DCBOOKS
Malayalam News Literature Website

‘സ്വാമിയും കൂട്ടുകാരും’ ആര്‍. കെ. നാരായണന്റെ ആദ്യ നോവല്‍

സാങ്കല്പികമായി സൃഷ്ടിക്കപ്പെട്ട മാല്‍ഗുഡി എന്ന പട്ടണം. അവിടെ ജീവസുറ്റ കുറേ കഥാപാത്രങ്ങളെ പാര്‍പ്പിക്കുക. ഈ പട്ടണത്തെയും അവിടത്തെ ജനങ്ങളെയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്നു കരുതി സ്‌നേഹിക്കുക. അപൂര്‍വ്വമായ ഈ പ്രതിഭാസം ആര്‍.കെ.നാരായണ്‍ എന്ന ഇന്തോ- ആംഗ്ലിയന്‍ എഴുത്തുകാരന്റെ സംഭാവനയാണ്. അദ്ദേഹത്തിന്റെ തൂലിക സൃഷ്ടിച്ച മാല്‍ഗുഡി എന്ന പട്ടണത്തെ സഹൃദയര്‍ ഇന്നും സ്‌നേഹിക്കുന്നു.

മാല്‍ഗുഡിയുടെ പശ്ചാത്തലത്തില്‍ ആര്‍.കെ നാരായണ്‍ എഴുതിയ ആദ്യ നോവലാണ് Swami And His Friends. സ്വാമി എന്ന പത്തുവയസ്സുകാരന്റെയും കൂട്ടുകാരുടെയും ത്രസിപ്പിക്കുന്ന സാഹസ കഥകളാണ് ഈ കൃതിയിലുള്ളത്. കുട്ടികളുടെ ലോകം അവരുടെ കാഴ്ചപ്പാടില്‍ വരച്ചുകാണിക്കുന്നതിനോടൊപ്പം അവരെ ഉള്‍ക്കൊള്ളാന്‍ പോകുന്ന സമൂഹത്തിന്റെയും കഥ ലളിതമായ ഭാഷയില്‍ എഴുത്തുകാരന്‍ അടുക്കിവയ്ക്കുന്നു.

മാധ്യമപ്രവര്‍ത്തകനായ പി. പ്രകാശാണ് ഈ കൃതി സ്വാമിയും കൂട്ടുകാരും എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

പി.പ്രകാശ് ഈ കൃതിക്കെഴുതിയ ആമുഖത്തില്‍നിന്നും

ആര്‍.കെ. നാരായണിന്റെ ആദ്യനോവലാണ് ‘സ്വാമിയും കൂട്ടുകാരും.’ എഴുതിയത് 1935-ലാണ്. നാരായണിന്റെ വായനക്കാര്‍ മാല്‍ഗുഡിയെ ആദ്യം പരിചയപ്പെടുന്നതും ഇതിലൂടെയാണ്. എണ്‍പതുവര്‍ഷം മുമ്പത്തെ ഒരു ദക്ഷിണേന്ത്യന്‍ പട്ടണത്തിന്റെ നേര്‍പതിപ്പ് നമുക്കിതില്‍ കാണാം. അന്നത്തെ മനുഷ്യനും അന്നത്തെ ജീവിതവും ഇതില്‍ തുടിച്ചുനില്‍ക്കുന്നു.

അരനൂറ്റാണ്ടിലധികം സാഹിത്യരംഗത്ത് സജീവമായിരുന്ന നാരായണ്‍ പതിന്നാല് നോവലുകളും അഞ്ച് കഥാസമാഹാരങ്ങളും നിരവധി യാത്രാവിവരണങ്ങളും ഓര്‍മ്മക്കുറിപ്പുകളും എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആദ്യനോവല്‍ പലതുകൊണ്ടും വേറിട്ടുനില്‍ക്കുന്നു. ഒന്നാമത്, ഇതില്‍ അനാവൃതമാകുന്നത് കുട്ടികളുടെ ലോകമാണ് എന്നതുതന്നെ. തന്റെ കുട്ടിക്കാലത്ത് തന്റെ മുത്തശ്ശിയോട് തനിക്കും വലിയ സ്‌നേഹവും അടുപ്പവുമുണ്ടായിരുന്നതായി നാരായണ്‍ ആത്മകഥയില്‍ പറയുന്നുണ്ട്. പഴയ കാലത്ത് കുടുംബങ്ങളില്‍ മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കും തങ്ങളുടെ പേരക്കുട്ടികളോടുണ്ടായിരുന്ന സവിശേഷമായ ആത്മബന്ധം ഈ കൃതിയിലൂടെ വീണ്ടും നമ്മുടെ ഓര്‍മ്മകളിലേക്കു മടങ്ങിവരുന്നുണ്ട്.

നാട്ടിന്‍പുറത്തെ പള്ളിക്കൂടങ്ങളും അവിടുത്തെ അധ്യാപകരുമൊക്കെ വീണ്ടും നമ്മളെ പഴയകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഇതിലെ അധ്യാപകരും എവിടെയൊക്കെയോ നാം പലപ്പോഴും കണ്ടുമറന്ന മുഖങ്ങള്‍തന്നെ. അച്ചടക്കത്തിന്റെ കാര്യത്തില്‍ വലിയ കര്‍ശനക്കാരനായ ഹെഡ്മാസ്റ്ററും വിവിധ വിഷയങ്ങള്‍പഠിപ്പിക്കുന്ന പല തരക്കാരായ അധ്യാപകരും മാത്രമല്ല സ്‌കൂളിലെ ശിപായിപോലും ജീവസ്സുറ്റ കഥാപാത്രങ്ങളായി ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വാമിനാഥന്‍ രണ്ടു സ്‌കൂളുകളില്‍നിന്നു തുടര്‍ച്ചയായി പുറത്താ
ക്കപ്പെടുന്നത് അവന്റെ അച്ചടക്കലംഘനം മൂലമാണെങ്കില്‍പോലും അവനെ അതിലേക്കു നയിക്കുന്നത് സത്യത്തില്‍ കൗമാരസഹജമായ നിഷ്‌കളങ്കതയും സാഹസികതയും എടുത്തുചാട്ടവുമൊക്കെത്തന്നെയാണ്.

എപ്പോഴും അബദ്ധങ്ങളില്‍ കൊണ്ടുചെന്നു ചാടിക്കുന്ന അവന്റെ അതിസാഹസങ്ങള്‍ക്ക് നര്‍മ്മത്തിന്റേതായ ഒരു വശംകൂടിയുണ്ട്. അതുകൊണ്ടാണവ നമുക്ക് ആസ്വാദ്യമായിത്തീരുന്നതും സ്വാമിയെ നാം ഇഷ്ടപ്പെടുന്നതും. ഒരു കുട്ടിയുടെ ലോകം കുട്ടിയുടെതന്നെ കാഴ്ചപ്പാടിലൂടെ അനാവരണം ചെയ്യപ്പെടുന്ന ഈ കൃതിയെ അങ്ങേയറ്റം പാരായണക്ഷമമാക്കുന്നതില്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന നര്‍മ്മത്തിനും അതിന്റേതായ പങ്കുണ്ട് എന്നു പറയാതെ വയ്യ-ഇതിന്റെ ആദ്യപതിപ്പിന് ചിത്രങ്ങള്‍ വരച്ചത് നോവലിസ്റ്റിന്റെ സഹോദരനും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ ആര്‍.കെ. ലക്ഷ്മണ്‍ തന്നെയായിരുന്നു. പത്തുവയസ്സുള്ള ഒരു ശരാശരി ഇന്ത്യന്‍ ബാലന്റെ മനസ്സ് എങ്ങനെയാണു വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുന്നതെന്നു നാരായണ്‍ ചിത്രീകരിക്കുന്നത് അനുഭവസമ്പന്നനായ ഒരു ബാല മനഃശാസ്ത്രവിദഗ്ധന്റെ കൈത്തഴക്കത്തോടെയാണെന്ന് ഈ നോവല്‍ വായിക്കുന്നവര്‍ക്കു ബോധ്യമാകും.

Comments are closed.