DCBOOKS
Malayalam News Literature Website

ചരിത്രം ഇടപെടുന്ന ദശാസന്ധികൾ

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’  ക്ക് ത്യാഗരാജൻ ചാളക്കടവ് എഴുതിയ വായനാനുഭവം

തരകൻസ് ലോഡ്ജ് കൂടുമ്പോഴുള്ള പ്രത്യേക പ്രാർത്ഥനയിൽ നിന്നൊരു ഭാഗം ഈ വിധമാണ്: “പൊന്നപ്പൂപ്പാ, മാത്തുത്തരകാ, നിന്റെ രാജ്യത്തിന്റെ അതിരുകൾ വരച്ച് അത് ഞങ്ങൾക്ക് പേരു ചാർത്തിത്തരേണമേ, നിന്റെ അധികാരത്തിന്റെ കിരീടം ഞങ്ങളുടെ ശിരസ്സിലും നിന്റെ ധീരതയുടെ ചെങ്കോൽ ഞങ്ങളുടെ കൈകളിലും വച്ചുതരേണമേ… ”

An International First in the history of creative narration എന്ന ക്യാപ്ഷനോടെ പുറത്തിറങ്ങിയിരിക്കുന്ന അന്താരാഷ്ട്ര നോവൽ വേണമെങ്കിൽ മേൽ പറഞ്ഞ വിധത്തിലും വായിച്ചു തുടങ്ങാം…

എത്ര വിധത്തിൽ വേണമെങ്കിലും വായനയിൽ തുടങ്ങാവുന്ന നോവൽ എന്നത് ഒരു ലോക സംഭവം തന്നെയാണ്. നമ്മുടെ ഭാഷയാണ് ഇങ്ങനെ ഒന്ന് പരീക്ഷിച്ചു തുടങ്ങിയത് എന്നതിൽ
തീർച്ചയായും ഞാൻ അഭിമാനിക്കുന്നു… ഈ നോവലിന്റെ മറ്റൊലി രചനകൾ വൈകാതെ ഇവിടെ പിറവി കൊളളും!

ഏറെക്കാലമായി ഹൃദയത്തിൽ പ്രണയവും പേറി നടക്കുന്ന ഒരു കാമുകൻ, കാമുകിയോട്
അത് വെളിപ്പെടുത്തുന്ന നിമിഷമുണ്ടല്ലോ, ആ ചങ്കിടിപ്പോടെയാണ്, കുറെ ദിവസമായുള്ള
കാത്തിരിപ്പിനു ശേഷം ‘തരകൻസ് ഗ്രന്ഥവരി’ ഞാൻ വായിക്കാൻ എടുത്തത്… ലോക പുസ്തക ദിനമായ ഏപ്രിൽ ഇരുപത്തിമൂന്നാം തീയതിയാണ് പുസ്തകത്തെ കുറിച്ചുള്ള ആദ്യ അറിയിപ്പുണ്ടാകുന്നത്. തുടർന്നുള്ള രണ്ടാഴ്ചക്കാലം മലയാള വായനക്കാർ ഒന്നടങ്കം തരകനെ അന്വേഷിച്ചിറങ്ങുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്!

പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പുസ്തകം വന്നു. ഇറങ്ങും മുമ്പ് വായനക്കാർ തന്നെ അവരുടെ കാത്തിരിപ്പ് പരസ്യമാക്കി. പുസ്തകം ഏറ്റുവാങ്ങിയവർ, അത്ഭുതാദരങ്ങളോടെ ‘തരകനെ’ ആഘോഷിച്ചു. പലരും പുസ്തകപ്പൊതി അഴിക്കുന്നതിനെ പോലും സ്വന്തം പിറന്നാൾ ദിനം പോലെ കൊണ്ടാടി.

ബെന്യാമിൻ പറഞ്ഞു: നമ്മുടെ തലമുറയിലെ എഴുത്തുകാർ നന്നായി നോവലെഴുതുന്നുണ്ട്,
അവ നന്നായി വിറ്റുപോവുന്നുണ്ട്. എന്നാൽ, വലുതായി പരീക്ഷണങ്ങൾ ഉണ്ടാവുന്നില്ല.
‘തരകൻ’ സാമ്പ്രദായിക രീതികളെയും വായനക്കാരന്റെ /കാരിയുടെ സങ്കൽപങ്ങളെയുമെല്ലാം തകർത്തു തരിപ്പണമാക്കുന്നുണ്ട്. സ്വയം അനുകരിക്കുന്ന എഴുത്തു രീതിയെ പൊളിച്ചെഴുതുന്ന
രണ്ട് എഴുത്തുകാർ മാത്രമേ മലയാളത്തിൽ ജീവിച്ചിരിപ്പുള്ളൂ, എം മുകുന്ദനും ബെന്യാമിനും.

ബെന്യാമിൻ എന്ന ലോകപ്രശസ്തനായ എഴുത്തുകാരന്റെ ഏറ്റവും പുതിയ, ഏറ്റവും
ചർച്ച ചെയ്യപ്പെടുന്ന ‘തരകൻസ് ഗ്രന്ഥവരി’ക്ക് കാരണമായവരിൽ ഒരാളും എന്റെ

പ്രിയപ്പെട്ട സുഹൃത്താണ്. മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്തും ഡി സി ബുക്സിന്റെ
എഡിറ്റർമാരിലൊരാളുമായ  പ്രകാശ് മാരാഹിയാണ് അത്. കാലം കവിത പോലെ ചിലത് ചെയ്യും
എന്ന അദ്ധ്യായത്തിലാണ് ഞാൻ തുടങ്ങിയത്. നോവൽ കവിത പോലെ ചിലത് ചെയ്യുന്നു എന്ന്
ഞാൻ ഇതിനെ തിരുത്തി വായിക്കുന്നു.

ഒരു പുസ്തകം ബാധിച്ച് ഞാൻ ‘പനി’യനായത് ഇതിനു മുമ്പ് പി യുടെ “കവിയുടെ കാൽപ്പാടുകളി”ലൂടെയാണ്. നോവലിനെ കുറിച്ച് ഒരു ചെറു കുറിപ്പ് എഴുതാൻ ഞാൻ അശക്തനാവുന്നു. നോവൽ അപ്പാടെയും ഇവിടെ പകർത്തേണ്ടി വരും. കാലം കവിത പോലെ നീതി നടപ്പാക്കുക തന്നെ ചെയ്യും എന്ന് ബെന്യാമിൻ, ഒരു ഗ്രന്ഥവരിയിൽ… പരാതികൾ എഴുതി ലഭിക്കാത്തതു കൊണ്ട് ഭരണകൂടങ്ങൾ ഗൂഢസംഘങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിൽ ഒരുവർ ഈ വിധം വിചാരിക്കുന്നു: “ഇന്ത്യ എന്ന വിശാല രാജ്യത്തിന് അധികം ആയുസ്സില്ല.” പുസ്തകങ്ങൾക്കൊപ്പമാണ് ഞാൻ ജോലി ചെയ്യുന്നത് എന്നതു കൊണ്ട് മിക്കപ്പോഴും വിചിത്രസ്വഭാവധാരികളുമായും ഇടപെടേണ്ടി വരാറുണ്ട്.

ഇവിടെ നോർമ്മൽ എന്ന വാക്ക് കളഞ്ഞു പോയിട്ട് കാലങ്ങളായി. അതു കൊണ്ടു തന്നെ,
ചേർത്തല ആശുപത്രിയിലെ നഴ്സിനെ എനിക്ക് മുമ്പേ പരിചയമുണ്ട്! അതെ I am a sinner !ശ്രീകൃഷ്ണനെ കന്യാമറിയത്തിന്റെ വയറ്റിൽ നിന്നും ജനിപ്പിക്കാൻ പറ്റുമോ? ഇല്ല എന്നാണ് നിങ്ങൾ ഉത്തരം പറയുന്നതെങ്കിൽ തെറ്റി. ഒരുപാട് തെറ്റുത്തരങ്ങൾ നമ്മൾ വായനക്കാർ കരുതിവച്ചിട്ടുണ്ട്, ജീവിതത്തോട് പോരടിക്കാൻ. എന്നാൽ ആ വിചാരം തെറ്റാണ്.

നോവലിസ്റ്റ് ഇടയ്ക്കെല്ലാം എവിടെയൊക്കെയോ ആത്മകഥ ‘ഒളിച്ചുകടത്തു’ന്നുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. സംശയം അസ്ഥാനത്തായാലും നോവൽ സമ്പൂർണമായി തന്നെ സസ്പെൻസ് ത്രില്ലറായി തുടരുന്നുണ്ട്.

“ഓരോ ദിവസവും ഒരായിരം വയലറ്റു പൂക്കൾ നിറഞ്ഞു നിൽക്കുന്ന ആ സെമിത്തേരിയിലേക്ക് ഞാൻ നടക്കും. പിന്നെ അതിന്റെ ഒത്ത നടുവിൽ ഞാൻ തന്നെ എന്റെ ശവക്കല്ലറയ്ക്ക് കുഴിയെടുക്കും…. ” എന്നെയും അമ്മച്ചിയെയും സഹോദരിമാരെയും തനിച്ചാക്കി,
ഹൃദയമിടിപ്പ് ഓഫാക്കി അപ്പൻ ഒരു പോക്കു പോയി…നോവലിൽ തുടരുമ്പോൾ ഈ വിധം പലപ്പോഴും നമ്മുടെ ഹൃദയമിടിപ്പ് ഓഫാകുന്നുണ്ട്.

ചിലപ്പോൾ തോന്നും നോവൽ മരിച്ചവരുടെ മഹാസിംഫണി ആണെന്ന്. ലൈംഗികതയെക്കാൾ ആസക്തിയോടെ വായനക്കാരനെ / കാരിയെ പ്രാപിക്കുന്ന സിംഫണി ! ശാസ്ത്രം യഥാർത്ഥമല്ലാത്തതുപോലെ ചരിത്രവും യഥാർത്ഥമല്ല. യാഥാർത്ഥ്യം ഒരു വലിയ
കെട്ടുകഥയാണ്. കെട്ടുകഥ ഇഷ്ടപ്പെടുന്ന ജീവിയാണ് മനുഷ്യൻ. അതുകൊണ്ടുതന്നെ
വായനയിലേക്ക് എളുപ്പത്തിൽ മുക്കിക്കൊല്ലാൻ ‘ തരകന്’ സാധിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് പ്രായശ്ചിത്തമായി വല്യവല്യപ്പൂപ്പനായ തരകന് തിരുവിതാംകൂർ രാജാവിൽ നിന്നും കിട്ടിയ തനി തങ്കത്തിലുള്ള സ്വർണ്ണച്ചെവികൾ പിന്നീട് ഒരിക്കൽ തരകൻ ഭവനത്തിൽ നിന്നും മോഷണം പോകുന്നു. വീട്ടുകാർ പോലീസിൽ കേസ് നൽകിയതിനു ശേഷം കളവു മുതൽ അവിടെ നിന്നും തന്നെ കണ്ടെടുക്കുന്നു. മോഷണം നടത്തിയ കൊച്ചുമോൻ പിന്നീട് കൊല്ലപ്പെടുന്നു….

വീട്ടുകാർ തന്നെ കേസ് പൂഴ്ത്താൻ അതിയായി ആഗ്രഹിക്കുന്നു. മറ്റൊരു ട്വിസ്റ്റ്, പളനിയാചാരിയുടെ ബി നിലവറയിൽ നിന്നും, ‘മോഷണം പോയ’ സ്വർണച്ചെവികൾ,
സ്വർണ്ണാഭരണ കമ്പക്കാരനായ റഷീദും സുഹൃത്തും വാങ്ങുന്നു. ഈ ചെവികളാണോ ആ ചെവികൾ?!!

കായംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ, സി ഐ ഹരി കുഞ്ചു അങ്ങനെയാണ് കഥയിൽ വരുന്നത്. വെളളിത്തിരമാലകൾ പലകുറി കാറ്റിൽ ഉലഞ്ഞെങ്കിലും കേസ് ഒരു വഴിക്ക് പോകുന്നു… അല്ലെങ്കിൽ പല വഴിക്ക് പോകുന്നു. ഒരു വഴിയിലൂടെ മാത്രം പോകാനല്ലല്ലോ വായനക്കാരന്/കാരിക്ക് അനുവാദം ?

ബെന്യാമിന്റെ ഇരുപത്തിയഞ്ചാമത്തെ പുസ്തകവും പതിനൊന്നാമത്തെ നോവലുമാണ് ഇത്. സാധാരണ നോവലുകളിലും കഥകളിലും നാടകങ്ങളിലും സിനിമകളിലുമെല്ലാം ഫ്ലാഷ്ബാക്കുകളുണ്ടാകും. എന്നാൽ ഈ നോവലിൽ ഫ്ലാഷ്ബാക്കുകൾ
ഇല്ല!!!

ചന്തയിൽ നിന്നും മാത്തു തരകൻ വില കൊടുത്ത് വാങ്ങിയ അടിമ, പിന്നീട് മാത്തു തരകനെ അടിമുടി അറിയുന്നവനായി മാറുന്നു. അയാളിലൂടെയാണ് കഥ മുന്നേറുന്നത്.

അക്രമികൾ അയാളുടെ നേർക്ക് ആഞ്ഞടിച്ച് വരുമ്പോൾ, അയാൾ ഇങ്ങനെ ആത്മഗതം ചെയ്യുന്നു: “ലക്ഷ്യം ഞാനല്ലെങ്കിലും ശിക്ഷ ഞാൻ കൂടിയല്ലേ ഏറ്റുവാങ്ങേണ്ടത് “എന്ന്. അത് ഓരോ പൗരന്റെയും നിലവിളിയാകുന്നു.

“ആലപ്പുഴ പടിയോല”, “പ എന്നു പേരായവൾ” എന്നീ നോവലുകൾ ‘തരകന്റെ
‘ അന്വേഷണ കൗതുകത്തിന് കൂട്ടാവുന്നുണ്ട്. “വിദൂരനക്ഷത്രം” എന്ന ഒരു അദ്ധ്യായം
എഴുത്തുകാരന്റെ മാനിഫെസ്റ്റോ പോലെ മിഴിവോടെ നിൽക്കുന്നു. പ്രണയം എത്ര ആർദ്രതയോടെയാണ് ഈ അദ്ധ്യായത്തിൽ കൈകാര്യം ചെയ്യപ്പെടുന്നത്. “….. അവൾക്ക് വേണ്ടി എന്റെ ശരീരം ആർത്തു നിലവിളിക്കുന്നു… ” എന്ന വരിയിൽ എത്തുമ്പോൾ വായനക്കാരനും കാരിയും പ്രണയത്തിന്റെ തീവ്രാഭിനിവേശത്താൽ നിലവിളിച്ചു പോകും. “പ്രണയം മരിക്കുമ്പോൾ സർവ്വവും മരിക്കുന്നു.”

ഇന്ന് വിനോദസിനിമകൾക്കും പുതിയ പ്രേക്ഷക ലോകത്തിനും അനിവാര്യമായ
പ്രണയോന്മാദത്തിന്റെ ‘ലിപ് ലോക്കി’ന് ബെന്യാമിൻ ‘ചുണ്ടിൽ പാട്ടു പാടുന്ന’
ശ്രീകണ്ഠേശ്വരമാകുന്നു! സമുദ്ര വർഗീസ്, വിനോദ് ,ചെല്ലപ്പനാശാരി,
പളനിയാചാരി, കമ്പിത്താൻ, വേലുത്തമ്പി ദളവ, ചരിത്രകാരൻ വിനിൽപോൾ, തിരുവിതാംകൂറിലെ വിവിധ രാജാക്കന്മാർ തുടങ്ങി അസംഖ്യം കഥാപാത്രങ്ങൾ ഉണ്ട്, ഈ നോവലിൽ! സാധാരണ കുടുംബത്തിൽ പിറന്ന് സാധാരണ മട്ടിൽ ജീവിതം പുലർത്തി വന്നിരുന്ന ഒരു തരകൻ എങ്ങനെയാണ് തിരുവിതാംകൂറിലെ മുളകുമടിശീലക്കാരൻ എന്ന വാണിജ്യ മന്ത്രിയായത് എന്നറിയണമെങ്കിൽ നമ്മൾ ‘തരകനെ’ അറിയണം. ഉപ്പിന്റെയും പുകയിലയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും കച്ചവടം മാത്രമല്ല യുറോപ്യന്മാർക്ക്  മനുഷ്യരെ വിറ്റുമാണ് തരകൻ വളർന്നത് !!! അയാളുടെ വളർച്ചയും പതനവും നമ്മൾ അറിയണം. മനുഷ്യക്കടത്തിലൂടെയും മനുഷ്യവേട്ടയിലൂടെയും സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്ന ആധുനിക തരകന്മാരെ അറിയണമെങ്കിൽ നമ്മൾ ഈ നോവൽ വായിക്കണം. നമ്മൾ ഓരോരുത്തരും ചരിത്രകാരന്മാർ ആവണം.

‘തരകന്‍സ് ഗ്രന്ഥവരി’  ‘ പുസ്തകരൂപത്തില്‍ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.