DCBOOKS
Malayalam News Literature Website

തമിഴ് സാഹിത്യകാരന്‍ മെലന്‍മയി പൊന്നുസ്വാമി അന്തരിച്ചു

തമിഴിലെ പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ മെലന്‍മയി പൊന്നുസ്വാമി(66) അന്തരിച്ചു. തമിഴ്‌നാട്ടിലെ പുരോഗമനകലാസംഘം പ്രവര്‍ത്തകനും സിപിഐ എം സഹയാത്രികനുമായിരുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലരുടെയും കഥാകാരനായിരുന്നു മെലന്‍മായി.

യു പി സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള മെലന്‍മയിയുടെ കഥകള്‍ എറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.22 ചെറുകഥാ സമാഹാരങ്ങളും ആറു നോവലുകളും നിരവധി പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. മിന്‍സാര പൂ എന്ന ചെറുകഥാസമാഹാരത്തിന് 2008ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. സിപിഐ എം പ്രസിദ്ധീകരണമായ സെമ്മലര്‍ എന്ന വാരികയിലാണ് ആദ്യമായി കഥ അച്ചടിച്ചു വന്നത്. തമിഴിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളായ കല്‍കി, ആനന്ദവികടന്‍ എന്നിവയില്‍ എഴുതാറുണ്ടായിരുന്നു. നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

വിദുരനഗര്‍ ജില്ലയില്‍ തന്റെ ഗ്രാമത്തില്‍ കൃഷിചെയ്തും കടനടത്തിയുമാണ് മെലന്‍മയി കഴിഞ്ഞിരുന്നത്.

Comments are closed.