DCBOOKS
Malayalam News Literature Website

വർഷം പാതി മായുമ്പോൾ : 2021 ന്റെ ആദ്യ പകുതി സമ്മാനിച്ച മികച്ച പുസ്തകങ്ങൾ!

ജെ എസ് അനന്ത കൃഷ്ണൻ

(എഴുത്തുകാരൻ, വിവർത്തകൻ -ദേശീയ, അന്തർ ദേശീയ പുരസ്കാര ജേതാവ് )

വർത്തമാനകാല ജീവിത താളത്തിന് ഏറെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. സാധാരണ ജീവിതം എന്നതിന് പുതിയ നിർവചനം തേടുകയാണ് ലോകം. അതങ്ങനെയെങ്കിലും മനുഷ്യന്റെ സാർവ്വ ലൗകികമായ ആശങ്കകൾക്കും വികാര വിചാരങ്ങൾക്കും ഇന്നും സൗരഭ്യം നഷ്ടപ്പെട്ടിട്ടില്ല. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ വർഷത്തിന്റെ ആദ്യ പകുതി നമുക്ക് സമ്മാനിച്ച അഞ്ച് പുസ്തകങ്ങളെ കുറിച്ചാണ് ഈ ലേഖനം. ഇവ, ഇറങ്ങിയ പുസ്തകങ്ങളിൽ ഏറ്റവും മികച്ചവയാണ് എന്നവകാശപ്പെടുന്നില്ല. എന്നാൽ സഹൃദയർ ഇവയുടെ വായനാനുഭവത്തെ തീർത്തും ആസ്വദിക്കുമെന്നുറപ്പുണ്ട്.

(i) ദ തേർഡ് ഐ റൈസിംഗ് – മുർസ്ബാൻ എഫ് ഷ്റോഫ് (The Third Eye Rising -Murzban F Shroff)

ബ്രത്ത്ലെസ് ഇൻ ബോംബെ( Breathless in Bombay)എന്ന 2008 ലെ ചെറുകഥാ സമാഹാരം കൊണ്ട് തന്നെ സാഹിത്യലോകത്ത്‌ വ്യക്തി മുദ്ര പതിപ്പിച്ച ഷ്റോഫിന്റെ മറ്റൊരു മികച്ച എഴുത്താണ് ഈ പുസ്തകം. ചെറു കഥകളുടെ കഥാതന്തു സാധാരണ മനുഷ്യരുടെ ജീവിത പരിസരങ്ങളിൽ നിന്നെടുത്ത ഹൃദ്യമായ ഏടുകളായി ആദ്യ വായനയിൽ തോന്നുമെങ്കിൽ വായനാനന്തരം അവയുടെ അലയൊലികൾ നമ്മെ കൊണ്ടെത്തിക്കുക ഈ കഥകൾ നമ്മുടേത് കൂടിയാണ് എന്ന തിരിച്ചറിവിലേക്കാണ്. ഇന്ത്യയുടെ ആത്മാവിലേക്കു ചെല്ലുന്ന വേരുകളാണ് ഈ പുസ്തകത്തിന്റെ കാതൽ.

(ii) ദ ഗുഡ് ഗേൾസ് : ആൻ ഓർഡിനറി കില്ലിംഗ് -സോ ണിയ ഫലേരോ
(The Good Girls: An Ordinary Killing- Sonia Faleiro)

27 മെയ്‌ 2015 ൽ കത്ര എന്ന ഉത്തർ പ്രദേശിലെ ഗ്രാമത്തിൽ രണ്ടു കൊച്ചു പെൺകുട്ടികളുടെ വിറങ്ങലിച്ച ശരീരങ്ങൾ ഒരു മാവിൻ കൊമ്പിലാടുന്നത് കണ്ടാണ് സൂര്യനുദിച്ചത്. അതാണ് സോണിയയെ അവിടേക്കെത്തിച്ചത്. അന്വേഷണാത്മക പത്രപ്രവർത്തനതിനൊ ടുവിൽ ജനിച്ച നോൺ ഫിക്ഷൻ നോവൽ എന്ന് വിളിക്കാവുന്ന ഒരു കൃതിയാണിത്. 2014 മുതൽ 2019 വരെ നീണ്ടു നിന്ന തുടർച്ചയായ അന്വേഷണത്തിന്റെ ആകെ തുകയാണ് പുസ്തകം. അതിലുമുപരി മാധ്യമങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളും എങ്ങനെ ഈ അരുംകൊലയെ സമൂഹത്തിന്റെ മറവിയിലേക്ക് തള്ളിവിട്ടുവെന്നും ഈ പുസ്തകം പറയുന്നു.

(iii) ക്ലാര ആന്റ് ദ സൺ‌-കസുവോ ഇഷിഗുരോ
(Klara and the Sun)

നൊബെൽ ജേതാവായ
കസുവോ ഇഷിഗുരോയുടെ എട്ടാമത്തെ നോവൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി ഭൂമിക എന്താകുമെന്നുള്ള ഭാവനയ്ക്കൊപ്പം തന്നെ യാന്ത്രികം എന്ന വാക്കിനെ പൊളിച്ചെഴുതുകയാണ് ഈ പുസ്തകം. വളരെ പതിഞ്ഞ താളത്തിനാണ് ഈ പുസ്തകത്തിന്റെ ആഖ്യാനം മുന്നോട്ടു പോകുന്നത്. എന്നാലും കസുവോ ഇഷിഗുരോയുടെ പുസ്തകങ്ങൾ നൽകുന്ന ഒരനുഭവമുണ്ട്. പുസ്തകം വായിച്ചു കഴിയുമ്പോൾ സുദീർഘമായ ഒരു മഴയുടെ അവസാനം കാറ്റിന്റെ തണുപ്പ് ശ്വാസത്തിലനുഭവിക്കുന്ന സുഖം. അത് വായനക്കാരനെ കാത്തിരിക്കുന്നു.

(iv) ഫസ്റ്റ് പേഴ്സൺ സിംഗുലാർ -ഹറുക്കി മുറക്കാമി
(First Person Singular : Haruki Murakami)

ഒരു ക്ലാസിക് മുറക്കാമി ആഖ്യാന ശൈലിയുടെ മകുടോദാഹരണമാണ് ഫസ്റ്റ് പേഴ്സൺ സിംഗുലർ എന്ന ചെറു കഥാ സമാഹാരം. സംഗീതവും പ്രണയവും യൗവ്വനവും ഒക്കെ മണക്കുന്ന കഥകൾ മാജിക്കൽ റിയാലിസത്തിന്റെ മായിക പ്രപഞ്ചത്തിൽ വിരിയുകയാണിതിൽ. 240 പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകം നിങ്ങൾ ഒറ്റയിരുപ്പിൽ തന്നെ വായിച്ചുതീർക്കുമെന്നുറപ്പ്.

(v)ഔട്ട്‌ലോഡ് -അന്ന നോർത്ത്
(Outlawed-Anna North)

1894 ആണ് വർഷം. മഹാമാരിക്ക് ശേഷം നിയമങ്ങൾ കർശനമായിരിക്കുന്നു. വിവാഹാനന്തരം ഒരു വർഷത്തിനുള്ളിൽ ഗർഭിണികളാകാത്ത വിവാഹിതകളെ ദുർമന്ത്രവാദിനികളാക്കി മുദ്ര കുത്തി തൂക്കികൊല്ലുന്ന ഏർപ്പാടുണ്ടായിരുന്നു അവിടെ. പതിനേഴു വയസ് മാത്രമുള്ള അഡ എന്നാൽ അതിനൊരുക്കമായിരുന്നില്ല. ഫെമിനിസ്റ്റ് സാഹിത്യത്തിന്റെ ശാഖയിൽ ഒരു പൊൻതൂവൽ ആണ് ഈ പുസ്തകം. മാർഗ്രറ്റ് അറ്റുവുഡിന്റെ ഹാൻഡ് മെയ്ഡ്സ് ടേൽ (The Handmaid’s Tale) നിങ്ങൾ ആസ്വദിച്ച് വായിച്ചിട്ടുണ്ടാകുമല്ലോ! ഇതേ ഗണത്തിൽ പെടുത്താവുന്ന പുസ്തകമാണ് ഔട്ട്ലോഡ്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.