DCBOOKS
Malayalam News Literature Website

ചില ബുദ്ധിപരമായ കളികള്‍

മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’ എന്ന നോവലിന് കെ വി മധു എഴുതിയ വായനാനുഭവം

കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മിക്കപ്പോഴും ഒരു അരബുദ്ധിയുടെ ഒരു കളിയുണ്ടാകും. പക്ഷേ കുറ്റകൃത്യം ഒരു പൂര്‍ണ ബുദ്ധിയുടെ പ്രവൃത്തിയല്ലാത്തതുകൊണ്ടോ എന്തോ 99 ശതമാനം കുറ്റകൃത്യങ്ങളും എത്ര ബുദ്ധിപരതയോടെ സംഭവിച്ചാലും അത് പിടിക്കപ്പെടുകയും ബുദ്ധിപരതയോടെ ചെയ്യാന്‍ ശ്രമിച്ച ഒരു ബുദ്ധിയില്ലായ്മയുടെ ഫലമായി മാറുകയും ചെയ്യും. ആധുനിക മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയില്‍ പിന്നോട്ട് വലിക്കുന്ന കണക്കില്ലാത്ത മനുഷ്യരഹിത പ്രവര്‍ത്തനങ്ങള്‍ സംഭവിക്കാറുണ്ട്. പുരോഗതിക്കുപയോഗിക്കേണ്ട ബുദ്ധി അധോഗതിക്ക് കാരണമാകാറുണ്ട്. അത്തരം ബുദ്ധി പലതും കുറ്റകൃത്യങ്ങള്‍ക്കാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഓരോ കുറ്റകൃത്യത്തെ കുറിച്ചും ആലോചിച്ച് നാം ഒടുവില്‍ പറയും. എന്നാലും അവന്റെ ബുദ്ധി ഒരു നല്ലകാര്യത്തിനുപയോഗിച്ചിരുന്നെങ്കില്‍ എന്ന്…

അതുകൊണ്ടാണ് പല കുറ്റകൃത്യങ്ങളും അതിന്മേലുള്ള കുറ്റാന്വേഷണവും ഒരു ബ്രെയിന്‍ ഗെയിം ആകുന്നത്. ഇത്തരം ഗെയിമുകളില്‍ മിക്കവാറും ഒരുകുറ്റവാളിയുടെ ബുദ്ധികൂര്‍മതയെ അന്വേഷകന്റെ ബുദ്ധി കൗശലം പരാജയപ്പെടുത്തും. എന്നാല്‍ ഈ രണ്ട് ധ്രുവങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒരു ഗെയിംപോലെ ആകാംക്ഷാഭരിതമായിരിക്കും. മായാ കിരണ്‍ എഴുതി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ദി ബ്രെയിന്‍ ഗെയിം എന്ന നോവല്‍ ഒരു കുറ്റവാളിയുടെയും കുറ്റാന്വേഷകന്റെയും പരസ്പര മല്‍സരത്തിന്റെ എല്ലാ ആകാംക്ഷയും നിറച്ചുവച്ച ഒരു അനുഭവമാണ്.

വിതച്ചവന്റെ ബുദ്ധി

ഒന്നുകില്‍ ഞാന്‍ ചാവും അല്ലെങ്കില്‍ നിന്നെ കൊല്ലും എന്നതാണ് ഒരു കൊടുംകുറ്റവാളിയുടെ അന്ത്യന്തിക നയം. അവര്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് തീരുമാനിച്ചവരാണ്. ചെയ്യാന്‍ പോകുന്ന കുറ്റകൃത്യത്തിന്റെ സഫലീകരണത്തിനായി ഓരോ ഘട്ടത്തിലും എന്തുംചെയ്യാന്‍ ഒരുങ്ങിക്കൊണ്ട് മുന്നേറും. ഒരുപക്ഷേ കണ്ടുനില്‍ക്കുന്നവനോ, ഇരയാക്കപ്പെടുന്നവനോ പെട്ടെന്നൊരു പ്രതികരണത്തിന് പോലും അസാധ്യമാം വിധമായിരിക്കും കുറ്റവാളിയുടെ ഇടപെടല്‍. എന്നാല്‍ അയാളുടെ ആ വേഗത്തിന് മറ്റൊരു ഗുണമുണ്ട്. അത് പലപ്പോഴും തെളിവുകള്‍ അവശേഷിപ്പിക്കുന്ന അരബുദ്ധിയുടെ ഗെയിമായിരിക്കും. അയാളുടെ െൈക്രം ഗെയിം ഏകപക്ഷീയമായി മുന്നേറുമ്പോള്‍ പിന്നിലെന്തുനടക്കുന്നു എന്നാലോചിക്കാനോ താന്‍ ചെയ്തുപോരുന്ന കൃത്യങ്ങള്‍ക്ക് എന്ത് തുടര്‍ച്ചയുണ്ടാകുന്നു എന്ന് ചിന്തിക്കാനോ കുറ്റവാളിക്ക് കഴിയണമെന്നില്ല. അങ്ങനെയൊരു ഘട്ടത്തിലാകും ഒരു കുറ്റാന്വേഷകന്‍ പ്രത്യക്ഷപ്പെടുക. കുറ്റകൃത്യങ്ങളുടെ ലോകത്ത് അയാളെ പോലെ വെല്ലുവിളി നേരിടുന്ന ഒരാള്‍ ഈ Textലോകത്തിലുണ്ടാകില്ല. പെരില്ലാത്ത അജ്ഞാതനായ ഒരു കൊലയാളിയുടെ ക്രൈംഗെയിമിന് തടയിടാന്‍ ബ്രെയിന്‍ ഗെയിമുമായി എത്തുന്ന കുറ്റാന്വേഷകന്റെ കഥയാണ് ബ്രെയിന്‍ ഗെയിം. ചിന്തകള്‍ക്ക് പിടികൊടുക്കാത്തത്രയും ബുദ്ധിപരമായി കൊലപാതകങ്ങള്‍ ചെയ്യുന്ന ഈ കൊടുംകുറ്റവാളിയുടെ ലക്ഷ്യമെന്താണ്? അയാള്‍ ഇനി ആരെയൊക്കെയാണ് കൊല്ലാന്‍ പോകുന്നത് ? ഇങ്ങനെ പല ആശങ്കകളാണ് ബ്രെയിന്‍ ഗെയിമിന്റെ വായനയിലെ ഓരോഘട്ടത്തിലും മായാകിരണ്‍ അവശേഷിപ്പിക്കുക. ഏകാഗ്രമായ ശ്വാസോച്ഛ്വാസത്തിന്റെ അകമ്പടിയോടെ മാത്രം വായനപൂര്‍ത്തിയാക്കാനാകുന്ന വിധം ക്രമീകരിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഒരു നിരയാണ് ഈ നോവല്‍.

ബൗദ്ധിക വ്യായാമം

എല്ലാ ഗെയിമുകളും ബുദ്ധിപരമാണ്. തുടര്‍കൊലപാതകങ്ങള്‍ ചെസ്സുകളിപോലെ ആസ്വദിക്കുന്ന കുറ്റവാളികളുണ്ട്. ഒരുപക്ഷേ സീരിയല്‍ കില്ലര്‍മാരുടെ മനസ്സ് ഒരുചെസ്സുകളിക്കാരന്റെ വേട്ടമനസ്സുപോലെയായിരിക്കുമെന്ന് പറയുന്നത് അതുകൊണ്ടായിരിക്കും. അയാള്‍ക്ക് തലകൊയ്യുന്ന നിമിഷങ്ങളുടെ നിര്‍വൃതിവേണം. ആ പ്രേരണയാലാണ് കുറ്റവാളിയുടെ ജവിതം തന്നെ. എന്നാല്‍ പിടിക്കപ്പെടുന്ന നിമിഷം, അയാള്‍ നിലതെറ്റിയവാകും. അതുവരെ അയാളുടെ യാത്രയ്ക്ക് പിന്നാലെ എല്ലാമറിഞ്ഞുകൊണ്ടൊരാള്‍ ഉണ്ടായിരുന്നു എന്ന തിരിച്ചറവ് ഒരുകുറ്റവാളിയെ നിരാശയുടെ പടുകുഴിയിലെത്തിക്കും. ബ്രെയിന്‍ ഗെയിമിന്‍ ഓരോ കൊലപാതകവും പിന്നീടോരോ ആസൂത്രണങ്ങളും ബുദ്ധിപര മായ മികവോടെ മുന്നോട്ട് കൊണ്ടുപോയിരുന്ന അജ്ഞാതനായ ആ കുറ്റവാളിക്ക് പിന്നില്‍ ഹര്‍ഷവര്‍ദ്ധന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ നടന്നെത്തുന്നതോടെ ഗെയിം ആരംഭിക്കുന്നു.

ഹര്‍ഷവര്‍ദ്ധന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനിലൂടെ ഒരു കുറ്റാന്വേഷകന്റെ ആശങ്കകളും പ്രതീക്ഷകളും ഏകാന്തതയും നിശ്ചയദാര്‍ഢ്യവും ഒരു പോലെ ആവിഷ്‌കരിക്കുകയാണ് മായാകിരണ്‍ ഈ നോവലില്‍. കുറ്റകൃത്യനോവലുകള്‍ എഴുതുന്ന ഗൗരവിന്റെ ദുരൂഹമരണം. അഡ്വക്കേറ്റ് അനന്തനുണ്ണിയുടെ ആത്മഹത്യയെന്ന് തോന്നിപ്പിച്ച മരണം, അതിനിടയിലേക്ക് കഴുകന്‍ കണ്ണിന്റെ തുടിപ്പുകളുമായി എത്തിനോക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍. മരണങ്ങളുടെ നോട്ടിഫിക്കേഷനുകള്‍ വിതച്ചവന്റെ മാനസിക നിലയെ ഭീതിദമാണം വിധം വായനക്കാരനിലേക്ക് സംവേദിപ്പിക്കുന്നു.

അപൂര്‍ണതയുടെ നിഗൂഢ ശേഷിപ്പുകള്‍

അപൂര്‍ണതയുടെ നിഗൂഢതകളാണ് ഒരുകുറ്റാന്വേഷണ നോവലിനെ മികച്ചതാക്കുന്നത്. മായാകിരണ്‍ തെരഞ്ഞെടുത്തിരിക്കുന്ന ഉപകഥകളില്‍ ഈ അപൂര്‍ണതയുടെ നിഗൂഢസൗന്ദര്യം നിറഞ്ഞുനില്‍ക്കുകയാണ്. ഒരര്‍ത്ഥത്തില്‍ അതാണ് ഈ നോവലിന്റെ മികവുകളില്‍ മുഖ്യം. ബ്രെയിന്‍ ഗെയിമില്‍ കൊല്ലപ്പെടുന്ന ഗൗരവ് എന്ന കഥാപാത്രം ഒരു നോവലിസ്റ്റാണ്. അതും കുറ്റാന്വേഷണകഥകളോട് താല്‍പര്യമുള്ള ഒരാള്‍. അയാളുടെ കടൈസി നടിപ്പ് എന്ന നോവല്‍ ബ്രെയിന്‍ ഗെയിമിലെ പ്രധാനപ്പെട്ട ഒരുകടമ്പയാണ്.

ഗൗരവിന്റെ അപൂര്‍ണമായ ആ നോവല്‍ അവശേഷിപ്പിക്കുന്ന സംശയങ്ങളിലായിരുന്നു ബ്രെയിന്‍ ഗെയിമിന്റെ ഉത്തരങ്ങള്‍ കിടക്കുന്നത്. എന്തുകൊണ്ടാണ് കടൈസി നടിപ്പിന്റെ ക്ലൈമകാക്‌സ് പൂര്‍ത്തിയാക്കും മുമ്പ് ഗൗരവ് കൊല്ലപ്പെട്ടത്? പിന്നാലെ ഹര്‍ഷന്റെ അന്വേഷണത്തില്‍ ആകാംക്ഷ നിറച്ചുകൊണ്ട് കടന്നുവരുന്ന ജിഗ്‌സോ പസില്‍ മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്കാണ് വായനക്കാരനെ കൊണ്ടുപോകുക. കഥയുടെ വഴിത്തിരിവിലേക്ക് നയിക്കുന്ന ആ ജിഗ്‌സോ പസില്‍ അപൂര്‍ണമായ ഒരു ഗെയിമായി വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു. കൊല്ലപ്പെടാനിടയുള്ള അടുത്തയാളാര് എന്ന ആകാംക്ഷയില്‍ നാമ്മെ എത്തിക്കുന്നു. ചിലങ്കയുടെ ചാനല്‍ ഷോ ലെറ്റസ് ടോക് ദി ട്രൂത്ത് ഭരണകൂടത്തെ തന്നെ വിറപ്പിച്ച ഒരു ഷോയാണ്. അനൗണ്‍സ് ചെയ്ത ഒരു എപ്പിസോഡ് പാതിവഴിയില്‍ നിര്‍ത്തുമ്പോള്‍ ഹര്‍ഷന്‍ മനസ്സിലാക്കുന്നു, സംപ്രേഷണം ചെയ്യപ്പെടാത്ത ആ എപ്പിസോഡിലാണ് തന്റെ ചോദ്യത്തിനുള്ള ഉത്തരം എന്ന്.

നിഗൂഢതകളുടെ കണ്ണികള്‍

ഒരു കുറ്റാന്വേഷണ കഥ അവതരിപ്പിക്കുമ്പോള്‍ എഴുത്തുകാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വായനക്കാരനില്‍ ആകാംക്ഷ നിറയ്ക്കുംമട്ടില്‍ നിഗൂഢതകളുടെ കണ്ണി കൂട്ടിക്കെട്ടുന്നതിലായിരിക്കും. അതിനായി കഥയുടെ ക്രാമാനുഗതമായ വികാസത്തിനപ്പുറം ഉപയോഗിക്കുന്ന പ്രതീകങ്ങളും ഉപമകളും ലളിതമായിരിക്കുകയും വേണം. സാഹിത്യപരമായ ഒന്നത്യത്തിനേക്കാള്‍ ലളിതമായി ആശയം സംവേദിപ്പിക്കാന്‍ കഴിയുക എന്നത് പ്രധാനമാണ്. ചുരുങ്ങിയ വാക്കുകള്‍ കൊണ്ടോ പ്രയോഗങ്ങള്‍കൊണ്ടോ വായനക്കാരനില്‍ ഭീതിയോ ആകാംക്ഷയോ ദുരൂഹകളോ സൃഷ്ടിക്കണം. മായാ കിരണ്‍ വായിക്കുമ്പോള്‍ ലളിതമെന്ന് തോന്നുമെങ്കിലും സങ്കീര്‍ണതകളേറെയുള്ള അതേ സമയം ശക്തിമത്തായ മാര്‍ഗം തന്നെ അതിന് സ്വീകരിച്ചിരിക്കുന്നു. വായനക്കാരന് പരിചിതമായ ചില ബിംബങ്ങളെ സസൂക്ഷ്മം എടുത്തുപയോഗിച്ചിരിക്കുന്നു. മലയാളിക്ക് സുപരിചിതമായ മഞ്ഞവെയില്‍ മരണങ്ങളിലെ ക്രിസ്റ്റി അന്ത്രപ്പേറിന്റെ പേരിലെത്തുന്ന ആ ഫെയ്‌സ്ബുക്ക് ഐഡിയില്‍ ഒളിഞ്ഞുനില്‍ക്കുന്ന ഉത്തരങ്ങള്‍ ബ്രെയിന്‍ ഗെയിമിന്റെ റിസള്‍ട്ട് തന്നെയായിരുന്നു. അതുപോലെ രാക്ഷസന്‍ സിനിമയിലെ അന്നെ ബെല്ലെ എന്ന പാവയുണര്‍ത്തുന്ന ഭീതിയെ എഴുത്തുകാരിയെ നോവലിലേക്ക് പറിച്ചുനട്ടിരിക്കുന്നു.

മനസ്സാണ് ആദ്യത്തെ വിധാതാവ്

സാഹിത്യപരതയ്ക്കുപരിയായി ജനകീയതയെ മുന്‍നിര്‍ത്തി വായനാലോകത്തിന്റെ പൊതുവികാസത്തിന് സഹായകരമായ എഴുത്തുരീതി മലയാളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ ഇത്തരം എഴുത്തുകാര്‍ക്ക് കഴിയുന്നു എന്നിടത്താണ് അതിന്റെ വിജയം. അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ എന്നൊക്കെ ലോകസാഹിത്യത്തില്‍ പേരിട്ടുവിളിക്കുന്ന ഈ എഴുത്തുരീതിയെ കൈയയച്ച് പ്രോല്‍സാഹിപ്പിക്കുകയാണ് മലയാളം. അപ്മാര്‍ക്കറ്റ് ഫിക്ഷന്റെ വാതില്‍ തുറന്നിട്ടതോടെ മലയാളത്തില്‍ നിരനിരയായി എഴുത്തുകാര്‍ ഗംഭീര പുസ്തകങ്ങളുമായി വരികയായി. മായാകിരണിന്റെ ബ്രെയിന്‍ ഗെയിം തെളിയിക്കുന്നത് ഈ എഴുത്തുകാരിക്ക് ജനകീയ സാഹിത്യത്തിന്റെ വലിയ ലോകത്ത് ഇനിയും സംഭാവനകള്‍ ഏറെ നല്‍കാനുണ്ടെന്നാണ്.

ചുരുക്കത്തില്‍ ഭീതിയും നിഗൂഢതകളും കുറ്റാന്വേഷണത്തിലെ ആകാംക്ഷകളും ഒരുപോലെ സംഗമിക്കുകയാണ് ബ്രെയിന്‍ ഗെയിമില്‍.

സാഹിത്യത്തിന്റെ സങ്കീര്‍ണതകളേതുമില്ലാതെ തന്നെ ബ്രെിന്‍ ഗെയിമിനെ മികച്ച അനുഭവമാക്കി മാറ്റാന്‍ കഴിയുന്നു എന്നിടത്താണ് മായാകിരണിന്റെ വിജയം. ഒരുകുറ്റാന്വേഷകന്റെ മൂന്നാംകണ്ണിനെ കുറിച്ച് നോവലിലൊരിടത്ത് ഹര്‍ഷന്‍ ഇങ്ങനെ ഓര്‍ക്കുന്നുണ്ട്.

”മനസ്സാണ് ആദ്യത്തെ വിധാതാവ്. അതില്‍ ആദ്യം തോന്നുന്ന തോന്നല്‍ അബോധമനസ്സിന്റെ മുന്നറിയിപ്പാണ്. അതിനെ പിന്തുടരണം” ഹര്‍ഷന്റെ അതേ ഏകാഗ്രതയിലേക്ക് വായനക്കാരനെയും ബ്രെയിന്‍ ഗെയിം എത്തിക്കുന്നു എന്നിടത്ത് നോവല്‍ മികച്ച വായനാനുഭവമായിത്തീരുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ 

Comments are closed.