ. നമുക്കത് കാപട്യവും ആയിട്ടുണ്ട്. നവീനതാപ്രസ്ഥാനത്തിന്റെ വക്താവായി പ്രത്യക്ഷപ്പെടുകയും പുതുമയോട് ആജന്മശത്രുതയുള്ള പ്രത്യയശാസ്ത്രാധീശത്വത്തിനു കീഴടങ്ങുകയും ചെയ്തത് ഒരുദാഹരണം മാത്രമാണ്. വരുതിയാലാകാത്തവരെ ഒതുക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത്
നിരന്തരക്കാഴ്ചയും. എഴുത്തച്ഛൻ തുറന്നുതന്നെ കാവ്യപന്ഥാവിലൂടെ സഞ്ചരിക്കുന്നവർ തന്നെ ഇപ്പറഞ്ഞതിന് പലപ്പോഴായി ഇരകളായിട്ടുണ്ട്. ശ്രീനാരായണഗുരു, അക്കിത്തം, ചെറിയാൻ കെ ചെറിയാൻ, യൂസഫലി കേച്ചേരി, എസ് രമേശൻനായർ, വി മധുസൂദനൻനായർ, പി രവികുമാർ. പെട്ടെന്ന് ഓർമയിൽവന്ന പേരുകളാണിവ. ഓരോ മണ്ഡലം കൈക്കലാക്കുകകയും അതിന്റെ പേരിൽ പ്രാതിനിധ്യം ചോദിച്ചു സ്ഥാനം നേടുകയും ചെയ്യുന്നതിലൂടെ
സ്ഥാപിതമാകുന്ന പുത്തൻവരേണ്യതയിൽ കവിതയൊഴികെ മറ്റെല്ലാറ്റിനും ഇടംകിട്ടുന്നുണ്ട്. ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ വിലയിടിഞ്ഞുപോയ സാഹിത്യരൂപം മലയാളകവിതയാണ്. നോവലും ചെറുകഥയും ഏറെമുന്നിലാണിന്ന്. നാടകത്തിന് എന്നും  ഏതാണ്ടൊരേ ഗതിവേഗമാണല്ലോ മലയാളത്തിൽ. അതുകൊണ്ടു തളർച്ച അവിടെ വലിയ അനുഭവമായി പറയപ്പെടുകയില്ല. എന്നാൽ മലയാളകവിതയുടെ സ്ഥിതിയതല്ല. സാഹിത്യത്തിന്റെ മറുവാക്കാണു കവിത. ദിവ്യൻ എന്ന പരിവേഷമുള്ളയാളാണു കവി. അതേ, അതുതന്നെയായിരിക്കാം അപകടകാരണവും. എല്ലാവർക്കും ദിവ്യത്വം വേണം, കവിത്വം വേണമെന്നില്ലതാനും. ഭാഷ ഉചിതജ്ഞതയോടെ വിന്യസിച്ച് കവിത വിളയിക്കണമെങ്കിൽ ചില ക്ലേശങ്ങളൊക്കെ അനുഭവിച്ചിരിക്കണം. അപ്പോൾ, ഭാഷയുടെ സമർത്ഥമായ
വിനിയോഗമാണു കവിതയെങ്കിൽ, ഒട്ടേറെ പടവുകൾ കയറിയ മലയാളകവിത ഭാഷയുടെ പിന്നാമ്പുറത്തെവിടെയോ
കിതച്ചുനില്ക്കുകയാണിപ്പോൾ.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.