DCBOOKS
Malayalam News Literature Website

മാന്യനായ തസ്‌കരന്‍

പി. കെ. രാജശേഖരന്‍

ഷെര്‍ലക് ഹോംസിനുള്ള മറുപടിയായി ഒരു ഫ്രഞ്ച് നായകനെ സൃഷ്ടിക്കുകയായിരുന്നു അര്‍സേന്‍ ല്യൂപാങിലൂടെ ല്‌ബ്ലോങ്ങിന്റെ ലക്ഷ്യങ്ങളിലൊന്ന്. ‘അര്‍സേന്‍ ല്യൂപാങിന്റെ അറസ്റ്റ് The Arrest of Arsene Lupin, 1905)  എന്ന ചെറുകഥയിലാണ് ആ മാന്യതസ്‌കരന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ജനപ്രിയം വര്‍ദ്ധിച്ചതോടെ ല്‌ബ്ലോങ് തുടര്‍ച്ചയായി എഴുതാന്‍ തുടങ്ങി.

കൃതികളിലെ പ്രത്യക്ഷമല്ലാത്ത തലങ്ങളും രഹസ്യവാതിലുകളും സൂചനകളും അന്വേഷിക്കുന്നതുകൊണ്ടാവണം സാഹിത്യനിരൂപകര്‍ പണ്ടേതന്നെ അപസര്‍പ്പക
കഥകള്‍ വായിച്ചു രസിച്ചത്. മലയാളത്തില്‍ നോവല്‍ എന്ന ജനുസ്സിനെ സാങ്കേതികമായും സൈദ്ധാന്തികമായും ആദ്യമായി അപഗ്രഥിക്കാന്‍ ശ്രമിച്ച എം.പി. പോളില്‍നിന്നാണ് അതിന്റെ തുടക്കം. ഷെര്‍ലക് ഹോംസിനുള്ള ഫ്രഞ്ച് മറുപടിയായ അര്‍സേന്‍ ല്യൂപാങ് എന്ന മാന്യനായ തസ്‌കരനെക്കുറിച്ച് 1930-ല്‍ തന്നെ പോള്‍ എഴുതി. മൊറീസ് മറീ എമീല്‍ ല്‌ബ്ലോങ്
എഴുതിയ ല്യൂപോങ് കഥകളില്‍ ചിലത് അദ്ദേഹം മലയാളത്തില്‍ സ്വതന്ത്രമായി വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. പശ്ചാത്തലവും കഥാപാത്രനാമങ്ങളുമെല്ലാം pachakuthira dc booksഭാരതീയമാക്കി മാറ്റിയ ആ പരിഭാഷകളെ ‘ഛായാനുവാദം’ എന്നാണ് പോള്‍ വിളിച്ചത്. അദ്ദേഹത്തിന്റെ ‘സാരിത്തുമ്പ്’, ‘ഒളിച്ചുപോയ സ്ത്രീ’, ‘രത്നാംഗുലീയം’ എന്നീ ചെറുകഥകള്‍ അങ്ങനെയുണ്ടായവയാണ്. എഡ്ഗര്‍ അലന്‍ പോയുടെ കഥകളുടെ ഛായാനുവാദവും പോള്‍ നിര്‍വഹിച്ചിട്ടുണ്ട്. ‘ഗദ്യഗതി’ എന്ന പ്രബന്ധ സമാഹാരത്തില്‍ ല്യൂപോങ് കഥകളെപ്പറ്റിയുള്ള ‘ല്യൂപ്പിന്‍’ എന്ന ലേഖനവും കാണാം. (ഫ്രഞ്ച് ഉച്ചാരണത്തില്‍ മുറുകെപ്പിടിക്കാതെ ‘ല്യൂപ്പിന്‍’ എന്നും ‘ലബ്ലാങ്ക്’ എന്നുമാണ് പോള്‍ എഴുതിയത്).

ആ ലേഖനത്തില്‍ ല്യൂപോങ്ങിനെ എം.പി. പോള്‍ ഇങ്ങനെ അവതരിപ്പിച്ചു. ”ഒരു തസ്‌കരനെ ഡിറ്റക്ടീവാക്കുകയോ? കളവു കണ്ടുപിടിക്കുവാന്‍ കള്ളനെത്തന്നെ നിയോഗിക്കുകയോ? പക്ഷേ, അങ്ങനെയാണ് ഫ്രഞ്ച് കഥാകാരനായ ലബ്ലാങ്ക് ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ കഥാനായകന്‍ ലോകൈക ‘കേഡി’യായ ആഴ്സീന്‍ ല്യൂപ്പിന്‍ എന്നയാളാണ്. യുവാവ്, സുമുഖന്‍, വശ്യഭാഷണന്‍, രാജ്യാഭിമാനി, ആശ്രിതവത്സന്‍, ദരിദ്രബന്ധു, കായികാഭ്യാസനിപുണന്‍, നിശിതബുദ്ധി, അഭിനയ പടു,വേഷവിധാനവിചക്ഷണന്‍, കര്‍മകുശലന്‍, സാഹസികന്‍എന്നീ നിലകളില്‍ ല്യൂപ്പിന്‍ ആരുടെ ഹൃദയവും വശീകരിക്കും. സുപ്രസന്നവദനനായിട്ടേ ല്യൂപ്പിനെ നാം കാണാറുള്ളൂ. മഹാവിപത്തുകളിലും ദുര്‍ഘടസന്ധികളിലുമാണ് അയാളുടെ സ്വപ്രത്യയസ്ഥൈര്യം കാണേണ്ടത്. എന്തൊരു അമാനുഷപ്രഭാവം! എന്നാല്‍ ഈ അസാധാരണ ഗുണങ്ങള്‍ ഒത്തിണങ്ങി നമ്മുടെ ഹൃദയങ്ങളെ ആവര്‍ജിക്കുന്ന മനുഷ്യന്റെ തൊഴില്‍ ഭവനഭേദനവും കൂട്ടായ്മക്കവര്‍ച്ചയുമാണ്. ചില്ലറപ്പിടുങ്ങലൊന്നുമല്ല, ലക്ഷക്കണക്കിന് വരുമാനം. നല്ല നല്ല ചിത്രങ്ങള്‍, ലോകോത്തരങ്ങളായ ശില്പവിലാസങ്ങള്‍, അസുലഭമായ കൈയെഴുത്തുപ്രതികള്‍, അഭൂതപൂര്‍വമായ പരവതാനികള്‍ മുതലായവയില്‍ ല്യൂപ്പിനു വലിയ വാസനയാണ്. അവ എവിടെ സൂക്ഷിച്ചുവെച്ചാലും ശരി, ഒടുവില്‍ അവ ല്യൂപ്പിന്റെ കൈവശം വന്നുചേരാതിരിക്കുകയില്ല. ശുദ്ധ തട്ടിപ്പുകാരും പൊങ്ങച്ചക്കാരും കുലീനതാനാട്യക്കാരുമായ വമ്പന്മാരെ കൊള്ളയടിക്കുകയും വന്‍കള്ളന്മാരെ പിടിക്കാന്‍ ചിലപ്പോള്‍ പോലീസിനെ സഹായിച്ച് അപസര്‍പ്പകനായിത്തീരുകയും ചെയ്യുന്ന ല്യൂപോങ് എന്ന കഥാപാത്രത്തെപ്പറ്റി പോള്‍ എഴുതി. ആഴ്സീന്‍ ല്യൂപ്പിന്‍, റോബിന്‍ ഹുഡ്, കായകുളം കൊച്ചുണ്ണി മുതലായ സമുദായശത്രുക്കളുടെ പരാക്രമങ്ങളെക്കുറിച്ചുള്ള കഥകള്‍ വായിക്കുമ്പോള്‍ നമുക്ക് വെറുപ്പും കോപവും ഉണ്ടാകുന്നതിനു പകരം നാം അവരെ ബഹുമാനിക്കുകയും അവര്‍ക്ക്
ആപത്തൊന്നും വരാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? നമ്മുടെ സാമുദായികബോധം സമ്പൂര്‍ണ്ണമായതുകൊണ്ടാണോ നമ്മുടെ പൗരമര്യാദ തൊലിപ്പുറമേ മാത്രമേയുള്ളൂ എന്നു വരുമോ? ആര്‍ക്കറിയാം?” എം.പി. പോള്‍ ശരിയായിത്തന്നെ ചൂണ്ടിക്കാട്ടിയതിനപ്പുറം മറ്റു ചിലതുകൂടിയുണ്ട് അര്‍സേന് ല്യൂപാങ് കഥകളില്‍.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.