DCBOOKS
Malayalam News Literature Website

ഇസ്ലാംമതത്തെ മതമൗലികവാദികള്‍ ഭീകരവാദത്തിന് മറയാക്കുന്നു: തസ്ലീമ നസ്രിന്‍

ഇസ്ലാംമതത്തെ മറയാക്കി ചില മതമൗലികവാദികളാണ് തീവ്രവാദം നടത്തുന്നതെന്ന് എഴുത്തുകാരി തസ്ലീമ നസ്രിന്‍. തന്റെ പുതിയ പുസ്തകമായ സ്പിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇസ്ലാംമതം തീവ്രവാദത്തെയോ മനുഷ്യരെ കൊലപ്പെടുത്തുന്നതിനെയോ അനുകൂലിക്കുന്നില്ല. എന്നാല്‍ ചിലര്‍ അതിനെ മറയാക്കി തീവ്രവാദവും കൊലപാതകങ്ങളും നടത്തുന്നു. മതമൗലികവാദം മാനവികതയെ നശിപ്പിക്കും. തന്റെ ജീവിതകഥയെയാണ് ബംഗാള്‍ നിരോധിച്ചത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തടയുന്ന നിയമങ്ങള്‍ ഇല്ലാതാക്കണം. ഇല്ലെങ്കില്‍ ഓരോ എഴുത്തുകാരനും വ്യക്തിപരമായി സെന്‍സര്‍ ചെയ്യേണ്ടിവരുമെന്ന് തസ്ലീമ പറഞ്ഞു.

പീഡനത്തിന് വധശിക്ഷ നല്‍കുന്നതിനോട് എതിര്‍പ്പില്ല. വധശിക്ഷ നല്‍കിയതുകൊണ്ടുമാത്രം പീഡനം തടയാനാകില്ല. പീഡിപ്പിക്കപ്പെടുന്നത് ലൈംഗികത അല്ലെന്നും ക്രൂരതയാണെന്നും അത് മാനസിക വൈകല്യമാണെന്നും പുരുഷന്മാരെ പഠിപ്പിക്കണം.

സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ചുള്ള ചിന്താഗതിയില്‍ മാറ്റം വരുത്തിയാല്‍തന്നെ ഇതിന് ഒരുപരിധിവരെ പരിഹാരം കാണാനാകും. ഭാരതത്തില്‍ താമസിക്കുമ്പോള്‍ തനിക്ക് സ്വന്തം വീട്ടില്‍ താമസിക്കുന്നപോലെയാണ് അനുഭവപ്പെടുന്നത്.

വര്‍ഷങ്ങല്‍ക്ക് മുമ്പ് മാതൃരാജ്യത്തുനിന്ന് പാലായനം ചെയ്യേണ്ടിവന്ന തനിക്ക് അഭയം തന്നത് ഭാരതമാണ്. എഴുതാന്‍ ഏറ്റവും നല്ല സ്ഥലം ഭാരതമാണെന്നും തസ്ലീമ പറഞ്ഞു.

Comments are closed.