DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം കുറിച്ചു. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനും നൊബേല്‍ സമ്മാനജേതാവുമായ ഓര്‍ഹന്‍ പാമുക്, അമേരിക്കന്‍ നടനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

‘തുറന്ന പുസ്തകങ്ങള്‍ തുറന്ന മനസ്സുകള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ പുസ്തകമേളയില്‍ എണ്‍പത്തൊന്ന് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരാണ് പങ്കെടുക്കുന്നത്. മലയാളം-തമിഴ് ഭാഷകളിലുള്ള 230-ലേറെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. ലബനോണ്‍ എഴുത്തുകാരിയും നിരൂപകയുമായ ഡോക്ടര്‍ യുമ്‌ന അല്‍ ഈദ് ആണ് മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് 2019-ലെ സാംസ്‌കാരികവ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സന്ദര്‍ശകരുടെ എണ്ണത്തിന്റെയും പ്രസാധകരുടെ പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ ഈ വര്‍ഷത്തെ പുസ്തകമേള മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ചുനില്‍ക്കുമെന്നാണ് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ വിലയിരുത്തല്‍. കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഇക്കുറി മേളയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന പുസ്തകപ്രകാശനങ്ങള്‍ക്ക് ഈ വര്‍ഷം പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതല്‍ തുടര്‍ച്ചയായ പുസ്തകപ്രകാശനങ്ങള്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ട് പ്രത്യേകമായ പുസ്തകപ്രകാശനവേദിയും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വായനയുടെ ഭാവിവാഗ്ദാനങ്ങളായ കുട്ടികള്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ രചിച്ച നാല്‍പ്പതോളം പുസ്തകങ്ങളാണ് ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പ്രകാശനത്തിനൊരുങ്ങുന്നത്. യു.എ.ഇ.യിലെ ഒരു സ്‌കൂളിലുള്ള മുപ്പത് കുട്ടികള്‍ ചേര്‍ന്ന് രചിച്ച പുസ്തകവും പ്രകാശനത്തിനെത്തുന്നുണ്ട്. കുട്ടികള്‍ക്കുള്ള സിനിമാപ്രദര്‍ശനത്തിന് ‘കോമിക് കോര്‍ണര്‍’ എന്ന പേരില്‍ ഏഴാം നമ്പര്‍ ഹാളില്‍ പ്രത്യേകതീയേറ്റര്‍ ഇപ്രാവശ്യം ഒരുക്കിയിട്ടുണ്ട്.

ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രചിച്ച മൂന്ന് പുസ്തകങ്ങളുടെ മലയാളപരിഭാഷകളും ഇത്തവണ ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യപ്പെടുന്നുണ്ട്.

മേളയില്‍ നിന്ന് വാങ്ങുന്ന പുസ്തകങ്ങള്‍ക്കെല്ലാം ഇരുപത്തഞ്ച് ശതമാനം വിലക്കിഴിവ് ഉണ്ടായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ പുസ്തകമേള നവംബര്‍ ഒന്‍പതിനാണ് സമാപിക്കുക.

Comments are closed.