DCBOOKS
Malayalam News Literature Website

“ശ്വാസനിയന്ത്രണമാണ് മനസ്സിനെയും ശരീരത്തെയും വരുതിയിലാക്കാനുള്ള മുന്നുപാധി”- സ്വാമി രാമ

“പാശ്ചാത്യ വൈദ്യശാസ്ത്രത്തില്‍ മനുഷ്യരുടെ ശ്വസനവ്യവസ്ഥയെപ്പറ്റിയുള്ള പഠനത്തിന് ഇന്നും ഏറെയൊന്നും ശ്രദ്ധ കിട്ടിയിട്ടില്ല. ശ്വസനം തികച്ചും ജൈവികമായ ഒരു ശരീരപ്രക്രിയയാണ്. നിങ്ങള്‍ ശ്വസിക്കാതിരുന്നാല്‍ നിങ്ങള്‍ ജീവിക്കില്ലെന്ന് ഏവര്‍ക്കുമറിയാം. ഈ അര്‍ത്ഥത്തില്‍ എല്ലാവരും ശ്വസനത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്യും. കൂടാതെ നമ്മിലേവരും ഇത്രയുംകൂടി പറഞ്ഞേക്കും. നിങ്ങള്‍ ശ്വസിക്കുകയോ ശ്വസിക്കാതിരിക്കുകയോ ചെയ്യാം. നന്നായി ശ്വസനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് കുഴപ്പമൊന്നുമുണ്ടാകില്ല. ശ്വസനം നടന്നില്ലെങ്കില്‍ ഇവിടെ മുന്നോട്ടുപോകാന്‍ നിങ്ങള്‍ കാണില്ല; അങ്ങനെയാണെങ്കിലും നിങ്ങള്‍ക്ക് കുഴപ്പങ്ങളൊന്നുമുണ്ടായിരിക്കില്ല.

ഇങ്ങനെ ലളിതമാക്കാവുന്ന ഒന്നല്ല ഈ വിഷയം. പാശ്ചാത്യദേശത്ത് പുതുമയുണ്ടെങ്കിലും പൗരസ്ത്യപാരമ്പര്യങ്ങളില്‍ മഹാമനീഷികളായ നിരവധി അന്വേഷകര്‍ നിരവധി ദശാബ്ദങ്ങളും ശതാബ്ദങ്ങളും ഈ വിഷയം പഠിക്കാന്‍ മെനക്കെട്ടിട്ടുണ്ട്. സത്യത്തില്‍ പൗരസ്ത്യദേശങ്ങളിലെ എല്ലാ ആശ്രമങ്ങളും മഠങ്ങളും അഭ്യസനം നടത്തുന്നത് ശ്വാസോച്ഛ്വാസ പ്രക്രിയയെ ചുറ്റിപ്പറ്റിയാണ്. അവിടുത്തെ യോഗിവര്യന്‍മാരുടെ കേളികേട്ട അത്ഭുതശക്തികളെല്ലാ അടിസ്ഥാനപ്പെട്ടിരിക്കുന്നതും ശ്വാസത്തിന്റെ നിയന്ത്രണത്തിലാണ്. എന്താണ് തികച്ചും സാധാരണമായ ശ്വസനം പോലുള്ള ഒരു ദൈനംദിനപ്രക്രിയയ്ക്ക് ഇത്രയേറെ പ്രാധാന്യം സിദ്ധിക്കാന്‍ കാരണം?…”

ശ്വസനത്തെ കുറിച്ചുള്ള വിശദമായൊരു അന്വേഷണമാണ് സ്വാമി രാമയുടെ ശ്വസനവും പ്രാണായാമവും എന്ന ഈ പുതിയ കൃതി.വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന ശരീര പ്രക്രിയകളെ ശ്വാസം എങ്ങനെ ഒരൊറ്റ യൂണിറ്റായി ഏകീകരിക്കുന്നുവെന്നും ശ്വസനക്രമീകരണത്തിലൂടെ നമ്മുടെ ശാരീരിക-മാനസിക പ്രവൃത്തികളില്‍ നിന്നും കൂടുതല്‍ ഗുണകരമായ ഫലങ്ങള്‍ എങ്ങനെ ഉളവാക്കാമെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. സഹ്രസ്രാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ ഭാരതീയ ഋഷിമാരുടെ കണ്ടെത്തലുകള്‍ സ്വാമി രാമ ചര്‍ച്ച ചെയ്യുമ്പോള്‍ ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരായ റുഡോള്‍ഫ് ബലെന്റൈനും അലന്‍ ഹെയിംസും അതിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ച് അന്വേഷിക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ശ്വസനവും പ്രാണായാമവും വിവര്‍ത്തനം ചെയ്തിരിക്കുന്നത് ജി. അമൃതരാജ് ആണ്.

Comments are closed.