DCBOOKS
Malayalam News Literature Website

ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ കരുത്തു പകരുന്ന പാഠപുസ്തകം ‘സ്വരഭേദങ്ങള്‍’

SWARABHEDHANGAL By : BHAGYALAKSHMI
SWARABHEDHANGAL
By : BHAGYALAKSHMI

അനാഥത്വത്തിന്റെ വഴിത്താരയിലൂടെ നടന്ന് അവഗണനയുടെയും മാത്സര്യത്തിന്റെയും ലോകത്തേക്ക് കയറിച്ചെന്ന് മലയാള സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തു തന്റേതായ ഇടം കണ്ടെത്തിയ മലയാള സിനിമയിലെ ശബ്ദവിസ്മയമായി മാറിയ ഭാഗ്യലക്ഷ്മിയുടെ ജീവിതകഥയാണ് സ്വരഭേദങ്ങള്‍. കയ്പ്പും മധുരവും ഇടകലര്‍ന്ന ജീവിതത്തിന്റെ കനല്‍ വഴികളിലൂടെ സഞ്ചരിച്ച കഥയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തന്റെ ആത്മകഥയിലൂടെ പറയുന്നത്.

തന്റെ ആദ്യചിത്രമായ തിരനോട്ടത്തിലെ നായികാ കഥാപാത്രത്തിന്റെ  ശബ്ദം തിരഞ്ഞ് പ്രിയദര്‍ശനും മോഹന്‍ലാലും  വീട്ടുമുറ്റത്തെത്തിയ കഥ മുതല്‍ ചലച്ചിത്ര ലോകത്തുനിന്നും തനിക്ക്  അനുഭവിക്കേണ്ടി വന്ന അവഗണനകളെക്കുറിച്ചും കഷ്ടതകെളക്കുറിച്ചും അവര്‍ തുറന്നടിക്കുന്നു. സിനിമയുടെ പാതയില്‍ തനിക്ക് നേരിടേണ്ടി വന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ പറയുമ്പോള്‍ തന്നെ അവഹേളിച്ച വ്യക്തികളുടെ പേരു വെളിപ്പെടുത്താതെ വരികള്‍ക്കിടയില്‍ എല്ലാം ഒളിപ്പിച്ച് അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ അസാധാരണമായ രചനാ വൈഭവം സ്വരഭേദങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു.

പ്രതിഭകള്‍ ഉണ്ടാകുന്നത് യാദൃച്ഛികമായല്ല എന്ന സൂചന നല്‍കുന്ന ഭാഗ്യലക്ഷ്മി ഒരു തരത്തില്‍ തിരനോട്ടം തന്റെയും തിരനോട്ടമായിരുന്നെന്ന് വ്യക്തമാക്കുന്നു. സിനിമയിലെ പല ബഹുമുഖ പ്രതിഭകളുടെയും ആദ്യകാലം ഇതള്‍ വിരിയുന്ന സ്വരഭേദങ്ങള്‍ അതുകൊണ്ടുതന്നെ ഭാഗ്യലക്ഷ്മിയുടെ മാത്രം കഥയല്ല. മറിച്ച് സിനിമയിലെ അണിയറ രഹസ്യങ്ങള്‍ക്കൂടിയാകുന്നു.

ഏറ്റവും വ്യക്തിപരമായ കാര്യങ്ങളായ വിവാഹവും വിവാഹമോചനവും നാല്പതാം വയസിലെ നഷ്ട പ്രണയവുമെല്ലാം വായനക്കാര്‍ക്കു മുമ്പില്‍ തുറന്നു വെക്കുന്നുണ്ട് ഭാഗ്യലക്ഷ്മി. അനാഥാലയത്തില്‍ ചിലവിട്ട ബാല്യവും അരക്ഷിതമായ കൗമാരവും കലഹം നിറഞ്ഞ ദാമ്പത്യവും വായനക്കാരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ ഭാഗ്യലക്ഷ്മിക്കു കഴിയുന്നുണ്ട്. ഡബ്ബിംഗ് എന്ന കലയെക്കുറിച്ച് സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും സ്വരഭേദങ്ങളിലൂടെ അവര്‍ക്ക് സാധിക്കുന്നു. ലാളിത്യമാര്‍ന്ന ഭാഷയില്‍, ആഘോഷങ്ങളാകുന്ന, തീവ്രമായ അനുഭവങ്ങളില്‍ ചാലിച്ച കലര്‍പ്പില്ലാത്ത ജീവിത ചിത്രണമാണ് സ്വരഭേദങ്ങള്‍ എന്ന ആത്മകഥ.

ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതമികവുകളില്‍ വളര്‍ന്നു വരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തു പകരുന്ന പാഠപുസ്തകം; സര്‍വ്വോപരി താങ്ങാന്‍ കുടുംബത്തിന്റെയോ സമ്പത്തിന്റെയോ പശ്ചാത്തല ശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തുപകരുന്ന പാഠപുസ്തകമാണ് സ്വരഭേദങ്ങള്‍ എന്ന് സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെടുന്നു. പുസ്തക വില്പനയെക്കുറിച്ച് ആഗോളതലത്തില്‍ ആധികാരികമായ ഓഡിറ്റ് നടത്തുന്ന നീല്‍സണ്‍ ഡേറ്റായുടെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലും സ്വരഭേദങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.