DCBOOKS
Malayalam News Literature Website

ധര്‍മ്മശാസ്താവും ബോധിസത്വനും; കെ.ടി.ശാന്തിസ്വരൂപ് എഴുതുന്ന ലേഖനം നവംബര്‍ ലക്കം പച്ചക്കുതിരയില്‍

ഇന്നത്തെ ഹിന്ദുമതത്തിലെ ആരാധനാക്രമത്തിലെ എല്ലാ ചടങ്ങുകളും ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഘോഷയാത്രകളും ഉത്സവങ്ങളുമെല്ലാം ബുദ്ധമതത്തില്‍ നിന്നും ഏറെക്കുറെ അതേപടി പകര്‍ത്തിയെടുത്തതാണ്. കേരളത്തില്‍ അയിത്താചരണം ഉത്ഭവിച്ചത് ബ്രാഹ്മണാധിപത്യത്തിനുശേഷം അവര്‍ പുനര്‍നിര്‍മ്മിച്ചശേഷം ഇത്തരം ക്ഷേത്രങ്ങളില്‍ നിന്നുമാണ്. അതിനുള്ള ഉത്തമോദാഹരണമാണ് ശബരിമല ശാസ്താക്ഷേത്രം.

ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം ബൗദ്ധസംസ്‌കൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതും ബുദ്ധമത പാരമ്പര്യത്തിന്റെ ഭൂതകാലശേഷിപ്പുകളാല്‍ സമ്പന്നവുമായ അപൂര്‍വ്വക്ഷേത്രമാണ്. മറ്റു ഹൈന്ദവക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായി ശബരിമലയില്‍ ജാതി-വര്‍ഗ്ഗ വിവേചനങ്ങളില്ലാത്ത
ആചാരരീതികള്‍ക്ക് പ്രാമുഖ്യവും സ്വീകാര്യതയും ലഭിച്ചത്, ബുദ്ധധര്‍മ്മത്തിലെ ഏറ്റവും പ്രധാന തത്ത്വങ്ങളിലൊന്നായ സമത്വസങ്കല്പം ശബരിമലയില്‍ ഒരുകാലത്ത് നിലനിന്നിരുന്നതുകൊണ്ടാണ്.

കേരളീയസമൂഹത്തിന്റെ ധാര്‍മ്മികബോധത്തെയും ജ്ഞാനമാര്‍ഗ്ഗത്തെയും ഏറ്റവുമധികം സ്വാധീനിച്ചതും പരിവര്‍ത്തനപ്പെടുത്തിയെടുത്തതും ആയിരത്തി ഇരുന്നൂറിലധികം വര്‍ഷം നിലനിന്നിരുന്ന ബുദ്ധ-ജൈന മതങ്ങളുടെ പ്രഭാവകാലത്തായിരുന്നു എന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. ബുദ്ധ-ജൈന സംസ്
കാരങ്ങളുടെ സുദീര്‍ഘമായൊരു കാലഘട്ടത്തിനുശേഷം നടന്ന വൈദികവത്കരണത്തെത്തുടര്‍ന്ന് ഉയര്‍ന്ന ജാതിക്കാര്‍ക്കുമാത്രം ക്ഷേത്രപ്രവേശനാധികാരമുണ്ടായിരുന്ന കാലത്തും ജാതിവിവേചനമില്ലാതെ ശബരിമലയില്‍ അവര്‍ണ്ണര്‍ക്ക്, ക്ഷേത്രപ്രവേശനവും ആരാധനാസ്വാതന്ത്ര്യവും ലഭിച്ചത് ആഴത്തിലുള്ള ഇത്തരമൊരു പ്രബുദ്ധപാരമ്പര്യം ശബരിമലയില്‍ നിലനിന്നിരുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിന് കേരളീയ സാമൂഹികചരിത്രത്തില്‍ വളരെയധികം പ്രാധാന്യവുമുണ്ട്. ആചാരരീതികളിലെ വ്യത്യസ്തതകളില്‍ക്കൂടിയും ജാതിരഹിത സമത്വദര്‍ശനത്തിലൂടെയും വനാന്തര്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ധര്‍മ്മശാസ്താക്ഷേത്രത്തെ കേരളത്തില്‍നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ട ബൗദ്ധധര്‍മ്മത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ട പ്രധാനപ്പെട്ടൊരു പൈതൃക പഠനകേന്ദ്രമായി കരുതുന്നതും അതുകൊണ്ടുതന്നെയാണ്.

ബൗദ്ധ പ്രഭവകാലത്ത് ബുദ്ധചൈത്യങ്ങളും വിഹാരങ്ങളും നിര്‍മ്മിച്ചിരുന്നത് വനത്തിലോ, വനമേഖലയോട് ചേര്‍ന്നോ, അല്ലെങ്കില്‍ കച്ചവട കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാവുന്ന പാതകള്‍ക്ക് സമീപത്തോ ആയിരുന്നു. ബുദ്ധവിഹാരങ്ങളെ സഹായിക്കുകയും രക്ഷാകര്‍തൃത്വം വഹിക്കുകയും ചെയ്തിരുന്നത് രാജാക്കന്മാരും സമ്പന്നരായ കച്ചവടക്കാരുമായിരുന്നുവെന്ന് അക്കാലത്ത് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ശാസനങ്ങളിലും ലിഖിതങ്ങളിലും വ്യക്തമാക്കുന്നുണ്ട്. ബുദ്ധവിഹാരങ്ങളും ബുദ്ധചൈത്യങ്ങളും വാണിജ്യപാതകളുടെ (Caravan route) സംഗമസ്ഥാനങ്ങളിലായിരുന്നു അധികവും നിര്‍മ്മിച്ചിരുന്നത്. എ.ഡി. എട്ടാം നൂറ്റാ
ണ്ടിനു ശേഷമാണ് കേരളത്തില്‍ ഹിന്ദുക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയതെന്നു കാണാം. അതിനു മുമ്പുതന്നെ കേരളത്തില്‍ ജൈനക്ഷേത്രങ്ങളും ബുദ്ധചൈത്യങ്ങളും നിലനിന്നിരുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ ശബരിമല ശാസ്താക്ഷേത്രം പ്രാചീനകാലത്ത് ബുദ്ധചൈത്യം ആയിരുന്നുവെന്നതിലേക്ക് വെളിച്ചംവീശുന്നു.

ശബരിമല ക്ഷേത്രത്തിന്റെ ഒരു പഴയകാലചിത്രം

ബുദ്ധമത ഗ്രന്ഥങ്ങളായ ദീപവംശം, മഹാവംശം എന്നിവയില്‍ ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുതന്നെ ദക്ഷിണേന്ത്യ സാംസ്‌കാരികമായി ഔന്നത്യം പ്രാപിച്ചിരുന്ന പ്രദേശമായിരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. അശോകന്റെ ഭരണകാലത്ത് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തമാക്കപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയില്‍ ബി.സി. മൂന്നാം നൂറ്റാണ്ടുമുതല്‍ ബുദ്ധമതം എത്തിച്ചേര്‍ന്നു. ദക്ഷിണേന്ത്യയില്‍ നിന്നാണ് ബുദ്ധമതം തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങിയത്. ദക്ഷിണ കേരളത്തിലാണ് ബുദ്ധമതത്തിന് കൂടുതല്‍ പ്രചാരം നേടാന്‍ കഴിഞ്ഞത്. ചേരരാജാക്കന്മാര്‍ പലരും ബുദ്ധമതക്കാരോ, ജൈനമതക്കാരോ ആയിരുന്നു. അതിനാലാണ് ആതന്മാര്‍ എന്നവരെ വിശേഷിപ്പിച്ചത്. ചേരരാജാവായ ഉതിയന്‍ചേരലാതന്‍ തന്റെ മകനായ നെടുംചേരലാതന്റെ കാലത്ത് കേരളത്തില്‍ ബുദ്ധമതം വിപുലമായി പ്രചരിപ്പിക്കപ്പെട്ടു. ധര്‍മ്മശാസനന്‍ എന്നു പേരുള്ള ഒരു ബുദ്ധഭിക്ഷു ബുദ്ധമത പ്രചാരണാര്‍ത്ഥം കേരളത്തില്‍ വന്നത് നെടുംചേരലാതന്റെ കാലത്തായിരുന്നു എന്നും ചേരരാജാവിന്റെ അനുവാദത്തോടെ അദ്ദേഹം ഒരു ബൗദ്ധചൈത്യം നിര്‍മ്മിച്ചതായും ഇതിനുപുറമേ അനേകം മുനിമടകളും ചൈത്യങ്ങളും അദ്ദേഹം ഉണ്ടാക്കിയതായും ‘പതിറ്റുപ്പത്തില്‍’ പരാമ
ര്‍ശിക്കുന്നുണ്ട്.

മൗര്യസാമ്രാജ്യത്തിന്റെ അസ്തമയത്തിനുശേഷം പിന്‍ഗാമികളായിവന്ന ശാതവാഹനന്മാരുടെ കാലത്ത് വിപുലമായി നടന്ന ബൗദ്ധവത്കരണത്തിന്റെ ഭാഗമായി നടന്ന ബുദ്ധധര്‍മ്മവ്യാപനത്തിന്റെ ഭാഗമായാണ് ശബരിമലയും അതുപോലെ മറ്റനേകം ശാസ്താക്ഷേത്രങ്ങളും (ചൈത്യങ്ങള്‍) വിഹാരങ്ങളും സ്ഥാ
പിക്കപ്പെട്ടത്. ശാതവാഹന രാജാക്കന്മാര്‍ സ്ഥാപിച്ച ചൈത്യങ്ങളാണ് പിന്നീട് ശാസ്താക്ഷേത്രങ്ങളായതെന്നും ദക്ഷിണേന്ത്യയിലെ മിക്ക ബുദ്ധചൈത്യങ്ങളും ശാതവാഹന കാലഘട്ടത്തില്‍ ഉണ്ടാക്കിയതാണെന്നുമാണ് കരുതുന്നത്. ശാതവാഹന കാലഘട്ടം ബി.സി. 230 മുതല്‍ എ.ഡി. 203 വരെ നാലര നൂറ്റാണ്ടുകാലം നീണ്ടുനിന്നിരുന്നു. ശാതവാഹന രാജാക്കന്മാരുടെ ശിലാശാസനങ്ങള്‍ പ്രഖ്യാപിക്കുന്നത് അവര്‍ ധനവും ഭൂമിയും ബുദ്ധ ഭിക്ഷുക്കള്‍ക്ക് ദാനം ചെയ്തിരുന്നുവെന്നാണ്. അശോകന്റെ കാലഘട്ട ത്തിലുണ്ടായ ബുദ്ധമതത്തിന്റെ വളര്‍ച്ച പിന്നീട് അഭിവൃദ്ധിപ്പെടുന്നത് അവസാനത്തെ പ്രസിദ്ധനായ ശാതവാഹന രാജാവ് യജ്ഞശ്രീ ശതകര്‍ണിയുടെ (എ.ഡി. 170-203) കാലത്താണ്. നാഗാര്‍ജുനകൊണ്ടയും അമരാവതിയും ശാതവാഹനന്മാരുടെ കീഴില്‍ ബുദ്ധമതത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറി. അജന്തയിലേതടക്കം നിരവധി ഗു
ഹാചിത്രങ്ങള്‍ ശാതവാഹന കാലഘട്ടത്തില്‍ രചിച്ചവയാണ്. ശതകര്‍ണി അനേകം ബുദ്ധമത സ്തൂപങ്ങള്‍ രാജ്യത്ത് സ്ഥാപിക്കുകയും നിരവധി ഗുഹാക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ബുദ്ധമത പ്രചാരണത്തിനുവേണ്ടിയുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്തിരുന്നു.

എ.ഡി. ഒന്നാം നൂറ്റാണ്ടോടെയാണ് ബുദ്ധന്‍ ശിലാശില്പങ്ങളായും ഗുഹാചിത്രങ്ങളായും ചിത്രീകരിക്കപ്പെട്ടുതുടങ്ങിയത്. ബിംബാരാധന മതവിശ്വാസത്തിലെ പ്രധാന ഘടകമായതോടെ തീര്‍ത്ഥങ്കരന്മാരുടെയും ഉപദേവതകളുടെയും വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുക എന്നത് ഒരവശ്യഘടകമായിത്തീര്‍ന്നു. അങ്ങനെയാണ് ബുദ്ധ-ജൈന മതങ്ങളില്‍ വിഗ്രഹാരാധന സാര്‍വ്വത്രികമായിത്തീര്‍ന്നത്. അവൈദികമായ ജൈനമതത്തിന്റെ സംഭാവനകളില്‍ മുഖ്യമാണ് ക്ഷേത്രനിര്‍മ്മാണവും ബിംബാരാധനയും. വൈദിക
ഗ്രന്ഥങ്ങളായ ബ്രാഹ്മണങ്ങളിലോ ആരണ്യകങ്ങളിലോ ഉപനിഷത്തുകളിലോ ക്ഷേത്രനിര്‍മ്മാണം, വിഗ്രഹാരാധന എന്നിവയെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. വൈദികയജ്ഞവിധിയെ നിഷേധിച്ച് തീര്‍ത്ഥങ്കരരെ ദേവന്മാരാക്കിയപ്പോള്‍ യജ്ഞകര്‍മ്മങ്ങള്‍ക്കു പകരം ജൈനര്‍ ഉണ്ടാക്കിയതാണ് പൂജാവിധികള്‍. ഇന്നു ഹിന്ദുമതത്തില്‍ സാര്‍വ്വത്രികമായി കാണുന്ന വിഗ്രഹാരാധനയുടെയും പൂജാവിധികളുടെയും ക്ഷേത്രനിര്‍മ്മിതിയുടെയും മൂലരൂപം സര്‍വാര്‍ത്ഥസിദ്ധിക്കുവേണ്ടി വിഗ്രഹാരാധന സ്വീകരിച്ച ജൈനര്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന് പണ്ഡിറ്റ് ഭഗവദ്ദത്ത് അഭിപ്രായപ്പെടുന്നു. ശ്രാദ്ധ ദിനകൃത്യം എന്ന ജൈനഗ്രന്ഥത്തില്‍ ക്ഷേത്രാരാധനാവിധികള്‍ വിസ്തരിച്ചു പറയുന്നുണ്ട്. ക്ഷേത്രങ്ങളുണ്ടാക്കുന്നതും നന്നാക്കുന്നതും കൊണ്ടുമാത്രം മുക്തിലഭിക്കുമെന്ന് ജൈനര്‍ വിശ്വസിച്ചു. ആപൂര്‍ത്തം എന്ന വൈദിക സംജ്ഞയ്ക്കു പകരം ജൈനര്‍ നിര്‍മ്മിച്ചതാണ് ക്ഷേത്രം എന്ന് ഭഗവദ്ദത്ത് അഭിപ്രായപ്പെടുന്നു. രത്‌നസാരഭാഗം, വിവേകസാരം തുടങ്ങിയ ജൈനഗ്രന്ഥങ്ങളില്‍ പ്രതിമാരാധനയോടനുബന്ധിച്ച് നടത്തേണ്ട പൂജാവിധികളെപ്പറ്റി വിസ്തരിച്ചു പറഞ്ഞിട്ടുണ്ട് (കേരള ചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍).

കേരളത്തില്‍ ഇന്ന് ഹൈന്ദവ രീതിയില്‍ ആരാധിക്കപ്പെടുന്ന പല ക്ഷേത്രങ്ങള്‍ക്കും ബുദ്ധ-ജൈന പാരമ്പര്യം അവകാശപ്പെടാവുന്നതാണ്. കിളിരൂര്‍ ക്ഷേത്രത്തില്‍ വിഷ്ണുസങ്കല്പത്തില്‍ ആരാധിക്കുന്നത് ബുദ്ധനെയാണ്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം ഒരു ജൈനദേവാലയമായിരുന്നു. ദിഗം
ബരജൈനനായ ഭരതേശ്വരനാണ് അവിടത്തെ പ്രതിഷ്ഠ. ശ്രാവണബലഗോളയിലെ ഭരതേശ്വരന്റെ ശില്പമാതൃകയുമായി ഇതിനുള്ള സാദൃശ്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ബ്രാഹ്മണ്യവത്കരണത്തോടെ ശ്രീരാമന്റെ അനുജനായ ഭരതനായി ജൈനദിഗംബരനായ ഭരതേശ്വരനെ പരിവര്‍ത്തനം ചെയ്‌തെടുക്കുകയായിരുന്നു.
കേരളത്തില്‍ ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുതന്നെ ഉണ്ടായിരുന്ന ജൈനക്ഷേത്രങ്ങളും ബുദ്ധചൈത്യങ്ങളും ഇത്തരത്തില്‍ മാറ്റിത്തീര്‍ക്കുകയും ബുദ്ധ-ജൈന ക്ഷേത്രങ്ങളിലെ ബിംബങ്ങള്‍ മാറ്റി വൈദികാരാധനാരീതികളോടുകൂടിയ ക്ഷേത്രങ്ങളായി പരിവര്‍ത്തനം ചെയ്‌തെടുക്കുകയുമാണുണ്ടായത്. തൃക്കണാമതിലകത്ത് (കണവായില്‍കോട്ടം) ഉണ്ടായിരുന്ന പ്രസിദ്ധമായ ജൈനക്ഷേത്രം പിന്നീട് ഹിന്ദുക്ഷേത്രമായി മാറി. എ.ഡി. 1400 കാലഘട്ടത്തില്‍ മതിലകം ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍
പ്രവേശിക്കുമായിരുന്നില്ലെന്ന് കോകസന്ദേശത്തില്‍നിന്നു മനസ്സിലാക്കാം. 1931 ലെ തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം ഇന്നത്തെ ഹിന്ദുമതത്തിലെ ആരാധനാക്രമത്തിലെ എല്ലാ ചടങ്ങുകളും ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഘോഷയാത്രകളും ഉത്സവങ്ങളുമെല്ലാം ബുദ്ധമതത്തില്‍നിന്നും
ഏറക്കുറേ അതേപടി പകര്‍ത്തിയെടുത്തതാണ്. കേരളത്തില്‍ അയിത്താചരണം ഉത്ഭവിച്ചത് ബ്രാഹ്മണാധിപത്യത്തിനുശേഷം അവര്‍ പുനര്‍നിര്‍മ്മിച്ച ഇത്തരം ക്ഷേത്രങ്ങളില്‍ നിന്നുമാണ്. അതിനുള്ള ഉത്തമോദാഹരണമാണ് ശബരിമല ശാസ്താക്ഷേത്രം. ഈ അടുത്തകാലംവരെ അവിടത്തെ ആചാരങ്ങളും ചടങ്ങുകളും ബുദ്ധമതത്തിന്റേതായിരുന്നുവെന്നും ഏകദേശം 75 വര്‍ഷം മുമ്പുവരെ ബ്രാഹ്മണര്‍ അവിടെ പ്രവേശിക്കുമായിരുന്നില്ല എന്നും ദലിത്ബന്ധു എന്‍.കെ. ജോസ് രേഖപ്പെടുത്തിയിട്ടുണ്ട് (കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍, കുടവെച്ചൂര്‍ പള്ളി)….

ലേഖനം തുടര്‍ന്ന് വായിയ്ക്കാം

കെ.ടി ശാന്തിസ്വരൂപ് എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം നവംബര്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.