DCBOOKS
Malayalam News Literature Website

വി. സുനില്‍ കുമാര്‍ രചിച്ച ‘സുസ്ഥിര നിര്‍മ്മിതികള്‍’

വ്യവസായത്തിലും ജീവിതത്തിലും വിജയം കൈവരിയ്ക്കാനാവശ്യമായ അറിവുകള്‍ ജീവിതാനുഭവങ്ങളില്‍ നിന്ന് പകര്‍ന്നുനല്‍കുന്ന വി.സുനില്‍കുമാറിന്റെ കൃതിയാണ് സുസ്ഥിര നിര്‍മ്മിതികള്‍. പ്രതിസന്ധികളില്‍ തളര്‍ന്നുവീഴാതെ മുന്നോട്ടു നടക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന രചനയാണിത്. കൂടുതല്‍ ചിന്തിക്കുവാനും പുതിയ വഴികള്‍ അന്വേഷിക്കുവാനും പ്രേരിപ്പിക്കുന്ന ഈ പുസ്തകം ഓരോ വ്യക്തിയുടെയും പരിമിതികളെ സ്വയം അതിജീവിക്കുവാനുള്ള രഹസ്യങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു.

സുനില്‍കുമാര്‍ ഈ പുസ്തകം ആരംഭിക്കുന്നത് ഒരു താത്കാലിക സല്ലാപമെന്ന നിലയ്ക്കാണ്. ഇത്തരത്തിലുള്ള നിരവധി പുസ്തകങ്ങളില്‍ സാധാരണ കാണപ്പെടുന്ന വിജയമന്ത്രങ്ങളൊന്നും ഇതില്‍ കാണാന്‍ സാധിക്കില്ല. പക്ഷെ, ബിസിനസ് രംഗത്ത് വഴിതെറ്റിച്ചേക്കാവുന്ന ചില സത്യങ്ങളും ധാരാളമായിക്കാണുന്ന അപ്രതീക്ഷിതവും പ്രവചനാതീതവുമായ പ്രതിബന്ധങ്ങളെപ്പറ്റിയും അദ്ദേഹം വിവരിക്കുന്നുണ്ട്. ‘ദൈനന്ദിന ജീവിതത്തില്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളും നമ്മെ നിരുത്സാഹപ്പെടുത്തുകയും തദ്വാരാ നാം നെയ്തുകൂട്ടിയ സ്വപ്‌നങ്ങളുടെ ഉന്മൂലനത്തിന് ഹേതുവാകുകയും ചെയ്യുന്നു.’ സുനില്‍കുമാറിന്റെ തത്വശാസ്ത്രം വളരെ ലളിതമാണ്. വലിയ ഒരു സ്വപ്‌നം ഉണ്ടായിരിക്കുക. അത് സാക്ഷാത്കരിക്കാന്‍ താന്‍ വേണ്ടതിലധികം ശക്തനാണ്.’

‘ഞാന്‍ കണ്ടുമുട്ടാനിടയായ ദുര്‍ബ്ബലരായ പലരും രോഗബാധിതരല്ല, ഇരുകരങ്ങളും കൈകളും ഉള്ളവര്‍ തന്നെയാണ്. ശരിയായ മാനസികസ്ഥിതിയുള്ളവരുമാണ്. അതുകൊണ്ടു തന്നെ അവരെ ദുര്‍ബ്ബലരെന്ന് മുദ്രകുത്താനാവില്ല. പക്ഷെ, വ്യാപാരസംബന്ധമായ മേഖലയില്‍ അതിന്റെ ദൈനന്ദിന ഇടപാടുകള്‍ നേരിടുമ്പോള്‍ ദുര്‍ബ്ബലരായി മാറുന്നു.’ സുനില്‍കുമാര്‍ പറയുന്നു.

ആനുകാലികസാഹിത്യം, ജനപ്രിയസിനിമ, ആത്മീയത, മൂല്യങ്ങള്‍, പ്രസിദ്ധമായ കഥകള്‍, എന്നിവയില്‍ ചിതറിക്കിടക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഖ്യാനരീതിയാണ് ഈ കൃതിയുടെ പ്രധാന സവിശേഷത. ലളിതവും സമ്പുഷ്ടവും വ്യക്തവുമായി രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതി അനുവാചകനെ ഗ്രന്ഥകാരനോട് അടുപ്പിക്കുന്നു. ബിസിനസ് മേഖലയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അനേകം കൃതികളില്‍ നിന്ന് ഈ പുസ്തകം അതിന്റേതായ പുതുമയിലൂടെ വേറിട്ടു നില്‍ക്കുന്നു. സാര്‍വ്വത്രിക പ്രാധാന്യം അര്‍ഹിക്കുന്ന പ്രായോഗിക വിജ്ഞാനത്തിനാണ് ഈ കൃതി ശ്രദ്ധ നല്‍കിയിരിക്കുന്നത്. ഈ പുസ്തകം പുതിയ വ്യവസായ സംരംഭകര്‍ക്ക് വെളിച്ചം പകരാന്‍ യോജ്യമാണെന്നതില്‍ തര്‍ക്കമില്ല. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സുസ്ഥിര നിര്‍മ്മിതികള്‍ എന്ന കൃതി ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Comments are closed.