DCBOOKS
Malayalam News Literature Website

മനുഷ്യജീവിതത്തിന് ഗുണം പിടിക്കാത്ത യുക്തിയും ശാസ്ത്രവും ആര്‍ക്ക് വേണം?: കെ പി രാമനുണ്ണി

അജയപുരം ജോതിഷ്‌കുമാര്‍- ജീവിതസംബന്ധിയും മനുഷ്യസംബന്ധിയും പ്രപഞ്ചസംബന്ധിയുമായ എല്ലാറ്റിനെയും അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്നതാണല്ലോ സാഹിത്യം. അതുകൊണ്ട് തന്നെയായിരിക്കണം നിരൂപകര്‍ എഴുത്തുകാരുമായി നടത്തുന്ന സംഭാഷണങ്ങള്‍ അനന്തമായി നീണ്ട് പോകാറുള്ളത്. ലോകോത്തര എഴുത്തുകാരുമായി പ്രഗത്ഭര്‍ നടത്തിയിട്ടുള്ള ഇന്റര്‍വ്യൂകള്‍ തടിമാടന്‍ ഗ്രന്ഥങ്ങളായിട്ടാണ് പാശ്ചാത്യരാജ്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കെ.പി. രാമനുണ്ണിയുടെ രചനകളെയും അതില്‍ പരിചരിക്കുന്ന പ്രമേയങ്ങളെയും കുറിച്ചൊരു സംഭാഷണം ഏതൊരു മാസികയുടെയും പരിമിതമായ പേജുകളില്‍ ഒതുക്കാന്‍ പ്രയാസമായിരിക്കും. അക്കാരണത്താല്‍ രാമനുണ്ണികൃതികള്‍ മുന്നോട്ടുവെക്കുന്ന പ്രധാനവിഷയങ്ങളില്‍ ചിലത് തെരഞ്ഞെടുത്ത് അവിടെ ചര്‍ച്ച കേന്ദ്രീകരിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മതം, വിശ്വാസം, ശാസ്ത്രം, ലൈംഗികത എന്നിവയാണ് ആ വിഷയങ്ങള്‍. ആദ്യം മതത്തിന്റെ മണ്ഡലത്തിലേക്ക് തന്നെ പ്രവേശിക്കാം. ഏറ്റവും സങ്കീര്‍ണ്ണവും സംഘര്‍ഷാത്മകവുമാണല്ലോ മതങ്ങളുടെ സമകാലികാവസ്ഥ. അതിനോട് മുഖം തിരിച്ച് നില്‍ക്കുന്ന സമീപനമാണ് ഭൂരിപക്ഷം എഴുത്തുകാരും സൗകര്യപൂര്‍വ്വം സ്വീകരിക്കാറുള്ളത്. എന്നാല്‍ രാമനുണ്ണി മതത്തെയും അതുപോലെ മറ്റൊരു സ്വത്വനിര്‍ണ്ണയമായ ജാതിയെയും എഴുത്തില്‍ പ്രതിഫലിപ്പിക്കാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല. സര്‍ഗ്ഗാത്മക സാഹിത്യകാരന്റെ അസ്പൃശ്യമേഖലയോടുള്ള കമ്പമാണോ ഇതിന് പിറകില്‍? അതോ ജീവിതവീക്ഷണത്തിന്റെ വിളംബരമോ?

രാമനുണ്ണി– ജോതിഷിന്റെ നിരീക്ഷണം വളരെ കൃത്യമാണ്. ജാതിയും മതവും വെളിപ്പെടുത്താതിരിക്കാനല്ല വെളിപ്പെടുത്താനാണ് കൃതികളിലെ കഥാസന്ദര്‍ഭങ്ങള്‍ ഞാന്‍ ഉപയോഗപ്പെടുത്താറുള്ളത്. ജീവിതത്തിന്റെ പുസ്തകം എന്ന എന്റെ മൂന്നാം നോവലില്‍ അറുപതില്‍പ്പരം കഥാപാത്രങ്ങളുണ്ട്. അതില്‍ ഒരുത്തന്റെയോ ഒരുത്തിയുടെയോ ജാതിയും മതവും ഞാന്‍ ഒളിച്ച് വെച്ചിട്ടില്ല. ഗോവിന്ദവര്‍മ്മരാജ സാമൂതിരി കോലോത്തെ തമ്പ്രാനാണെന്നും വിജയന്‍ മുക്കുവനാണെന്നും സുബൈദ മുസ്ലീമാണെന്നും ശില്‍പ്പ കൊങ്കണിയാണെന്നും ശ്യാമള തിയ്യത്തിയാണെന്നും അവരുടെ മതപരവും ജാതീയവുമായ സാംസ്‌ക്കാരിക വിശേഷങ്ങളോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഉപജാതികള്‍ കൂടി പരാമര്‍ശിച്ചിട്ടുണ്ട്. ഈ സമീപനത്തിന് പിറകില്‍ പ്രാഥമികമായി സത്യസന്ധതയുടെ പ്രശ്‌നമാണുള്ളത്. ജീവിതത്തില്‍ നിങ്ങള്‍ ഇടപെടുന്നവരില്‍ ഒരു ശതമാനത്തിന്റെയെങ്കിലും ജാതിയും മതവും തിരിയാത്തതായി ഉണ്ടോ?

മറ്റ് എഴുത്തുകാര്‍ ജാതിയെയും മതത്തെയും അഭിമുഖീകരിക്കാന്‍ വിമ്മഷ്ടപ്പെടുമ്പോള്‍ അങ്ങനെ ചെയ്യാനുള്ള ദുര്‍വ്വാസന എനിക്കുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. ‘അണ്‍ഫ്രീക്വന്റ്‌റഡ് ഏരിയ’ ഏതൊരു എഴുത്തുകാരന്റെയും സ്വപ്നഭൂമിയാണല്ലോ. എന്നാല്‍ അതിലെല്ലാമുപരി ജാതിയോടും മതത്തോടുമുള്ള മുഖം തിരിക്കല്‍ പ്രവണതയെ പൊളിച്ചടക്കല്‍ എന്റെ തലമുറയായ ആധുനികോത്തര എഴുത്തുകാരുടെ ജാതകവശാലുള്ള കര്‍മ്മവുമാണ്. ആധുനികതയാണല്ലോ (പാശ്ചാത്യ ആധുനികത) കേവലമനുഷ്യനെന്ന സങ്കല്‍പ്പം മുന്നോട്ടു വെച്ചത്. ആധുനികതയും അതിന്റെ മൂലാധാരമായ ജ്ഞാനോദയവും കൊട്ടിഘോഷിച്ച ഹ്യൂമണിസം സത്യത്തില്‍ ‘അരിസ്റ്റോക്രാറ്റിക് വൈറ്റിന്റെ’ മുഖഛായയില്‍ നിര്‍മ്മക്കപ്പെട്ടതായിരുന്നു. ആ ഹ്യൂമണിസം ആഫ്രിക്കക്കാരനെയും ഏഷ്യക്കാരനെയും
പൂര്‍ണ്ണമനുഷ്യനായി അംഗീകരിക്കുന്നതല്ല. അതുകൊണ്ടാണ് ഹ്യൂമണിസത്തിന്റെ വലിയ വക്താവായ ഇമ്മാനുവല്‍ കാന്റ് കാപ്പിരിയെ തടിച്ച ചൂരലുകൊണ്ട് തല്ലിപ്പഠിപ്പിക്കണമെന്ന് ശഠിച്ചത്. മനുഷ്യന്റെ വെള്ളക്കാരമാതൃക പടച്ചുണ്ടാക്കി അതില്‍ നിന്ന് വ്യത്യസ്തമായതിനെയെല്ലാം തമസ്‌ക്കരിക്കുന്നതില്‍ ഒരു അധികാരഭാഷണമുണ്ട്. ഞാന്‍ ഹൈന്ദവപാരമ്പര്യം പിന്‍തുടരുന്നവനും എന്റെ അയല്‍ക്കാരന്‍ അയമുട്ട്യാക്ക മുസ്ലീം സംസ്‌ക്കാരം സൂക്ഷിക്കുന്നവനുമാണ് എന്നത് ഒരു വസ്തുതയായിരിക്കെ അയമുട്ട്യാക്ക ഇന്ത്യക്കാരനാണ് എന്ന് മാത്രം പുകഴ്ത്തി അദ്ദേഹത്തിന്റെ മുസ്ലീം സ്വത്വത്തെ ഒളിച്ച് പിടിക്കുന്നത് ചതിയും പോക്രിത്തരവുമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന കല്‍പ്പന കൂടിയായിട്ടാണ് ഞാനെന്റെ കൃതികളില്‍ മതപരവും ജാതീയവുമായ സ്വത്വങ്ങളെ ആദരവോടെ രേഖപ്പെടുത്തുന്നത്. മതത്തെയും ജാതിയെയും കണക്കില്‍ പെടുത്തിയതിന് ശേഷം വേണം ആ പാരമ്പര്യങ്ങളുടെ നന്മകളെ  സ്വീകരിച്ച് തിന്മകളെ തിരസ്‌ക്കരിക്കാന്‍.

ജോതിഷ്‌കുമാര്‍- മാര്‍ക്‌സ് മതത്തെ പ്രത്യശാസ്ത്രമിഥ്യയുടെ തലത്തിലല്ല സമീപിച്ചിട്ടുള്ളതെന്നും ചരിത്രപരമായാണ് വിലയിരുത്തിയിട്ടുള്ളുവെന്നും താങ്കള്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. യുക്തിവാദത്തോടുള്ള കടുത്ത എതിര്‍പ്പ് താങ്കളുടെ പ്രഖ്യാപിത നിലപാടുമാണ്. മാര്‍ക്‌സിന്റെ ദര്‍ശനം യുക്തിവാദത്തിന്റെ യാന്ത്രിക വീക്ഷണങ്ങള്‍ക്കുപരിയാണെന്നത് സത്യം തന്നെ. എന്നിരുന്നാലും മാര്‍ക്‌സിയന്‍ ചിന്തകളെ യുക്തിവാദവുമായി കൂട്ടിത്തൊടീക്കാതിരിക്കാന്‍ രാമനുണ്ണി കാണിക്കുന്ന ഉത്സാഹം മതവിശ്വാസത്തെ ജാമ്യത്തിലിറക്കാനുള്ള പദ്ധതിയാണെന്ന് ആരെങ്കിലും
പറഞ്ഞാല്‍ തെറ്റുണ്ടോ? അധികാരത്താലും അസാ•ാര്‍ഗ്ഗികതയാലും ദുഷിക്കുന്ന അവസരത്തില്‍ ഈ മതങ്ങളെ ഇങ്ങനെ ജാമ്യത്തിലിറക്കേണ്ട ആവശ്യമുണ്ടോ?

രാമനുണ്ണി– മതത്തെയും ജീര്‍ണ്ണതകളെയും ജാമ്യത്തിലിറക്കുക തുടങ്ങിയ ആരോപണങ്ങളെല്ലാം ദുരുദ്ദേശപൂര്‍ണ്ണമാണ്. മതങ്ങളോടും മതവിശ്വാസത്തോടും അലര്‍ജിയുള്ളവരാണ് കാര്യങ്ങള്‍ അത്തരത്തില്‍ കാണുന്നത്. ജോതിഷ് പറഞ്ഞ പോലെ മാര്‍ക്‌സിന്റെ ദര്‍ശനം യുക്തിവാദത്തിന്റെ യാന്ത്രിക വീക്ഷണങ്ങള്‍ക്കുപരിയാണെന്ന സത്യം ഊന്നാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. പാശ്ചാത്യമുഖ്യധാരാ ആധുനികതയുടെ സ്വാധീനം സ്റ്റാലിനിസത്തിലൂടെയെല്ലാം ആവിഷ്‌കൃതമായി ലോകത്തെ വിമോചനപ്രസ്ഥാനങ്ങളെയെല്ലാം പരിക്ഷീണമാക്കിയ അവസരത്തില്‍ ആ ഊന്നലിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മതത്തിന്റെ ജനാധിപത്യപരവും വിപ്ലവാത്മകവുമായ മൂല്യങ്ങളെ വരവ് വെക്കുന്നവരാണ് പുതിയ ഇടതുപക്ഷചിന്തകരെല്ലാം തന്നെ. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ മതവിശ്വാസത്തെ രൂക്ഷമായി അടിച്ചമര്‍ത്തിയതിന്റെ തിക്തഫലങ്ങളും സുവിദിതമാണല്ലോ. സാഹിത്യവും കലയും പോലെ മനുഷ്യന്റെ സങ്കല്‍പ്പനങ്ങളുടെയും അനുഭൂതികളുടെയും വ്യവഹാരമണ്ഡലമാണ് മതവിശ്വാസവും. മതവിശ്വാസത്തിന്റെ ഉള്ളടക്കത്തെ വല്ലാതെ ആക്രമിച്ച് മുന്നേറിയാല്‍ സാഹിത്യവും കലയും അപകടത്തിലാകും. സ്റ്റാലിനെ വല്ലാതെ ആക്രമിച്ചാല്‍ ലെനിനും അപകടത്തിലാകുമെന്ന് ചിലര്‍ തമാശ പറയുന്ന പോലെ.
മതവിശ്വാസങ്ങളെ മുഴുവന്‍ ഒരൊറ്റ താപ്പിലല്ല നമ്മള്‍ അളക്കേണ്ടത്. ജനങ്ങളുടെ സമാശ്വാസസ്ഥാനവും മനസ്സാക്ഷിയുമായി വര്‍ത്തിക്കുന്ന കീഴാളമതശക്തി എല്ലാ മതങ്ങളിലുമുണ്ട്. അവരെ അടക്കി ഭരിക്കുന്ന, ചൂഷണം നടത്തുന്ന അധികാരമത ശക്തിയുമുണ്ട്. കീഴാളമതശക്തിക്കൊപ്പം നിന്ന് മേലാള മതാധികാരത്തെ ചെറുക്കുന്നതാണ് ആശയപരമായും പ്രായോഗികമായും ശരി. അതാണ് ഞാന്‍ ഒരു വ്രതാനുഷ്ഠാനം പോലെ എഴുത്തിലും പ്രവൃത്തിയിലും ചെയ്തു കൊണ്ടിരിക്കുന്നതും.

ജോതിഷ്‌കുമാര്‍– മലയാള സാഹിത്യത്തില്‍ ഉറൂബിന്റെയും ബഷീറിന്റെയും എം.ടി. യുടെയും Textമറ്റും രചനകളില്‍ മുസ്ലീം ജീവിതം നമുക്ക് സുലഭമായി കണ്ടെത്താന്‍ സാധിക്കും. മുസ്ലീം സമുദായത്തെയും അതിന്റെ പരിസരങ്ങളെയുമായിരുന്നു ആ കൃതികള്‍ അഭിസംബോധന ചെയ്തത്. പക്ഷെ മലയാള സാഹിത്യത്തില്‍ ഇസ്ലാമിക ദര്‍ശനത്തെയും ജീവിതമൂല്യങ്ങളെയും ആദ്യമായി അഭിമുഖീകരിച്ച കൃതി രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം തന്നെയാണ്. സുബൈദ എന്ന മുഖ്യ കാഥാപാത്രത്തിന്റെ മുസ്ലീം ജീവിത പശ്ചാത്തലം മാത്രമല്ല ജീവിതത്തിന്റെ പുസ്തകത്തില്‍ അനാവൃതമാകുന്നത്. അവളുടെ ഇസ്ലാമികതത്വങ്ങളുമായുള്ള സംവാദവും അതിപ്രധാനമായി കടന്നുവരുന്നു. ചെറുപ്പത്തിലേ മുഹമ്മദ് നബിയെ കളിക്കൂട്ടുകാരനായി സങ്കല്‍പ്പിച്ചിരുന്ന സുബൈദ സിനിമാനടിയുടെ ഏറ്റവും പ്രതികൂലമായ ജീവിതസാഹചര്യത്തിലും ഇസ്ലാമിനെ കാറ്റില്‍ പറത്തുന്നില്ല. പകരം ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ അതിനെ സ്വാംശീകരിക്കുകയും ഓരോ നിര്‍ണ്ണായക ഘട്ടങ്ങളിലും ഉരക്കല്ലായി കൂടെ സൂക്ഷിക്കുകയും ചെയ്യുന്നു. അവള്‍ ഗോവിന്ദവര്‍മ്മരാജയുമായി സൗഹൃദത്തിലാകാന്‍ എത്തുന്നത് തന്നെ തന്റെ ആഭാസനായ ഭര്‍ത്താവിനെ ചില സാക്ഷികളുടെ മുന്നില്‍ വെച്ച് ഫസ്‌ക്ക് (സ്ത്രീ നടത്തുന്ന ഡൈവോഴ്‌സ്) ചെയ്തതിന് ശേഷമാണ്. വര്‍മ്മയെ വിവാഹം കഴിക്കുന്നതാകട്ടെ അയാള്‍ നൂറ് ശതമാനം ഏകദൈവവിശ്വാസിയാണെന്ന് ഉറപ്പ് വരുത്തിയിട്ടും. മൗലികമായി ഏകദൈവവിശ്വാസിയാകണം ഇസ്ലാമീങ്ങള്‍ കല്യാണം കഴിക്കുന്നവര്‍ എന്നാണല്ലോ പ്രമാണം. എല്ലാം കഴിഞ്ഞ് ഭര്‍ത്താവ് ഗോവിന്ദവര്‍മ്മരാജ വെടിയേറ്റ് വീണ സമയത്ത് തന്റെ എന്തെങ്കിലും ഇസ്ലാമികവിരുദ്ധ പ്രവൃത്തി കൊണ്ടാണോ അത് സംഭവിച്ചതെന്ന് ഉറപ്പ് വരുത്താന്‍ മുബാഹലക്ക് കൂടി ( ആത്മശാപപ്രാര്‍ത്ഥന) തെയ്യാറാകുന്നുണ്ട് സുബൈദ.

മതവിശ്വാസമൂല്യങ്ങളെ പുതുകാലപരിസ്ഥിതിയിലേക്ക് വികസിപ്പിക്കുന്നതില്‍ അസാധാരണമായ പാടവമാണ് രാമനുണ്ണി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. എന്നാലും ആത്യന്തികമായൊരു ചോദ്യം അവശേഷിക്കുന്നു. ജീവിതത്തിന്റെ പുസ്തകത്തില്‍ താരോജ്വലമായി തിളങ്ങുന്ന സുബൈദയായാലും അവളെ ഉദാത്തവല്‍ക്കരിക്കുന്ന നോവലിസ്റ്റായാലും മതവിശ്വാസത്തിന്റെ ചട്ടക്കൂടിനെ നിലനിര്‍ത്താനല്ലേ പരിശ്രമിക്കുന്നത്? (എത്ര അടിച്ച് പരത്തിയിട്ടാണെങ്കിലും!) എല്ലാറ്റിനും മതമൂല്യതത്വത്തിന്റെ അനുമതി വാങ്ങണമെന്ന ശാഠ്യം ഇവിടെ പ്രവര്‍ത്തിക്കുന്നില്ലേ? എല്ലാം പൊളിച്ച് കളഞ്ഞ് പുതിയൊരു ചിന്താപദ്ധതിക്ക് രൂപം കൊടുക്കാന്‍ താങ്കളുടെ ഈ മുരട്‌വിടാപ്പിടുത്തം തടസ്സമാകുന്നില്ലേ?

രാമനുണ്ണി– വായനയെന്ന നവനിര്‍മ്മാണത്തിന്റെ മാജിക് ശരിക്കും പരിഗണിക്കാത്തതു കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. പഴയ ക്ലാസിക്ക് സാഹിത്യകൃതികളെ നോക്കൂ. അവ ഇന്നും പ്രസക്തമാകുന്നത് ആ ഇതിഹാസകാരന്മാര്  ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ മുന്നില്‍ക്കണ്ട് എഴുതിയതു കൊണ്ടല്ല. വായനയുടെ സര്‍ഗ്ഗാത്മകത കൊണ്ടാണ്. പഴം ചോറ് ചൂടാക്കി വിളമ്പുകയല്ല വായന ചെയ്യുന്നത്, പുതുനെല്ല് കുത്തി അരിയാക്കി അന്നം തെയ്യാറാക്കുകയാണ്. മതഗ്രന്ഥങ്ങള്‍ക്കും മതമൂല്യങ്ങള്‍ക്കും ഇതേ പ്രകൃതമാണുള്ളത്. വെള്ളച്ചോറ് നല്‍കാനല്ല, പുത്തനരി ഉല്‍പ്പാദിപ്പിക്കാന്‍ തന്നെ ഏത് കാലത്തും അവക്ക് സിദ്ധിയുണ്ട്. വേദഗ്രന്ഥങ്ങളായി സ്വീകരിക്കപ്പെടുന്ന ഭഗവദ്ഗീതക്കായാലും ബൈബിളിനായാലും വിശുദ്ധ ഖുറാനായാലും മേല്‍പ്പറഞ്ഞ സ്വഭാവവിശേഷമുണ്ട്. സര്‍ഗ്ഗാത്മക വായനയുടെ ഊക്കാണ് മഹാത്മജിയുടെ ഗീതാപാഠമായ അനാസക്തിയോഗത്തില്‍ നമുക്ക് കാണാന്‍ കഴിയുക. അഹിംസയുടെ മാനിഫെസ്റ്റോയായി ഭഗവദ്ഗീതയെ അദ്ദേഹം വായിക്കുകയായിരുന്നു. വിശുദ്ധ ഖുറാന്‍ സ്വയം പ്രഖ്യാപിക്കുന്നതാകട്ടെ ലോകത്തുള്ള മൂഴുവന്‍ സസ്യങ്ങളുടെ നീര് പിഴിഞ്ഞ് എഴുതിയാലും ഇതിന്റെ അര്‍ത്ഥവിവിക്ഷകള്‍ ഒടുങ്ങില്ലെന്നാണ്. പോരെ, ഇതിനപ്പുറം വേണോ, സര്‍ഗ്ഗാത്മക വായനക്കുള്ള സ്വാതന്ത്ര്യം. ആണ്‍മതമെന്ന് അധിക്ഷേപിക്കപ്പെട്ട ഇസ്ലാമിന്റെ വേദഗ്രന്ഥത്തില്‍ എത്ര ഫെമിനിസ്റ്റ് പാഠങ്ങളാണ് ഉയരുന്നതെന്ന് ശ്രദ്ധിക്കുക. പിന്നെ, എല്ലാം പൊളിച്ച് കളഞ്ഞ് തീര്‍ത്തും പുതുപുത്തന്‍ സൃഷ്ടിക്കുന്ന കാര്യം- അത് അസംബന്ധമോ ‘വിഷ് ഫുള്‍ തിംങ്കിങ്ങ്’ മാത്രമാണ്. എല്ലാം പൊളിച്ച് കളഞ്ഞാലും പുതിയതുണ്ടാക്കാന്‍ ഭൂമിയില്‍ ആകെയുള്ള 92 മൂലകങ്ങള്‍ തന്നെ എടുക്കേണ്ടേ? മനുഷ്യനിര്‍മ്മിയുടെയും പ്രപഞ്ചനിര്‍മ്മിതിയുടെയും അടിസ്ഥാനമൂലകങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കാണ് സാധിക്കുക? ആ മൂലകങ്ങളാണ് സനാതനം എന്നും മറ്റും വിവക്ഷിക്കപ്പെടുന്നത്. മനുഷ്യനെ മനുഷ്യനാക്കുന്ന, ജീവിതത്തെ ജീവിതയോഗ്യമാക്കുന്ന എന്തോ ഒന്നിനെ ആഞ്ഞു പിടിക്കുകയായിരുന്നു തന്റെ ഇസ്ലാമികത്വത്തിലൂടെ സുബൈദയും ചെയ്തത്. അതുകൊണ്ടവള്‍ക്ക് സ്വയം ശിഥിലമാകാതെ നിലനില്‍ക്കാന്‍ സാധിച്ചു. ആ പ്രവര്‍ത്തനത്തിന് മഹലുമായോ പള്ളിക്കമ്മറ്റിയുമായോ ബന്ധമില്ല.

ജോതിഷ്‌കുമാര്‍– ഈ ദിശയിലുള്ള ആശയരൂപീകരണങ്ങള്‍ രാമനുണ്ണി ജീവിതത്തിന്റെ പുസ്തകത്തോടെ നിര്‍ത്തുന്നില്ലല്ലോ. ദൈവത്തിന്റെ പുസ്തകത്തില്‍ ശ്രീകൃഷ്ണനെയും മുഹമ്മദ് നബിയെയും താങ്കള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത് കുറ്റങ്ങളും കുറവുകളുമേശാത്ത അത്യുദാത്തരായാണ്. ശ്രീകൃഷ്ണന് എതിരായി ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളെയെല്ലാം തകര്‍ത്ത് തരിപ്പണമാക്കുന്നത് മുന്‍തലമുറയിലെ എഴുത്തുകാരുമായി വിയോജിച്ചു കൊണ്ടാണെന്ന് പറയാം. ഉദാഹരണമായി ഗാന്ധാരിശാപത്തെ പുച്ഛിച്ച് തള്ളി കൃഷ്ണനെ ന്യായീകരിക്കുന്നു. ഘടോല്‍ഖജവധത്തില്‍ കൃഷ്ണനില്‍ പതിഞ്ഞ നിഴലിനെ ദൂരീകരിച്ച് അവനെ ഹിഡുംബിയുടെയും കീഴാളവര്‍ഗ്ഗത്തിന്റെയും കണ്ണിലെ കൃഷ്ണമണിയാക്കുന്നു. മറുവശത്ത് നബിക്ക് പാളിയോ എന്ന് പല മതഭക്തരും സംശയിച്ച കിടങ്ങ് യുദ്ധത്തിന്റെ കാര്യത്തില്‍ പോലും റസൂലിനെ തീര്‍ത്തും കുറ്റമുക്തനാക്കുന്നു. എന്താണ് പരമമായ ഈ ഉദാത്തവല്‍ക്കരണത്തിന് പിറകിലുള്ള ചേതോവികാരം?

രാമനുണ്ണി– ഒരുതരം ദൗത്യബോധത്തില്‍ നിന്ന് നിഷ്പ്പന്നമായ ചേതോവികാരമാണത്. ഞാഞ്ഞൂളും താന്‍ രാജസര്‍പ്പത്തിന്റെ വര്‍ഗ്ഗമെന്ന് പറയും പോലെ ഞാനും എഴുത്തച്ഛന്റെ നാട്ടുകാരനാണല്ലോ. അദ്ദേഹത്തെ ചാരിനിന്നതില്‍ നിന്ന് ലഭിച്ച പൊട്ടും പൊടിയുമായിരിക്കാം- എന്തിനാണ് തുഞ്ചത്താചാര്യന്‍ അദ്ധ്യാത്മരാമായണത്തില്‍ രാമനെ ദൈവതുല്യനാക്കി ചിത്രീകരിച്ചത്. രാമന്റെ പല കയ്യിലിരിപ്പുകളും അറിയാഞ്ഞിട്ടാണോ?! അല്ല. രാമനെ ദൈവാവതാരമായി ഉയര്‍ത്തി ജനങ്ങളില്‍ ഭക്തി വളര്‍ത്തി ആരാധനയില്‍ സംഭവിക്കുന്ന മനഃശ്ശാസ്ത്രപ്രക്രിയായ സ്വയം പ്രത്യയനത്തിലൂടെ (ഓട്ടോ സജഷന്‍) ആരാദ്ധ്യകേന്ദ്രത്തിന്റെ ഗുണവിശേഷങ്ങള്‍ ജനങ്ങള്‍ക്ക് പകര്‍ന്ന് സമൂഹത്തെ വിമലീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കൃഷ്ണനെയും നബിയെയും അനുകരണമാതൃകകളാക്കി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഉര്‍ജ്ജം പകരല്‍ എന്റെയും ആഗ്രഹമായിരുന്നു. കൃഷ്ണനെയും മുഹമ്മദിനെയും ചൂണ്ടിക്കാട്ടി ഹിന്ദുവര്‍ഗ്ഗീയവാദികളെയും മുസ്ലീംഭീകരവാദികളെയും എതിര്‍ക്കുകയും വേണം.

ദൈവത്തിന്റെ പുസ്തകത്തിലെ കൃഷ്ണ-നബി ചിത്രീകരണ രീതിയുടെ പിറകിലുള്ള മൂന്നാമത്തെ ചേതോവികാരം തീര്‍ത്തും രാഷ്ട്രീയമാണ്. കറകളഞ്ഞ ‘ആന്റി കൊളോണിയല്‍ പൊളിറ്റിക്‌സ്’. മെക്കോളോവിന്റെ കാലത്ത് തുടങ്ങിയതാണല്ലോ നമ്മുടെ വിജ്ഞാനങ്ങളെയെല്ലാം സാമ്രാജ്യത്വശക്തികള്‍ താഴ്ത്തിക്കെട്ടാന്‍. ആ പരിപാടിയുടെ തുടര്‍ച്ചയായി പൗരസ്ത്യമായ മഹല്‍പ്രതീകങ്ങളെയും അവര്‍ വികൃതവല്‍ക്കരിച്ചു. ആ ചതിപ്പണിയെ ഏറ്റുപിടിക്കലാണ് ബുദ്ധിജീവിതവും ആവിഷ്‌ക്കാരസ്വാതന്ത്ര്യവുമെന്ന് ഇന്ത്യന്‍ എഴുത്തുകാരും തെറ്റിദ്ധരിച്ചു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാലമേല്‍പ്പിക്കുന്ന ചില പരിമിതികളാണത്. പതിവ്രതാ നാട്യത്തില്‍ കണ്ണുംകെട്ടി നടന്ന് നൂറ് മക്കളെയും കൊള്ളരുതാത്തവരാക്കിയ ഗാന്ധാരിയുടെ പക്ഷം പിടിച്ച് (സ്ത്രീവര്‍ഗ്ഗത്തിന് മുഴുക്കെ ഈ കണ്ണുകെട്ടല്‍ നാണക്കേടാണ്) എന്റെ ഗുരുതുല്യനും സ്‌നേഹസംരക്ഷകനുമായിരുന്ന അഴീക്കോട് മാഷ്
ശ്രീകൃഷ്ണനെ ചീത്ത വിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

വൈകിയ വേളയിലെങ്കിലും പോസ്റ്റ് കൊളോണിയല്‍ ചിന്തകളുടെ വെളിച്ചത്തില്‍ നമ്മള്‍ ഈ സമീപനം തിരുത്തേണ്ടതുണ്ട്. ശിശുവിനോടും സുഹൃത്തിനോയും പ്രണയിയോടും ഗുരുവിനോടുമുള്ള സ്‌നേഹാതിരേകം ഒന്നിച്ച് സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്ന അത്ഭുതകരമായ മഹല്‍പ്രതീകം കൃഷ്ണനെപ്പോലെ വേറെയുണ്ടോ? ‘ദ ഹണ്‍ഡ്രഡ്‌സ്’ എന്ന പ്രശസ്ത പുസ്തകത്തില്‍ ഉന്നതരായ 100 ലോക നേതാക്കളില്‍ മുഹമ്മദ് നബിക്കാണ് പാശ്ചാത്യനായ മൈക്കല്‍ ഹാര്‍ട്ട് ഒന്നാംസ്ഥാനം നല്‍കിയിരിക്കുന്നതും. ദൈവത്തിന്റെ പുസ്തകത്തില്‍ മഹത്വവല്‍ക്കരിക്കപ്പെടുന്ന കൃഷ്ണനായാലും നബിയായാലും യേശുവായാലും പൗരസ്ത്യരാണെന്ന് ഓര്‍ക്കണം. ലോകം മുഴുവന്‍ നശിപ്പിച്ചതിന് ശേഷവും പാശ്ചാത്യര്‍ നമ്മുടെ തലക്കകത്തിരുന്ന് ഭരിക്കുന്നതിനെ ചെറുക്കേണ്ടേ? അതിനാല്‍ പോസ്റ്റ് കൊളോണിയല്‍ ‘പൊളിറ്റക്കല്‍ അവേര്‍നസ്സും’ ദൈവത്തിന്റെ പുസ്തകത്തിലെ പാത്രസൃഷ്ടിക്ക് പ്രചോദനമാണ്.

ജോതിഷ്– എന്ത് തന്നെയായാലും താങ്കളുടെ സങ്കല്‍പ്പനങ്ങള്‍ പലപ്പോഴും യുക്തിക്കും ശാസ്ത്രത്തിനും വിരുദ്ധമല്ലേ?

രാമനുണ്ണി– മനുഷ്യജീവിതത്തിന് ഗുണം പിടിക്കാത്ത യുക്തിയും ശാസ്ത്രവും ആര്‍ക്ക് വേണം? ജോതിഷിന് അറിയാമല്ലോ എന്റെ ആത്മകഥയുടെ പേര് തന്നെ ജീവിതം ഒരു ആര്‍ത്തിക്കാരന്റെ കയ്യില്‍ എന്നാണെന്ന്- ജീവിതത്തോട് അത്രമേല്‍ അത്യാര്‍ത്തിയുള്ള ഞാന്‍ മനുഷ്യജീവിതം നന്നാക്കിയെടുക്കാന്‍ ആവശ്യമാണെങ്കില്‍ യുക്തിയെയായാലും ശാസ്ത്രത്തെയായാലും ധിക്കരിക്കും.

ജോതിഷ്– ചര്‍ച്ച ചെയ്യാനുള്ള മറ്റൊരു വിഷയം മതത്തെപ്പോലെ തന്നെ സ്വത്വനിര്‍മ്മിതിക്ക് ഹേതുവായ ജാതിയെക്കുറിച്ചാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വരേണ്യമനസ്സുകളില്‍ ഒളിച്ചിരിക്കുന്ന ദളിത് വിരുദ്ധത സമകാലിക കഥകളില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ടല്ലോ. സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനവും ഉണ്ണി. ആറിന്റെ ഒഴുവുദിവസത്തെ കളിയും ഉദാഹരണങ്ങളാണ്. എന്നാല്‍ രാമനുണ്ണിയുടെ ജാതി ചോദിക്കുക എന്ന കഥയായിരുന്നു ഈ ദിശയില്‍ ഉണ്ടായ ആദ്യത്തെ സംരംഭം. എം. അഖില്‍, തന്തപ്പറത്തെയ്യം എന്ന പുസ്തകത്തിന്റെ അവതാരികയില്‍ പറയുന്ന പോലെ പല പുതുതലമുറപ്രവണതകളുടെയും തുടക്കം താങ്കളില്‍ നിന്നാണ്.

അത്യന്തം രസകരമാണ് ജാതി ചോദിക്കുക എന്ന കഥ. താന്‍ ജന്മാനാ
നായരാണെന്ന കാര്യം പോലും മറന്ന മനുഷ്യനാണ് പുരോഗമനവാദിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ രവിമാസ്റ്റര്‍. എന്നാല്‍ ഒരു ദളിത് സാഹിത്യ സെമിനാറിന് നീലീ രാമനെന്ന ദളിത് പ്രഭാഷകയോട് പ്രസംഗം ചുരുക്കാന്‍ രവിമാസ്റ്റര്‍ ആവശ്യപ്പെടുമ്പോള്‍ നിര്‍ത്ത് നായരെ നിന്റെ ഒതുക്കല്‍ പരിപാടിയെന്ന് അവള്‍ അയാളോട് കയര്‍ക്കുന്നു. കോട്ടയക്കാരിയും മുന്‍പരിചയമില്ലാത്തവളുമായ നീലിക്ക് എങ്ങനെയാണ് തന്റെ ജാതി മനസ്സിലായതെന്ന് പരിഭ്രാന്തപ്പെടുന്ന മാസ്റ്റര്‍ അവളെ വീട്ടില്‍പോയിക്കണ്ട് വിവരം തിരക്കുന്നു. അതിനിത്ര ഗവേഷണം വേണോ, താങ്കളുടെ ശരീരഘടനയില്‍ തന്നെ ഒരു നാലുകെട്ട് ഒളിച്ചിരിക്കുന്നില്ലേ, മുണ്ട് പിടുത്തത്തില്‍ മാടമ്പി ജന്മിയുടെ സ്റ്റെലില്ലേ എന്നാണ് നീലി ചോദിക്കുന്നത്! ആ

സംവാദത്തിലൂടെ സൗഹൃദം വളര്‍ന്ന് പ്രണയത്തിലായ അവര്‍ നീലി മുകളിലും രവിമാസ്റ്റര്‍ താഴെയുമായി കിടന്ന് സുരതം നടത്തുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഈ കഥക്ക് പിറകിലുള്ള പ്രചോദനങ്ങള്‍ പറയാമോ.

രാമനുണ്ണി– നവോത്ഥാനം നടന്ന സമൂഹമാണ് കേരളത്തിലേതെങ്കിലും ആ നവോത്ഥാനത്തിലും പല ദൗര്‍ബ്ബല്യങ്ങളുണ്ടെന്ന് പിന്നീടാണല്ലോ തെളിഞ്ഞത്. വിശേഷിച്ചും ദളിത്, സ്ത്രീ വിഷയങ്ങളില്‍. ശബരിമല പ്രശ്‌നത്തില്‍ അത് ഭീകരമായി പുറത്ത് വരികയും ചെയ്തു. ജാതിവിമുക്തത ജാതിയെ അജണ്ടക്ക് പുറത്താക്കിക്കൊണ്ടല്ല, ജാതിയെന്ന മൂര്‍ത്ത യാഥാര്‍ത്ഥ്യത്തെ ധൈര്യപൂര്‍വ്വം അഭിമൂഖീകരിച്ചു കൊണ്ടാണ് വേണ്ടതെന്നാണ് ‘ജാതി ചോദിക്കുക’ ധ്വനിപ്പിക്കുന്നത്. അല്ലെങ്കില്‍ അത് തൊലിക്കകത്ത് നിന്ന് വീണ്ടും പൊട്ടിയൊലിക്കും. പാരമ്പര്യത്തിന്റെ ചണ്ടപണ്ടാരങ്ങളെയെല്ലാം കണക്കിലെടുത്തു കൊണ്ടുള്ള വിമോചനമാണ് ശരിയായ വിമോചനം. ആ വിമോചനത്തിന് ആഹ്വാനം ചെയ്യുന്ന കഥയാണ് ജാതി ചോദിക്കുക. ഡെല്‍ഹി കഥാ പുരസ്‌ക്കാരം ലഭിക്കുകയും ‘സെലക്റ്റഡ് കഥാ സ്റ്റോറീസിന്റെ’ വോള്യത്തില്‍ ഒന്നാം ചെറുകഥയായി പ്രസിദ്ധീകരിക്കുകയും ചെയ്ത ‘ജാതി ചോദിക്കുക’ ദേശിയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട രചനയാണ്.

വിശ്വാസം

ജോതിഷ്‌കുമാര്‍– ജീവിതത്തിന്റെ പുസ്തകത്തിലെ ഗോവിന്ദവര്‍മ്മരാജാ, സുബൈദാ, സഖാവ് വിജയന്‍, ശില്‍പ്പ, ശ്യാമള തുടങ്ങിയ പ്രമുഖ കഥാപാത്രങ്ങളെല്ലാം വിശ്വാസികളാണ്. വിശ്വാസത്താല്‍ അവര്‍ ഉയര്‍ത്തപ്പെടുന്നതായാണ് ആവിഷ്‌ക്കാരം. ദൈവത്തിന്റെ പുസ്തകത്തിലാകട്ടെ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരായ, കഥയുടെ ചാലകശക്തികളായ കുട്ടിശ്ശങ്കരനും ഹസ്സന്‍കുട്ടിയും വിശ്വാസികളാണ്. സ്വര്‍ഗ്ഗസംഗമം തുടങ്ങി താങ്കളുടെ ധാരാളം കഥകളിലും വിശ്വാസികളായ കഥാപാത്രങ്ങളെ ഉദാത്തരായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഈ വിശ്വാസപക്ഷപാതിത്വത്തിന് എന്ത് ന്യായമാണുള്ളത്?

രാമനുണ്ണി– ഒന്നാമതായി, ലോകത്ത് തൊണ്ണൂറ് ശതമാനവും വിശ്വാസകളാണെങ്കിലും ന്യൂനപക്ഷമായ അവിശ്വാസികളാണ് ബുദ്ധജീവിതത്തിന്റെ കുത്തക അവകാശപ്പെടുന്നത്. ഇവര്‍ വിശ്വാസികളെ തരം താണ മനുഷ്യരായാണ് കാണുന്നത്. കലഹമുയര്‍ത്തേണ്ട ജനാധിപത്യവിരുദ്ധത ഇതിലുണ്ട്. സങ്കല്‍പ്പലോകം പ്രദാനം ചെയ്യുന്ന അനുഭൂതിയാണ് വിശ്വാസം. അതില്ലാത്തവര്‍ക്ക് അതില്ലാതിരിക്കാന്‍ അവകാശമുണ്ട്, പക്ഷെ അതുള്ളവരെ കൊച്ചാക്കാന്‍ അധികാരമില്ല. രണ്ടാമതായി, മനുഷ്യജീവിതത്തെ മാറ്റി മറിച്ച ലോകനേതാക്കള്‍ ഒട്ടുമുക്കാലും വിശ്വാസികളായിരുന്നു. വിശ്വാസം സ്‌ഫോടിപ്പിക്കുന്ന ഊര്‍ജ്ജശക്തി അപാരവും അതിശയകരവുമാണ്. മൂന്നാമതായി, വിശ്വാസിയാകുന്നതാണ് ‘പൊളിറ്റിക്കലി കറക്റ്റ്’. അത് നിങ്ങളെ മരണശേഷവും ‘അക്കൗണ്ടബിള്‍’ ആക്കുന്നു. മാത്രമല്ല പരമാവധി നൂറ് കൊല്ലമോ മറ്റോ ആകാവുന്ന നിസ്സാരമായ മനുഷ്യജീവിതത്തെ യുഗയുഗാന്തരങ്ങളോളം നീട്ടിയെടുത്ത് സമ്പന്നമാക്കുന്നു. നാലാമതായി, വിശ്വാസത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്തി സമാനതകളില്ലാത്ത അനുഭൂതിയാണ് പ്രദാനം ചെയ്യുക. നൂറായിരം സ്ഖലനങ്ങളുടെ സുഖാനുഭൂതി അതിന് മുന്നില്‍ തോറ്റുപോകും. സച്ചദാനന്ദന്‍ പറഞ്ഞ പോലെ ഭക്തി
ഭയത്തില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്നതാണ് എന്ന സിദ്ധാന്തമെല്ലാം മഹാമണ്ടത്തരമാണ്. കാരണം ഭയത്തില്‍ നിന്ന് നിഷ്പ്പന്നമാകുന്ന ഒന്നും ആനന്ദം നല്‍കുകയില്ല. ദൈവത്തിന്റെ പുസ്തകത്തെക്കുറിച്ചുള്ള പഠനത്തില്‍ സ്വയം വിശ്വാസിയല്ലാത്ത സച്ചിദാനന്ദന്‍ പ്രമുഖ കഥാപാത്രങ്ങളായ കുട്ടിശ്ശങ്കരനും ഹസ്സന്‍കുട്ടിയും ദൈവവിശ്വാസികളായത് അങ്ങേയറ്റം ഉചിതമായെന്ന് പറയുന്നുണ്ട്. കാരണം യുക്തിചിന്തയുടെ പരിമിതികള്‍ക്ക് പുറത്തുള്ള സൗന്ദര്യാത്മക സാദ്ധ്യതകളിലേക്ക് കടക്കാന്‍ വിശ്വാസം അവരെ സഹായിക്കും. ബി. രാജീവനും വിശ്വാസസംബന്ധിയായ കാര്യങ്ങളില്‍ സമാനമനസ്‌ക്കനാണ്. സ്വയം യുക്തവാദിയാണെങ്കിലും സര്‍വ്വധര്‍മ്മ സമഭാവനാ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപ്രാധാന്യത്തെ താന്‍ അംഗീകരിക്കുന്നതായി ഡോക്ടര്‍ ബി. ഇക്ബാലും പ്രഖ്യാപിക്കുന്നു. ആശാവഹമായ ഈ പ്രവണതയെ വളര്‍ത്താന്‍ ഞാന്‍ ആവത് ചെയ്യും. വിശ്വാസി അവിശ്വാസി എന്ന വൈപരീത്യം സൃഷ്ടിക്കുന്നത് ഇന്ത്യന്‍ സംസ്‌ക്കാരത്തിനോ കേരള പാരമ്പര്യത്തിനോ യോജിച്ചതല്ല. ശ്രീരാമനെ ഓര്‍ക്കുക, ശ്രീനാരായണഗുരുവിനെ ഓര്‍ക്കുക. വിശ്വാസി, അവിശ്വാസി വൈപരീത്യം കൊണ്ട് ഗുണം വര്‍ഗ്ഗീയവാദികള്‍ക്കാണെന്ന് കണ്ടില്ലേ.

ജോതിഷ് കുമാര്‍– സ്വര്‍ഗ്ഗസംഗമം എന്ന കഥയില്‍ കടുത്ത വിശ്വാസികളായ അഹമ്മദാജിയെയും കദീസുമ്മയെയും ഉദാത്തവല്‍ക്കരിക്കുന്ന താങ്കള്‍ ഒരാള്‍ക്ക് നോവുമ്പോള്‍ മറ്റാള്‍ അനുഭവിക്കുന്ന സിദ്ധി കൂടി അവര്‍ക്കിടയിലുള്ളതായി ചിത്രീകരിക്കുന്നു. നേരിന്റെയും യുക്തിയുടെയും ചതുരങ്ങളില്‍ മനം മടുത്ത ഞങ്ങള്‍ നാട്ടുകാര്‍ക്ക് കടപ്പുറത്തൊരു ജാറം പൊന്തിയതറിഞ്ഞ് വലിയ സന്തോഷമായി, അന്ധവിശ്വാസമെങ്കില്‍ അന്ധവിശ്വാസം തന്നെ എന്ന സൂഫി പറഞ്ഞ കഥയിലെ ആദ്യവാചകത്തിന്റെ മറ്റൊരു ആവിഷ്‌ക്കാരമാണല്ലോ ഇത്. വീണ്ടും ചോദിക്കുകയാണ്, ശാസ്ത്രവിരുദ്ധവും അന്ധവിശ്വാസ പ്രോത്സാഹനകരവുമല്ലേ ഈ നിലപാട്?

രാമനുണ്ണി– യുക്തിവാദികള്‍ നിരന്തരം വെച്ച് കളിക്കുന്ന അന്ധവിശ്വാസമെന്ന ഇമ്പാച്ചിയെക്കണ്ട് പേടിക്കേണ്ട! സാക്ഷാല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് ബാലചനന്ദ്രന്‍ ചുള്ളിക്കാട് പറയാറുണ്ട്. സംസ്‌കൃതവിജ്ഞനായിരുന്നെങ്കിലും സംസ്‌കൃതത്തില്‍ പ്രംസംഗിക്കാന്‍ തമ്പുരാന് അത്ര വശമുണ്ടായിരുന്നില്ല. ഏതോ പരിപാടിക്ക് വേദിയില്‍ കയറാന്‍ നേരത്ത് സംഘാടകര്‍ സംസ്‌കൃതത്തില്‍ തന്നെ പ്രസംഗിക്കണമെന്ന് നിര്‍ബ്ബന്ധം പിടിച്ചുവത്രെ. അദ്ദേഹം കുറച്ച് നേരം കണ്ണടച്ച് ഒരു കോണിലേക്ക് നോക്കിക്കൊണ്ട് നിന്നു. പിന്നെ ഒഴുകിവന്നത് അനര്‍ഗ്ഗളമായ സംസ്‌കൃത പ്രഭാഷണമായിരുന്നു! ഇതെങ്ങനെ സാധിച്ചു എന്ന് പിന്നീട് അതിശയപ്പെട്ട സുഹൃത്തിനോട് തമ്പുരാന്‍ പറഞ്ഞത് ആ ‘ഒരുമ്പെട്ടോള്’ അവിടെ ഇരിക്കുമ്പോള്‍ എനിക്ക് എന്താ സാധിക്കാതായിട്ടുള്ളത് എന്നാണ്. ഒരുമ്പെട്ടോളെന്നാല്‍ തന്റെ സ്വന്തം ഭഗവതി. ഇങ്ങനെയുള്ള സിദ്ധികളെല്ലാം സാദ്ധ്യമാക്കുമെങ്കില്‍ അസാരം അന്ധവിശ്വാസം നല്ലതാണ്. അത് മറ്റുള്ളവരെ ഒതുക്കാനും ചൂഷണം ചെയ്യാനും ഉപയോഗിക്കാതിരിക്കുകയാണെങ്കില്‍- സാമാന്യയുക്തികളെ അതിവര്‍ത്തിക്കുന്നതാണ് മനുഷ്യമസ്തിഷ്‌ക്കത്തിന്റെ കെല്‍പ്പുകള്‍. ഏത് ശക്തിയില്‍ നിന്നാണോ അത് ഉത്ഭവിച്ചത് ആ ശക്തിക്ക് അതിനെ ആകാശം തൊടുവിക്കാനും കഴിയുമായിരിക്കും. ഒരുതരത്തില്‍ നോക്കുകയാണെങ്കില്‍ സ്‌നേഹവും അന്ധവിശ്വാസമല്ലേ? കാമുകി തന്നെ എപ്പോഴും ഓര്‍ക്കുമെന്ന് വിശ്വസിക്കുന്ന കാമുകനും അന്ധവിശ്വാസിയല്ലേ?!

ശാസ്ത്രം

ജോതിഷ്‌കുമാര്‍– രാമനുണ്ണി എന്ന എഴുത്തുകാരന്‍ വൈരുദ്ധ്യങ്ങളുടെ കൂമ്പാരമാണെന്ന് നിസ്സംശയം പറയാം. വിശ്വാസത്തിന്റെ അനുഭൂതിമണ്ഡലങ്ങളില്‍ അഭിരമിക്കുന്ന താങ്കള്‍ തന്നെയാണല്ലോ മലയാള കഥകളിലും നോവലുകളിലും ശാസ്ത്രത്തെ ഏറ്റവുമധികം സന്നിവേശിപ്പിക്കുന്നത്. സൈക്കോളജി, ന്യൂറോളജി, ഗൈനക്കോളജി എന്നീ വിഷയങ്ങളുടെ പൂരിതത്വം തന്നെ ജീവിതത്തിന്റെ പുസ്തകത്തിലുണ്ട്. ദൈവത്തിന്റെ പുസ്തകമാണെങ്കില്‍ ആരംഭിക്കുന്നത് തനി സയന്‍സ് ഫിക്ഷന്റെ രൂപത്തിലാണ്. അമേരിക്കയിലെ നാസയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശാസ്ത്രജ്ഞന്‍ എഴുതിയതാണോ എന്ന് തോന്നിക്കുന്ന തരത്തിലാണ് അത്‌ലാന്റിക് ഏഴ് എന്ന ആദ്യഭാഗത്തിന്റെ കിടപ്പ്. ഉപഗ്രഹം വിക്ഷേപിക്കുന്നതിന്റെ സകല സൂക്ഷ്മവിവരണങ്ങളും വായനക്കാര്‍ക്ക് കണ്ണിന്റെ മുന്നില്‍ ചലച്ചിത്രം പോലെ കാണാം. തുടര്‍ന്ന് ആസ്‌ട്രോണമിയുടെയും കോസ്‌മോളജിയും ബ്ലാക്ക് ഹോള്‍ സയന്‍സിന്റെയും കുത്തിയൊഴുക്ക് കൃതിയില്‍ സംഭവിക്കുന്നു. താങ്കളുടെ പ്രമേയങ്ങള്‍ സയന്‍സിനെ ആവശ്യപ്പെടുകയാണോ, ശാസ്ത്രപ്രതിപാദനം അനിവാര്യമായ പ്രമേയങ്ങള്‍ താങ്കള്‍ തെരഞ്ഞെടുക്കുകയാണോ?

രാമനുണ്ണി– സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ശാസ്ത്രജ്ഞനോ ഡോക്ടറോ ആയിരുന്നു മോഹം. ജീവിതയാത്രയിലെ തകിടം മറികളുടെ ഫലമായി എഴുത്തിലേക്ക് വന്ന് വീണു. സാക്ഷാല്‍ക്കരിക്കാതെ പോയ സ്വപ്നത്തോട് പകരം ചോദിക്കാനുള്ള ചോദന മനസ്സിലുണ്ടാകും. പിന്നെ മലയാളി ജീവിക്കുന്ന ജീവിതത്തിലെ പത്തിലൊന്ന് സയന്‍സ് പോലും വായിക്കുന്ന ജീവിതമായ സാഹിത്യത്തിലില്ലല്ലോ. അത് സ്വാഭാവികമായും നികത്തപ്പെടേണ്ടേ. സി. രാധാകൃഷ്ണന്‍ സയന്‍സിന്റെ വഴിയെ കുറേ സഞ്ചരിച്ച വലിയ എഴുത്തുകാരനാണ്. എനിക്കും ആ പ്രലോഭനമുണ്ട്. സയന്‍സ് കടന്നുവരുന്ന എന്റെ കൃതികളിലെ ഇതിവൃത്തങ്ങള്‍ മിക്കവാറും ഫാന്റസിയുടെ അയഥാര്‍ത്ഥ തലത്തിലുള്ളതായിരിക്കും. ഫാന്റസിയെ വിശ്വാസയോഗ്യമാക്കണമെങ്കില്‍ ആഖ്യാനത്തില്‍ വസ്തുനിഷ്ഠതയുടെ കൃത്യത പരമാവധി വേണം. ഉദാഹരണമായി ആകാശത്തിലതാ ഒരു ആന നില്‍ക്കുന്നു എന്ന് എഴുതിയാല്‍ അത് ‘ലിറ്റററി ക്രെഡിബിലിറ്റിയില്ലാത്ത’ ഫേറി ടെയിലായി മാറും. ആകാശത്തിലെ ആനയുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണമെങ്കില്‍ അതിന്റെ തുമ്പിക്കൈയ്യും വയറും നഖങ്ങളും രോമത്തിന്റെ നേരിയ ചെമ്പന്‍ നിറവും കൂടി കൃത്യമായി ചിത്രീകരിക്കണം. ദൈവത്തിന്റെ പുസ്തകത്തിലെ പ്രമേയത്തിനാണെങ്കില്‍ ദ്വാപരയുഗത്തിലെ കൃഷ്ണനെയും ആറാം നൂറ്റാണ്ടിലെ മുഹമ്മദ് നബിയെയും മാര്‍ക്‌സിനെയും ഗാന്ധിയെയും ഹിറ്റ്‌ലറെയും ഒക്കെ ഒന്നിച്ച് കൊണ്ടുവരേണ്ട സംഗതിയുണ്ട്. അതിന് കടുത്ത ഫാന്റസി മാത്രമേ ശരണമുള്ളു. കടുത്ത ഫാന്റസിയെ വിശ്വാസയോഗ്യമാക്കാന്‍ ഹൈഡോസ് സയന്‍സിന്റെ വസ്തുനിഷ്ഠത വേണ്ടിവരും.

ജോതിഷ്‌കുമാര്‍– വൈദ്യശാസ്ത്രം താങ്കളുടെ കുറേയധികം കഥകളില്‍ കടന്ന് വരുന്നുണ്ട്. ശസ്ത്രക്രിയ, ഛിദ്രം, വൈദ്യശരീരം തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങള്‍ പറയാം. വസ്തുതാപരമായ കൃത്യതയോടെ ഇതെല്ലാം ആവിഷ്‌ക്കരിക്കാന്‍ രാമനുണ്ണി എന്താണ് ചെയ്യാറുള്ളത്?

രാമനുണ്ണി– പുസ്തകങ്ങളെ ആശ്രയിക്കും. പിന്നെ വൈദ്യശാസ്ത്രസംബന്ധിയായ കാര്യങ്ങള്‍ ഉപദേശിക്കാന്‍ ഡോക്ടര്‍ ഖദീജാ മുംതാസിനെപ്പോലെ എനിക്ക് ഡോക്ടര്‍മാരുടെ ഒരു പാനല്‍ തന്നെയുണ്ട്. ദൈവത്തിന്റെ പുസ്തകത്തിന്റെ ആദ്യപേജില്‍ അമ്പതിലധികം ആളുകള്‍ക്ക് ഞാന്‍ കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അതില്‍ വിമാനപൈലറ്റ് മുതല്‍ അലൂമിനീയം ഫാക്റ്ററിയിലെ ടെക്‌നിഷ്യന്‍ വരെയുണ്ട്.

ജോതിഷ്‌കുമാര്‍– മലയാളിയെയോ കേരളത്തെയോ മണക്കാന്‍ പോലും കിട്ടാത്ത, റഷ്യയിലും അമേരിക്കയിലുമായി നടക്കുന്ന, മുങ്ങിക്കപ്പലിന്റെ സകല യാന്ത്രിക – സാങ്കേതിക പ്രവര്‍ത്തനങ്ങളും പ്രത്യക്ഷീഭവിച്ചിട്ടുള്ള അനുപമമായ നീണ്ടകഥയാണ് താങ്കളുടെ കുര്‍ക്‌സ്. ശാസ്ത്രീയ വിഷയങ്ങള്‍ സാഹിത്യവുമായി മനോഹരമായി ഇഴചേര്‍ക്കപ്പെട്ട ഈ കഥയെ എം.ടി. അഭിനന്ദനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. ഇങ്ങനെയൊരു കഥയും ആഖ്യാനവും എങ്ങനെ സംഭവിച്ചു.

രാമനുണ്ണി– എന്റെ ഒട്ടുമുക്കാലും കഥകളും ഉത്ഭവിച്ചിട്ടുള്ളത് എന്തെങ്കിലും ക്ഷോഭങ്ങളില്‍ നിന്നാണ്. വൈകാരികമോ, ചിന്താപരമോ, അത്മീയമോ ആയ ക്ഷോഭങ്ങളില്‍ നിന്ന്- കുര്‍ക്‌സ് ചിന്താപരമായ ക്ഷോഭത്തിന്റെ ഉല്‍പ്പന്നമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയുടെ കുര്‍ക്‌സ് എന്ന ന്യൂക്ലിയര്‍ സബ്മറൈന്‍ 116 സെയിലേഴ്‌സുമായി ആര്‍ട്ടിക് സമുദ്രത്തില്‍
മുങ്ങിപ്പോയിരുന്നു. അവരെ രക്ഷിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒത്തുപിടിച്ചിട്ടും സാധിച്ചില്ല. നാടകീയമായ ആ വാര്‍ത്തകള്‍ പിന്തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ എന്തിനാണ് അതിസങ്കീര്‍ണ്ണമായ യുദ്ധനൗകകള്‍ നിര്‍മ്മിച്ച് മനുഷ്യന്‍ സ്വയം കടലില്‍ ഉപ്പിലിടുന്നതെന്ന ചിന്തയുടെ ക്ഷോഭം എനിക്കുണ്ടായി. ആണവമുങ്ങിക്കപ്പലിനെ ആസ്പദമാക്കി കഥയെഴുതാന്‍ തീരുമാനിച്ചു. ഒരു റിട്ടയേര്‍ഡ് മുങ്ങക്കപ്പല്‍ ഓഫീസറെ കണ്ടുപിടിച്ച് (അപൂര്‍വ്വമാണവര്‍) സര്‍വ്വ സാങ്കേതിക, യാന്ത്രിക വിവരങ്ങളും ശേഖരിച്ചു. റഷ്യക്കാരായ ആങ്ങളയും പെങ്ങളുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. മൂങ്ങിക്കപ്പല്‍ വിജ്ഞാനം മുഴുവന്‍ നേടിയിട്ടും കഥ മുന്നോട്ട് പോകുന്നില്ല. കാരണം റഷ്യക്കാരായ യുവതീയുവാക്കളുടെ മനോലോകം എനിക്ക് സ്വാംശീകരിക്കാന്‍ കഴിയാത്തതായിരുന്നു കാരണം. ഒടുവില്‍ ബഹറൈന്‍ യാത്രയില്‍ റഷ്യക്കാരായ ചില യുവതികളുമായി പരിചയപ്പെട്ട് അവരുടെ അനുഭവമണ്ഡലങ്ങള്‍ സ്വായത്തമാക്കിയതിന് ശേഷമാണ് കഥ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. ഇതില്‍ നിന്ന് മറ്റൊരു കാര്യവും ബോദ്ധ്യമായി സബ്മറൈന്റെ സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ കൊണ്ട് മാത്രം കഥയുണ്ടാവുകയില്ല. വൈകാരിക ഘടകങ്ങളാണ് സാര്‍ഗ്ഗാത്മക രചനയെ നിര്‍ണ്ണയിക്കുന്നത്. സയന്‍സിന് സാഹിത്യത്തിലും ഉപകരണപ്രാധാന്യമേയുള്ളു. ജീവിതത്തിലേത് പോലെ തന്നെ- സയന്‍സും അതിന്റെ വസ്തുനിഷ്ഠയുക്തിയും ജീവിതം നല്‍കുകയില്ല. അത് നല്‍കുന്നത് വൈകാരികാനുഭൂതികള്‍ തന്നെയാണ്.

ലൈംഗികത

ജോതിഷ്‌കുമാര്‍– മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം രതിമുഹൂര്‍ത്ത രംഗങ്ങള്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത് ജീവിതത്തിന്റെ പുസ്തകത്തിലാണെന്ന് പറയാം. ലൈംഗികതയുടെ പ്രസരം അല്ലെങ്കില്‍ അതിപ്രസരം രാമനുണ്ണികൃതികളുടെ മുഖമുദ്രയായി കരുതണം. സൂഫി പറഞ്ഞ കഥ ഇറങ്ങിയപ്പോള്‍ തന്നെ അതിന്റെ ഭാഷാചാരുതയോടൊപ്പം പാപബോധ സ്പര്‍ശമില്ലാത്ത രതി ചിത്രീകരണങ്ങളും വായനാ സമൂഹം ശ്രദ്ധിച്ചിരുന്നു. പുരുഷ•ാര്‍ തമ്മിലുള്ള സ്വവര്‍ഗ്ഗരതി തമാശവിഷയമായി മലയാളസാഹിത്യത്തില്‍ പണ്ടേ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ മാനസിക സങ്കീര്‍ണ്ണതലങ്ങള്‍ ആദ്യമായി ആവിഷ്‌ക്കരിക്കപ്പെട്ടത് സൂഫിയിലാണ്. (മാധവിക്കുട്ടിയുടെ ചന്ദനമരങ്ങളില്‍ ലെസ്ബിയനിസം വന്നിരുന്നു) മനുഷ്യജീവിതത്തോടും ലോകത്തോടും പ്രതിബദ്ധതയുള്ള എഴുത്തുകാരന്‍, വിശ്വാസിയായ എഴുത്തുകാരന്‍, ആക്റ്റിവിസ്റ്റായ എഴുത്തുകാരന്‍, ലൈംഗിക ചിത്രീകരണങ്ങളില്‍ സങ്കോചമില്ലാത്ത എഴുത്തുകാരന്‍- ഇതെല്ലാം കൂടി ഒന്നിച്ച് ചേരുന്നതിന്റെ കെമിസ്ട്രിയെപ്പറ്റി ചിന്തിക്കുന്നത് രസകരമായിരിക്കും.

രാമനുണ്ണി– ആധുനികര്‍ കത്തിനിന്ന കാലത്താണ് ഞാന്‍ വായനയിലേക്ക് പ്രവേശിച്ചത്. എന്നിട്ടും അവരുടെ കൃതികളില്‍ പ്രകടമാകുന്ന പാപബോധത്തോടെയുള്ള ലൈംഗികത എന്നെ സ്വാധീനിക്കാത്തതെന്താണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. മാറുന്ന കാലമാണല്ലോ ഓരോ എഴുത്തുകാരനെയും വിധിക്കുന്നത്. ആധുനികരുടെ പാശ്ചാത്യമൂല്യാഭിമുഖ്യത്തില്‍ നിന്ന് വ്യത്യസ്തമായി ഭാരതീയ സംസ്‌ക്കാരവഴികളെ കൂട്ടിപ്പിടിക്കാനുള്ള എന്റെ താല്‍പര്യമായിരിക്കും സൂഫി പറഞ്ഞ കഥയില്‍ പാപബോധമില്ലാത്ത രതിയെ വിളയിച്ചത്.
എഴുത്തുമുറിയില്‍ എത്തിക്കഴിഞ്ഞാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന ചിന്തയുടെ ഞെരമ്പ് ഞാന്‍ മുറിച്ച് കളയും. ചുറ്റുമുള്ള സത്യങ്ങള്‍ നേരെ അക്ഷരങ്ങളിലേക്ക് ചേക്കേറും. മലബാറില്‍ കൂടുതലുള്ള സ്വവര്‍ഗ്ഗ ലൈംഗിക ബന്ധങ്ങളെല്ലാം അങ്ങനെ വന്ന് കയറിയതാണ്.

ജോതിഷ്‌കുമാര്‍– രാമനുണ്ണിയുടെ രചനകളിലെ ലൈംഗികതയുടെ ആവിഷ്‌ക്കാരങ്ങള്‍ ലൈംഗികത മാത്രം ലക്ഷ്യമാക്കിയല്ല എന്ന് തോന്നിയിട്ടുണ്ട്. ഉദാഹരണമായി പൊഖ്‌റാന്‍, പ്രണയലീല, രാത്രിവിരുന്ന്, കുറ്റവും ശിക്ഷയും തുടങ്ങിയ കഥകള്‍. പൊഖ്‌റാനില്‍ രുഗ്മിണിയമ്മയും സാബുസുന്ദറും തമ്മിലുള്ള ലൈംഗികബന്ധത്തില്‍ ആണവപരീക്ഷണത്തിന്റെ രാഷ്ട്രീയമാണ് സത്യത്തില്‍ വിസ്‌ഫോടനപ്പെടുന്നത്. വിധാതാവിന്റെ ചിരി എന്ന സമാഹാരത്തിലെ കളിത്തരങ്ങള്‍ എന്ന കഥയെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുകയാണ്. ഒരു വൃദ്ധന് കൊച്ചുപെണ്‍കുട്ടികളോട് തോന്നുന്ന അഭിനിവേശം എത്ര ധ്വനിസാന്ദ്രമായും അതിര്‍ത്തികള്‍ ലംഘിക്കാതെയുമാണ് അതില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. രാമനുണ്ണിയുടെ ആദ്യ ലേഖനസമാഹാരത്തിന്റെ പേര് ക്രിമിനല്‍ കുറ്റമാകുന്ന രതി എന്നാണല്ലോ. ലൈംഗികവികാരം തന്നെ ഒരു ക്രിമിനല്‍ കുറ്റമായി പരിണമിക്കുന്ന കെട്ട കാലത്തെക്കുറിച്ചുള്ള വേവലാതി ആ ലേഖനങ്ങളിലുണ്ട്. താങ്കളുടെ പുതിയ കഥയായ ഫോക്‌സോ ‘പോക്‌സോ’ എന്ന ബാലലൈംഗികാക്രമണ സംരക്ഷണ നിയമം സൃഷ്ടിക്കാവുന്ന വല്ലാത്തൊരു ഭീകരാവസ്ഥയെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നു. കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവരുടെ സ്‌നേഹവും പരിലാളനവും നഷ്ടപ്പെട്ട് ബന്ധം വരണ്ട്‌പോകുക എന്നതാണത്.

രാമനുണ്ണി– നിയമത്തിന്റെ ചാട്ടവാറടി കൊണ്ട് മനുഷ്യബന്ധങ്ങളെ നേര്‍വഴിക്ക് നടത്താമെന്ന് കരുതുന്നത് മൗഢ്യമാണ്. സാംസ്‌ക്കാരിക സമ്പന്നത മാത്രമേ മനുഷ്യബന്ധങ്ങള്‍ ആരോഗ്യകരമാക്കൂ. പോക്‌സോ, ഡോമസ്റ്റിക് വയലന്‍സ് ആക്റ്റ്, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, വൃദ്ധജനസംരക്ഷണ നിയമം എന്നവയെല്ലാം കാന്‍സര്‍ വന്ന് കഴിഞ്ഞാലുള്ള ചികിത്സാദണ്ഡനങ്ങളാണ്. അര്‍ബ്ബുദരഹിത സമൂഹം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനപദ്ധതിയല്ല.

ജോതിഷ്‌കുമാര്‍– പുരുഷവിലാപം എന്ന കഥയെഴുതിയ രാമനുണ്ണിയെ പുരുഷപക്ഷക്കാരനായ എഴുത്തുകാരനായി പലരും ആവേശത്തോടെ കണ്ടിരുന്നു. ഇപ്പോള്‍ താങ്കള്‍ സ്ത്രീപക്ഷത്തേക്ക് ചാഞ്ഞിട്ടുണ്ടോ എന്ന് സംശയം. ജിവിതത്തിന്റെ പുസ്തകവും ദൈവത്തിന്റെ പുസ്തകവും ഒരു തരത്തില്‍ സ്‌ത്രൈണതയെ സ്തുതിക്കുന്നതാണല്ലോ. ആത്മാര്‍ത്ഥമായി ചോദിക്കട്ടെ, സ്ത്രീസംരക്ഷണ നിയമങ്ങള്‍ പലപ്പോഴും ഏകപക്ഷീയമാകുന്നില്ലേ? നിരപരാധികളായ പുരുഷ•ാരെ വേട്ടയാടുന്നില്ലേ?

രാമനുണ്ണി– പുരുഷവിലാപം ‘മേല്‍ഷോവനിസത്തിന്റെ’ ദയനീയത തുറന്നുകാട്ടുന്ന രചനയാണ്. ‘മദര്‍ ഫിക്‌സേഷന്‍’ ഉള്ള ഞാന്‍ അടിസ്ഥാനപരമായി സ്ത്രീസ്‌നേഹിയാണ്. സ്ത്രീയും പുരുഷനും തമ്മില്‍ വൈപരീത്യം സൃഷ്ടിച്ച് എഴുത്തുകാരെ ഓരോ ചേരിയില്‍ അണി നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. പിന്നെ സ്ത്രീസംരക്ഷണ നിയമങ്ങളുടെ കാര്യം. അത് പലപ്പോഴും ദുരുപയോഗപ്പെടുന്നുണ്ടാകാം. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നുണ്ടാകാം. പക്ഷെ എത്രയോ കാലമായി പുരുഷാധിപത്യഘടന സ്ത്രീകളില്‍ ഏല്‍പ്പിക്കുന്ന ഹിംസയുടെയും അക്രമത്തിന്റെയും കണക്കിന് മുന്നില്‍ അത് ചെറിയ ശതമാനം മാത്രമാണ്.

Comments are closed.