DCBOOKS
Malayalam News Literature Website

‘സ്വാതി മാലിവാൾ’ ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത കമ്മീഷൻ അധ്യക്ഷ

ശബ്ന ശശിധരൻ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ വനിതാ കമ്മീഷൻ അധ്യക്ഷയുമായി ബന്ധപ്പെട്ട വാർത്തകളും ട്രോളുകളും കാണുന്നു.വീട്ടിൽ നിന്നും അനുഭവിക്കുന്ന ദാരുണമായ പീഡനങ്ങൾ വനിതാ കമ്മീഷൻ അധ്യക്ഷയെ അറിയിക്കുമ്പോൾ ഓരോ സ്ത്രീയുടെയും മനസ്സിൽ പ്രതീക്ഷകളാണ് മൊട്ടിടുന്നത് .അബലകൾക്ക് അത്താണിയാവേണ്ട വനിതാ കമ്മീഷൻ അധ്യക്ഷ ഈയിടെ പറഞ്ഞ കാര്യം വളരെ അധികം വേദനാജനകമാണ് .താൻ അനുഭവിച്ച പീഡനങ്ങൾ അറിയിക്കുവാനായി വിളിച്ച പെൺകുട്ടിക്ക് താങ്ങായി നിൽക്കുന്നതിനു പകരം അധ്യക്ഷ പറഞ്ഞ വാക്ക് “അനുഭവിച്ചോ ” എന്നായിരുന്നു .ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തു നിൽക്കുന്നയാൾ പറഞ്ഞ ഈ വാക്കു തന്നെയാണ് എം .സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ സ്ഥാനം തെറിക്കാൻ ഇടയായതും

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും സ്ത്രീകൾക്ക് താങ്ങാവാനും വേണ്ടി രൂപവത്ക്കരിച്ച വനിതാ കമ്മീഷന്റെ പ്രസക്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ രാജ്യത്തിന് കാണിച്ചു തരികയാണ്.

സമൂഹത്തിന്റെ കെട്ടുപാടുകളെ വകവയ്ക്കാതെ മുൻപോട്ട് പൊരുതുന്ന ഈ മുപ്പത്തിയാറുകാരി ,ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയാണ്. 2015 ൽ ഈ സ്ഥാനത്തു എത്തിയ സ്വാതി പാരമ്പര്യം , സംസ്ക്കാരം നാട്ടുനടപ്പ് എന്നിവ വകവെയ്ക്കാതെ പ്രായമല്ല പ്രവർത്തനമാണ് പ്രധാനം എന്ന് നാടിനെ കാണിച്ചു കൊടുക്കുന്നു.

സ്വാതി തന്റെ പ്രവർത്തനം ആരംഭിച്ചത് പരിവർത്തൻ എന്ന സന്നദ്ധ സംഘടനയ്ക്ക് ഒപ്പമാണ്.സ്ത്രീകൾക്ക് വേണ്ടി പോരാടിയ സ്വാതി ട്രാൻജൻഡറുകൾക്ക് എതിരെയുള്ള ലൈംഗിക ആക്രമണങ്ങൾക്കെതിരെയും ചോദ്യം ചെയ്തു.ഉത്തർപ്രദേശിൽ ജനിച്ച സ്വാതി ,അമിറ്റി ഇന്റർനാഷണൽ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് ജെ.എസ് . എസ് അക്കാദമി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനിൽ നിന്നും ബിരുദവും നേടി. പഠനം കഴിഞ്ഞ ഉടനെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്ത സ്വാതി അതുപേക്ഷിക്കുകയും സഹജീവികൾക്കായി ഇറങ്ങി തിരിക്കുകയും ചെയ്തു.

രാജ്യത്തെ ഞെട്ടിച്ച നിർഭയ കൂട്ട ബലാത്‌സംഗ കേസിൽ നീതിക്കു വേണ്ടി പോരാടി , പിന്നീട് അണ്ണാഹസ്സാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ സമരത്തിലും പങ്കാളിയായി .2015 ൽ ആം ആദ്മി അധികാരത്തിൽ വന്നപ്പോൾ സ്വാതി വനിതാ കമ്മീഷൻ അധ്യക്ഷയായി .ഉന്നാവയിലും കത്വയിലും കുട്ടികൾ ബലാത്‌സംഗത്തിനിരയായി കൊല്ലപ്പെട്ടു നാടിനെ നടുക്കിയ സംഭവത്തെ തുടർന്നു , പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്‌സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന ഓർഡിനൻസുമായി സ്വാതി ആരംഭിച്ച ഒറ്റയാൾ നിരാഹാര സമരമാണ് ദേശിയ തലത്തിൽ സ്വാതിയെ ശ്രദ്ധേയമാക്കിയത് .ബലാത്‌സംഗത്തിനും പീഡനങ്ങൾക്കും എതിരെ ശക്തമായി വാദിച്ച സ്വാതി പ്രധാനമന്ത്രിയ്‌ക്കടക്കം കത്തുകൾ അയച്ചു.തുടർന്ന് പോരാട്ടത്തിന്റെ ഫലം എന്ന് പറയാം , കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വധശിക്ഷ വരെ ഉറപ്പാക്കുന്ന തരത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി .
സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി നിരന്തരമായി പ്രവർത്തിച്ച സ്വാതി അശരണരെ മറന്നില്ല. സ്ത്രീകളുടെ കായികാരോഗ്യത്തിനു നൽകുന്ന അത്രതന്നെ പ്രാധാന്യം ,അല്ലെങ്കിൽ അതിൽ കൂടുതൽ മാനസികാരോഗ്യത്തിന് വേണം എന്നും അതിനായുള്ള പദ്ധതികളും ബോധവൽക്കരണ ക്ലാസ്സുകളും സ്വാതീയുടെ നേതൃത്വത്തിൽ ആരംഭിച്ചു. പുനരധിവസിപ്പിച്ചവരെ സന്ദർശിക്കാനും സ്വാതി മറന്നില്ല. എല്ലാവർക്കും ഒപ്പം താങ്ങും തണലുമായി അവളുടെ കരങ്ങൾ എത്തിയിരുന്നു.

ആസിഡ് ആക്രമണങ്ങൾക്ക് ഇരയായവരെ പുനരധിവസിപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ സ്വാതിയെ ശ്രദ്ധേയമാക്കി .ആക്രമണത്തിന് ഇരയായ പെൺകുട്ടികൾക്ക് ജോലി നൽകിയ വാർത്ത വന്നതോടെ വീണ്ടും ഈ അധ്യക്ഷ രാജ്യ ശ്രദ്ധ പിടിച്ചു പറ്റി .അത് പോലെ തന്നെ സ്ത്രീകളെ വിദേശത്തേക്ക് കടത്തൽ ,സെക്സ് റാക്കറ്റുകൾ , ഗാർഹിക പീഡനം , ബാല വിവാഹം തുടങ്ങി സ്ത്രീകൾ നേരിടുന്ന ചെറുതും വലുതുമായ നിരവധി ചൂഷണങ്ങൾക്ക് തടയിടാൻ സ്വാതിക്ക് കഴിഞ്ഞു.”ഡെൽഹിൽ പെൺകുട്ടികളെ വിൽപ്പനയ്ക്ക് വെക്കുന്നത് എന്നന്നേയ്ക്കുമായി അവസാനിപ്പിക്കുക എന്നതാണ് തന്റെ ആവശ്യമെന്നു സ്വാതി പറയുന്നു . സെക്സ് റാക്കറ്റുകളുടെ കേന്ദ്രമായ ഡൽഹിയിലെ ,പാർലറുകളിലും സ്പാ സെന്ററുകളിലും നടത്തിയ റെയ്ഡിലൂടെ മോചിപ്പിച്ചത് നിരവധി വനിതകളെയാണ് . അവർക്കൊരു പുതിയ ജീവിതം നൽകിയ സ്വാതി അവരോട് പറയുന്നത് ഇത്രമാത്രമാണ് “തീയ്യിൽ കുരുത്ത പെണ്ണായി മുൻപോട്ട് ജീവിക്കുക “.

ഒരു പെൺകുട്ടിക്ക് അപകടം വന്നാൽ അല്ലെങ്കിൽ അവൾ പീഡിപ്പിക്കപ്പെട്ടാൽ തന്നെ സംരക്ഷിക്കാൻ വനിതാ കമ്മീഷൻ എന്ന ഒരു സംവിധാനം നാട്ടിലുണ്ട് എന്നൊരു വിശ്വാസം ഓരോരുത്തരിലുമുണ്ട് . ആപത്തിൽ പെടുന്ന സ്ത്രീയോട് “ഞങ്ങളുണ്ട് കൂടെ” എന്ന് പറയുന്ന ഒരു വനിതാ കമ്മീഷൻ ഇനി വരും എന്ന വിശ്വാസത്തോടെ വനിതകൾക്ക് അത്താണിയാവുന്ന ആ അമ്മയ്ക്ക് വേണ്ടി കാത്തിരിക്കാം .

Comments are closed.